ചിറ്റൂർ: മേനോൻപാറയിൽ കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികളുടെ അമ്മയ്ക്കുപിന്നാലെ അമ്മയുടെ ആണ്‍സുഹൃത്തും അറസ്റ്റിൽ.
കുട്ടികളുടെ മാതാവ് നിവേദ്യയുടെ സുഹൃത്ത് മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്റ്റിലായത്. നിവേദ്യ നേരത്തേ അറസ്റ്റിലായിരുന്നു.
കെട്ടിടനിർമ്മാണത്തൊഴിലാളിയായ മാർട്ടിൻ കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചു ജീവിക്കുന്നതിനായാണു സമാനതകളില്ലാത്ത കൊലപാതകം നടത്തിയതെന്നു പൊലിസ് പറഞ്ഞു.
ബുധനാഴ്ച പൊലിസ് കസ്റ്റഡിയിൽ വാങ്ങിയ നിവേദ്യയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. കൂടുതൽ ചോദ്യംചെയ്യലിനിടെയാണ് ആണ്‍സുഹൃത്തുമായുള്ള ബന്ധവും ഇയാൾക്കൊപ്പം കഴിയുന്നതിനായാണു കുട്ടികളെ കൊലപ്പെടുത്തിയതെന്നും വ്യക്തമായത്. ബുധനാഴ്ച വൈകീട്ടുതന്നെ മാർട്ടിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകളോളം ഇരുവരെയും ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം നിവേദ്യയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി മലന്പുഴ ജയിലിലേക്കു മാറ്റി. മാർട്ടിനെ ചിറ്റൂർ ഒന്നാംക്ലാസ് മജിസ്ടേറ്റിനു മുന്‍പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.