പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ബോർഡുകളുടെയും കോർപറേഷനുകളുടെയും അധ്യക്ഷന്മാരെ നിയമിക്കുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിയമിച്ചവർ തന്നെയാണ് ഇപ്പോഴും മിക്ക ബോർഡുകളുടെയും കോർപറേഷനുകളുടെയും തലപ്പത്തുള്ളത്. സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റമുണ്ടാകാത്തത് യുഡിഎഫ് പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ സർക്കാർ നിയമിച്ചവരിൽ ചിലർ പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെ സ്വമേധയാ ഒഴിഞ്ഞുപോയിരുന്നു. ഇവരൊഴികെ ബാക്കി എല്ലാ സ്ഥലങ്ങളിലും നിലവിൽ അധ്യക്ഷന്മാരായി തുടരുന്നത് എൽഡിഎഫ് സർക്കാർ നിയമിച്ചവർ തന്നെയാണ്.
മുൻനിര നേതാക്കൾ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎമാരും മന്ത്രിമാരുമായതിനു പിന്നാലെ ബോർഡ്, കോർപറേഷൻ പുനഃസംഘടനയുടെ കാര്യത്തിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന പരാതിയാണ് താഴേത്തട്ടിലുള്ള പ്രവർത്തകർക്കും നേതാക്കൾക്കുമുള്ളത്.
പുനഃസംഘടന വൈകുന്നതിനെതിരെ യുഡിഎഫിനുള്ളിലും കോണ്‍ഗ്രസിനുള്ളിലും പ്രതിഷേധം ശക്തമാകുകയാണ്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ഇടംപിടിച്ചതിനെത്തുടർന്ന് പുതിയ കെപിസിസി പ്രസിഡന്റ് ചുമതലയേറ്റശേഷം ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനം സംബന്ധിച്ച് ചർച്ച നടത്താമെന്നായിരുന്നു കോണ്‍ഗ്രസിനുള്ളിലെ ആദ്യ ധാരണ. എന്നാൽ പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമനവും വൈകിയതോടെ ബോർഡ്, കോർപറേഷൻ പുനഃസംഘടനാ ചർച്ചകളും മുന്നോട്ടു പോയില്ല.
Tags : Appointments Board Corporation Chairpersons Stalled UDF LDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash