കേരള ഹൈക്കോടതി
കൊച്ചി: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ 25നകം കുറ്റപത്രം സമർപ്പിക്കണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി നിർദേശം.
ദ്വാരപാലക ശില്പങ്ങളിൽനിന്ന് സ്വർണം കവർന്ന കേസിലും എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. എസ്ഐടി സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി അന്വേഷണം ഏറെ മുന്നേറിയിട്ടുള്ളതായി വിലയിരുത്തി.
കട്ടിളപ്പാളി കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായതായി കോടതിയിൽ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി. എസ്.ശശിധരൻ അറിയിച്ചു. പാളികളിൽനിന്നു സ്വർണം ചോർത്തിയെടുക്കാൻ പ്രതികൾ ഉപയോഗിച്ച സ്ട്രിപ്പിംഗ് സാൾട്ടും ക്ലീനിംഗ് സാൾട്ടും രാസപരിശോധനയ്ക്കായി ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം ഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ കട്ടിളപ്പാളി കേസിൽ അന്തിമ റിപ്പോർട്ട് തയാറാക്കാനാകും.
ദ്വാരപാലക കേസിൽ 2019ലെ കേസിനൊപ്പം 2025ലെ സ്വർണം പൂശലും അന്വേഷിക്കുന്നതിനാൽ കുറെ നടപടികൾകൂടി ശേഷിക്കുന്നുണ്ട്. എങ്കിലും വൈകാതെതന്നെ ഇതിലെ അന്വേഷണവും പൂർത്തിയാക്കാനാകുമെന്ന് എസ്പി അറിയിച്ചു. ഹർജി ഒക്ടോബർ ഏഴിന് പരിഗണിക്കും.
Tags : Sabarimala KattilapallyCase KeralaHighCourt ChargeSheet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash