പുതിയ പാറേൽപള്ളി, പുർണ ദണ്ഡവിമോചനം അനുവദിച്ച 1906ലെ രേഖ
ചങ്ങനാശേരിയുടെ ആത്മീയ ചരിത്രത്തിൽ പൊൻതൂവലായി മാറിയ അപൂർവ ചരിത്രരേഖയുടെ ഓർമ പുതുക്കി വിശ്വാസീസമൂഹം. പാറേൽ പള്ളിയിലെ ആദ്യ തിരുനാൾ ആഘോഷത്തിന് മാറ്റുകൂട്ടാൻ റോമിൽനിന്നു ലഭിച്ച ഔദ്യോഗിക അംഗീകാരമാണിത്. ബസലിക്കാ പ്രഖ്യാപനത്തിന്റെ സന്തോഷത്തിനിടെ പാറേൽ പള്ളിക്കു പതിറ്റാണ്ടുകൾക്കു മുന്പേ മാർപാപ്പ നൽകിയ സ്നേഹമുദ്രയുടെ രേഖ കണ്ടെടുക്കപ്പെട്ടത് ഇരട്ടത്തിളക്കമായി.
എല്ലാ വർഷവും ഡിസംബർ എട്ട് അമലോത്ഭവ തിരുനാൾദിനത്തിൽ പ്രത്യേക ദണ്ഡവിമോചനം അനുവദിക്കണമെന്ന് അഭ്യർഥിച്ച് അന്നത്തെ വികാരി അപ്പസ്തോലിക ബിഷപ് മാർ മാത്യു മാക്കീലാണ് 1906 സെപ്റ്റംബർ ഒന്നിന് റോമിലെ പ്രൊപ്പഗാന്ത ഫിദെ തിരുസംഘത്തിന്റെ തലവനായ കർദിനാൾ ജിറോളമോ മരിയ ഗൊത്തിക്ക് കത്തയച്ചത്.
അമലോത്ഭവ ജൂബിലി സ്മാരകമായി ചങ്ങനാശേരിയിൽ ഒരു പള്ളി പണികഴിപ്പിച്ച വിവരം കത്തിലുണ്ടായിരുന്നു. വിശ്വാസികളുടെ ഭക്തിയും ആത്മീയനിഷ്ഠയും വർധിപ്പിക്കാൻ എല്ലാ വർഷവും അമലോത്ഭവ തിരുനാൾദിനത്തിൽ ഈ പ്രാർഥനാലയം ഭക്തിപൂർവം സന്ദർശിക്കുന്ന വിശ്വാസികൾക്ക്, എത്ര തവണ സന്ദർശിക്കുന്നുവോ അത്രയും തവണ പൂർണ ദണ്ഡവിമോചനം (toties quoties indulgentiam plenariam) പ്രാപിക്കാൻ സാധിക്കുന്നതിനായി പ്രഖ്യാപനം ഉണ്ടാവണമെന്ന് കത്തിൽ അഭ്യർഥിച്ചു.
റോമിൽനിന്നുള്ള അംഗീകാരം
ബിഷപ് മാർ മാത്യു മാക്കീലിന്റെ അപേക്ഷയെത്തുടർന്ന്, സെപ്റ്റംബർ 22നു പത്താം പിയൂസ് മാർപാപ്പയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കു ശേഷം പരിശുദ്ധ സിംഹാസനം ഈ പ്രാർഥനാലയത്തിന് പ്രത്യേക പൂർണ ദണ്ഡവിമോചനം അനുവദിച്ചു തീരുമാനമെടുത്തു. മാക്കീൽ മെത്രാന്റെ അപേക്ഷയുടെ മുകളിൽ വലതുഭാഗത്തു തീരുമാനം എഴുതിയതായി രേഖയിൽ കാണാം.
സെപ്റ്റംബർ 22, 1905. പൂർണ ദണ്ഡവിമോചനം എത്ര പ്രാവശ്യം വേണമെങ്കിലും (toties quoties) അനുവദിക്കുന്നില്ല. സാധാരണ വ്യവസ്ഥകൾക്ക വിധേയമായി, ഡിസംബർ എട്ടിന് ഒരിക്കൽ മാത്രം നേടാവുന്ന (semel in die) പൂർണ ദണ്ഡവിമോചനം അനുവദിക്കാവുന്നതാണ്... തുടർന്ന് സെപ്റ്റംബർ 26ന് റോമിൽനിന്ന് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അയച്ചുനൽകുകയായിരുന്നു.
ചങ്ങനാശേരി അമലോത്ഭവ ജൂബിലി സ്മാരകക്കമ്മിറ്റി പ്രസിഡന്റും മെത്രാസനപ്പള്ളി വികാരിയുമായിരുന്ന കണ്ടങ്കേരി കുര്യാക്കോസ് കത്തനാർ 1907 ഒക്ടോബർ 30നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം "എ. പെ. പെ. ബ. നമ്മുടെ മെത്രാനച്ചൻ അവർകൾ ആറാടോ മുതൽ ഈ കാര്യസാദ്ധ്യത്തിനായി വേണ്ട സഹായങ്ങൾ ചെയ്തുതന്നതുകൂടാതെ, പരിശുദ്ധ പിതാവായ 10-ാം പീയോസു മാർപ്പാപ്പാ തിരുമനസ്സിനു ബോധിപ്പിച്ചു. ധനു 8-ാം തിരുനാൾ ദിവസം ക്രമപ്രകാരം കുമ്പസാരിച്ചു ശു: കുർബ്ബാന കൈകൊണ്ട് ഈ പള്ളിയിൽ കുമ്പിട്ടു നമസ്കരിക്കുന്ന സകല വിശ്വാസികൾക്കും പരിപൂർണ്ണ ദണ്ഡവിമോചനമെന്ന വിലയേറിയ മനോഗുണവും സമ്പാദിച്ചു.'
ആത്മീയ അനുഗ്രഹം
ഈ ചരിത്രപരമായ തീരുമാനത്തോടെ, അമലോത്ഭവ തിരുനാൾ ദിനത്തിൽ ഈ പള്ളി ഭക്തിപൂർവം സന്ദർശിച്ച് പ്രാർഥിക്കുന്ന ഏവർക്കും പൂർണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള അപൂർവമായ ആത്മീയ വരം ലഭിച്ചു. ആദ്യ തിരുനാളിനോടനുബന്ധിച്ച് റോമിൽനിന്നു ലഭിച്ച ഈ അനുമതി, ചങ്ങനാശേരിയിലെയും പരിസരപ്രദേശങ്ങളിലെയും ദൈവജനത്തിനു വലിയ ആത്മീയ സന്തോഷവും ഉണർവുമാണ് സമ്മാനിച്ചത്.
Tags : Precious Gift Rome First Feast Parel Church Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash