പാലക്കാട്: ഇടതുകോട്ടയായ പാലക്കാട്ടും വിള്ളൽവീഴ്ത്തി യുഡിഎഫ് മുന്നേറ്റം. പന്ത്രണ്ടിൽ ഏഴു സീറ്റ് എൽഡിഎഫിനും അഞ്ചു സീറ്റ് യുഡിഎഫിനും. കഴിഞ്ഞ തവണ രണ്ടു സീറ്റിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ നില ഏറെ മെച്ചപ്പെടുത്തി.
ആലത്തൂർ, തരൂർ, മലന്പുഴ, ഷൊർണൂർ, ഒറ്റപ്പാലം, പട്ടാന്പി, നെന്മാറ മണ്ഡലങ്ങൾ എൽഡിഎഫ് നിലനിർത്തിയപ്പോൾ പാലക്കാട്, കോങ്ങാട്, മണ്ണാർക്കാട്, ചിറ്റൂർ, തൃത്താല മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം നിന്നു. കോങ്ങാട്, ചിറ്റൂർ, തൃത്താല മണ്ഡലങ്ങളാണ് മികച്ച പോരാട്ടത്തിനൊടുവിൽ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് യുഡിഎഫിലെത്തിയ പി.കെ. ശശി ഒറ്റപ്പാലത്ത് രണ്ടാംസ്ഥാനത്തെത്തിയപ്പോൾ മലന്പുഴയിൽ വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയി. ത്രികോണപോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി വിജയിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഉപതെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല.
എ ക്ലാസ് മണ്ഡലമായി വിലയിരുത്തിയ പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെപ്പോലെ രണ്ടാംസ്ഥാനത്തെത്തിയതുമാത്രമാണ് ബിജെപിക്കു പറയാനുള്ള നേട്ടം. ജില്ലയിലെ വിജയികളിൽ ഏറ്റവും വലിയ ഭൂരിപക്ഷം ഒറ്റപ്പാലത്തും (26,777) കുറഞ്ഞ ഭൂരിപക്ഷം നെന്മാറയിലും (3305) എൽഡിഎഫിനാണ്. വിജയിച്ചെങ്കിലും എൽഡിഎഫ് കോട്ടകളായ ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിലെ വോട്ട് ചോർച്ച വരുംദിവസങ്ങളിൽ ചർച്ചയാകും.
Tags : crack Palakkad left fort UDF LDF Kerala Assembly Election Kerala Niayamasabha Election