കേരള ഹൈക്കോടതി
കൊച്ചി: മൂന്നാറിലെയടക്കം ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണത്തിനും ഡിജിറ്റല്‍ സര്‍വേക്കും മേല്‍നോട്ടം വഹിക്കാന്‍ അഞ്ചംഗ പ്രത്യേക കര്‍മസേനയെ (സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്-എസ്ടിഎഫ്) രൂപവത്കരിച്ച് ഹൈക്കോടതി.
പൊതുമരാമത്ത് അഡീഷണല്‍ സെക്രട്ടറി വി.ആര്. വിനോദ് അധ്യക്ഷനും കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി പൊലിസ് സൂപ്രണ്ട് എസ്. ഷംസുദ്ദീന്, കൊല്ലം ഡെപ്യൂട്ടി കളക്ടര്‍ (റവന്യു റിക്കവറി) എസ്. സനൂപ്, കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ജോണ്‍ മാത്യു, ദേവികുളം സര്‍വേ സൂപ്രണ്ട് എ.കെ. മനോജ് എന്നിവര്‍ അംഗങ്ങളായതുമാണ് സമിതി.
ഭൂമി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോക്കോളും പ്രവര്‍ത്തന ക്രമവും (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ എസ്ഒപി) ഡിസംബര്‍ 10നകം തയാറാക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ്, പരിസ്ഥിതി സംരക്ഷണ സമിതി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്. വില്ലേജ്, റവന്യൂ, രജിസ്ട്രേഷന് ഓഫീസുകളില്‍ കൃത്യമായ രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നില്ലെന്നും പട്ടയങ്ങള്‍, രജിസ്ട്രി മാറ്റങ്ങള്‍, ഭൂമി പതിച്ചുനല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും വ്യാപകമായ പരാതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വിവിധ സമിതികള്‍ നല്കിയ ശിപാര്‍ശകള്‍ പഠിച്ച ശേഷം, വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഓഫീസുകളിലെ രജിസ്റ്ററുകള്‍ക്കും രേഖകള്‍ക്കും പ്രത്യേക ഊന്നല്‍ നല്കി പ്രോട്ടോകോള്‍ തയാറാക്കാനാണ് കര്‍മസേനയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ രേഖകള്‍ സംരക്ഷിക്കാനുള്ള നടപടികളും സമിതിക്കു ശിപാര്‍ശ ചെയ്യാം.
മറ്റ് ഔദ്യോഗിക ചുമതലകള്‍ നല്‍കരുത്
മോണിറ്ററിംഗ് കമ്മിറ്റി, പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), ഡിജിറ്റല്‍ സര്‍വേ ടീം എന്നിവ ഒഴികെ, നേരത്തെ രൂപവത്കരിച്ച മറ്റ് സമിതികള്‍ ഇനി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഭാവിയില്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതലകള്‍ കൂടി എസ്ടിഎഫ് ഏറ്റെടുക്കാനായേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോട്ടോകോള്‍ തയാറാക്കുമ്പോള്‍ എസ്ടിഎഫ് അംഗങ്ങള്‍ക്ക് മറ്റ് ഔദ്യോഗിക ചുമതലകള്‍ നല്‍കരുതെന്നും, ആവശ്യമായ അടിസാന സൗകര്യങ്ങളും ഉദ്യോഗസ്ഥരെയും യാത്രാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ 12ന് വീണ്ടും പരിഗണിക്കും.
Tags : STF Oversee Investigation Kerala High Court Munnar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash