ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഡൽഹിയിൽ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നുവീണ് ഏഴുപേർ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതിതന്നെ തുടർന്ന് പരിഗണിക്കും.
ഹൈക്കോടതിയുടെ കർശന ഇടപെടലിനെത്തുടർന്ന് അധികൃതർ വേഗത്തിൽ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ കേസ് സുപ്രീംകോടതിയിലേക്കു മാറ്റേണ്ടതില്ലെന്ന് ജസ്റ്റീസുമാരായ എ. അമാനുല്ല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രാജ്യവ്യാപകമായി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും നിയമവിരുദ്ധ നിർമാണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
മുന്പ് ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് നേരിട്ടു പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഇടപെടലുകൾ വഴി നടപടികൾക്കു വേഗം കൈവന്നതിനാൽ കേസ് അവിടെത്തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് അനധികൃത നിർമാണങ്ങൾക്കും അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പേയിംഗ് ഗസ്റ്റ് (പിജി) താമസസൗകര്യങ്ങൾക്കുമെതിരേ മുനിസിപ്പൽ കോർപറേഷൻ ശക്തമായ നടപടികൾ ആരംഭിച്ചതായി കേസിൽ അമിക്സ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ അജിത് സിൻഹ കോടതിയെ അറിയിച്ചു.
Tags : Delhi HostelTragedy DelhiHighCourt Consider Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash