സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസംഗിക്കുന്നു.
കോട്ടയം: സംസ്ഥാനത്തെ വൈദ്യുതി രംഗം സ്വകാര്യവത്കരിക്കാനുള്ള ആസൂത്രിത നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്.
വൈദ്യുതി രംഗത്ത് ഇല്ലാത്ത പ്രതിസന്ധിയുണ്ടാക്കി അമിതനിരക്കില് വൈദ്യുതി വാങ്ങാനായിരുന്നു നീക്കം. എല്ലാ നടപടിക്രമങ്ങളും മാറ്റിവച്ച് വൈദ്യുതി മന്ത്രിയുടെ അനുമതിയില്ലാതെയായിരുന്നു നീക്കം. സര്‍ക്കാരിനു സ്തുതി പാടുന്നവര്‍ ഉള്‍പ്പെടെ എതിര്‍ത്തതോടെ ഒടുവില്‍ നീക്കത്തില്‍നിന്നു പിന്മാറേണ്ടി വന്നതായും പിണറായി വിജയന് ആരോപിച്ചു.
സംസ്ഥാനത്തു നടപ്പിലാക്കുന്ന സരള്‍ നിയമവും മാരിടൈം ബോര്‍ഡ് ബില്ലുമൊക്കെ കോര്‍പറേറ്റുകളുടെ വാണിജ്യ താത്പര്യങ്ങള്ക്കുവേണ്ടിയാണ്. സരള്‍ നിയമം സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകും. വിദ്യാഭ്യാസക്കച്ചവടത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
സിഐടിയു സംസ്ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് സുദീപ് ദത്ത്, ജനറല്‍ സെക്രട്ടറി എളമരം കീരം, ദേശീയ സെക്രട്ടറി എ.ആര്. സിന്ധു, കെ.കെ. ജയചന്ദ്രന്, വി. ശിവന്‍കുട്ടി, എം.വി. ജയരാജന്, വി.എന്‍. വാസവന്, ടി.ആര്. രഘുനാഥന്, റെജി സഖറിയ, കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊഴിലാളി ശക്തി വിളിച്ചോതി റാലി
കോട്ടയം: സിഐടിയു എന്ന ട്രേഡ് യൂണിയന് സംഘടനയുടെ സംഘടനാശക്തി വിളിച്ചോതുന്നതായി കോട്ടയത്തു നടന്ന റാലിയും മഹാസമ്മേളനവും .സിഐടിയുവിന്റെ 16-ാം സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചായിരുന്നു റാലിയുംസമ്മേളനവും നടത്തിയത്.
ചുവപ്പുകൊടിയേന്തി 16 ബുള്ളറ്റ് ബൈക്കുകൾ ആദ്യം നീങ്ങി. പിന്നാലെ വാദ്യമേളങ്ങളും ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ ആയിരം തൊഴിലാളി സേനയും പ്രത്യേക യൂണിഫോമില്‍ നടന്നു നീങ്ങി.
പിന്നാലെ സിഐടിയു ഭാരവാഹികളും പ്രതിനിധികളും നടന്നു നീങ്ങി.അതിനുപിന്നാലെ തൊഴിലാളികളും അണിനിരന്നു. കെകെ റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി. ശാസ്ത്രി റോഡ്, കുര്യന് ഉതുപ്പു റോഡിലൂടെ സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തില്‍ റാലിയായെത്തി.
Tags : Pinarayi Vijayan Public meeting CITU Meeting Privatize Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash