x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയിലെയും തിരുവനന്തപുരത്തെയും വായുമലിനീകരണം ആശങ്കാജനകമോ? പഠിക്കാന്‍ വിദഗ്ധ സമിതി

കോഴിക്കോട് ബ്യൂറോ
Published: November 19, 2026 03:53 PM IST | Updated: November 19, 2026 04:21 PM IST

കൊച്ചി നഗരം (File Photo)

കോഴിക്കോട്: രാജ്യത്തുടനീളം വായുനിലവാരം മോശമാകുന്ന സാഹചര്യത്തില്‍ അതിവേഗം നഗരവത്ക്കരണം നടക്കുന്ന കൊച്ചിയിലെയും തിരുവനന്തപുരത്തെയും മലിനീകരണവും വിവിധ സ്രോതസുകളില്‍ നിന്നുള്ള വായു ഗുണനിലവാര സൂചിക വിവരങ്ങളിലെ വൈരുധ്യവും പഠിക്കാന്‍ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് രൂപവത്കരിച്ച വിദഗ്ധസമിതി രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ന്യൂഡല്‍ഹി സെന്‍റര്‍ ഫോര്‍ എയര്‍ ക്വാളിറ്റി റിസര്‍ച്ച്, ദി എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ-കണ്‍വീനര്‍ സുരേഷ് രാമസുബ്രഹ്‌മണ്യ അയ്യര്‍, കാലിക്കട്ട് എന്‍ഐടി സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രഫസര്‍ ഡോ. ജോര്‍ജ് കെ. വര്‍ഗീസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എന്നിവരാണ് പഠനം നടത്തുക.

കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, മറ്റ് ഔദ്യോഗിക നിരീക്ഷണ സംവിധാനങ്ങള്‍, ഉപഗ്രഹങ്ങള്‍, സ്വകാര്യ സെന്‍സറുകള്‍ എന്നിവ നല്‍കുന്ന കണക്കുകളിലെ വ്യത്യാസത്തിന്‍റെ കാരണം കണ്ടെത്തേണ്ടത് വിദഗ്ധ സമിതിയുടെ ചുമതലയാണ്.

യുഎസ് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്, ഇന്ത്യന്‍ നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് എന്നീ നിരീക്ഷണ രീതികളുടെ വ്യത്യാസം, സ്വകാര്യ സെന്‍സറുകളുടെ ഉപയോഗം എന്നിവയാണ് കൊച്ചിയിലെയും തിരുവനന്തപുരത്തെയും വായു ഗുണനിലവാര സൂചിക കണക്കുകളില്‍ വിവിധ സ്രോതസുകള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടാകാന്‍ പ്രധാന കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വിവിധ ഏജന്‍സികള്‍ വായു മലിനീകരണം അളക്കാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും 24 മണിക്കൂറിലെ ശരാശരി മലിനീകരണ തോതാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍

അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് യുഎസ് മാനദണ്ഡമാണ്. ഇതില്‍ ഓരോ മണിക്കൂറിലെയും തത്സമയ വ്യതിയാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. തന്‍മൂലം ഒരേ അളവിലുള്ള പൊടിപടലങ്ങള്‍ക്ക് ഇന്ത്യന്‍ സ്‌കെയിലിനേക്കാള്‍ ഉയര്‍ന്ന സംഖ്യയായിരിക്കും യുഎസ് സ്‌കെയിലില്‍ കാണിക്കുക.

ഒരു നഗരത്തിലെ മുഴുവന്‍ വായു ഗുണനിലവാരത്തെയും പ്രതിനിധീകരിക്കാന്‍ ഒന്നോ രണ്ടോ സ്റ്റേഷനുകള്‍ക്ക് കഴിയാത്തും കണക്കുകള്‍ വ്യത്യാസപ്പെടാന്‍ കാരണമാകുന്നുണ്ട്. കൊച്ചിയിലെ വിവിധ ഇടങ്ങളിലെ വായു നിലവാരം വ്യത്യസ്തമാണ്. ഗതാഗതക്കുരുക്കുള്ള വൈറ്റിലയിലെയോ വ്യവസായ മേഖലയായ ഏലൂരിലയോ കണക്കുകള്‍ മാത്രമെടുക്കുന്ന സ്രോതസുകള്‍ കൊച്ചിയില്‍ അതീവ ഗുരുതരമായ മലിനീകരണമാണ് (170ന് മുകളില്‍) രേഖപ്പെടുത്തുക.

മറ്റ് ഭാഗങ്ങളിലെ ശരാശരി എടുക്കുന്നവ 70-100 എന്ന മിതമായ നിരക്കാണ് കാണിക്കുക. തിരുവനന്തപുരത്ത് പ്ലാമൂട്, കാര്യവട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും നിരീക്ഷണ സംവിധാനങ്ങളുള്ളത്. തിരക്കേറിയ നഗരമധ്യത്തിലെ കണക്കുകളും താരതമ്യേന പച്ചപ്പുള്ള പ്രദേശങ്ങളിലെ കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടാകാറുണ്ട്.

കൊച്ചിയും തിരുവനന്തപുരവും തീരദേശ നഗരങ്ങളായതിനാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വളരെ കൂടുതലാണ്. ഉയര്‍ന്ന ഈര്‍പ്പമുള്ളപ്പോള്‍ അന്തരീക്ഷത്തിലെ ജലകണികകളെ പൊടിപടലങ്ങളായി തെറ്റിദ്ധരിച്ച് ചില ഓപ്റ്റിക്കല്‍ സെന്‍സറുകള്‍ ഉയര്‍ന്ന മലിനീകരണ തോത് രേഖപ്പെടുത്താറുണ്ട്.

കൂടാതെ കടല്‍ക്കാറ്റും കരക്കാറ്റും മാറുന്നതിനനുസരിച്ച് ഓരോ മണിക്കൂറിലും മലിനീകരണ തോതില്‍ വലിയ വ്യത്യാസങ്ങള്‍ വരാറുണ്ട്. ഇക്കാര്യങ്ങളെല്ലാം ശാസ്ത്രീയമായി പഠിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരൊറ്റ റഫറന്‍സ് ശിപാര്‍ശ ചെയ്യുകയുമാണ് സമിതിയുടെ ദൗത്യം.

Tags : AirPollution Thiruvananthapuram Kochi Pollution

Recent News

Corehub Up