തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ താമര വിടർന്നത് മൂന്നിടത്ത്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ചാണ് ബിജെപിയുടെ മുന്നേറ്റം. മൂന്നിടങ്ങളിൽ വിജയം കണ്ടെത്തിയതിന് പുറമേ ആറിടങ്ങളിൽ രണ്ടാമതെത്താനും ബിജെപിക്ക് സാധിച്ചു.
നേമത്ത് വീണ്ടും വിജയിച്ചതിന് പിന്നാലെ കഴക്കൂട്ടത്തും ചാത്തന്നൂരും താമരയുടെ ശോഭ പടർന്നു. സംസ്ഥാനത്ത് വീണ്ടും ഒരു സീറ്റ് പിടിക്കുമെന്ന പ്രതീക്ഷയിൽ നിന്നാണ് താമര മൂന്നിടത്ത് വിടർന്നത്. നേമത്ത് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശിവൻകുട്ടിയെ പരാജയപ്പെടുത്തി അക്കൗണ്ട് തുറന്നു.
കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരൻ വിജയിച്ചപ്പോൾ, ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറിന്റെ അപ്രതീക്ഷിത വിജയം ബിജെപിക്ക് മുതൽക്കൂട്ടായി. അവസാന റൗണ്ട് വരെ നീണ്ട കടുത്ത മത്സരത്തിനൊടുവിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിജയം.
ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർഗോഡ്, മഞ്ചേശ്വരം, തിരുവല്ല മണ്ഡലങ്ങളിൽ രണ്ടാമത് എത്തി.