ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമല തിരുവോണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിൽ ഇടയുന്നു. ശബരിമലയിൽ തിരുവോണ സദ്യ നൽകിയതിൽ ഭക്തജനങ്ങളോടു ദേവസ്വം ബോർഡ് വിവേചനം കാട്ടിയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 70 വർഷമായി തുടരുന്ന കീഴ്വഴക്കം ലംഘിച്ച നടപടിയിൽ കടുത്ത അതൃപ്തി മന്ത്രി കെ. മുരളീധരൻ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ചു മന്ത്രിക്കു ലഭിച്ച വിവരം ശരിയല്ലായിരിക്കാമെന്നും തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, മന്ത്രി കെ. മുരളീധരന്റെ അഭിപ്രായം തള്ളി രാവിലെ രംഗത്തെത്തി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മെസിൽ വിളന്പിയ സദ്യ 3000 ഭക്തർ കഴിച്ചതായും ജയകുമാർ പറഞ്ഞു. തിരുവോണ സദ്യക്കായി ദേവസ്വം ബോർഡ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ജയകുമാർ പറഞ്ഞു.
എന്നാൽ, ഒരു പന്തിയിൽ രണ്ടു തരം ഭക്ഷണം വിളന്പിയതിന്റെ ചിത്രങ്ങൾ സഹിതമാണു തനിക്കു പരാതി കിട്ടിയതെന്നു മന്ത്രി കെ. മുരളീധരനും തിരിച്ചടിച്ചു. ശബരിമലയിലെ ദേവസ്വം ബോർഡ് ജീവനക്കാർക്കും പൊലിസിനും സദ്യയും ഭക്തർക്കു പുലാവ് എന്ന പേരുള്ള മഞ്ഞക്കറിയും ചോറുമാണ് നൽകിയതെന്നുമാണ് ലഭിച്ച വിവരമെന്നും മന്ത്രിയും തിരിച്ചടിച്ചു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട പ്രസിഡന്റ് മുൻ നിലപാടിൽ നേരിയ തിരുത്തൽ വരുത്തി. ഇക്കാര്യത്തിൽ ചില വീഴ്ചകളുണ്ടായതായി കെ. ജയകുമാർ പറഞ്ഞു. മഞ്ഞക്കറിയും ചോറുമാണ് ഭക്തർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഓണനാളുകളിലെ ശബരിമലയിലെ സദ്യക്ക് സ്പോണ്‍സർമാരുണ്ടായിരുന്നു. എന്നാൽ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ സ്പോണ്‍സർമാരെ ഒഴിവാക്കാനും ഓണസദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്താനായിരുന്നു തീരുമാനം.
ഓണനാളുകളിൽ മൂന്നു ദിവസങ്ങളിലായി പൊലിസ് ഉദ്യോഗസ്ഥർ, ശബരിമല മേൽശാന്തി, ജീവനക്കാർ എന്നിവരായിരുന്നു സദ്യ നടത്തിയിരുന്നത്. സ്പോണ്‍സർഷിപ്പ് തുക ലഭിക്കാത്തതിനാൽ ജീവനക്കാർ ഭക്തർക്ക് പുലാവ് നൽകിയെന്നാണു വിശദീകരണം.
ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നു മന്ത്രി കെ. മുരളീധരൻ, ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണം. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടി ക്രമമുണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
Tags : Sabarimala Thiruvonasadhya Controversy Minister BoardPresident Clash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash