കൊച്ചി: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നയിച്ച ധ്യാനചിന്തകൾക്കും സിനഡിലെ മെത്രാന്മാർ ഒരുമിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കും ശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ബിഷപ്പും സീറോമലബാർ സഭയുടെ മതബോധന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ അന്താരാഷ്ട്ര മതബോധന കൗൺസിൽ അംഗമായി അഞ്ചു വർഷത്തേക്ക് നിയമിതനായതു സന്തോഷകരമാണെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു. സാർവത്രികസഭയുടെ മതബോധന ദൗത്യത്തിന് അദ്ദേഹത്തിന്റെ അജപാലന അനുഭവവും വൈദഗ്ധ്യവും വിലപ്പെട്ട സംഭാവന നൽകുമെന്ന് മേജർ ആർച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.
മെത്രാഭിഷേകത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ, രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, പൗരോഹിത്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്ത് എന്നിവരെ അനുമോദിച്ച മേജർ ആർച്ച്ബിഷപ്, അവരുടെ ശുശ്രൂഷകൾക്ക് നന്ദി അറിയിച്ചു.
കഴിഞ്ഞ ജനുവരി 25ന് അന്തരിച്ച ഗൊരഖ്പുർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഡൊമിനിക് കൊക്കാട്ടിനെയും ജൂലൈ 19ന് അന്തരിച്ച രാജ്കോട്ട് രൂപതയുടെ എമെരിറ്റസ് മെത്രാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രേലിനെയും മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു.
സുവിശേഷദൗത്യത്തിലും മിഷൻ പ്രവർത്തനങ്ങളിലും ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശുശ്രൂഷയിലും ഇരുവരും സമർപ്പിത സംഭാവനകൾ നൽകിയെന്ന് മാർ തട്ടിൽ പറഞ്ഞു. സിനഡിന്റെ പ്രവർത്തനങ്ങൾ കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നീ മൂന്ന് അടിസ്ഥാന മനോഭാവങ്ങളോടെ മുന്നോട്ടുപോകാൻ മേജർ ആർച്ച്ബിഷപ് മെത്രാന്മാരോട് ആഹ്വാനം ചെയ്തു. സഭയുടെ നന്മയും ദൈവത്തിന്റെ മഹത്വവും മാത്രം ലക്ഷ്യമാക്കി സിനഡൽ യാത്ര തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ അജപാലന, ആരാധനാക്രമ, കാനോനിക, ഭരണസംബന്ധമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽനിന്ന് വിരമിച്ചവരുമായ 52 മെത്രാന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 28ന് സമാപിക്കും.