ജോർജ് കോവൂർ
മുംബൈ: പ്രശസതമായ പാർലെ-ജി, മൊണാക്കോ, ഹൈഡ് & സീക്ക്, മെലഡി എന്നിവയുടെ നിർമാതാക്കളായ പാർലെ ബിസ്കറ്റ്സിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി മലയാളിയായ ജോർജ് കോവൂരിനെ നിയമിച്ചു.
പെപ്സികോയിൽ ഇന്ത്യ, ചൈന, ഏഷ്യ-പസഫിക് മേഖലകളിലും ആഗോള പ്രവർത്തനങ്ങളിലും 30 വർഷത്തിലധികം സേവനമനുഷ്ഠിച്ച ശേഷമാണ് കോവൂർ പാർലെ കന്പനിയിൽ ചേരുന്നത്.
പെപ്സികോയിൽ വിവിധ ബിസിനസുകളിലും അന്താരാഷ്ട്ര വിപണികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തുടക്കം ബ്രൂക്ക് ബോണ്ടിൽ
യുണിലിവറിന്റെ കീഴിലുള്ള ബ്രൂക്ക് ബോണ്ട് ഇന്ത്യയിലാണ് കോവൂർ തന്റെ ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. പെപ്സികോയിലേക്ക് മാറുന്നതിന് മുന്പ് ഏകദേശം മൂന്ന് വർഷത്തോളം അദ്ദേഹം അവിടെ സേവനമനുഷ്ഠിച്ചു.
തുടർന്നുള്ള മൂന്ന് പതിറ്റാണ്ടുകളിൽ ഇന്ത്യ, ഏഷ്യ-പസഫിക് മേഖല, ചൈന, യുഎസ് എന്നിവിടങ്ങളിൽ അദ്ദേഹം വിവിധ ചുമതലകൾ വഹിച്ചു. ഫ്രാഞ്ചൈസി പ്രവർത്തനങ്ങൾ, സെയിൽസ്, ബിസിനസ് നേതൃത്വം തുടങ്ങിയ മേഖലകളിൽ പെപ്സികോയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പെപ്സികോ ഫുഡ്സ് ചൈനയിലെ ചൈന, ഹോങ്കോംഗ് മാർക്കറ്റ് യൂണിറ്റുകളുടെ വൈസ് പ്രസിഡന്റായി കോവൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്രേറ്റർ ചൈനയിലെ സെയിൽസ് ഡെവലപ്മെന്റ് ആൻഡ് ട്രാൻസ്ഫോർമേഷന്റെ വൈസ് പ്രസിഡന്റായും പിന്നീട് പെപ്സികോയുടെ ചൈന സ്നാക്ക്സ് ആൻഡ് ഫുഡ്സ് ബിസിനസിന്റെ ജനറൽ മാനേജരായും അദ്ദേഹം പ്രവർത്തിച്ചു. 2025ൽ പെപ്സിക്കോയിൽനിന്നു വിരമിച്ചു.
ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദം നേടിയ കോവൂർ, 1993ൽ മനിലയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്ന് എംബിഎ പൂർത്തിയാക്കി.
Tags : GeorgeKovoor ParleBiscuits CEO Head Business