Kerala
കൊച്ചി: വായു മലിനീകരണം രൂക്ഷമായതോടെ പുകമറയില്‍ കൊച്ചി നഗരം. ഇന്നത്തെ എയര്‍ ക്വാളിറ്റി ഇൻഡക്സ് - എക്യുഐ പ്രകാരം കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം അനാരോഗ്യകരമായി സ്ഥിതിയിലാണ്. എക്യുഐ വെബ്സൈറ്റില്‍ നാളുകളായി കൊച്ചിയിലെ വായു അനാരോഗ്യകരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നു കച്ചേരിപ്പടിയിലെ മാത്രം എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 169 ആണ്. അനാരോഗ്യകരമായ ഈ വായു ഗുണനിലവാരം ആസ്ത്മയും ശ്വാസകോശ രോഗമുള്ളവര്‍ക്കും ശ്വാസതടസം ഉണ്ടാക്കും. ഹൃദ്രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കും. ഐരാപുരം - 154, അങ്കമാലി - 152, പോത്താനിക്കാട് - 132, ഏലൂര്‍ - 106 എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇൻഡക്സും മോശമാണ്. ഏലൂര്‍, ഇടയാര്‍, കരിമുകള്‍, അമ്പലമുകള്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു കൊച്ചിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.
അപകടസ്ഥിതിയിലേക്ക്
തുടര്‍ച്ചയായി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്ലൈനിന്റെ നിര്‍മാണവും അതിനൊപ്പംതന്നെ റോഡ് നവീകരണവും നടക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാണ്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളിലും അറ്റകുറ്റപണികളും നടക്കുന്നുണ്ട്. മാത്രമല്ല, മാലിന്യങ്ങള്‍ പൊതുഇടത്തില്‍ വലിച്ചെറിയുന്നതും പതിവുകാഴ്ച. വായു മലിനീകരണം കൂടാന്‍ വാഹനങ്ങള്‍ക്ക് വ്യാജ മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊണ്ടാണെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.
ആശങ്ക കനക്കുന്നു
പൊടിപടലങ്ങള്‍ നിറഞ്ഞ വായു ഡല്‍ഹിയുടേതിനു സമാനമായി മാറുമോ എന്ന ആശങ്കയും നിലവില്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ വായു ഏറ്റവുമധികം മലിനമായത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. 163 ആയിരുന്നു എക്യുഐ. ക്രിസ്മസ് ആഘോഷവും പപ്പാഞ്ഞികളെ കത്തിക്കലും കൂടി ആയതോടെ കൊച്ചിയിലെ വായു കൂടുതല്‍ മലിനമായി. 2020 സെപ്റ്റംബറില്‍ ആയിരുന്നു കൊച്ചിയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണ തോത് രേഖപ്പെടുത്തിയത്. 40 ആയിരുന്നു എക്യുഐ.
കേരളം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കും ശബരിമല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ വിഷയങ്ങളിലും തിരക്കിലാണ്. എന്നാല്‍, ദിവസേനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെയെല്ലാം വായു വിഷലിപ്തമാവുകയാണ് എന്ന കാര്യം ആരും ശ്രദ്ധിക്കുന്നതേയില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ വൈകാതെ പുറത്തിറങ്ങാൻ ഇനി എയര്‍ പ്യൂരിഫയറുകളെയും എന്‍95 മാസ്കുകളെയും ആശ്രയിക്കേണ്ടി വരും.
District News
പേരൂര്‍ക്കട: മാലിന്യനീക്കം സുഗമമായി നടത്തുന്നതിനു തിരുവനന്തപുരം നഗരസഭ വാങ്ങിയ ടിപ്പര്‍ലോറികളുടെ ഫ്ളാഗ്ഓഫ് മേയര്‍ വി.വി. രാജേഷ് നിര്‍വ്വഹിച്ചു. 2025-26 വര്‍ഷത്തിലെ അഗ്ലോമറേഷന്‍ ഫണ്ടായ 1.25 കോടിയോളം രൂപ വിനിയോഗിച്ചാണ് ലോറികള്‍ വാങ്ങിയത്.
അഞ്ചു ടിപ്പര്‍ലോറികളുടെ ഫ്ലാഗ് ഓഫാണു നഗരസഭാ അങ്കണത്തില്‍ നടത്തിയത്. നഗരസഭയ്ക്കും ഹരിതകര്മസേനയ്ക്കുമായി ടിപ്പര്‍ലോറികള്‍ കൈമാറും.
തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ മാലിന്യനീക്കമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡപ്യൂട്ടി മേയര്‍ ആശാനാഥ് അധ്യക്ഷത വഹിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ ബിജു, നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
District News
തലയോലപ്പറമ്പ്: ഓടയിൽ മാലിന്യം നിറഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുന്നത് യാത്രക്കാരെയും സമീപവാസികളെയും ദുരിതത്തിലാക്കുന്നു. തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്, വടയാർ വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്ന ഓടയിലാണ് മാലിന്യങ്ങൾ നിറഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുന്നത്.
ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഓടിയിലേക്കു പുറന്തള്ളുന്ന മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞാണ് ദുർഗന്ധം വമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മലിനീകരണം തടയുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് തുടരുന്നത്. ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400ൽ താഴെയാണെങ്കിലും പലയിടത്തും ഇത് 450നടുത്താണ്.
വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയതും ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിനിടയാക്കി. 148 വിമാന സർവീസുകൾ കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിൽ മാത്രം റദ്ദാക്കി.
റെയിൽ ഗതാഗതത്തെയും പുകമഞ്ഞ് സാരമായി ബാധിച്ചു. ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ഡൽഹിയിൽ വായു മലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും അതീവ ഗുരുതരാവസ്ഥയിലെത്തി.
മലിനീകരണ തോത് അളക്കുന്ന 40 കേന്ദ്രങ്ങളിൽ 27 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണു രേഖപ്പെടുത്തിയത്. ഇതോടൊപ്പം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദൃശ്യപരതയും കുറഞ്ഞു. താപനിലയിലും കാര്യമായ മാറ്റം രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അതേസമയം, മലിനീകരണം രൂക്ഷമായതോടെ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാലാവധി കഴിയാത്ത മലിനീകരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വാഹനങ്ങൾക്കു പെട്രോൾ നൽകൂ.
ദൃശ്യപരത കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. 270 ഓളം വിമാനങ്ങളാണ് ഇന്നലെ മാത്രം വൈകി സർവീസ് നടത്തിയത്.
ട്രെയിൻ ഗതാഗതത്തെയും കാലാവസ്ഥ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽ നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
National
ന്യഡൽഹി: ഡൽഹി-എൻസിആറിലെ 80 ശതമാനത്തിലധികം ആളുകൾക്കും മലിനമായ വായു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സർവേ റിപ്പോർട്ട്. വിട്ടുമാറാത്ത ചുമ, ക്ഷീണം, ശ്വാസതടസം എന്നിവയുൾപ്പെടെയുള്ള സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി സർവേയിൽ കണ്ടെത്തി.
സ്മിറ്റൻ പൾസ്എഐ സർവേയിൽ പങ്കെടുത്തവരിൽ 68.3 ശതമാനം പേർ കഴിഞ്ഞ വർഷം മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വൈദ്യസഹായം തേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. പ്രതികരിച്ചവരിൽ 76.4 ശതമാനം പേരും പുറത്തെ സമയം ഗണ്യമായി കുറച്ചതായും വീടുകൾക്കുള്ളിൽ കഴിയുന്പോൾ വീടുകൾ വെർച്വൽ ജയിലുകളാക്കി മാറ്റിയതായും സർവേ അവകാശപ്പെട്ടു.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലായി 4,000 നിവാസികളിലാണ് പഠനം നടത്തിയത്. മലിനീകരണം മധ്യവർഗ കുടുംബങ്ങൾക്ക് മേൽ സാമ്പത്തിക ബാധ്യത വരുത്തിവച്ചിട്ടുണ്ട്. 85.3 ശതമാനം പേർക്ക് മലിനീകരണം മൂലം ഗാർഹിക ചെലവ് വർധിച്ചതായി റിപ്പോർട്ട് ചെയ്തു,
സർവേയിൽ 79.8 ശതമാനം പേർ സ്ഥലം മാറ്റത്തെക്കുറിച്ച് ആലോചിക്കുകയോ സ്ഥലം വിട്ടിരിക്കുകയോ ചെയ്യുന്നുണ്ടെന്നും കണ്ടെത്തി. 33.6 ശതമാനം പേർ സ്ഥലംമാറ്റത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും 31 ശതമാനം പേർ അത് സജീവമായി പരിഗണിക്കുന്നുണ്ടെന്നും 15.2 ശതമാനം പേർ ഇതിനകം സ്ഥലംമാറ്റം നേടിയിട്ടുണ്ടെന്നും കണ്ടെത്തി.
Leader Page
നമ്മുടെ നാട്ടിൽ മലിനീകരണം വ്യാപകമാണ് എന്നു മാത്രമല്ല, അതിന്റെ പാർശ്വഫലങ്ങൾ ദിനംപ്രതി വർധിച്ചുവരികയും ചെയ്യുന്നു. പല മേഖലകളിലും വായു, ജലം, മണ്ണ് തുടങ്ങിയവയുടെ മലിനീകരണങ്ങൾ മനുഷ്യന്റെ നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിൽ വ്യാപകമായി. സ്വാർഥതാല്പര്യത്തിലധിഷ്ഠിതമായ, പരിസ്ഥിതിയെ കണക്കാക്കാതെയുള്ള വികസനം പലരുടെയും ജീവിതം വഴിമുട്ടിക്കുന്നു. പ്രകൃതി സജ്ജീകരിച്ച വിഭവങ്ങളിൽ പുനരുത്പാദിപ്പിക്കാനാകാത്ത വിഭവങ്ങളും കഴിയുന്ന വിഭവങ്ങളുമുണ്ട്.
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, ധാതുക്കൾ, ലോഹ അയിരുകൾ, സ്വർണം, ഇരുമ്പ്, വെള്ളി, ചെമ്പ്, യുറേനിയം, മണ്ണ്, കല്ലുകൾ തുടങ്ങിവയൊക്കെ പുനരുത്പാദിപ്പിക്കാനാകാത്തവയാണ്. സൗരോർജം, കാറ്റ്, ജലം, ഭൂമിയിലെ ചൂട്, ജൈവവസ്തുക്കൾ ഇതെല്ലാം വീണ്ടും ഉണ്ടാകുന്നവയാണ്. പുനരുത്പാദിപ്പിക്കാനാകാത്തവയുടെ ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ട്. എല്ലാവർക്കുംവേണ്ടി എല്ലാകാലത്തേക്കുമുള്ളതാണ് ഈ വിഭവങ്ങൾ. പക്ഷേ ഇന്നു സംഭവിക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാത്ത ഉപയോഗവും തന്മൂലമുള്ള മലിനീകരണവുമാണ്. ഇതിനെ നേരിടുന്നതിനായി ധാരാളം നിയമങ്ങളുണ്ട്. എന്നാൽ, ചിലർ ഇതെല്ലാം അവഗണിക്കുന്നു. ഇതെല്ലാം കാണുമ്പോൾ പ്രകൃതി മനുഷ്യനോട് എന്തു ചോദിക്കും? പ്രകൃതിക്ക് മനുഷ്യരോട് നേരിട്ടു ചോദിക്കാൻ സംവിധാനങ്ങളൊന്നുമില്ല. എന്നാൽ, പരോക്ഷമായി ചോദ്യങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു.
പ്രകൃതിയുടെ ചോദ്യങ്ങൾ
എല്ലാവർക്കും എല്ലാ കാലത്തേക്കുമായി ഏർപ്പെടുത്തിയ പുനരുപയോഗിക്കാനാകാത്ത വിഭവങ്ങൾ യാതൊരു തത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്നതു ശരിയോ തെറ്റോ? ഇതിന്റെ ഉപയോഗത്തിൽ സംയമനം പാലിക്കേണ്ടതല്ലേ?
നാട്ടിൽ ജലജന്യ രോഗങ്ങൾ വ്യാപകമാണ്. അമീബിക് മസ്തിഷ്ക ജ്വരം എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങി വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ കൂടിവരുന്നു. ജലസ്രോതസുകളുടെ സംരക്ഷണം പ്രാധാന്യമേറിയതാണ് എന്നതാണ് ഇതിലൂടെ ലഭിക്കുന്ന സന്ദേശം. ഇതിനുവേണ്ടി എന്തു നടപടിയാണ് സ്വീകരിച്ചത്? മലിനമായ കിണർ മൂലം നിങ്ങളുടെയും അയൽവാസിയുടെയും ജലസ്രോതസുകൾ മലിനമാകുന്നതു തടയാൻ എന്തെങ്കിലും ചെയ്തോ? കിണർ സംരക്ഷണത്തിൽ പാലിക്കേണ്ട തത്വങ്ങൾ അനുസരിച്ചോ? മഴവെള്ള സംഭരണം നടപ്പാക്കണമെന്ന് സർക്കാർ നിയമുണ്ടാക്കിയത് അതനുസരിച്ചോ? ഇല്ല എന്നു മാത്രമല്ല; പകരം വളഞ്ഞവഴിയിലൂടെ തദ്ദേശ സ്വയംഭരണ ഉദോഗസ്ഥരെ സ്വാധീനിച്ച് ഏതെങ്കിലും പഴയ ഒരു ടാങ്ക് വാടകക്കെടുത്തു കാണിച്ച് ആ നിയമത്തിൽനിന്നു തടിതപ്പി പുതിയ വീടിന്റെ പെർമിറ്റ് സംഘടിപ്പിച്ചില്ലേ? വിവേകബുദ്ധി ശരിക്കു പ്രവർത്തിച്ചിരുന്നെങ്കിൽ ആ നിയമം നിങ്ങളുടെതന്നെ നന്മയ്ക്കുവേണ്ടിയാണെന്നും അത് അനുസരിക്കാതിരുന്നതു ശരിയായില്ല എന്നും ബോധ്യപ്പെട്ടേനെ. മഴവെള്ള സംഭരണം ജലലഭ്യത വർധിപ്പിച്ച് മനുഷ്യജീവിതം കൂടുതൽ സുഗമമാക്കുമായിരുന്നു എന്നു മനസിലാക്കാത്തത് നിന്റെ കഴിവുകേടല്ലേ?
മാലിന്യസംസ്കരണം
വീടിനും പരിസരത്തിനുമായി കുറച്ചു സ്ഥലം മാത്രമാണു ലഭ്യമാകുന്നത് എന്നത് സത്യം. ജീവിക്കുമ്പോൾ ധാരാളം മാലിന്യങ്ങൾ ഉണ്ടാകും എന്നതും വസ്തുത. മാലിന്യങ്ങൾ ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ചു സംസ്കരിക്കേണ്ടതായിരുന്നില്ലേ? നിങ്ങളിൽ ചിലർ വീടിന്റെ പരിസരം പൂർണമായും ടൈൽ വിരിച്ചതിനുശേഷം ഉണ്ടാകുന്ന മലിനജലം റോഡിന്റെ പാർശ്വങ്ങളിൽ മഴവെള്ളം പോകാൻ നിർമിച്ച കാനയിലേക്ക് തുറന്നുവിടുന്നില്ലേ? ആ മലിനജലം ആഴം കുറഞ്ഞ പ്രദേശത്തു സംഭരിച്ച് അടുത്തുള്ള ജലസ്രോതസുകളെ മലിനമാക്കുന്നു. നിങ്ങളുടെ സ്ഥലത്തുതന്നെ ഒന്നോ രണ്ടോ അതിലധികമോ സോക് പിറ്റുകൾ നിർമിച്ച് മലിനജലം അതിലൂടെ സംസ്കരിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും.
പക്ഷേ, സോക് പിറ്റുകൾ യഥാവിധി നിർമിക്കണം. ആഴം കുറഞ്ഞ കുഴികൾ നിർമിച്ച് സിമന്റ് ഇഷ്ടികയിൽ വിടവിട്ട് ചുറ്റും കെട്ടി അതിനുള്ളിൽ കല്ല് നിറച്ചു മലിനജലം വിട്ടാൽ അത് ബാക്റ്റീരിയയുടെ പ്രവർത്തനങ്ങൾക്ക് വിധേയമായി ഭാഗിക ശുദ്ധീകരണം നേടി പാർശങ്ങളിലേക്കു വലിഞ്ഞു പോകുന്നു. ഇതു ഫലപ്രദമായ സംവിധാനമാണ്. ഒരുപക്ഷേ കൂടുതൽ മലിനജലമുള്ള സാഹചര്യമാണെങ്കിൽ നീളം കൂടിയ സോക് പിറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിനു സോക് ട്രെഞ്ചുകൾ എന്നു പറയുന്നു. ഖരമാലിന്യങ്ങൾ ബയോഗ്യാസ്, ബയോബിൻ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് സംസ്കരിച്ചു വളമാക്കി കൃഷി ചെയ്താൽ അതെല്ലാവർക്കും നന്മയുണ്ടാകുന്ന കാര്യമാണെന്നു മനസിലാക്കിയിട്ടുണ്ടോ?
മാലിന്യ സംസ്കരണം പ്രയാസമുണ്ടാക്കുന്ന കാര്യമാകുമെന്ന് എനിക്കറിയാമായിരുന്നു. അതിനാലാണ് പ്രകൃതി അതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ഓക്സിജന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും വളരുന്ന എയറോബിക്, അനെയറോബിക് ബാക്ടീരിയകൾ, ഓക്സിജൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും വളരുന്ന ഫാക്കൽറ്റേറ്റിവ് ബാക്ടീരിയകൾ, സയനൈഡ് തിന്നാൻ വരെ കഴിവുള്ള ബാക്ടീരിയകൾ, മണ്ണിരകൾ തുടങ്ങി വലിയ ഒരു സംഘംതന്നെ മാലിന്യ സംസ്കരണത്തിനായുണ്ട്. അതിനാവശ്യമായ സംവിധാനങൾ ഉണ്ടാക്കുന്നത് മനുഷ്യന്റെ ബാധ്യതയായിരുന്നു. എന്നാൽ, അത് പലരും പല സാഹചര്യത്തിലും ചെയ്തില്ല.
District News
മീനങ്ങാടി: മാലിന്യനിർമാർജനവും ചെണ്ടമേളവും ഒരേ താളത്തിലാക്കി മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ഹരിതകർമ്മ സേന. ചെണ്ട വാങ്ങുന്നതിനും പരിശീലനത്തിനും ആവശ്യമായ പണം ഗ്രാമപ്പപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തിയാണ് പത്ത് ഹരിതകർമ സേനാംഗങ്ങൾ പരിശീലനം പൂർത്തിയാക്കിയത്.
വാതിൽപ്പടി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല പുരസ്കാരം പലകുറി ലഭിച്ച ഹരിതകർമ സേനയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ച ഹരിതം വാക്യമേള സംഘം.
ജനകീയ ഹോട്ടൽ ഗ്രീൻ കഫെറ്റീരിയ ടേക്ക് എ ബ്രേക്ക് തുടങ്ങിയവയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വരുന്നു. ചെണ്ട കലാകാരൻ കലാമണ്ഡലം വി.ജി. ശരത്തിനു കീഴിലാണ് പരിശീലനം പൂർത്തിയാക്കിയതും അരങ്ങേറ്റം നടത്തിയതും.
Kerala
കൊച്ചി: സംസ്ഥാനത്ത് സമഗ്ര നദീതട സംരക്ഷണ മേല്‍നോട്ട കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നദീജല സംരക്ഷണത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായ പരമോന്നത സമിതിയടക്കം വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കര്‍മപദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നു വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാനും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി. പെരിയാര്‍ നദിയിലെ മലിനീകരണം തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
പെരിയാറിനായി പ്രത്യേക മേല്‍നോട്ട അഥോറിറ്റിയാണ് ഉചിതമെന്നും ഇതില്‍ നിലപാടറിയിക്കണമെന്നും കോടതി നേരത്തേ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിവര്‍ ബേസിന് പ്ലാന്‍ വിജ്ഞാപനം ചെയ്ത സാഹചര്യത്തില്‍ പെരിയാറിനു മാത്രമായി അഥോറിറ്റി പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പെരിയാര്‍ പുനരുദ്ധരിക്കേണ്ടത് വരുംതലമുറകളോടു ചെയ്യേണ്ട നീതിയാണെന്ന് കോടതി പറഞ്ഞു. കൊച്ചിയുടെ ജലധാരയാണ് ഈ നദി. നഗരത്തില്‍ കുടിവെള്ളമെത്തുന്നത് പെരിയാറില്‍നിന്നാണ്. നദി മലിനമായി തുടരുന്നത് പൊതുജനാരോഗ്യത്തില്‍ ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Editorial
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് എത്രത്തോളം വിനാശകാരിയാണെന്ന് വീണ്ടും വീണ്ടും എടുത്തുപറയേണ്ട കാര്യമില്ല. ലോകം മുഴുവൻ അംഗീകരിച്ച വസ്തുതയാണത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും അതു വരുത്തിവയ്ക്കുന്ന മാരകമായ പ്രത്യാഘാതം കണക്കിലെടുത്ത് പ്ലാസ്റ്റിക്കിന്റെ നിർമാർജനവും ലോകം അംഗീകരിച്ചതാണ്. വിശേഷിച്ചും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും അപകടകാരി. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിനെതിരായ ഏതു നടപടിയും സ്വാഗതാർഹമാകുന്നത്.
സംസ്ഥാനത്ത് പൊതുചടങ്ങുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. ഗാന്ധിജയന്തി ദിനത്തിൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് ഭക്ഷണപാത്രം, സ്പൂൺ, കപ്പ്, സ്ട്രോ, കത്തി, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്സ് എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചു. അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളവും രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പിയുമേ മലയോരമേഖലയിൽ ഉപയോഗിക്കാനാവൂ.
അങ്ങേയറ്റം സ്വാഗതാർഹമാണ് ഹൈക്കോടതിയുടെ നടപടി. ബോധവത്കരണം എങ്ങും ഏശാത്ത സാഹചര്യത്തിൽ ചില കടുത്ത നടപടികൾ ഉണ്ടായേ തീരൂ. പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നു പറഞ്ഞുകൊണ്ടാണ് കോടതി നിരോധനത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി നിരീക്ഷിച്ച മറ്റൊരു പ്രധാന കാര്യമുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ എന്തൊക്കെ നടപടികളെടുത്താലും ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ അതിന്റെ ഗുണം ലഭിക്കൂ എന്ന വസ്തുത. 2010ലും 2018ലും 2022ലും നിർണായകമായ ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്ന കാര്യവും കോടതി എടുത്തുപറഞ്ഞു.
പ്ലാസ്റ്റിക്കുകൾ പെട്രോകെമിക്കൽ ഉത്പന്നങ്ങളായ പെട്രോളിയം, പ്രകൃതിവാതകം എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന പോളിമറുകൾ അടങ്ങിയ ഒരുകൂട്ടം സിന്തറ്റിക് വസ്തുക്കളാണ്. എല്ലാത്തരം ഉപഭോക്തൃ വസ്തുക്കളുടെയും ഉത്പാദനം വർധിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ സാമൂഹിക, സാമ്പത്തിക, വികസന മാതൃകകൾ.
പെട്രോകെമിക്കൽ വ്യവസായം നിരന്തരം വൈവിധ്യവത്കരിക്കപ്പെട്ടതും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ ലഭ്യമായതും ഈ വളർച്ചയെ സഹായിച്ചു. നിറം, രൂപം, കാഠിന്യം, കനം, നശീകരണശേഷി തുടങ്ങി പ്ലാസ്റ്റിക്കുകൾക്ക് വ്യത്യസ്ത ഗുണവിശേഷങ്ങളുണ്ട്.
ഇതു പരിസ്ഥിതിയിലേക്കു വലിച്ചെറിയുമ്പോൾ അവ നശിച്ചുപോകാതെ വിവിധ അവസ്ഥകളിലേക്കു മാറുന്നു. വ്യവസായവും ഉപഭോക്താക്കളും അനുഗ്രഹമെന്നു കരുതുന്ന പ്ലാസ്റ്റിക്കിന്റെ പ്രധാന ഗുണങ്ങളിൽ ചിലതാണ് നിർഭാഗ്യവശാൽ പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത്. ഉദാഹരണമായി ഭാരം കുറഞ്ഞതും നശിക്കാത്തതുമായ സ്വഭാവം.
1950കൾ മുതലാണ് പ്ലാസ്റ്റിക് വ്യാപകമായി നിലവിൽ വന്നത്. എല്ലാ വ്യവസായ മേഖലയിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാക്കേജിംഗാണ്. അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന വാർഷിക പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ ഏകദേശം 30-40 ശതമാനം നിലവിൽ പാക്കേജിംഗിനായാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ സാമൂഹിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് പഠിച്ചു തയാറാക്കിയ പല ഗവേഷണ റിപ്പോർട്ടുകളും പരസ്പരവിരുദ്ധമായ പരിഹാരങ്ങൾ നിർദേശിക്കുന്നതും ഈ വിഷയത്തിലെ വെല്ലുവിളിയാണ്. യൂറോപ്പിലെ 33 രാജ്യങ്ങളിൽ തെറ്റായ പ്ലാസ്റ്റിക് സംസ്കരണം വരുത്തിവച്ച പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
ആഗോളതലത്തിൽ പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട വേറെയും പല പ്രതിസന്ധികളുമുണ്ട്. 2022ലെ ചരിത്രപരമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎൻ ആഗോള പരിസ്ഥിതി ഉടന്പടി പരാജയപ്പെട്ടത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. പ്രശ്നത്തെ വ്യക്തമായി നിർവചിച്ചെങ്കിലും പരിഹാരത്തെക്കുറിച്ചുള്ള തർക്കം എല്ലാം അവതാളത്തിലാക്കി.
ബുസാനിൽ ഇതുമായി ബന്ധപ്പെട്ട അഞ്ചാംവട്ട ചർച്ചകളിൽ പങ്കെടുത്ത 170 രാജ്യങ്ങളിൽ എൺപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക്കിന്റെ ഉറവിടമായ നവപോളിമർ (Virgin Polymer) ക്രമേണ കുറയ്ക്കുക എന്നതാണ് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ഏക ഫലപ്രദമായ വഴിയെന്ന് ഉറച്ചു വിശ്വസിച്ചു.
എന്നാൽ, എണ്ണ ഖനനത്തെയും പെട്രോകെമിക്കൽ ശുദ്ധീകരണത്തെയും ആശ്രയിച്ച് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്ത വലിയ വികസ്വര രാജ്യങ്ങളിൽ പലതും ഇത്തരം നിർദേശങ്ങളെ എതിർക്കുന്നു. പ്ലാസ്റ്റിക് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ആവശ്യങ്ങളെ, പരിസ്ഥിതിവാദത്തിന്റെ മറവിലുള്ള വ്യാപാര തടസങ്ങളായിട്ടാണ് അവർ കാണുന്നത്.
ഉത്പാദനം നിയന്ത്രിക്കേണ്ട ഒന്നായി പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തെ ചിത്രീകരിക്കുന്നത് 2022ലെ പ്രമേയത്തിന്റെ ഉദ്ദേശ്യങ്ങൾക്കപ്പുറമാണെന്നും അവർ കരുതുന്നു. അതിൽ പിന്നീടും ലോകരാജ്യങ്ങൾ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.
ഉത്പാദന വെട്ടിക്കുറവിനെ എതിർക്കുന്ന രാജ്യങ്ങളോടൊപ്പമായിരുന്നു അന്ന് ഇന്ത്യ. പ്രതിവർഷം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് പുനരുപയോഗം ചെയ്യാനുള്ള ശേഷിയേ ഇന്ത്യയിലുള്ളൂ എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
സമ്പദ്വ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാകാത്തതാണ് എന്നത് ജനങ്ങളുടെ ആരോഗ്യത്തിലും നമ്മുടെ പരിസ്ഥിതിയിലും സമുദ്ര പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ആഘാതങ്ങൾ പഠിക്കുന്നത് തടസപ്പെടുത്തുന്നതിനു കാരണമായിക്കൂടാ.
ചരിത്രത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും തെറ്റായ ഭാഗത്തുനിന്ന് നിരന്തരം അതിനെ ന്യായീകരിക്കുന്നതിലും നല്ലത് ക്രമാനുഗതവും ആസൂത്രിതവുമായ പിന്മാറ്റമാണ്. ജനങ്ങളുടെ പരിപൂർണമായ പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.