പ്രതീകാത്മക ചിത്രം
മുംബൈ: 206-2027 സാന്പത്തിക വർഷത്തിന്റെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വളർച്ച. മുൻ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം വർധിച്ച് 31.97 ബില്യണ്‍ ഡോളറിലെത്തി.
പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പിസിബി), കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, മെമ്മറി ചിപ്പുകൾ, സ്റ്റോറേജ് ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ കുതിപ്പാണ് വളർച്ചയ്ക്കു പിന്നിൽ. സ്മാർട്ട്ഫോണുകളുടെ അപ്പുറത്തേക്ക് രാജ്യത്തിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി മേഖല വൈവിധ്യവത്കരിക്കപ്പെടുന്നതാണ് ഇത് വ്യക്തമാക്കുന്നത്. 2025-26 സാന്പത്തിക വർഷത്തിന്റെ ഇതേ കാലയളവിൽ 22.20 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.
സ്മാർട്ട് ഫോണ്‍ മുന്നിൽത്തന്നെ, പക്ഷേ വിഹിതം കുറയുന്നു
രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഏറ്റവും വലിയ വിഭാഗമായി സ്മാർട്ട്ഫോണ്‍ തുടരുന്നു. 2026-27 സാന്പത്തികവർഷത്തിന്റെ ആദ്യ പകുതിയിൽ വിദേശത്തേക്കുള്ള സ്മാർട്ട്ഫോണ്‍ കയറ്റുമതി 35.8 ശതമാനം ഉയർന്ന് 18.17 ബില്യണ്‍ ഡോളറിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 13.38 ബില്യണ്‍ ഡോളറായിരുന്നു. എന്നാൽ, ആകെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ സ്മാർട്ട്ഫോണുകളുടെ വിഹിതം 60.3 ശതമാനത്തിൽനിന്ന് 56.8 ശതമാനമായി കുറഞ്ഞു.
സ്മാർട്ട്ഫോണ്‍ ഇതര ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ മേഖലയിലാണ് വലിയ മാറ്റമുണ്ടായത്. മുൻ വർഷത്തെ 8.81 ബില്യണ്‍ ഡോളറിൽനിന്ന് 56.5 ശതമാനം ഉയർന്ന് 13.79 ബില്യണ്‍ ഡോളറിലെത്തി. ആകെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഇവയുടെ സംഭാവന 39.7 ശതമാനത്തിൽനിന്ന് 43.2 ശതമാനത്തിലേക്കെത്തി.
പിസിബി, മെമ്മറി ചിപ്പ്, സ്റ്റോറേജ് ഉപകരണങ്ങളുടെ കയറ്റുമതിയിൽ വൻ വളർച്ച
മൗണ്ടഡ് പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ കയറ്റുമതി മുൻവർഷത്തെ ഇതേ കാലയളവിലെ 63.3 മില്യണ്‍ ഡോളറിൽനിന്ന് 32 മടങ്ങിലധികം വർധിച്ച് 2.10 ബില്യണ്‍ ഡോളറായി. 1.87 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുമായി സിംഗപ്പുരാണ് ഏറ്റവും വലിയ വിപണി; 111.5 മില്യണ്‍ ഡോളറുമായി ചൈനയാണ് തൊട്ടുപിന്നിൽ.
പോപ്പുലേറ്റഡ്, ലോഡഡ് അല്ലെങ്കിൽ സ്റ്റഫ്ഡ് പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ കയറ്റുമതി 213.7 മില്യണ്‍ ഡോളറിൽനിന്ന് 304 ശതമാനം ഉയർന്ന് 864.1 മില്യണ്‍ ഡോളറായി.
മെമ്മറി ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുടെ കയറ്റുമതി 23.1 മില്യണ്‍ ഡോളറിൽനിന്ന് 2,333 ശതമാനം വർധിച്ച് 562.4 മില്യണ്‍ ഡോളറിലെത്തി.
സോളിഡ്-സ്റ്റേറ്റ് നോണ്‍-വോളറ്റൈൽ സ്റ്റോറേജ് ഉപകരണങ്ങളുടെ കയറ്റുമതി 14.6 മില്യണ്‍ ഡോളറിൽ നിന്ന് 1,680 ശതമാനം ഉയർന്ന് 260.5 മില്യണ്‍ ഡോളറായി.
നെറ്റ്വർക്ക് ട്രാൻസ്മിഷൻ, റൂട്ടിംഗ് ഉപകരണങ്ങളുടെ കയറ്റുമതി ഏകദേശം ഇരട്ടിയായി. 732.9 മില്യണ്‍ ഡോളറിൽനിന്ന് 98 ശതമാനം വർധിച്ച് 1.45 ബില്യണ്‍ ഡോളറിലെത്തി.
Tags : Electronics exports Business Entrepreneur Startup Market Money Electronics exports surge