തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ വി.ഡി. സതീശൻ സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കെ-റെയിലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പിന്നോട്ട് നയിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രി നാഷണൽ ഹൈവേയും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും മെട്രോ പദ്ധതിയുമൊന്നും ഉപേക്ഷിക്കരുതെന്നും ജയരാജൻ പരിഹാസമുയർത്തി. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ യു- ടേൺ അടിക്കുന്നത് നാടിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Tags : K-Rail EP Jayarajan cpm ldf