കേരള ഹൈക്കോടതി
കൊച്ചി: ഭര്‍ത്താവ് മരിക്കുന്നതിനുമുമ്പ് ശീതീകരിച്ചു സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഗര്‍ഭധാരണം നടത്താന്‍ യുവതിക്ക് അനുമതി നല്കി ഹൈക്കോടതി.
2021 മാര്‍ച്ചില്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് വന്ധ്യതാ ചികിത്സയുടെ ഭാഗമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണം കൃത്രിമ ഗര്‍ഭധാരണത്തിനു കൈമാറാന്‍ വിസമ്മതിച്ച തിരുവനന്തപുരം എസ്എടി ആശുപത്രിയുടെ നടപടി ചോദ്യം ചെയ്തു ആലപ്പുഴ ചെറിയനാട് സ്വദേശിനിയായ 43കാരി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷന്) ആക്ട് പ്രകാരം ഭര്‍ത്താവിന്റെ രേഖാമൂലമുള്ള പ്രത്യേക അനുമതിയില്ലാതെ ഭ്രൂണം ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രിയുടെ വാദം. ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കുമ്പോള്‍, ദമ്പതികള്‍ക്ക് തങ്ങളുടെ മരണശേഷം അതെങ്ങനെ ഉപയോഗിക്കണമെന്നു രേഖപ്പെടുത്താന്‍ മൂന്ന് ഓപ്ഷനുകളുണ്ട്.
ജീവിച്ചിരിക്കുന്ന പങ്കാളിക്ക് കൈമാറുക, ഗവേഷണ ആവശ്യത്തിന് ഉപയോഗിക്കുക, നശിക്കാന്‍ അനുവദിക്കുക എന്നിവയാണ് ഓപ്ഷനുകള്‍. ദമ്പതികള്‍ പൂരിപ്പിച്ചു നല്‍കേണ്ട നിശ്ചിത അപേക്ഷയല്ല ആശുപത്രി അധികൃതര്‍ നല്‍കിയതെന്നും അവരുടെ വീഴ്ചയ്ക്കു തന്നെ ഇരയാക്കരുതെന്നും അവര്‍ വാദിച്ചു.
ഭര്‍ത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ മരണശേഷം ഭ്രൂണം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് നിയമപരവും ധാര്‍മികവുമായി സങ്കീര്‍ണതകൾ ഉണ്ടാക്കുമെന്നതിനു പുറമെ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു കാരണമാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.
ബീജം ഉപയോഗിക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്നും അമ്മയാകാനുള്ള യുവതിയുടെ ആഗ്രഹത്തിന് മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ കോടതി തുടര്‍ന്ന് ആവശ്യം അനുവദിക്കുകയായിരുന്നു.
Tags : Artificial Insemination Sperm Frozen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KeralaHighCourt