രാജ്മോഹൻ ഉണ്ണിത്താൻ, പ്രവർത്തകർ അയച്ച പാഴ്സൽ
പാലക്കാട്: ഷാഫി പറമ്പിലിനെതിരെ പരസ്യമായി രംഗത്തെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. എംപിക്ക് നെല്ലിക്കാത്തളം വയ്ക്കാനാണെന്ന് പരിഹസിച്ചുകൊണ്ട് പാലക്കാട് വണ്ടാഴി പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകർ ഒരു പെട്ടി നെല്ലിക്ക അദ്ദേഹത്തിന് പാഴ്സലായി അയച്ചുകൊടുത്തു. ഷാഫിക്കെതിരായ ഉണ്ണിത്താന്റെ തുടർച്ചയായ പ്രതികരണങ്ങളിൽ പ്രകോപിതരായാണ് പ്രവർത്തകർ ഇത്തരമൊരു നീക്കം നടത്തിയത്.
നെല്ലിക്കയ്ക്കൊപ്പം രൂക്ഷമായ ഭാഷയിലുള്ള ഒരു കത്തും പ്രവർത്തകർ അയച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഉണ്ണിത്താന് എംപി സ്ഥാനം ലഭിച്ചതെന്നും അത് മറക്കരുതെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു. ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് ഉണ്ണിത്താന്റെ മാനസികനില തെറ്റിയെന്ന് തോന്നുന്നുവെന്നും, അതിനാൽ ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നുമാണ് കത്തിലെ പരിഹാസം.
കണ്ണൂരിൽ ഷാഫി പറമ്പിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാലക്കാട്ടുനിന്നുള്ള ഈ പുതിയ പ്രതിഷേധം. പാർട്ടി നേതാക്കൾക്കിടയിലെ പരസ്യമായ വാക്പോരും പ്രവർത്തകരുടെ പ്രതിഷേധവും കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നതകളെ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.
Tags : gooseberries Congress Rajmohan Unnithan