പ്രതീകാത്മക ചിത്രം
ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെ.എസ്. ഷാൻ വധക്കേസിൽ പ്രതികളെയും കൊലപെടുത്താൻ ഉപയോഗിച്ച ആധുധങ്ങളും മൂന്നാംസാക്ഷി തിരിച്ചറിഞ്ഞു. മണ്ണഞ്ചേരി പൊന്നാട് സ്വദേശി അബ്ദുൽ ജബ്ബാറാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നാംസാക്ഷിയുടെ വിസ്താരം വെള്ളിയാഴ്ചയും തുടരും.
ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വിസ്താരത്തിനിടെയാണ് വീടിന്റെ മുൻവശത്തെ റോഡിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാവിലെ 11 മുതൽ നടപടിക്രമം തുടങ്ങിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി ഹാരിസിന്റെയും ഒന്നാംപ്രതിയുടെ അഭിഭാഷകൻ ബി. രാമൻപിള്ളയുടെയും വിസ്താരം മാത്രമാണ് പൂർത്തിയായത്.
രണ്ടാംപ്രതിക്കായി ഹാജരായ അഭിഭാഷകൻ ശ്രീധരൻപിള്ളയുടെ വിസ്താരത്തിന് സമയംകിട്ടിയില്ല.
ഈസാഹചര്യത്തിലാണ് വെള്ളിയാഴ്ചയും മൂന്നാംസാക്ഷിയുടെ വിസ്താരം തുടരാൻ അനുമതി നൽകിയത്. അഭിമന്യൂവധക്കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകർക്ക് ശനിയാഴ്ച ഹൈകോടതിയിൽ ഹാജരാകേണ്ടതിനാൽ കോടതിയിൽ എത്താനാകില്ലെന്ന വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും വെള്ളിയാഴ്ച കോടതി പരിഗണിക്കും.
എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ 2021 ഡിസംബർ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് സ്കൂട്ടറിൽപോകുമ്പോൾ മണ്ണഞ്ചേരി പൊന്നാടിന് സമീപം പിന്നാലെ കാറിലെത്തിയ സംഘം ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടി കൊലപ്പെടുത്തകയായിരുന്നു.
Tags : Shan Murder nattuvishesham localnews Accused and Weapons Identified