കരംവീര്‍ സിംഗിനെ പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റര്‍ ടാസ്ക് ഫോഴ്സിന്റെ പിടിയിൽ.
ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത അനുയായിയും കഴിഞ്ഞ ദിവസം കാനഡ തിരിച്ചയച്ച കൊടുംകുറ്റവാളിയുമായ കരംവീര്‍ സിംഗിനെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഇന്നലെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍വച്ച് പഞ്ചാബ് പൊലിസിന്റെ ആന്റി ഗ്യാങ്സ്റ്റര്‍ ടാസ്ക് ഫോഴ്സാണ് കരംവീറിനെ അറസ്റ്റ് ചെയ്തത്.
ലോറന്‍സ് ബിഷ്ണോയിയുടെ ഇളയ സഹോദരനായ അന്മോല് ബിഷ്ണോയിക്ക് അമേരിക്കയില്‍ ആവശ്യമായ സഹായങ്ങളും ഒളിച്ചിരിക്കാനുള്ള സ്ഥലവും ഒരുക്കിക്കൊടുത്തത് കരംവീര്‍ സിംഗായിരുന്നു. അമേരിക്കയിലായിരുന്ന കരംവീര്‍, കാനഡയിലേക്ക് മാറിയത് ബിഷ്ണോയി സംഘങ്ങള്‍ക്കെതിരേ എഫ്ബിഐ നടപടി തുടങ്ങിയതോടെയാണ്. കാനഡയും ബിഷ്ണോയി സംഘത്തെ ഭീകരവാദികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ആയുധ നിയമ ലംഘനങ്ങള്‍, പാസ്പോര്‍ട്ട് നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള പല കേസുകളില്‍ കരംവീറിനെ പൊലിസ് തിരയുന്നുണ്ടായിരുന്നു. ഇയാൾക്കെതിരേ ഈ മാസം ആദ്യം പഞ്ചാബ് പൊലിസ് ലുക്ക്ഔട്ട് സര്‍ക്കുലറും ഇറക്കിയിരുന്നു.
കാനഡയിലെ പഞ്ചാബി ഗായകന് എ. പി. ധില്ലന്റെ വീടിനുനേരേയുണ്ടായ വെടിവയ്പ്പ് സംഭവത്തിലും കരംവീറിന് പങ്കുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ബിഷ്ണോയിയും സംഘവും സിഖ്- കനേഡിയന്‍ പൗരന്മാരെ ലക്ഷ്യംവയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാനഡ കരംവീറിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
ബോളിവുഡ് താരം സല്മാന് ഖാനെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയാണ് ലോറന്‍സ് ബിഷ്ണോയിയെ കുപ്രസിദ്ധനാക്കിയത്.
Tags : NotoriousCriminal KaramveerSingh Arrested LawrenceBishnoi CanadaDeported PunjabPolice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash