ലോഗോ
കോലഞ്ചേരി: യാക്കോബായ സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള വിശുദ്ധ മൂറോൻ കൂദാശയ്ക്കും യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.
സഭാ തലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നാളെ രാവിലെ എട്ടിന് നെടുമ്പാശേരിയിലെത്തും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് മാർ ജോസഫ് ബാവയുടെ നേതൃത്വത്തിൽ നെടുമ്പാശേരിയിൽ പാത്രിയർക്കീസ് ബാവയ്ക്കു സ്വീകരണം നൽകും. മൂറോൻ കൂദാശയ്ക്കു യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിനും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സഭാ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിലെ 25 മെത്രാപ്പോലീത്തമാരും പാത്രിയർക്കീസ് ബാവായെ അനുഗമിച്ച് എത്തുന്നുണ്ട്. രാവിലെ 9.30 ഓടെ പാത്രിയർക്കീസ് ബാവയും സംഘവും സഭാ ആസ്ഥാനത്തെത്തും. 12ന് വൈകുന്നേരം 5.30ന് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പാത്രിയർക്കീസ് ബാവ സന്ധ്യാ പ്രാർഥനയ്ക്ക് മുഖ്യകാർമികനാകും.
13ന് രാവിലെ ഏഴിന് പ്രഭാത പ്രാർഥന. 7.45ന് പാത്രിയർക്കീസ് ബാവ, ശ്രേഷ്ഠ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാർ എന്നിവർ പ്രദക്ഷിണമായി പാത്രിയർക്കാ സെന്ററിൽ നിന്ന് മദ്ബഹയിലേക്ക് പ്രവേശിക്കും. എട്ടിന് വിശുദ്ധ മൂറോൻ കൂദാശയും കുർബാനയും. ഉച്ചകഴിഞ്ഞ് രണ്ടിന് പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ യാക്കോബായ സുറിയാനി അസോസിയേഷൻ യോഗം ചേരും. തുടർന്ന് പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
14നു രാവിലെ 10ന് മുളന്തുരുത്തി മാർ തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 125-ാം ദുക്റോനോയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഓർമയാചരണത്തിന്റെ ഉദ്ഘാടനം പാത്രിയാർക്കീസ് ബാവ നിർവഹിക്കും. 16ന് രാവിലെ 9.40ന് പാത്രിയർക്കീസ് ബാവ മടങ്ങും.
Tags : Consecration Jacobite Syrian Christian Association Synod Mulanthuruthy Patriarch Ignatius Aphrem II Baselios Marthoma Joseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash