എം.എസ്. ധോണി (File Photo)
റാഞ്ചി: ആരാധകരുടെ പ്രിയപ്പെട്ട തല ധോണി ചൊവ്വാഴ്ചയാണ് ഐപിഎൽ താരമെന്ന നിലയിലുള്ള തന്‍റെ യാത്ര അവസാനിപ്പിച്ചത്. 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മെന്‍ററായിരിക്കും അദ്ദേഹം.
ക്രിക്കറ്റിന് പുറത്ത് കായിക ടീമുകൾ, പാദരക്ഷാ ബ്രാൻഡ്, ജിം ശൃംഖല, ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം സജീവമാണ്. കൂടാതെ, പത്തിലധികം സ്റ്റാർട്ടപ്പുകളിലും അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ട്. എന്നാൽ, ഇതിൽ ഭൂരിഭാഗം നിക്ഷേപങ്ങളുടെയും കൃത്യമായ തുക അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

നടൻ അഭിഷേക് ബച്ചനുമായി ചേർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ 'ചെന്നൈയിൻ എഫ്‌സി'യിൽ ധോണിക്ക് പങ്കാളിത്തമുണ്ട്.
'ബിസിനസ് ഇൻസൈഡർ' റിപ്പോർട്ട് അനുസരിച്ച്, 2014ൽ പ്രവർത്തനം നിലച്ച റാഞ്ചി റൈനോസിന് പകരമായി വന്ന 'റാഞ്ചി റേയ്‌സ്' എന്ന ഹോക്കി ടീമും അദ്ദേഹത്തിന്‍റേതാണ്.

2016ൽ 'സെവൻ' എന്ന ലൈഫ്‌സ്റ്റൈൽ ബ്രാൻഡ് ധോണി ആരംഭിച്ചു. ഇതിലെ പാദരക്ഷാ ബിസിനസ് അദ്ദേഹത്തിന്‍റേതാണ്; ബാക്കി ഭാഗങ്ങൾ 'ആർഎസ് സെവൻ ലൈഫ്‌സ്റ്റൈൽ' എന്ന കമ്പനിയുടേതാണ്.
ഈ ബ്രാൻഡിന്‍റെ ആഗോള അംബാസഡറും ധോണി തന്നെയാണ്. കൂടാതെ, 200ലധികം ജിമ്മുകൾ നടത്തുന്ന 'സ്പോർട്സ്ഫിറ്റ് വേൾഡ്' എന്ന ജിം ശൃംഖലയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.

2020 മാർച്ചിൽ ഡിജിറ്റൽ ലെഡ്ജർ ആപ്പായ ഖാതാബുക്കിൽ (Khatabook) നിക്ഷേപം നടത്തിയ ധോണി, അതിന്‍റെ ബ്രാൻഡ് അംബാസഡറുമായി. 'സ്റ്റോറിബോർഡ്18' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 2022ൽ ഡ്രോൺ നിർമാണ കമ്പനിയായ 'ഗരുഡ എയ്‌റോസ്‌പേസിൽ നിക്ഷേപം നടത്തിയ അദ്ദേഹം, 2024ൽ തന്‍റെ ഓഹരി വിഹിതം 1.1 ശതമാനമായി ഉയർത്തി.
'കാർസ്24' (Cars24), ഹോം ഇന്‍റീരിയർ സ്ഥാപനമായ 'ഹോംലെയ്ൻ' (HomeLane), ഇ-സൈക്കിൾ നിർമ്മാതാക്കളായ 'ഇമോട്ടോറാഡ്' (EMotorad) എന്നിവയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

തന്‍റെ പ്രശസ്തമായ ഹെലികോപ്റ്റർ ഷോട്ടിന്‍റെ പേരിൽ അറിയപ്പെടുന്ന 'കോപ്റ്റർ7' (Copter7) ചോക്ലേറ്റുകളും പാനീയങ്ങളും നിർമിക്കുന്ന '7ഇങ്ക്ബ്രൂസ്' (7InkBrews) എന്ന സ്റ്റാർട്ടപ്പിൽ 2021ൽ അദ്ദേഹം പങ്കാളിയായി.
സസ്യാധിഷ്ഠിത പ്രോട്ടീൻ ബ്രാൻഡായ 'ഷാക്ക ഹാരി' (Shaka Harry), ബംഗളൂരു ആസ്ഥാനമായുള്ള ഫിറ്റ്‌നസ് സ്റ്റാർട്ടപ്പ് 'ടാഗ്ദ രഹോ' (Tagda Raho) എന്നിവയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

ഭാര്യ സാക്ഷിയുമായി ചേർന്ന് 'ധോണി എന്‍റർടെയ്ൻമെന്‍റ്' എന്ന കമ്പനിക്ക് അദ്ദേഹം തുടക്കമിട്ടു. 2023-ൽ പുറത്തിറങ്ങിയ 'ലെറ്റ്‌സ് ഗെറ്റ് മാരീഡ്' (Let's Get Married) എന്ന തമിഴ് കോമഡി ചിത്രമാണ് ഈ ബാനറിൽ നിർമ്മിച്ച ആദ്യ സിനിമ.
റാഞ്ചിയിലെ തന്‍റെ വസതിയിൽ ഒരു ഓർഗാനിക് ഫാം നടത്തുന്ന ധോണിക്ക്, അതേ നഗരത്തിൽ 'ഹോട്ടൽ മഹി റെസിഡൻസി' എന്ന ഹോട്ടലുമുണ്ട്.

താൻ നടത്തിയ നിക്ഷേപങ്ങളുടെ തുകയോ ഓഹരി വിഹിതത്തിന്‍റെ കൃത്യമായ അളവോ ധോണി പൊതുവെ വെളിപ്പെടുത്തിയിട്ടില്ല. 'ഗരുഡ എയ്‌റോസ്‌പേസി'ലെ 1.1 ശതമാനം ഓഹരി എന്നത് പുറത്തറിഞ്ഞ ചുരുക്കം ചില കണക്കുകളിൽ ഒന്നാണ്.
ഈ കമ്പനികൾ ഫണ്ട് സമാഹരിക്കുമ്പോഴോ അല്ലെങ്കിൽ ഐപിഒയ്ക്കായി അപേക്ഷിക്കുമ്പോഴോ, അവ സമർപ്പിക്കുന്ന രേഖകളിൽ അവരുടെ കൈവശമുള്ള ആസ്തികളെക്കുറിച്ചുള്ള വിവരങ്ങൾ കാണാം.
Tags : MSDhoni Business Cricket Brand Investment StartUp IPL