പദ്മജ വേണുഗോപാൽ
തൃശൂർ: ബിജെപിയിൽ പോകാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് പദ്മജ വേണുഗോപാൽ. ബിജെപിയിൽനിന്നു രാജിവച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. തന്‍റെ ആശയങ്ങളും ബിജെപിയുടെ ആശയങ്ങളും തമ്മിൽ ഒരു തരത്തിലും പൊരുത്തപ്പെടില്ല.
ബിജെപിയിൽ പോകാനുള്ള തീരുമാനം തികച്ചും തെറ്റായിരുന്നു. കെ.കരുണാകരന്‍റെ മകൾ ആണെന്നുള്ള ബോധ്യം അപ്പോൾ വേണ്ടതായിരുന്നു. പലരും പതിനെട്ട് വയസാകുമ്പോൾ കോൺഗ്രസിൽ ചേരുന്നവരാണ്. എന്നാൽ, ഞാനും ഏട്ടനുമൊക്കെ ജനിച്ചുവീണത് കോൺഗ്രസിലേക്കാണ്. ചെറുപ്പം മുതൽ കാണുന്നതു കോൺഗ്രസുകാരെയാണ്. തെറ്റു പറ്റിയാൽ ഹിമാലയത്തിൽ കയറിനിന്നു വിളിച്ചുപറയണമെന്ന് അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പറയുന്നത് ബിജെപിയിൽ പോയത് തെറ്റായ തീരുമാനമായിരുന്നു.
സ്ഥാനമാനങ്ങൾക്കു വേണ്ടിയാണ് ബിജെപിയിലേക്കു പോയതെന്ന ആരോപണങ്ങളെയും അവർ തള്ളിക്കളഞ്ഞു. ബിജെപിയിലേക്കു പോകുമ്പോൾ ഏതെങ്കിലും സ്ഥാനം വേണമെന്ന നിബന്ധന വച്ചല്ല പോയത്.
അവർ ഗവർണറാക്കാമെന്നോ പദവി നൽകാമെന്നോ ഉള്ള വാഗ്ദാനവും നൽകിയിട്ടില്ല. കോൺഗ്രസിലെ ചിലരുടെ നടപടികൾ മൂലം മനസ് വിഷമിച്ച ഘട്ടത്തിൽ എടുത്ത ഒരു തീരുമാനം മാത്രമായിരുന്നു അത്. ബിജെപിയുടെ ഐഡിയോളജിയെക്കുറിച്ചു കാര്യമായി പഠിക്കാതെയോ മനസിലാക്കാതെയോ ആണ് അവിടേക്കു പോയത്.
യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെന്ന് നേരത്തെ മനസിലായിരുന്നു. എന്തെങ്കിലും സ്ഥാനമാനത്തിനു വേണ്ടി തിരികെ വരാനാണെങ്കിൽ തെരഞ്ഞെടുപ്പിനു മുന്നേ വരാമായിരുന്നു. ഇതിപ്പോൾ എല്ലാവരും സ്ഥാനമാനങ്ങളൊക്കെ പങ്കിട്ടെടുത്തു കഴിഞ്ഞപ്പോൾ തിരികെ വരുന്നതിന് കഥകളുണ്ടാക്കരുത്.
അച്ഛന്‍റെ ഒാർമകൾ നിലനിർത്താൻ എന്തു ചെയ്യാൻ പറ്റുമെന്ന് ആലോചിക്കുന്നുണ്ട്. പിന്നെ എന്തൊക്കെ പറഞ്ഞാലും താൻ എല്ലാവരെയുംകാൾ വലിയ കോൺഗ്രസുകാരിയാണെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ആരോടും തിരിച്ചുവരവിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. കെ. മുരളീധരനോടു മാത്രമാണ് തിരികെ വരുന്ന കാര്യം പറഞ്ഞത്. അത് ഏട്ടൻ എന്ന നിലയ്ക്കാണ് പറഞ്ഞത്. നിനക്ക് സന്തോഷവും സമാധാനവും തരുന്ന തീരുമാനം എന്തായാലും എടുക്കാൻ അദ്ദേഹം പറഞ്ഞു.
ഒരു മീനിനെ പിടിച്ചിട്ട് കരയിലിട്ട മാതിരിയായിരുന്നു ബിജെപിയിൽ തന്‍റെ അവസ്ഥ. ആ പിടച്ചിൽ അവസാനിപ്പിക്കാനാണ് ഈ തീരുമാനം. ബിജെപി രാജീവ് ചന്ദ്രശേഖർ വളരെ മാന്യനായ ഒരു വ്യക്തിയാണ്. അദ്ദേഹം നന്നായിത്തന്നെയാണ് ഇടപെട്ടത്. അദ്ദേഹത്തപ്പോലൊരാൾക്ക് പറ്റിയ ഒരു സ്ഥാനത്താണോ ഇരിക്കുന്നതെന്ന് സംശയമുണ്ട്. ബിജെപി വിട്ടതോടെ മുരളിയേട്ടനെ തിരിച്ചുകിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Tags : Politics congress BJP Kerala Resignation Controversy