ജമ്മു അതിർത്തിയിൽ പിടിയിലായ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ നസീർ
ജമ്മു: ജമ്മുവിലെ കനാചക് സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ അതിർത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 44-ാം ബറ്റാലിയൻ സേന വിഭാഗമാണ് സോഹൻ ബി.ഒ.പി മേഖലയിൽ നിന്ന് ഇയാളെ പിടികൂടിയത്.
പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂണി ഗ്രാമവാസിയായ 'നസീർ' എന്നയാളാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ എടുത്ത ബിഎസ്എഫ് അതിർത്തി മേഖലയിൽ പരിശോധന ശക്തമാക്കി. ഇയാൾ വഴിതെറ്റി അതിർത്തി കടന്നതാണോ അതോ ഭാവിയിൽ ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്നതിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ മനഃപൂർവ്വം എത്തിയതാണോ എന്ന് അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മു, സാമ്പ, കത്വ ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തികളിൽ സമാനമായ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും സുരക്ഷാ സേന പൂർണ ജാഗ്രതയിലാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tags : BSF Intruder JAMMU Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash