മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ 45-ാം ജന്മദിനാഘോഷങ്ങൾക്ക് രാജ്യത്ത് ആവേശകരമായ തുടക്കമായി.
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഒത്തുകൂടിയ നൂറുകണക്കിന് ആരാധകർ പ്രിയ താരത്തിന്റെ ഭീമാകാരമായ കട്ടൗട്ടുകൾ ഉയർത്തിയാണ് ജന്മദിനത്തിന് വരവേൽപ്പ് നൽകിയത്.
ഇന്ത്യൻ ജേഴ്സിയിലും ചെന്നൈ സൂപ്പർ കിംഗ്സ് കുപ്പായത്തിലുമുള്ള ധോണിയുടെ ചിത്രങ്ങളിൽ ആരാധകർ പാലാഭിഷേകം നടത്തുകയും ചെയ്തു. ആർപ്പുവിളികളോടെയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തിയും ആരാധകർ ഈ നിമിഷം വലിയ ഉത്സവമാക്കി മാറ്റി.
സോഷ്യൽ മീഡിയയിലെ വിവിധ ഫാൻ പേജുകൾ വഴി ഇതിന്റെ വീഡിയോകൾ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ധോണിയെന്ന കായികതാരത്തോടുള്ള ആരാധനയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വിജയവാഡയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ.
ഓരോ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളും കേക്ക് മുറിക്കലുമായി ആരാധകർ ആഘോഷിക്കുന്ന ഈ പിറന്നാൾ ദിനത്തിനായി വലിയ കാത്തിരിപ്പിലാണ് കായികലോകം.