പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുൻ മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ ചെറിയ കുറവുണ്ടായെങ്കിലും സ്വർണം ഉൾപ്പടെയുള്ള ഇറക്കുമതിയിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന് ഓഗസ്റ്റിലെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി അപ്രതീക്ഷിതമായി കുറഞ്ഞു.
ഓഗസ്റ്റിൽ വ്യാപാര കമ്മി 2686 കോടി ഡോളറായി കുറഞ്ഞതായി ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിലെ 3198 കോടി ഡോളറിൽ നിന്നാണ് ഈ കുറവ്.
ഓഗസ്റ്റിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 26.1 ശതമാനം വർധിച്ച് 4381 കോടി ഡോളറായി നേരിയ തോതിൽ കുറഞ്ഞു. ഇത് ജൂലൈയിലെ 4424 കോടി ഡോളറിനേക്കാൾ കുറവാണെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന കയറ്റുമതി നിരക്കാണിത്. അതേസമയം, ഇറക്കുമതി 14.1 ശതമാനം വർധിച്ച് 7076 കോടി ഡോളറിലെത്തി.
എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയാണ് വളർച്ചയ്ക്കു കരുത്തേകിയത്. യുഎസ്, യൂറോപ്യൻ യൂണിയൻ, ബ്രിക്സ് രാജ്യങ്ങളിൽനിന്നാണ് ഇവയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടായതെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
സ്വർണം ഇറക്കുമതി കുറഞ്ഞു
ഉത്സവസീസണിനു മുന്നോടിയായുള്ള സ്റ്റോക്ക് ശേഖരണം കാരണം ജൂലൈയിൽ സ്വർണം ഇറക്കുമതി കുത്തനെ ഉയർന്നിരുന്നു. ജൂലൈയിലെ 416 കോടി ഡോളറിന്റെ ഇറക്കുമതിയെ അപേക്ഷിച്ച് ഓഗസ്റ്റിൽ സ്വർണം ഇറക്കുമതി പകുതിയോളമായി കുറഞ്ഞ് 230 കോടി ഡോളറിലെത്തി. മുൻ വർഷം ഇതേ മാസം 540 കോടി ഡോളറിൽനിന്ന് 57.7 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്.
ഇത് രാജ്യത്തിന്റെ ആകെ ഇറക്കുമതിച്ചെലവ് 7622 കോടി ഡോളറിൽനിന്ന് 7067 കോടി ഡോളറായി കുറയ്ക്കാൻ സഹായിച്ചു.
ചരക്ക്-സേവന കയറ്റുമതി ഉയർന്നു
ഓഗസ്റ്റിൽ ചരക്ക്-സേവന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം വർധിച്ച് 8268 കോടി ഡോളറിലെത്തി. ഇതേസമയം മൊത്തം വ്യാപാര കമ്മി ഒരു വർഷം മുന്പത്തെ 1162 കോടി ഡോളറിൽ നിന്ന് 941 കോടി ഡോളറായി കുറഞ്ഞു. എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനയുണ്ടായി.
ഓട്ടോമൊബൈൽ കയറ്റുമതിയിലെ വളർച്ചയും സേവനമേഖലയിലെ ശക്തമായ പ്രകടനവും ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതിക്ക് കരുത്തേകി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മികച്ച വിൽപ്പനയുടെ കരുത്തിൽ ഓഗസ്റ്റിൽ ഓട്ടോമൊബൈൽ കയറ്റുമതി 22.2 ശതമാനം വർധിച്ച് 6,81,000 യൂണിറ്റുകളായി. എന്നാൽ പാസഞ്ചർ വാഹനങ്ങളുടെ കയറ്റുമതിയിൽ 17 ശതമാനം ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
സേവന മേഖലയിലെ കയറ്റുമതി 3887 കോടി ഡോളറിലും ഇറക്കുമതി 2142 കോടി ഡോളറിലുമെത്തി. ഇതിലൂടെ 1745 കോടി ഡോളറിന്റെ മിച്ചം രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം കണക്കാക്കുന്നു.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായി യുഎസ് തുടരുന്നു. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി മുൻവർഷത്തെ 4039 കോടി ഡോളറിൽനിന്ന് 4279 കോടി ഡോളറായി ഉയർന്നു.
Tags : TradeDeficit Narrows Gold Imports Drop Deepika Business