Kerala
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ നടൻ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി നിയമിച്ച് യുഡിഎഫ് സർക്കാർ.
ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ നിയമിച്ചതിനു പിന്നാലെയാണ് പ്രേംകുമാറിനെ കെഎസ്എഫ്ഡിസിയുടെ തലപ്പത്തേക്ക് എത്തിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത്നിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവച്ചതിനെത്തുടർന്ന് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന് ചെയർമാന്റെ താത്കാലിക ചുമതല നൽകിയിരുന്നു. പിന്നീട് 2025 നവംബറിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ച് പുതിയ ഭരണസമിതി നിലവിൽ വന്നതോടെ പ്രേംകുമാർ സ്ഥാനമൊഴിഞ്ഞു.
തന്നെ മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും പിൻഗാമി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും പരസ്യമായി വ്യക്തമാക്കിയ പ്രേംകുമാർ സർക്കാരിനോടുള്ള അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയിൽ നിന്നും പടിയിറക്കിവിട്ട സംഭവം വലിയ വിവാദമാവുകയും ചെയ്തിരുന്നു.
ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രേംകുമാർ നടത്തിയ പരാമർശങ്ങളാണ് ഇടതു സർക്കാരിന്റെ അനിഷ്ടത്തിനും സ്ഥാനമാറ്റത്തിനും കാരണമായതെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം വിവാദമായത്. എന്നാൽ, ഇക്കാര്യം സർക്കാർ നിഷേധിച്ചിരുന്നു. സർക്കാർ നിലപാടിനോട് പരസ്യമായി എതിർപ്പു പ്രകടിപ്പിച്ച പ്രേംകുമാർ പിന്നീട് യുഡിഎഫിനോട് അടുക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
പിന്നീട് പ്രേംകുമാർ സർക്കാരിനെതിരായ തന്റെ അതൃപ്തി കൂടുതൽ പരസ്യമാക്കിയിരുന്നു. തീരുമാനങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ അക്കാദമിയിലെ സ്ഥാനമാറ്റം വ്യക്തിപരമായും രാഷ്ട്രീയമായും ചർച്ചയായ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നിയമനം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്എഫ്ഡിസി ചെയർമാനായിരുന്ന കെ. മധു രാജിവച്ചതിനെത്തുടർന്നാണ് യുഡിഎഫ് സർക്കാർ ഈ സ്ഥാനത്തേക്ക് പ്രേംകുമാറിന് നിയമനം നൽകിയത്.
District News
ചെറുതോണി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിൽ ഇഎസ്എയായി ഉൾപ്പെടുത്തിയിരിക്കുന്ന തോട്ടം, ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
വനത്തില്‍ മാത്രം ഇഎസ്എ നിജപ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ശാസ്ത്രീയവും സമഗ്രവുമായി തയാറാക്കി കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടത്.
ജില്ലയിലെ നിര്‍മാണ നിരോധനം നീക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ആര്‍ഡിഒമാര്‍ അപേക്ഷ സ്വീകരിച്ച് വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കുന്നുണ്ട്.
എന്നാല്‍, ഇ-ഫയലായി വേഗത വരുത്തുന്നതിനുള്ള പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യുന്നതിന് ഇതുവരെയും റവന്യു വകുപ്പ് തയാറായിട്ടില്ലെന്നും എല്‍ഡിഎഫ് നേതാക്കളായ കെ. സലിംകുമാര്‍, സി.വി. വര്‍ഗീസ്, ജോസ് പാലത്തിനാല്‍ എന്നിവര്‍ ആരോപിച്ചു.
Kerala
ആലപ്പുഴ: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം. നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നുംചെയ്തില്ലെന്ന് വിമർശനം ഉയർന്നു.
പിണറായി സർക്കാർ കർഷകരെ തഴഞ്ഞെന്നും കർഷകസംഘം ഭരണവിലാസം സംഘടനായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചർച്ചയിൽ ആരോപണമുയർന്നത്. ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. എന്നാൽ കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും ചർച്ചയിൽ വിമർശനം ഉയർന്നു.
എന്നാൽ കേരളം താങ്ങുവില താഴ്ത്തി. കർഷകരെ തഴഞ്ഞവരെ തെരഞ്ഞെടുപ്പിൽ ജനങ്ങളും കൈവിട്ടുവെന്നും ചർച്ചയിൽ ആരോപണമുണ്ടായി.
സർക്കാർ വൻകിട പദ്ധതികളിൽ അഭിരമിച്ചു. അടിസ്ഥാനവിഭാഗങ്ങളെ തഴഞ്ഞു. സാധാരണക്കാരെ മറന്നു. ഇതിനാലാണ് ജനം തിരിച്ചടി നൽകിയത്. ഇനിയെങ്കിലും പഠിക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
District News
പുല്‍പ്പള്ളി: പൂതാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിബി സാബു നടത്തിയ അഴിമതിയും സാമ്പത്തിക തട്ടിപ്പും മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് എല്‍ഡിഎഫ് നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണസമിതിയെക്കെതിരേ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
പൂതാടി പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഏതിരേയുള്ള അവിശ്വാസ പ്രമേയം കോണ്‍ഗ്രസിന്റെ കുതിരക്കച്ചവടമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. രുക്മിണി സുബ്രഹ്മണ്യന്, ടി.സി. ഗോപാലന്, കെ.കെ. രാമചന്ദ്രന്, കുമാരന് ചെമ്പരപ്പറ്റ, എ.ജെ. കുര്യന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ മാറ്റത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പത്രവാർത്തകൾ കണ്ട് പ്രതികരിക്കേണ്ടതില്ലെന്നും യഥാസമയം സിപിഎം എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൺവീനർ മാറ്റത്തെക്കുറിച്ച് ഇതുവരെ അറിയിച്ചിട്ടില്ല. യാഥാർഥ്യ ബോധത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ മാറ്റത്തെ സിപിഐ സ്വാഗതം ചെയ്യുന്നു. സിപിഎം യാഥാർഥ്യ ബോധമുള്ള പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ഈ പാഠങ്ങളെല്ലാം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും ബാധകമാണ്. തെറ്റുകൾ സംഭവിച്ചാൽ തെറ്റുകൾ അംഗീകരിക്കണം. തെറ്റുകൾ തിരുത്തണം. സിപിഐ ആ വഴിക്കാണ് നീങ്ങാൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
പാറളം: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് അംഗങ്ങളും അനുകൂലിച്ചതോടെ പാറളം ഗ്രാമപഞ്ചായത്തിലെ ബിജെപി ഭരണം അവസാനിച്ചു. ആറിനെതിരേ പത്തു വോട്ടുകൾക്കാണു യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് വീണ്ടും അസാധുവായി.
തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിക്കും യുഡിഎഫിനും ആറു വീതവും എൽഡിഎഫിന് അഞ്ചും സീറ്റായിരുന്നു ഉണ്ടായിരുന്നത്. വോട്ടിംഗിൽ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അന്ന് ബിജെപി അധികാരത്തിലെത്തി.
അന്ന് എൽഡിഎഫ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായി ഒരു കൈ സഹായമെന്ന വിമർശനമുയർന്നതിനെത്തുടർന്ന് വോട്ട് അസാധുവാക്കായ ബിന്ദുവിനെ കോണ്‍ഗ്രസിൽനിന്ന് പുറത്താക്കി. ഇവരെ സമീപകാലത്തു തിരിച്ചെടുക്കുകയും ചെയ്തു.
അവിശ്വാസപ്രമേയം കൊണ്ടുവരുന്നതറിഞ്ഞ് ബിജെപി കോടതിയിൽനിന്നു സ്റ്റേ വാങ്ങിയെങ്കിലും സ്റ്റേ കാലാവധി കഴിഞ്ഞതോടെ യുഡിഎഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു. എൽഡിഎഫും പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തതോടെ ബിജെപിക്ക് ഭരണം നഷ്ടമായി.
പാറളം പഞ്ചായത്തിൽ ഇനി യുഡിഎഫ് ഭരണമെന്ന് കോണ്‍ഗ്രസ് പ്രതിനിധിയും ഇന്ത്യ കൂട്ടായ്മയായി മുന്നോട്ടുപോകുമെന്നു സിപിഐ പ്രതിനിധിയും വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ്-എൽഡിഎഫ് ഒളിസേവയെന്ന് ബിജെപി തിരിച്ചടിച്ചു.
ഡിസിസി ഉപാധ്യക്ഷൻ സി.ഒ. ജേക്കബ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ്, സിപിഐ നേതാവ് പി.ബി. ഷാജൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ബിജെപി, കോണ്‍ഗ്രസ്, എൽഡിഎഫ് പ്രവർത്തകർ പരസ്പരം മുദ്രവാക്യങ്ങൾ മുഴക്കിയത് നേരിയ സംഘർഷത്തിനിടയാക്കി. പൊലിസ് സ്ഥതിഗതികൾ നിയന്ത്രിച്ചു.
Kerala
കോഴിക്കോട്: പിഎംശ്രീയിൽ കേന്ദ്രസർക്കാരുമായി ധാരണപത്രത്തിൽ ഒപ്പുവച്ചത് പാർട്ടിനയത്തിൽ നിന്നുള്ള വ്യതിയാനമായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് ആ എംഒയുവിൽ നിന്നും സർക്കാർ പിന്മാറിയതെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ.
സെപ്റ്റംബർ 13 മുതൽ കോഴിക്കോട് വിശാല സംസ്ഥാന കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ജില്ലാ കമ്മിറ്റി അംഗം വിമർശനവുമായി രംഗത്തെത്തിയത്. ഭരണത്തിൽ പാർട്ടി സംഘടന ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. തങ്ങൾ ഭരിക്കുന്നവർ മാത്രമായി മാറിയെന്നും കുഞ്ഞിക്കണ്ണൻ ആരോപിച്ചു.
ഇക്കാര്യങ്ങളെല്ലാം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിക്കൊണ്ടുതന്നെയാവും കേരളത്തിൽ തിരുത്തൽ നടപടികൾ ആരംഭിക്കുകയെന്നതിൽ ഒരു സംശയവുമില്ലെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനമില്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കെ. കൃഷ്ണൻകുട്ടിയുടെ ആരോപണം. കെഎസ്ഇബിയിൽ മാനേജ്മെന്റും മന്ത്രിയുടെ ഓഫിസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുവരെ ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെയാണ്. എന്നാല്‍, കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെയാണ്. ഇതാണ് കണക്ക്.
31 പേരാണ് തന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം. മന്ത്രിമാര്‍ പരമാവധി 25 പേരെ നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25ല്‍ കൂടുതല്‍ നിയമിച്ചിട്ടില്ല. പല മന്ത്രിമാരും അവര്‍ക്ക് ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ല. നിയമിക്കുന്നതേയുള്ളൂ.
കഴിഞ്ഞ മന്ത്രിസഭയില്‍ ചിലരുടേത് 27 ളം 28 ഉം 29 ഒക്കെയായിരുന്നു സ്റ്റാഫുകളുടെ എണ്ണം. കഴിഞ്ഞ ചീഫ് വിപ്പ് നിയമിച്ചത് 28 പേരെയാണ്. ഇപ്പോഴത്തെ ചീഫ് വിപ്പ് നിയമിച്ചിരിക്കുന്നത് 16 പേരെ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് എൽഡിഎഫ് നേതാക്കളും ഡിവൈഎഫ്ഐയും. യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് അടിമപ്പണി ചെയ്യുകയാണെന്നും സംഘപരിവാർ അജണ്ടകൾക്ക് വഴങ്ങുകയാണെന്നും നേതാക്കൾ ആരോപിച്ചു.
വന്ദേമാതരം പൂർണമായി ആലപിച്ച യുഡിഎഫ് സർക്കാർ നടപടിയെ പരിഹസിച്ച് വി ശിവൻകുട്ടി രംഗത്തെത്തി. പ്രോട്ടോക്കോൾ' എന്ന് പറഞ്ഞാൽ കോൺഗ്രസുകാർ ഇനി ശാഖയിൽ പോയി കാക്കി നിക്കറിടാനും മടിക്കില്ലെന്ന് അഡ്വ. വി ജോയ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് ബിജെപിയുടെ ബി-ടീം അല്ല, സ്വന്തം എ-ടീം ആയി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ആറന്മുള ഉത്രട്ടാതി വള്ളംകളി ഉൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് ഓണം മുന്നോട്ടുവെക്കുന്ന മതേതരത്വത്തിനേറ്റ മുറിവാണെന്നും സംഘപരിവാർ വർഗീയ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ ഔദ്യോഗിക പ്രോട്ടോകോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാരിന്റെ വാദം.
Kerala
പാലാ: പദവികള്‍ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയില്‍ നിന്നും ജനങ്ങള്‍ കൂടുതല്‍ അകലുന്നതിന് കാരണമാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം ജില്ലാ ക്യാമ്പ് പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് വഴങ്ങാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയിട്ടും എന്തുകൊണ്ട് വലിയ പരാജയം സംഭവിച്ചു എന്ന ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് ഇപ്പോള്‍ എല്‍ഡിഎഫിന് ആവശ്യം. ഇതല്ലാതെയുള്ള ഏതു നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമായിരിക്കുമെന്ന ധാരണ മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും ഉണ്ടായിരിക്കണം.
വി.ഡി.സതീശന് നയിക്കുന്നു, ബിജെപി ഭരിക്കുന്നു എന്നപോലെയാണ് കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍. വി.ഡി സതീശനിലൂടെ ബിജെപി അവരുടെ രാഷ്ട്രീയ താല്പര്യങ്ങള് ഭരണ തലത്തില്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പിഎം ശ്രീയിലും ലൈഫ് ഭവന പദ്ധതിയിലുമുള്ള ബിജെപി അജണ്ടകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണെന്നും പ്രളയമടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണനേതൃത്വം വലിയ പരാജയമായിരുന്നു.മന്ത്രിമാര്‍ ഒരേ വിഷയങ്ങളില്‍ പരസ്പരവിരുദ്ധം ആയിട്ട് സംസാരിക്കുന്നത് മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വമില്ലായ്മയാണ് വിളിച്ചറിയിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ ക്യാമ്പ് അംഗീകരിച്ച പ്രമേയങ്ങള്‍
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലും, എല്‍ ലിനോ പ്രതിഭാസത്തിന്റെ കാരണത്താലും കോട്ടയം ജില്ലയില്‍ വ്യാപകമായി ഉണ്ടാവുന്ന പ്രളയ ദുരിതത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നടപടികള്‍ എടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മീനച്ചിലാറും, മണിമലയാറും പ്രളയം മൂലം നിറഞ്ഞു കവിയുമ്പോള്‍ അധികമായി ഉണ്ടാകുന്ന പ്രളയ ജലം ഒഴുകി പോകുവാന്‍, ആറുകളുടെയും, തോടുകളുടെയും സംഭരണശേഷി ഉയര്‍ത്തണം.
വേമ്പനാട്ടുകായലിന്റെ നഷ്ടപ്പെട്ട സംഭരണശേഷി വീണ്ടെടുക്കണം, കൃത്യസമയത്ത് തണ്ണീര്‍മുക്കം ബണ്ട് തുറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം.
വര്‍ഷങ്ങളായി മലയോരമേഖലയിലെ ജനങ്ങളുടെ മനസ്സിലെ തീയായ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച്, അവസാന നോട്ടിഫിക്കേഷന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാക്കാന്‍ കേന്ദ്രല് സമ്മര്‍ദ്ദം ചെലുത്തണം. ജനവാസ മേഖലയിലെ വന്യമൃഗം ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ പെരുകിയ എണ്ണം കുറയ്ക്കുവാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണം.
കേരള കോണ്‍ഗ്രസ് എം ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രവര്‍ത്തനം നടത്തുവാന്‍ തീരുമാനിച്ചു. ജനകീയ വിഷയങ്ങളില്‍ പ്രാദേശികമായി സമരങ്ങള്‍ നടത്തുവാനും, കേരള കോണ്‍ഗ്രസിന്റെ കഴിഞ്ഞകാല പ്രവര്‍ത്തകരെയും നിലവിലുള്ള പ്രവര്‍ത്തകരെയും സംയോജിപ്പിച്ചുകൊണ്ട്, പാര്‍ട്ടിയുടെ ഈ കാലഘട്ടത്തിലെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ക്ലാസുകളും, സെമിനാറുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന്, എന്‍.ജയരാജ് ,ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോര്‍ജുകുട്ടി അഗസ്തി,ഔസേപ്പച്ചന് വാളിപ്ലാക്കല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി സക്കറിയ,സഖറിയാസ് കുതിരവേലി ,ജോസ് പുത്തന്‍കാല, സിറിയക് ചാഴികാടന്, പെണ്ണമ്മ ജോസഫ്, ബ്രൈറ്റ് വട്ടനിരപ്പേല്‍, ജോസഫ് ചാമക്കാല ,എ എം മാത്യു , ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സാജന് കുന്നത്ത്, ടോബിന് കെ അലക്സ്, ജോജി കുറത്തിയാടന, ജോസ് ഇടവഴിക്കല്‍, ലൂക്ക് മാത്യു, ഡിനു ചാക്കോ, ഡാനി തോമസ്, രാമചന്ദ്രന് അള്ളുപുറം ,ജോ കൈപ്പന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്.
മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ മാറ്റത്തിനു വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.
District News
നിലന്പൂർ: എൽഡിഎഫ് ചാലിയാർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ വെട്ടി കുറച്ചതിനെതിരേയാണ് എൽഡിഎഫ് ചാലിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
സ്ത്രീസുരക്ഷാ ഫണ്ട് പുനരാംഭിക്കുക, വെട്ടിക്കുറച്ച ഫണ്ടുകൾ പുനഃസ്ഥാപിക്കുക, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രൂപീകരണം ഉടൻ യാഥാർഥ്യമാക്കുക തുടങ്ങി ആവശ്യങ്ങളാണ് സമരത്തിൽ ഉയർന്നത്.
യോഗം സിപിഎം നിലന്പൂർ ഏരിയാ സെന്റർ അംഗം കക്കാടൻ റഹീം ഉദ്ഘാടനം ചെയ്യതു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ടി. ഉസ്മാൻ, ലോക്കൽ സെക്രട്ടറി എം. വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് സഹിൽ അകന്പാടം, കെ. നിഷിദ്, സണ്ണി കട്ടക്കയം, സമദ് കല്ലട, എം. ജനാർദ്ദനൻ, കെ. മുസ്തഫ എന്നിവർ പ്രസംഗിച്ചു.
District News
കൂടരഞ്ഞി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.
ജലീല്‍ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു. പി.എം. തോമസ്, കെ.എം. അബ്ദുറഹ്മാന്, ഷൈജു കോയിനിലം, ആഗസ്ത്യന്‍ ചെമ്പോട്ടിക്കല്‍, വില്‍സണ്‍ പുല്ലുവേലി, ആദര്‍ശ് ജോസഫ്, റോയ് ആക്കേല്‍, തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ കാരശേരി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. സുബൈര്‍ അത്തോളി അധ്യക്ഷത വഹിച്ചു. വി. കുഞ്ഞാലി, കെ. ശിവദാസന്‍, കെ.പി. ഷാജി, അബ്ദുള്ള കുമാരനല്ലൂര്‍, ജി. അബ്ദുല്‍ അക്ബര്‍, എം. ദിവ്യ, വി.പി. ജമീല തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
കട്ടപ്പന: കാഞ്ചിയാറില്‍ മലേറിയ പടര്‍ന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് ഭരണസമിതി അനാസ്ഥ കാട്ടുന്നതായി എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിനോടകം 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. പേരിനുമാത്രം യോഗം വിളിച്ചുചേര്‍ത്തതല്ലാതെ തുടര്‍നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണസമിതി അനാസ്ഥ വെടിഞ്ഞ് അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതമാക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളിലാണ് രോഗവ്യാപനം കൂടുതല്‍. ഇവരുടെ കൃത്യമായ കണക്കോ മറ്റ് വിവരങ്ങളോ പഞ്ചായത്തിന്റെ പക്കലില്ല. ഇവര്‍ കൂട്ടമായി താമസിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. താമസസ്ഥലങ്ങള്‍ വൃത്തിഹീനമാണ്. ഇവിടെ ശുചിമുറികളോ അടിസ്ഥാന സൗകര്യമോ ഇല്ല. തൊഴിലാളികളുടെ കൃത്യമായ എണ്ണം നല്‍കാത്ത തൊഴിലുടമകളും ഏജന്റുമാരുമുണ്ട്.
പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ രോഗവ്യാപനം തടയാനാകൂ. കഴിഞ്ഞ നാലിനു വിളിച്ചുചേര്‍ത്ത ഇന്റര്‍സെക്ടറല്‍ യോഗത്തിലും അധികൃതര്‍ അലംഭാവം കാട്ടി. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനോ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ ഇവര്‍ തയാറായില്ല.
ജില്ലാ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കണം. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കളായ ജോസ് ഞായര്‍കുളം, കെ.സി. ബിജു, ബൈജു ഗോപാലകൃഷ്ണന്, കെ.പി. സജി, അഭിലാഷ് മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
District News
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പാറമേക്കാവിന് മുന്നിൽനിന്ന് മാർച്ച് ആരംഭിച്ചു. പ്രതിഷേധ സമരം സിപിഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാസെക്രട്ടറി പി. ബാലചന്ദ്രൻ, സിപിഐ സംസ്ഥാന കൗണ്‍സിലംഗം പി. ബാലചന്ദ്രൻ, സിഐടിയു ജില്ലാസെക്രട്ടറി യു.പി. ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ്, സിപിഎം ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരണ്‍, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, കോർപറേഷൻ കൗണ്‍സിലർമാർ പങ്കെടുത്തു.
District News
പെരുമ്പടവ്: തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് എരമം-കുറ്റൂർ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം. കരുണാകരൻ ഉദ്ഘാടനം ചെയ്തു. അജിത്ത് അനികം അധ്യക്ഷത വഹിച്ചു. കെ.ബി. ബാലകൃഷ്ണൻ, രാധകൃഷ്ണൻ, പ്രകാശ് മാത്യു, ജോസ് മാത്യു, ജോസ് മറ്റത്തിൽ, കെ.വി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
ചപ്പാരപ്പടവ്: തദ്ദേശ സ്വയംഭരണ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ എൽഡിഎഫ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. സന്തോഷ് ധർണ ഉദ്ഘാടനം ചെയ്തു. പി.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജോൺ മുണ്ടുപാലം, നെല്ലിയോട്ട് ബാലകൃഷ്ണൻ, പി. രവീന്ദ്രൻ, വി.പി. ഗോവിന്ദൻ, കെ.വി. രാഘവൻ, പി. പ്രേമലത, വി.വി. റീത്ത, എം.പി. ഗോപി, റെനീഷ് മാത്യു, ജോജി പുളിച്ചുമാക്കൽ, ടി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ടോമി മൈക്കിൾ, വി. ഉണ്ണികൃഷ്ണൻ, കുമാരൻ എന്നിവർ നേതൃത്വം നൽകി.
തളിപ്പറമ്പ്: ആന്തൂർ നഗരസഭയിലേക്ക് നടത്തിയ മാർച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി. നാരായണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി. സതീദേവി, വൈസ് ചെയർമാൻ പാച്ചേനി വിനോദ്, കെ. ഗണേശൻ. സി. അശോക് കുമാർ, പി.കെ. ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു. ധർമശാല കേന്ദ്രീകരിച്ച് പ്രകടനം നടത്തി.
തളിപ്പറമ്പ് നഗരസഭയിൽ കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി സജി കുറ്റ്യാനിമറ്റം ഉദ്ഘാടനം ചെയ്തു. സി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണൻ, മീത്തൽ കരുണാകരൻ, ഒ. സുഭാഗ്യം എന്നിവർ പ്രസംഗിച്ചു. പൂക്കോത്ത് നട കേന്ദ്രീകരിച്ച് പ്രകടനം നടത്തി.
District News
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയുടെ സംസാരം നാലാംക്ലാസ് കോൺഗ്രസുകാരന്റെ തരംതാണ തെരുവ് പ്രസംഗം പോലെയാണെന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള പദ്ധതി ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേ എൽഡിഎഫ് കോർപറേഷൻ കമ്മിറ്റി കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മന്ത്രിമാർ ഒന്നിനെ കുറിച്ചും നിശ്ചയമില്ലാത്തവരാണ്. മന്ത്രിമാർ അധികാരത്തിന്റെയും താൻ പ്രമാണിത്തത്തിന്റെയും വക്താക്കളായി മാറുകയാണ്. പ്ലാൻ ഫണ്ടിൽ കുറവ് വരുത്തിയത് മൂലം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള അങ്കണവാടി, കുടുംബശീ , പാലിയേറ്റീവ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. കുട്ടികളുടെ പോഷകാഹാര വിതരണം പോലും തടസപ്പെട്ട സംസ്ഥാനത്ത് എല്ലാവികസന പ്രവർത്തനങ്ങളും മുരടിച്ചിരിക്കുകയാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. പി. അജയകുമാർ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ, എം. പ്രകാശൻ, കെ.പി. പ്രശാന്തൻ, പി. ധീരജ്, എം.പി. മുരളി, എ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. പോത്തോടി സജീവൻ, വെള്ളോറ രാജൻ,ഒ.കെ. വിനീഷ്, വി.രാജേഷ് പ്രേം, കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.
മട്ടന്നൂർ: ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തദ്ദേശ സ്ഥാനങ്ങളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. മട്ടന്നൂർ നഗരസഭാ ഓഫീസ് മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു.
വി. രാമദാസ്, അണിയേരി അച്യുതൻ, കെ.ടി. ജോസ്, മണാട്ട് കുമാരൻ, എൻ. ഷാജിത്ത്, ഏരിയാ സെക്രട്ടറി എം. രതീഷ് എന്നിവർ പ്രസംഗിച്ചു. വി.പി. ഇസ്മായിൽ, എ. കെ. സുരേഷ് കുമാർ, ഇ. ജയപ്രകാശ്, എം. വിനോദ് എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: മന്ത്രി മോൻസ് ജോസഫിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ഇടതുമുന്നണി നേതാവിനെ നിയമിച്ചതിൽ കേരള കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ജനാധിപത്യ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും കുട്ടനാട് നിയമസഭാ മണ്ഡലം ഏകോപനസമിതി അംഗവുമായ ഷിബു ജോസഫ് മണലയെ നിയമിച്ചതിനെതിരെയാണ് പാർട്ടിക്ക് ഉള്ളിൽത്തന്നെ എതിർപ്പ് ഉയർന്നിരിക്കുന്നത്.
പഴ്സനൽ സ്റ്റാഫ് നിയമനങ്ങൾ നടത്തുമ്പോൾ അവ പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യണമെന്ന ചരൽക്കുന്ന് സംസ്ഥാന നേതൃക്യാംപിന്റെ നിർദേശം ലംഘിക്കപ്പെട്ടുവെന്നാണ് പ്രധാന ആക്ഷേപം. പാർട്ടിയുടെ ഓഫീസ് ചുമതലകൂടി വഹിക്കുന്ന വ്യക്തിയെ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയത് ഉചിതമായ കൂടിയാലോചനകളില്ലാതെയാണെന്നാണ് വിമർശനം ഉയരുന്നത്.
എന്നാൽ, ഈ വിമർശനങ്ങളെ മന്ത്രി പ്രതിരോധിച്ചു. വിവിധ ജില്ലകളിൽ നിന്ന് ജനാധിപത്യ കേരള കോൺഗ്രസിലേക്ക് നിരവധി പ്രവർത്തകർ പാർട്ടി മാറി എത്തുന്നുണ്ടെന്നും, ഇത്തരത്തിൽ എത്തിച്ചേരുന്നവർക്കാണ് അർഹമായ സ്ഥാനമാനങ്ങൾ നൽകുന്നതെന്നുമാണ് മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം
Kerala
കോട്ടയം: അവിശ്വാസ പ്രമേയം പാസായതിനു പിന്നാലെ പ്രതികരണവുമായി പാലാ നഗരസഭ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ചാണ് വോട്ട് ചെയ്തത്. ജനാധിപത്യപരമായ വിധിയെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്നും ദിയ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് നേതൃത്വമാണ് തനിക്ക് ചെയർപേഴ്സൺ പദവി നൽകിയത്. കഴിഞ്ഞ ആറുമാസത്തെ ഭരണത്തിനിടയിൽ ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ല. അതിനാൽ പൂർണ അഭിമാനത്തോടെയാണ് കസേരയിൽ നിന്ന് ഇറങ്ങുന്നത്. ഇനി കൗൺസിലറായി തുടരുമെന്നും നിർത്തിവെച്ച പഠനവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കോ അതിനെ പിന്തുണച്ചവർക്കോ സാധിച്ചിട്ടില്ലെന്നും ദിയ ചൂണ്ടിക്കാട്ടി. എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതുതാൽപ്പര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു.
ജനപ്രിയ തീരുമാനങ്ങളെക്കാൾ ശരിയായ തീരുമാനങ്ങളെടുക്കാനാണ് ശ്രമിച്ചത്. പദവികൾ വരികയും പോവുകയും ചെയ്യാം, എന്നാൽ സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ശാശ്വതമെന്നും ദിയ കൂട്ടിച്ചേർത്തു. അതേസമയം പാലായിലെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ കാണുന്നുവെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.
യുഡിഎഫ് ചെയർപേഴ്സൺ എന്ന നിലയിൽ മുന്നണി നേതൃത്വം നൽകിയ നിർദ്ദേശങ്ങൾ മാത്രമാണ് ദിയ പാലിച്ചത്. യുഡിഎഫ് നിർദ്ദേശപ്രകാരമാണ് ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. പാർട്ടി വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നേതൃത്വം ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.
Kerala
കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കാനിരിക്കെ രാഷ്ട്രീയ സസ്പെൻസ് തുടരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി വിപ്പ് നൽകി.
26 അംഗങ്ങളുള്ള നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. ഭരണം മറിച്ചിടാൻ 14 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന് വേണ്ടത്. സ്വതന്ത്ര അംഗമായ വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഇന്ന് അവിശ്വാസ ചർച്ചയ്ക്ക് എത്തിയേക്കുമെന്നാണ് വിവരം. മായ കൂടി എത്തുന്നതോടെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 13 ആകും.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്. ഭരണസമിതിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് രൂക്ഷമായതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
എന്നാൽ ഭരണം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് ഡിസിസിയുടെ ആവശ്യം. കേരള കോൺഗ്രസും കെഡിപി പാർട്ടികളും സ്വന്തം അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാനാണ് ചില കോൺഗ്രസ് അംഗങ്ങളുടെ നീക്കമെന്നാണ് സൂചന.
ഇതിൽ ജില്ലാ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിപ്പ് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ്, സ്വതന്ത്രർ എന്നിവരടങ്ങുന്ന 14 പേരുടെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് എൽഡിഎഫ് കൺവീനറും സിപിഐ സംസ്ഥാന സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായില്ല. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഇന്ന് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ എൽഡിഎഫ് കൺവീനർ ഈ വിഷയത്തിൽ എൽഡിഎഫിൽ ഭിന്നത ഇല്ലെന്ന് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരേ നയം ആണെന്നും ബിനോയ് വിശ്വവും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എൽഡിഎഫ് കരുത്തോടെ മുന്നോട്ടുപോകുമെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ചർച്ചയിലെ കൂടുതൽ വിവരങ്ങൾ പുറത്തുപറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തിൽ ഉടൻ പരിഹാരമാകുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
നിയമസഭയിലെ പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തേക്ക് സിപിഐയിലെ കെ.രാജനെ പരിഗണിക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം സിപിഎം അവഗണിക്കുകയും കെ.എൻ. ബാലഗോപാലിനെ പരിഗണിക്കുകയുമായിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങൾക്ക് കിട്ടിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന് സിപിഐ നേതൃത്വം സിപിഎമ്മിന് അന്ത്യശാസനം നൽകിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഇന്ന് സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയത്.
Kerala
തിരുവനന്തപുരം : സർക്കാരിനെതിരേയുള്ള സമരപരിപാടികൾ ആലോചിക്കുന്നതിനായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ഇടതുമുന്നണി യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തി.
ഇരുപാർട്ടികളുടെയും കേന്ദ്ര നേതാക്കളുടെ ഇടപെടലിനെ തുടർന്നാണു നിയമസഭാ സമ്മേളന സമയത്തു പോലും ചേരാത്ത മുന്നണി യോഗം വിളിച്ചു ചേർക്കാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായിരുക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിലപാടാണു ഇടതുമുന്നണി യോഗം വിളിക്കാൻ വൈകുന്നത്. ഇതിൽ കേരള കോണ്‍ഗ്രസ്-എം ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റു പാർട്ടികൾ കടുത്ത അതൃപ്തിയിലാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും കഴിഞ്ഞ ദിവസം ആവർത്തിച്ചു. സംസ്ഥാനത്തെ നേതാക്കളും പരസ്യമായിത്തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
സിപിഎമ്മാകട്ടെ സിപിഐക്ക് ഉപനേതാവ് സ്ഥാനം നൽകില്ലെന്ന പിടവാശിയിലുമാണ്. ഈ സാഹചര്യത്തിലാണ് വരുന്ന ചൊവാഴ്ച പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടക്കും. 13,14 തീയതികളിൽ സിപിഐ നേതൃയോഗം ചേരുന്നുണ്ട്.
ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണനും ബിനോയ് വിശ്വവും തമ്മിൽ മുന്നണി യോഗം ചേരുന്നതിനെ സംബന്ധിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഎം-സിപിഐ ചർച്ച നടത്താൻ തീരുമാനിച്ചത്.
തീരുമാനമാകാതെ പ്രതിപക്ഷ ഉപനേതാവ് പദവി
യുഡിഎഫ് സർക്കാരിനെതിരേ ഇടതുമുന്നണിയെന്ന നിലയിൽ ഇതുവരെയും സമരപരിപാടികളൊന്നും ആലോചിക്കാനോ സംഘടിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മുന്നണി യോഗം ചേരാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം.
അടുത്ത നിയമസഭ സമ്മേളനം ചേരുന്നതിനു മുന്‍പായി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന ധാരണയാണു ഇപ്പോൾ സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഉപനേതാവ് സ്ഥാനം ലഭിക്കാതെ ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടു സിപിഐ സ്വീകരിച്ചാൽ സിപിഎം വെട്ടിലാകും.
Kerala
തിരുവനന്തപുരം: ഇടതുമുന്നണിയിലെ കക്ഷികളായ കോൺഗ്രസ് എസും എൻസിപി സെക്യുലറും തമ്മിൽ ലയിക്കുന്നു. ഇതു സംബന്ധിച്ച് രാമചന്ദ്രന് കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്‍സിപിയില്‍ പി.സി.ചാക്കോയുമായി ഇടഞ്ഞ് എ.കെ.ശശീന്ദ്രന് വിഭാഗം മാറി നില്‍ക്കുകയാണ്.
എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ ജൂലൈ 11ന് കൊച്ചിയില്‍ വച്ചാണ് യോഗം. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ച് കടന്നപ്പള്ളി രാമചന്ദ്രനും എ.കെ. ശശീന്ദ്രനും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഈ ചര്‍ച്ചയുടെ വിശദാംശങ്ങൾ എ.കെ.ശശീന്ദ്രന് പിണറായി വിജയനെ അറിയിച്ചു. രണ്ട് പാര്‍ട്ടികളും ഇടതുമുന്നണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ലയനത്തില്‍ സിപിഎമ്മിനോ എല്‍ഡിഎഫിനോ എതിര്‍പ്പില്ലെന്നാണ് റിപ്പോർട്ട്.
ഒരേ രാഷ്ട്രീയ ചിന്താഗതിയുള്ള ചെറുകക്ഷികൾ ഒന്നിക്കുന്നത് മുന്നണിയുടെ ഒത്തൊരുമയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് ഇരുവിഭാഗത്തിന്റെയും കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര ചർച്ചകൾ പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് നേതാക്കളുടെ തീരുമാനം.
Kerala
തിരുവനന്തപുരം: കോർപറേഷൻ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പാളി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെ യുഡിഎഫ് നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. വിവാദങ്ങൾക്കിടയിൽ കോർപറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
യുഡിഎഫ് പ്രതിപക്ഷ നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നത്. എന്നാൽ പ്രതിപക്ഷ നിരയിൽ ഐക്യമില്ലാതായതോടെ ഈ നീക്കം തുടക്കത്തിലേ പാളുകയായിരുന്നു. ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണ് അവിശ്വാസത്തെ പിന്തുണയ്ക്കാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ചെങ്കിലും കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് കൗൺസിലിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കൗൺസിൽ യോഗത്തിനെത്തുന്ന മേയർ വി.വി. രാജേഷിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
കോർപറേഷനിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സുഗതന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിക്കെതിരെയുള്ള റിലേ സത്യഗ്രഹം കൂടുതൽ ശക്തമാക്കാനാണ് സിപിഎം തീരുമാനം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്നു കൗണ്‍സില്‍ യോഗം ചേരും. 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല.
എന്നാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്ക് എൽഡിഎഫ് പിന്തുണ നൽകില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് എൽഡിഎഫ് നിലപാട്. നയപരമായ പ്രശ്നമുണ്ടെന്നും നിലവില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം, കോർപറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു നടത്തുന്ന പ്രതിഷേധ മാര്‍ച്ച്.
Kerala
തിരുവനന്തപുരം: കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രക്ഷോഭത്തില്‍ വി.എം. സുധീരന് അടക്കം യോജിക്കാവുന്ന എല്ലാവരുമായും കമ്യൂണിസ്റ്റ് പാര്‍ട്ടി കൈകോര്‍ത്ത് നീങ്ങും. പരിസ്ഥിതിയെയും തീരദേശ ജനതയെയും അപകടപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഖനനലോബിക്ക് വന്ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള നീക്കത്തില്‍ അഴിമതിയുടെ സാധ്യതകളും ദേശരക്ഷാ പ്രതിസന്ധികളും ഒളിഞ്ഞു കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കടഭീതിയുടെ വ്യാജപ്രതീതി സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുവിഭവങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൊള്ളയടിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ധവളപത്രവും ബജറ്റുമെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ജൂലൈ മൂന്നാം വാരത്തില്‍ ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ സിപിഐ ബഹുജന കണ്വെന്ഷന് സംഘടിപ്പിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സംസ്ഥാനത്തെ ഭരണമാറ്റത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. എൽഡിഎഫിന്റെ പരാജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് വേടൻ പറഞ്ഞു. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാരണങ്ങള്‍ പറയാനുണ്ട്, ഒറ്റടിക്ക് പറയാനാവില്ല. ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. പുതിയ സര്‍ക്കാരിന് സമയം കൊടുക്കണം. നല്ലത് തന്നെ നടക്കുമെന്നും വേടൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ' സഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ പ്രതിപക്ഷാംഗം പി. പ്രസാദ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രിസഭ ഉപസമിതിയുടെ സുപ്രധാന യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
പുതുക്കിയ സംസ്ഥാന ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ മറുപടി പറയും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിവാദ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം.
നികുതിയിളവ് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായ സമരങ്ങളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഹീം ആരോപിച്ചു.
നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും, സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണിതെന്നും എ.എ. റഹീം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹീം വിമർശനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മുസ്ലിം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു? എല്ലാത്തിലും വലിയ കൗതുകം ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ല. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെ തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ് . ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.
വി.എസ് എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരന്റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതി തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്.
കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് മുൻമന്ത്രി പി. രാജീവ്.
ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്. വർഗ ബഹുജന സംഘടനകൾ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുന്നുവെന്ന് പി. രാജീവ് പറഞ്ഞു.
വെള്ളാപ്പള്ളിയിൽ തെറ്റുപറ്റി. വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ അൺഡു ചെയ്യാൻ പറ്റില്ല. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസിലായി. സാങ്കേതികത്വം നോക്കേണ്ടിയിരുന്നില്ലെന്നും പി. രാജീവ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ തോൽവിയിൽ പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് തുടർഭരണം ലഭിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. സുഗതന്റെ രാജിയാവശ്യപ്പെട്ട് എൽഡിഎഫ്.
എൽഡിഎഫ് കൗൺസിലർമാരാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുഗതൻ നഗരസഭയ്ക്ക് തന്നെ അപമാനമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
സുഗതനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളാണ് സുഗതൻ. ഇയാളുകൂടെ വൻകിട ഗുണ്ടാ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും എൽഡിഎഫ് കൗൺസിലമാർ വിമർശിച്ചു.
അടുത്ത ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ 15ന് വൻ ജനകീയ സമരം കോർപ്പറേഷനിലേക്ക് നടത്തും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് ബദൽ ധവളപത്രം പുറത്തിറക്കാൻ സിപിഎം. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മുന്നണിയുടെ ബദൽ ധവളപത്രമായി പുറത്തിറക്കാനാണ് ആലോചന.
ബദൽ ധവളപത്രത്തിന് ഇടതുമുന്നണിയുടെ മുൻധനമന്ത്രിമാരായ കെ.എൻ. ബാലഗോപാലും തോമസ് ഐസക്കും നേതൃത്വം നൽകും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സാമ്പത്തികപരിപാലനത്തിനും ജനക്ഷേമ നടപടികൾക്കും സ്വീകരിച്ച നയവും അതിനനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും ഇതിൽ വിശദീകരിക്കും.
യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ വരുമാന വർധന മറച്ചുവച്ചതായാണ് സിപിഎമ്മിന്റെ ആരോപണം. ഇതുസംബന്ധിച്ച വസ്തുതകളും വിശദീകരണവും രേഖയിലുണ്ടാകുമെന്നാണ് സിപിഎമ്മിന്റെ വാദം.
ക്ഷേമപെൻഷൻ വിതരണം, പൊതുമേഖലാ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻ യുഡിഎഫ് സർക്കാരുമായുള്ള താരതമ്യവും ബദൽ ധവളപത്രത്തിലുണ്ടാകും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വയ്ക്കുന്നത് സിപിഎമ്മാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് സിപിഐയുടെ പ്രതികരണം.
ഇടതുമുന്നണിയിൽ സിപിഐയ്ക്ക് വേണ്ടത് മാന്യമായ പദവിയാണ്. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. ഇതിൽ വ്യക്തതയില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്.
കെ.എൻ. ബാലഗോപാലാണ് നിലവിൽ പ്രതിപക്ഷ നിരയിലെ രണ്ടാമൻ. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാൽ ആയിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്.
ഇടതുമുന്നണിയിൽ ആവശ്യപ്പെടേണ്ട കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല.
Kerala
കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സർവീസിൽ നിന്ന് പുറത്താക്കിയ ഡ്രൈവറെ തിരിച്ചെടുത്ത് കെഎസ്ആർടിസി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനുവിനെയാണ് കോർപറേഷൻ തിരിച്ചെടുത്തത്.
ചടയമംഗലം നെട്ടേത്തറയിൽ ഉണ്ടായ അപകടത്തിന്റെ പേരിലാണ് ബിനുവിനെ അന്നത്തെ ഗതാഗതമന്ത്രി ഗണേഷ് കുമാർ ഇടപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തുടർന്ന് നടപടിക്കെതിരെ ബിനു ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിവരികയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ബിനു ശേഖരിച്ച രേഖകളാണ് കോർപറേഷന്റെ ഇരട്ടത്താപ്പ് പുറത്തെത്തിച്ചത്. ജീവഹാനി സംഭവിച്ച അപകടങ്ങളിൽ ഒരു ഡ്രൈവറെയും കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നില്ലന്ന് രേഖകളിൽ നിന്ന് വ്യക്തമായി.
ദീർഘമായ നിയമപോരാട്ടത്തിന് പിന്നാലെ ബിനു കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തെങ്കിലും കെഎസ്ആർടിസി ഇയാളെ തിരിച്ചെടുത്തില്ല. മൂന്ന് മാസത്തിലധികം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഉത്തരവ് കെട്ടിക്കിടന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ബിനുവിനെ തിരിച്ചെടുക്കാൻ ഉത്തരവായത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചുവെന്ന് കരുതുന്ന വലതുപക്ഷ കേന്ദ്രങ്ങളുടെ മതിമറന്നുള്ള ആഘോഷങ്ങളിൽ കാര്യമില്ല. പോരാട്ടവീര്യത്തോടെ മുന്നണി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. ഇത്തരം സന്ദർഭങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. സംഭവിച്ചത് എന്താണെന്ന് കേരളത്തിന് ബോധ്യമുണ്ട്. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ.
എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണ്. തങ്ങൾക്കുണ്ടായ കുറവുകൾ കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ കണ്ടിട്ടുള്ളത്. അത് ജനങ്ങളുടെ കൂടെ നിന്നുകൊണ്ടായിരിക്കും.
ജനങ്ങളുടെ ഒപ്പമാണ് എന്നുമുള്ളത്. എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി.ഗോവിന്ദനും രൂക്ഷവിമർശനം. കടക്ക് പുറത്ത്, ഡാഷ് മോനെ പരാമർശങ്ങൾ തിരിച്ചടിച്ചെന്നും അംഗങ്ങൾ വ്യക്തമാക്കി.
പിണറായിയുടെ പരുഷമായ ഭാഷയും സംസ്ഥാന സെക്രട്ടറിയുടെ ശരീരഭാഷയും വലിയ തോൽവിക്ക് കാരണമായി. മുൻപ് നടത്തിയ ചില വിവാദ പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കി. കൂടാതെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറായില്ല.
ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവെച്ചുവെന്നും തോൽവിയുടെ ആഘാതം വർധിപ്പിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. എം.വി.ഗോവിന്ദൻ പറയുന്ന കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. രാവിലെ ഒമ്പതിന് വോട്ടെടുപ്പ് നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
102 അംഗങ്ങളുള്ള യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ്.
എല്ലാ അംഗങ്ങളും വോട്ടുചെയ്തുതുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.
സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ 29ന് വീണ്ടും ചേരും. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടത്തും.
Kerala
കൊച്ചി: മുസ്ലിം ലീഗ് തിരികെ വിളിച്ചാൽ പോകുമെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിൽ പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും ജലീല്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.ടി.ജലീൽ നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകുമെന്നും കെ.ടി. ജലീല്‍ കുറിച്ചു.
ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്ക്കും. അവസാനം വരെ പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്മുറക്കാരന് സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറുമെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം. സ്വന്തം സാമ്രാജ്യത്തില്‍ പോലും വികസനം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ലെന്ന് പി.എം.എ. സലാം പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഖജനാവ് തിരിച്ചു കൊണ്ടുവരും എന്നത് പഠിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ കൊണ്ടുവന്നത് യുഡിഫ് സര്‍ക്കാര്‍ ആണ്. ഒടുവിൽ ഉദ്ഘാടനം ചെയ്യാന്‍ കടല്‍കൊള്ള എന്ന് പറഞ്ഞവര്‍ തന്നെ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ജനതക്ക് അഴിമതി രഹിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഒരു സര്‍ക്കാര്‍ തന്നെ ഉണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത് അക്ഷീണമായ പ്രവര്‍ത്തനമാണെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആരും വിമർശനങ്ങൾക്ക് അതീതരല്ല. വിമർശനങ്ങളെന്ന പേരിൽ നടക്കുന്നത് പക്ഷേ വ്യക്തിഹത്യയാണ്.
പ്രായം കൂടുംതോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണ്. പിണറായി പവർഫുൾ ആണ്. പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാകില്ല.
തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല ഉള്ളത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് പിണറായിയെ മാറ്റണമെന്ന തരത്തിലുള്ള ചർച്ചകൾ പോളിറ്റ് ബ്യൂറോയിൽ നടന്നിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ വി.ഡി. സതീശൻ സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കെ-റെയിലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പിന്നോട്ട് നയിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രി നാഷണൽ ഹൈവേയും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും മെട്രോ പദ്ധതിയുമൊന്നും ഉപേക്ഷിക്കരുതെന്നും ജയരാജൻ പരിഹാസമുയർത്തി. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ യു- ടേൺ അടിക്കുന്നത് നാടിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത്തരം ഘട്ടം എൽഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. തങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.
പുതിയ സർക്കാറിന്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അങ്ങനെ അല്ലെങ്കിൽ എതിർക്കുമെന്നും പിണറായി പറഞ്ഞു.
Kerala
തിരുവനന്തപുരം: തോൽവിയിൽ നിന്ന് പോരായ്മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ എൽഡിഎഫിന് സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 2001-ൽ 40-ൽ ഒതുങ്ങിയ പാർട്ടിക്ക് പിന്നീട് 99 സീറ്റ് ലഭിക്കുന്ന നിലയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഓർമദിനവുമായി ബന്ധപ്പെട്ടെഴുതിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമർശം.
എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായി. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോയ 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. എന്നിട്ടും തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്ന പരിശോധന നടക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചത്. കേരളത്തിൽ വർഗീയ ശക്തികൾ തലപൊക്കുകയാണെന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൂടിയാണെന്നും ഇതിനെതിരേ മുന്നോട്ടുപോകണമെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ കുറിച്ചു.
Kerala
കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. ജനവികാരം മാനിച്ച് പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അഭിപ്രായമുണ്ടായി.
പിണറായിയെ പ്രതിപക്ഷനേതാവാക്കാനല്ല ജനവിധിയെന്നും തീരുമാനം തിരുത്താൻ തയാറാകണമെന്നും ആവശ്യമുയർന്നു. 62 വയസുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ പ്രായാധിക്യവും അനാരോഗ്യവുമുള്ള പ്രതിപക്ഷനേതാവ് വരുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണെന്ന് വിമർശനമുണ്ടായി.
തീരുമാനം തിരുത്തിയില്ലെങ്കിൽ ബിജെപി നേതാവ് വി. മുരളീധരൻ പ്രതിപക്ഷനേതാവാകും. പിണറായിയെ സാധാരണ ജനങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
Kerala
കൽപ്പറ്റ: കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ. അനിൽകുമാറിനെതിരെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് പോലീസ്. അനിൽകുമാർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി.
അനിൽകുമാറിന്റെ ഭാര്യ നൽകിയ പരാതിയിൽ മേപ്പാടി പോലീസ് കേസെടുത്തിട്ടുണ്ട്. അനിൽകുമാറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ഇത് ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്നും പരാതിയിൽ ആരോപിക്കുന്നു.
വീടിനുള്ളിലും അല്ലാതെയും തുടരുന്ന പീഡനങ്ങളെ തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിക്കാൻ പ്രേരിപ്പിച്ചതെന്ന് അനിൽകുമാറിന്റെ ഭാര്യ വ്യക്തമാക്കി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
National
തിരുവനന്തപുരം: എൽഡിഎഫിന്റെ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എൽഡിഎഫിൽ ആരും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയിൽ വന്നിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആൾ വേണമെന്ന് എൽ ഡി എഫിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാമകൃഷ്ണൻ.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളിൽ നിന്നാണറിഞ്ഞത്. പാർട്ടിയുടെ തോൽവി സംബന്ധിച്ച് താഴ്ഘടകങ്ങളിൽ ചർച്ച ചെയ്തതിനുശേഷം ജൂൺ അവസാനമേ തീരുമാനംഉണ്ടാകൂ. ആശാ സമരം ഉദ്ദേശശുദ്ധിയുളളതായിരുന്നില്ല. അതുകൊണ്ടാണ് അതിനെ തള്ളിപ്പറഞ്ഞത്.
ഗവൺമെന്റ് വന്നില്ലെങ്കിലും സപ്ലെകോയിൽ അരിക്കു വില കൂട്ടികൊണ്ട് ജനദ്രോഹത്തിന് യു വിഎഫ് തുടക്കമിട്ടു കഴിഞ്ഞു. സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങുംമാറ്റി തുടങ്ങി. എന്നിട്ടും. മുഖമന്ത്രി ആരെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്ന് എകെജി സെന്ററിൽ നടന്ന പത്രസമ്മളനത്തിൽ രാമക്യഷ്ണൻ വിമർശിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലി ചർച്ച വേണ്ടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
Kerala
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് പദവി പരസ്യമായി ആവശ്യപ്പെട്ട സംഭവത്തിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. പദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടി ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു
ഇത്തരം കാര്യങ്ങൾ മുന്നണി യോഗത്തിലാണ് പറയേണ്ടത്. പ്രതിപക്ഷ ഉപനേതാവ് പദവിയുടെ കാര്യത്തിൽ സിപിഎമ്മിനും ചില ആലോചനകൾ നടത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ സിപിഎം ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആശസമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് തെറ്റായിപ്പോയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി.
ആശ സമരക്കാലത്ത് നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടും ബിനോയ് വിശ്വം സഹായിച്ചില്ലെന്ന് മിനി പറഞ്ഞു. സമരം ഒത്തുതീർപ്പാക്കാനോ താത്കാലികമായി പരിഹരിക്കാനോ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വത്തെ കണ്ടിരുന്നതായി മിനി വ്യക്തമാക്കി.
എന്നാൽ താൻ നിസഹായാവസ്ഥയിൽ ആണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രിയെ കാണാനുള്ള സഹായം ആവശ്യപ്പെട്ടെങ്കിലും ചെയ്തുതന്നില്ലെന്നും മിനി കൂട്ടിച്ചേർത്തു.
തൊഴിലാളികളെ അധിക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി മിനി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും, ജനങ്ങളെ മാനിക്കാത്ത വാക്കും പ്രവർത്തിയുമാണ് എൽഡിഎഫ് സർക്കാരിന്റെ പരാജയത്തിന് മുഖ്യ കാരണമെന്ന് കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
നേതാക്കളുടെ വാക്കും പ്രവർത്തിയും മറ്റെന്തിനേക്കാൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കുമെന്ന വലിയ പാഠമാണ്, തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. അകാരണമായി മാധ്യമങ്ങളെ ശത്രു പക്ഷത്ത് നിർത്തുകയും, അത് തങ്ങളുടെ പ്രത്യേക കഴിവാണെന്ന് കരുതുകയും ചെയ്ത ചില നേതാക്കൾക്കുള്ള തിരിച്ചടികൂടിയാണ് ഈ പരാജയം.
ആദർശത്തിന്റെ പേരിൽ ശരിയായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ മടിച്ചുനിന്ന കേരളാ കോണ്‍ഗ്രസ് -എം പാർട്ടിയും ജനഹിതത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവന്നു. മുന്നണി സംവിധാനത്തിനിടയിലും കേരളാ കോണ്‍ഗ്രസ് -എം വ്യക്തിത്വം നിലനിർത്തി മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പ് കൂടിയാണിതെന്നും ആനന്ദകുമാർ ഓർമിപ്പിച്ചു.
Kerala
കോട്ടയം: സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കും കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിമർശനം. സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു.
സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്.
തോൽവിയുടെ കാരണം മുഖ്യമന്ത്രിയാണ്. ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. അത് കൊണ്ട് തന്നെ പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാവണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാവുമെന്നും അഭിപ്രായം ഉയര്‍ന്നു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഇത്തരമൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കിയ കാലഘട്ടമാണ് കടന്നുപോയതെന്നും ജയരാജൻ പറഞ്ഞു.
ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ജയരാജൻ ചോദിച്ചു.
കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്. 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല. ബിജെപി മൂന്ന് സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്.
ഗ്രൂപ്പ് തിരിഞ്ഞു മുഖ്യമന്ത്രി ആയാൽ ഒരു ഭരണം ഉണ്ടാകുമോ. ഉദ്യോഗസ്ഥ തലത്തിലും ഗ്രൂപ്പ് ഉണ്ടാകും. 10 വർഷത്തിനിടെ ഒരു പിശകും ഉണ്ടായില്ലെന്ന് പറയുന്നില്ല. സിപിഎം മനുഷ്യരുടെ പാർട്ടി ആണ്. ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും. ഇടതുപക്ഷം തകർന്നു എന്ന് കരുതരുത്. ചോർന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം : തെരഞ്ഞെടുപ്പു തോൽവിയിൽ പ്രാഥമിക പരിശോധന മാത്രം നടത്തി ഇടതുമുന്നണി. ഇത്തരത്തിലൊരു കനത്തതോൽവി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്ന പൊതുവികാരമാണ് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ പങ്കുവച്ചത്.
ഇടതുസർക്കാരിനെതിരേ ഇങ്ങനെയൊരു വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നു മനസിലാക്കാൻ സാധിച്ചില്ല. വികസന പ്രവർത്തനങ്ങൾ ഒരുപാടു നടത്തിയെങ്കിലും ജനങ്ങൾക്കിടയിൽ ഇതിന്റെ പ്രചാരണം ഫലവത്തായില്ലെന്നതിന്റെ സൂചനയാണു തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെ സംബന്ധിച്ചു സമഗ്രമായ ഒരു വിലയിരുത്തൽ ഇടതുമുന്നണിയിൽ ഉണ്ടായിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ടുള്ള നയപരമായ കാര്യങ്ങളിൽ പോലും ഗൗരവമായ ചർച്ചയോ തീരുമാനങ്ങളോ ഉണ്ടായില്ല.
ഇതിന്റെ ഉത്തരവാദിത്വം എന്തുകൊണ്ടോ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ മറന്നുപോയെന്നും തോൽവിയെ സംബന്ധിച്ചു ഗൗരവമായ പരിശോധന നടത്തി മുന്നോട്ടു പോയാൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നും ഇടതുമുന്നണി യോഗത്തിൽ നേതാക്കൾ പറഞ്ഞു.
മുന്നണിയിലെ ഓരോ പാർട്ടിയും തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധന നടത്തി അടുത്ത മുന്നണി യോഗത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ടു നൽകാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ടതു വലിയ തിരിച്ചടിയാണെന്നു കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധിക്കും.
ഇക്കാര്യത്തിൽ സമഗ്രമായ പരിശോധനയും എല്ലാ ഭാഗത്തു നിന്നും ഉണ്ടാകും. ജനങ്ങളുടെ പ്രതികരണം കേൾക്കുമെന്നും തിരുത്തേണ്ടതു തിരുത്തുമെന്നുംടി.പി. രാമകൃഷ്ണൻപറഞ്ഞു.
Kerala
കണ്ണൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പി. ജയരാജന്.
തന്റെ പടം വച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരണമെന്നും പി. ജയരാജന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.ജയരാജൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്.
ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോൺഗ്രസുകാർ നടത്തുന്നുണ്ട്. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ “ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി. അത് കോൺഗ്രസ് സംസ്കാരമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി.
കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്.
ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക — ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക.
ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.ലാൽ സലാം, സഖാക്കളെ…
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പല കാരണങ്ങളുണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ പിണറായി വിജയന്. ഇടതു വിരുദ്ധ വികാരത്തിന് പല കാരണമുണ്ട്. ഒരു കാരണം മാത്രമായി പറയാനാകില്ലെന്നും പിണറായി പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായിയുടേതായി ഒരു പ്രതികരണം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Movies
കേരളനിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ എൽഡിഎഫിന് പിന്തുണയുമായി നടൻ വിനായകൻ. ഇത് കോൺഗ്രസിന്റെ വിജയമല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും നടൻ പറയുന്നു.
‘‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല.
ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക.’’–വിനായകന്റെ വാക്കുകൾ.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഇത്തവണ നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന പി. സന്തോഷ് കുമാര്‍ എംപിയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനാണെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ഇടപെടാന്‍ സിപിഐയ്ക്ക് താത്പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിഷയത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകൾ അടിസ്ഥാന രഹിതമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Kerala
ആലപ്പുഴ: സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ച മുൻ മന്ത്രി ജി. സുധാകരൻ സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി. പുഷ്പാർച്ചന നടത്തിയാണ് ജി. സുധാകരൻ മടങ്ങിയത്.
ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം. കുടുംബസമേതമെത്തിയാണ് ജി. സുധാകരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. സിറ്റിംഗ് എംഎൽഎ എച്ച്. സലാമിനെ പരാജയപ്പെടുത്തിയാണ് സുധാകരൻ അമ്പലപ്പുഴയിൽ വിജയിച്ചത്.
75,184 വേട്ടുകളാണ് ജി. സുധാകരന് മണ്ഡലത്തിൽ ലഭിച്ചത്. 27,935 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരന്റെ വിജയം. 2021ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന് മണ്ഡലത്തിലുണ്ടായിരുന്നത്. ഇരട്ടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജി.സുധാകരൻ മണ്ഡലത്തിൽ വിജയിച്ചത്.