നയ്റോബി
ബുഡാപെസ്റ്റ്: 2029ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കെനിയൻ തലസ്ഥാനമായ നയ്റോബി ആതിഥേയത്വം വഹിക്കും. ലണ്ടൻ, റോം, മ്യൂണിക് എന്നീ നഗരങ്ങളെ മറികടന്നാണ് നയ്റോബി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ബുഡാപെസ്റ്റിൽ നടന്ന വേൾഡ് അത്ലറ്റിക്സ് കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
2031ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജർമനിയിലെ മ്യൂണിക്കിൽ നടക്കുമെന്നും വേൾഡ് അത്ലറ്റിക്സ് കൗൺസിൽ സ്ഥിരീകരിച്ചു. 2027ലെ ചാമ്പ്യൻഷിപ്പ് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലാണ് നടക്കുക.
നയ്റോബി സമർപ്പിച്ചത് തികച്ചും വികാരഭരിതവും ശക്തവുമായ അപേക്ഷയാണെന്ന് വേൾഡ് അത്ലറ്റിക്സ് കൗൺസിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു.
അത്ലറ്റിക്സ് കായികരംഗത്തെ ആഗോളതലത്തിൽ വളർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അടുത്ത മൂന്ന് ചാന്പ്യൻഷിപ്പുകൾ യഥാക്രമം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്കു നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : WorldAthletics Nairobi Sports Deepika