ഹാനോ പെവ്കൂർ
താലിൻ: യുക്രെയ്നു നൽകാനായി വാങ്ങിയ 70 ദശലക്ഷം യൂറോയുടെ (ഏകദേശം 768 കോടി രൂപ) പീരങ്കി ഷെല്ലുകളുടെ കരാറിൽ വലിയ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് ബാൾട്ടിക് രാജ്യമായ എസ്തോണിയയിലെ പ്രതിരോധമന്ത്രി ഹാനോ പെവ്കൂർ രാജിവച്ചു.
മുന്പ് ആയുധങ്ങൾ വിറ്റ് യാതൊരു പരിചയവുമില്ലാത്ത ഇന്ത്യൻ കമ്പനിക്ക് തുക മുഴുവൻ മുൻകൂറായി നൽകിയതും പിന്നീട് ലഭ്യമായ ആയുധങ്ങൾ ഉപയോഗശൂന്യമാണെന്നു കണ്ടെത്തിയതുമാണ് മന്ത്രിയുടെ രാജിക്കും വൻ രാഷ്ട്രീയവിവാദത്തിനും വഴിതെളിച്ചത്.
2024ലാണ് യുക്രെയ്നിലേക്ക് പീരങ്കി ഷെല്ലുകൾ എത്തിക്കുന്നതിനായി എസ്തോണിയൻ പ്രതിരോധമന്ത്രാലയം കരാർ ഒപ്പിടുന്നത്. ഇന്ത്യൻ കമ്പനിയായ ‘നെക്കോ ഡിഫൻസ് മ്യൂണിഷൻസ്’ ഏറ്റെടുത്ത ഇറ്റാലിയൻ കമ്പനിയായ ‘ഡാറ്റാസെൽ എസ്ആർഎൽ’ മുഖേനയായിരുന്നു ഇടപാട്. യൂറോപ്യൻ യൂണിയന്റെ ഫണ്ടുപയോഗിച്ച് 70 ദശലക്ഷം യൂറോയോളം തുക കമ്പനിക്ക് മുൻകൂറായി നൽകുകയും ചെയ്തു.
എന്നാൽ നിർമാണതടസങ്ങൾ കാരണം ആയുധവിതരണം വൈകി. തുടർന്ന് 2025ൽ കൈമാറിയ ഷെല്ലുകളിൽ ഫ്യൂസ്, പ്രൊപ്പല്ലന്റ് തുടങ്ങിയ പ്രധാന ഘടകങ്ങൾ ഇല്ലാത്തതിനാൽ അവ ഉപയോഗശൂന്യമാണെന്നു കണ്ടെത്തി.
പ്രതിരോധമന്ത്രാലയത്തിന്റെ ഫണ്ട് വിനിയോഗത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി നാഷണൽ ഓഡിറ്റ് ഓഫീസ് കണ്ടെത്തി. ഇതോടെയാണു രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് 2022 മുതൽ മന്ത്രിയായിരുന്ന ഹാനോ പെവ്കൂർ രാജിവച്ചത്.
നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിനായി സ്ട്രാസ്ബർഗിലെ യൂറോപ്യൻ ആർബിട്രേഷൻ സെന്ററിൽ എസ്തോണിയ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Tags : Fraud ArmsDeal Involving IndianFirm EstonianDefenceMinister Resigns