കൊച്ചി: പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയെന്ന നയം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. സപ്ലൈകോ ഉള്‍പ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാർ മുന്‍ഗണന നൽകും.
വിലക്കയറ്റം തടയുന്നതിന് വിളവെടുപ്പുകാലത്ത് ഉത്പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
എഎവൈ കാര്‍ഡുടമകള്‍ക്ക് നല്കുന്ന സൗജന്യ കിറ്റിന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോണ്‍ നിര്‍വഹിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, വന്‍പയര്‍, കടല തുടങ്ങി 16 ഇന കിറ്റാണ് ആറു ലക്ഷത്തോളം എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ സൗജന്യമായി നല്‍കുന്നത്.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ഉമ തോമസ്, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, ടോണി ചമ്മണി, മനോജ് മൂത്തേടന്, മേയര്‍ വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ വി.ആര്. സുധീര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി. റസാഖ്, മുന്‍ എംപി പി.സി. തോമസ്, സപ്ലൈകോ ജനറല്‍ മാനേജര്‍ എം.യു. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.