മന്ത്രി ടി. സിദ്ദിഖ്
ആലപ്പുഴ: ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ള് അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ പദ്ധതി അവലോകനവും വിത്ത് സംഭരണശാലയുടെയും ഓണാട്ടുകര എള്ള് ഗുണനിലവാര നിർണയ ലാബിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കാർഷിക മേഖലയിലെ സ്വയം പര്യാപ്തത അനിവാര്യമാണ്. ഭക്ഷ്യ ധാന്യങ്ങൾക്കും പച്ചക്കറി- പഴവർഗങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് മേഖലയിൽ സ്വയംപര്യാപ്തത നേടാൻ വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഓണാട്ടുകരയുടെ കാർഷിക വികസനത്തിന് പ്രത്യേക പദ്ധതി ഒരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ എക്സൈസ് സഹകരണ മന്ത്രി എം. ലിജു പറഞ്ഞു. കാർഷിക ഗവേഷണ കേന്ദ്രത്തിൽ അക്കാഡമിക് ബ്ലോക്ക് നിർമ്മാണത്തിന് ഏഴു കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നും ഗവേഷണ കേന്ദ്രത്തെ കാർഷിക കോളേജായി ഉയർത്താൻ നോഡൽ ഓഫീസറെ നിയമിച്ചെന്നും മന്ത്രി ചടങ്ങിൽ അറിയിച്ചു.
കായംകുളം നഗരസഭാ മുൻസിപ്പൽ ചെയർപേഴ്സൺ ശരത് ലാൽ ബല്ലാരി, വൈസ് ചെയർപേഴ്സൺ ആർ. അംബിക, നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നസറുള്ള, മുൻസിപ്പൽ കൗൺസിലർ യു. മുഹമ്മദ്, കേരള കാർഷിക സർവകലാശാല റിസർച്ച് ഇൻ ചാർജ് ഡയറക്ടർ ഡോ. വന്ദന വേണുഗോപാൽ, സീഡ്സ് ആൻഡ് പ്ലാന്റ് മെറ്റീരിയൽ പ്രൊഡക്ഷൻ ഡയറക്ടർ ഡോ.എം.ആർ. ബിന്ദു, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. തോമസ് ജോർജ്, ഡോ.ഡി. ധല്ലിൻ, ഡയറക്ടർ ഓഫ് എജുക്കേഷൻ വി.എം. അബ്ദുൽ ഹക്കീം, ആത്മ പ്രോജക്ട് ഡയറക്ടർ എസ്. സുനിത തുടങ്ങിയവർ പങ്കെടുത്തു.
Tags : Onattukara sesame nattuvishesham localnews will be turned international product