പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഏകം ടീം
പുതുപ്പള്ളി: പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ചൂടി എറണാകുളം അങ്കമാലി അതിരൂപതയുടെ ഏകം. പുതുപ്പള്ളി ബെയ്ൽസ് അരീനയിൽ നടന്ന മത്സരത്തിൽ ചങ്ങനാശേരി അതിരൂപതയുടെ കത്തനാർ ക്രിക്കറ്റ് ക്ലബ്ബിനെയാണ് അവർ പരാജയപ്പെടുത്തിയത്. 52 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഏകം 5.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഏകത്തിനു വേണ്ടി ഓപ്പണർമാരായ ഫാ. സുജിത്ത് 27 റൺസും ഫാ. അമൽ 10 റൺസും നേടി. കത്തനാർ ക്ലബ്ബിനുവേണ്ടി ഫാ. ജോബിൻ രണ്ടു വിക്കറ്റും ഫാ. മോഹൻ ഒരു വിക്കറ്റും നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കത്തനാർ ക്രിക്കറ്റ് ക്ലബ് നിശ്ചിത എട്ട് ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 51 റൺ നേടി. 16 റൺസെടുത്ത ഫാ. ലിജോ ജേക്കബും 15 റൺസെടുത്ത ഫാ. ജിൻസ് മാത്യുവുമാണ് ടോപ് സ്കോറർമാർ. ഏകം എറണാകുളത്തിന് വേണ്ടി ഫാ. മനുമാൻ മൂന്നും ഫാ. അമൽ ആന്റണിയും ഫാ. ജിസ്മോൻ ജോസഫും രണ്ടു വിക്കറ്റു വീതവും നേടി.
നേരത്തെ തലശേരി അതിരൂപതയുടെ മലബാർ ഫൈറ്റേഴ്സും കോട്ടയം അതിരൂപതയുടെ കോട്ടയം ബ്രദേഴ്സും തമ്മിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ മലബാർ ഫൈറ്റേഴ്സ് വിജയികളായി. മലബാർ ഫൈറ്റേഴ്സിന് മൂന്നാം സ്ഥാനവും കോട്ടയം ബ്രദേഴ്സിന് നാലാം സ്ഥാനവും ലഭിച്ചു.
മറ്റു പുരസ്കാരങ്ങൾ: മാൻ ഓഫ് ദ സീരിസ് ഫാ. മനുമാൻ (ഏകം എറണാകുളം). മികച്ച സ്ട്രൈക്ക്റേറ്റ് ഫാ. ജിജി വട്ടമുകളേൽ (പാലാ അച്ചായൻസ്), മോസ്റ്റ് സിക്സ്സ് ഫാ. ജിജോ എംഎസ്ടി (ബ്രദേഴ്സ് കോട്ടയം), മോസ്റ്റ് ഇക്കണോമിക് ബൗളർ ഫാ. ജിനോ പുന്നമറ്റം (കോതമംഗലം പ്രീസ്റ്റ് ലീഗ്), ഫെയർ പ്ലേ ഫാ. ബിബിൻ കണ്ടോത്ത് (ബ്രദേഴ്സ് കോട്ടയം), ബെസ്റ്റ് ക്യാപ്റ്റൻ ഫാ. ടോണി മുര്യൻകാവുങ്കൽ (കത്തനാർ ക്രിക്കറ്റ് ക്ലബ്), വിക്കറ്റ് കീപ്പർ ഫാ. അൻസിലോ മാത്യു (കത്തനാർ ക്രിക്കറ്റ് ക്ലബ്), ബെസ്റ്റ് ഫീൽഡർ ഫാ. ജിസ്മോൻ ജോസഫ് (ഏകം, എറണാകുളം), ബെസ്റ്റ് ക്യാച്ച് ഫാ. മനുമാൻ (ഏകം, എറണാകുളം), ബെസ്റ്റ് ബാറ്റ്സ്മാൻ ഫാ. ജിജോ എംഎസ്ടി (ബ്രദേഴ്സ് കോട്ടയം), ബെസ്റ്റ് ബൗളർ ഫാ. ഷിന്റോ (മലബാർ ഫൈറ്റേഴ്സ്).
വിജയികൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ട്രോഫി സമ്മാനിച്ചു.
Tags : KatanarCricketLeague Crown Ekam Sports