തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് ക്യാന്പുകളിൽ ആവേശമുണർത്തി. എൽഡിഎഫ് ആകട്ടെ പ്രതീക്ഷ കൈവിട്ടിട്ടില്ല. എക്സിറ്റ് പോളിൽ തന്നെ പ്രതീക്ഷിക്കാൻ വകയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.
എക്സിറ്റ് പോളുകൾ കിറുകൃത്യമായ അനുഭവങ്ങൾ കുറവാണെങ്കിലും ഫലസൂചനകൾ നൽകുന്നു എന്നതു വസ്തുതയാണ്. കേരളത്തിൽ എക്സിറ്റ് പോൾ നടത്തിയ എട്ട് ഏജൻസികളിൽ ഏഴും യുഡിഎഫിനു വ്യക്തമായ വിജയം പ്രവചിച്ചു. ടുഡേയ്സ് ചാണക്യ മാത്രമാണ് ഇഞ്ചോടിഞ്ചു പോരാട്ടം എന്ന പ്രവചനം നടത്തിയത്. തൂക്കുസഭയ്ക്കുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. ബിജെപിക്ക് മൂന്നു മുതൽ 11 സീറ്റുകൾ വരെയാണ് അവർ പ്രവചിച്ചിരിക്കുന്നത്.
എന്നാൽ മറ്റ് എക്സിറ്റ് പോളുകളെല്ലാം യുഡിഎഫ് വിജയമാണു പ്രവചിച്ചിരിക്കുന്നത്. അപ്പോഴും യുഡിഎഫും എൽഡിഎഫും എൻഡിഎയും നേടുന്ന സീറ്റുകൾ സംബന്ധിച്ച പ്രവചനത്തിൽ വലിയ അന്തരമുണ്ട്. യുഡിഎഫിന് 70 മുതൽ 94 സീറ്റുകൾ വരെയാണ് വിവിധ ഏജൻസികൾ പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫിനാകട്ടെ ഏറ്റവും കുറഞ്ഞ പ്രവചനം 44 സീറ്റ് ആണ്. പരമാവധി 68 സീറ്റുകൾ വരെ പറഞ്ഞിട്ടുണ്ട്. ടുഡേയ്സ് ചാണക്യ മാത്രം എൽഡിഎഫിനു പരമാവധി കിട്ടാവുന്ന സീറ്റുകൾ എഴുപതിനു മുകളിൽ പറയുന്നുണ്ട്.
2021 ലും സമാനമായിരുന്നു സ്ഥിതി. എല്ലാ എക്സിറ്റ് പോളുകളും എൽഡിഎഫ് വിജയം പ്രവചിച്ചു. പക്ഷേ വിജയിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ വലിയ അന്തരം ഉണ്ടായിരുന്നു. പ്രവചനത്തിൽ ഏറ്റവും കുറഞ്ഞത് 71 സീറ്റുകളായിരുന്നു. പരമാവധി 120 സീറ്റുകൾ വരെ പ്രവചിച്ച ഏജൻസിയുമുണ്ട്. യുഡിഎഫിനാകട്ടെ 20 മുതൽ പരമാവധി 68 സീറ്റുകൾ വരെ പ്രവചിച്ചവരുണ്ട്. എൻഡിഎയ്ക്ക് 0 മുതൽ 5 സീറ്റ് വരെയായിരുന്നു പ്രവചനം. ഒടുവിൽ ഫലം വന്നപ്പോൾ എൽഡിഎഫിന് 99, യുഡിഎഫിന് 41, എൻഡിഎയ്ക്കു പൂജ്യം.
◄ പ്രതീക്ഷയോടെ യുഡിഎഫ് ►
യുഡിഎഫ് നേതാക്കൾ 85 സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിലുള്ള വിജയം ഉണ്ടാകുമെന്ന് അവർ കരുതുന്നില്ല. തരംഗസമാന സാഹചര്യമുണ്ടെന്നും ഇടതുകോട്ടകൾ വരെ തകരുമെന്നും അവർ ഇപ്പോഴും പറയുന്നു. മലബാറിലും മധ്യകേരളത്തിലും വരെ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് അവരുടെ നേതാക്കൾ ഉറപ്പിക്കുന്നു.
◄ മ്ലാനതയിൽ എൽഡിഎഫ് ►
എൽഡിഎഫിനു ചെറിയ മ്ലാനതയുണ്ട്. എങ്കിലും കടുത്ത മത്സരത്തിന്റെ സൂചനകൾ സർവേ ഫലങ്ങൾ നൽകുന്നുണ്ടെന്ന് അവർ കരുതുന്നു. കഷ്ടിച്ചുള്ള വിജയം അവർ ഇപ്പോഴും സ്വപ്നം കാണുന്നു. എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സർവേ ഫലങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇടതുപക്ഷത്തെ അധികാരത്തിൽ കൊണ്ടു വരാനുള്ള ജനങ്ങളുടെ പരസ്യപ്രഖ്യാപനമാണു കാണുന്നതെന്നാണാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വ്യാഖ്യാനം.
മിക്ക സർവേകളും ബിജെപിക്കു സീറ്റ് പ്രവചിക്കുന്നത് അവർക്ക് ആവേശം നൽകുന്നുണ്ട്. എന്നാൽ വോട്ട് വിഹിതം കുറയുമെന്ന കണ്ടെത്തിൽ ആശങ്കയും സമ്മാനിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19.2 ശതമാനം വോട്ട് നേടിയ എൻഡിഎ തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് ലക്ഷ്യം വച്ചെങ്കിലും അവരുടെ വോട്ട് വിഹിതം 15 ശതമാനത്തിന്റെ താഴേക്കു പോയി.
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിന്റെ തിളക്കത്തിൽ ആ നഷ്ടം അത്രയേറെ ശ്രദ്ധിക്കപ്പെടുകയോ ചർച്ചയാകുകയോ ചെയ്തില്ലെന്നു മാത്രം. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കാനായാൽ വോട്ട് വിഹിതം കുറഞ്ഞാലും പിടിച്ചുനിൽക്കാം. മറിച്ചായാൽ അതു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിനു വെല്ലുവിളിയാകും.