മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ശുദ്ധീകരണക്രിയ വിവാദത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു രാജ്യസഭാനേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയ്ക്കു കത്തെഴുതി രാജ്യസഭ പ്രതിപക്ഷനേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണക്രിയയ്ക്കുശേഷം 25 ദിവസമായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഖാർഗെ ചോദിച്ചു.
ഹൽദ്വാനിയിൽ താൻ കഴിഞ്ഞ മാസം എട്ടിനു നടത്തിയ റാലിക്കുശേഷം ശുദ്ധീകരണം നടന്നുവെന്ന വിഷയം 13ന് താൻ രാജ്യസഭയിൽ അവതരിപ്പിച്ചതാണെന്ന് ഖാർഗെ പറഞ്ഞു. ഇതിനുപിന്നാലെ വിഷയത്തെ അപലപിച്ച് സഭയിൽ സംസാരിച്ച നഡ്ഡയുടെ പ്രസ്താവനകളും ഖാർഗെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിനുശേഷം ആരെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ കടുത്ത നടപടിയെടുക്കുമെന്ന് നഡ്ഡ പറഞ്ഞിരുന്നുവെന്നും എന്നാൽ ശുദ്ധീകരണക്രിയ നടത്തിയ സംഘടനകൾക്കെതിരേയും വ്യക്തികൾക്കെതിരേയും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വിഷയത്തെപ്പറ്റി മാധ്യമങ്ങളോടു സംസാരിക്കവേ, ശുദ്ധീകരണക്രിയ തൊട്ടുകൂടായ്മയായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മൗനത്തെ ചോദ്യം ചെയ്ത ഖാർഗെ, വിഷയത്തിൽ ശബ്ദമുയർത്തിയതിൽ രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ രേഖപ്പെടുത്തിയതിനെയും വിമർശിച്ചു. വിഷയത്തിൽ രാജ്യസഭ ചെയർമാൻ സി.പി. രാധാകൃഷ്ണനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Purification Kharge Nadda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash