ചങ്ങനാശേരി: കേരള ക്രിക്കറ്റ് ലീഗ് കണ്ട് ത്രില്ലടിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഇതാ വേറിട്ടൊരു ക്രിക്കറ്റ് പൂരം കാണാൻ അവസരം. ഇതുവരെ കേരളം കണ്ടിട്ടുള്ളതിൽനിന്നു വ്യത്യസ്തമായൊരു ക്രിക്കറ്റ് ടൂർണമെന്റിനാണ് കോട്ടയം പുതുപ്പള്ളിയിലെ ബെയ്ൽസ് അരീന ടർഫ് വേദിയാകാനൊരുങ്ങുന്നത്.
ഇവിടെ ബാറ്റും ബോളുമേന്തി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നവർ ക്രിക്കറ്റ് കളിക്കാർ മാത്രമല്ല, ക്രൈസ്തവ സഭാ പുരോഹിതർകൂടിയാണ്. വിവിധ ക്രൈസ്തവ സഭകളിലെ വൈദികരായ ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗ് ((KCL) മത്സരങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്.
കത്തനാർ ക്രിക്കറ്റ് ക്ലബ്ലിന്റെ (KCC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ലീഗ് 9, 10 തീയതികളിൽ പുതുപ്പള്ളി ബെയ്ൽസ് അരീന ടർഫിൽ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈദികരുടെ 16 ടീമുകൾ ആദ്യ സീസണിൽ പോരിനിറങ്ങും.
സീറോ മലബാർ, ലത്തീൻ കത്തോലിക്ക, സീറോ മലങ്കര, മലങ്കര ഓർത്തഡോക്സ്, മാർത്തോമാ സഭകളിലെ വൈദികർക്കൊപ്പം അതിഥികളായി വടവാതൂർ സെമിനാരിയിലെ ഡീക്കൻമാരും ടർഫിൽ മാറ്റുരയ്ക്കാനിറങ്ങും.
ചങ്ങനാശേരി അതിരൂപതയിലെ വൈദികരാണ് സംഘടനത്തിനു നേതൃത്വംനൽകുന്നത്. കാണികൾക്കു പ്രവേശനം സൗജന്യമാണ്. അരലക്ഷം രൂപയും കെസിഎൽ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
ആദ്യ നാലു സ്ഥാനക്കാർക്കു കാഷ് അവാർഡും ട്രോഫിയും കൂടാതെ മികച്ച ബാറ്റർ, ബൗളർ, മാൻ ഓഫ് ദ ടൂർണമെന്റ്, വിക്കറ്റ് കീപ്പർ എന്നിവർക്കു വ്യക്തിഗത പുരസ്കാരങ്ങളും നൽകും.
ഒൻപിനു രാവിലെ 8.30ന് സാമൂഹിക, രാഷ്ട്രീയ, സഭാനേതാക്കളുടെ സാന്നിധ്യത്തിൽ കത്തനാർ ക്രിക്കറ്റ് ലീഗിന്റെ വർണാഭമായ ഉദ്ഘാടനം നടക്കും. 10ന് വൈകുന്നേരം സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
സമ്മർദം നിറഞ്ഞ സാമൂഹ്യസാഹചര്യങ്ങളിൽ മാനസികോല്ലാസവും കായിക വിനോദത്തിലൂടെയുള്ള ഒരുമയും ലക്ഷ്യമാക്കിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അതോടൊപ്പം കായിക വിനോദങ്ങളിലേക്ക് യുവതലമുറയെ കൂടുതൽ അടുപ്പിക്കുകയെന്നതും കത്തനാർ ക്രിക്കറ്റ് ക്ലബ്ലിന്റെ ലക്ഷ്യമാണ്.
Tags : Kathanar CricketLeague Spread CricketEnthusiasm Sports