Business
കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ച കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ചു. താപനിലയെ പ്രതിരോധിക്കുന്നതിനും കൂടുതൽ കാലം ഈടുനിൽക്കുന്നതിനും ചൂടാകുന്നത് തടയുന്നതും സാധ്യമാകുന്ന രീതിയിലാണ് വി ഗാർഡ് കൂൾ വയറുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
സീറോ ഹാലജൻ ലോ സ്മോക്ക് വിഭാഗത്തിൽ സിഐഐ ഗ്രീൻ പ്രോഡക്ട്സ് ആൻഡ് സർവീസസ് കൗൺസിലിന്റെ ഇക്കോ ലേബൽഡ് പ്രോഡക്ട് ടൈപ്പ് 1 അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ഗ്രീൻപ്രോ സർട്ടിഫൈഡ് വയറുകളെന്ന പ്രത്യേകതയും കൂൾ വയറുകൾക്കുണ്ടെന്ന് അധികൃതർ പറഞ്ഞു.
Business
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ദീപക് രജാവത്തിനെ നിയമിച്ചു. ഡിസംബർ ഒന്നിന് ചുമതലയേറ്റെടുക്കും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറാണ്.
Business
റിക്കാർഡുകളുടെ പൊൻതിളക്കവുമായി കറുത്ത പൊന്നിന്റെ പ്രയാണം തുടരുന്നു. രാജ്യാന്തര വിപണിയിൽ വെളിച്ചെണ്ണ ചൂടു പിടിച്ചു. ആഭ്യന്തരതലത്തിൽ ഈ ചൂട് പ്രതിഫലിക്കുമോ? ടയർ ലോബി മസിൽ ഉരുട്ടി റബർ വിപണിയെ ഭീതിയിലാക്കി.
ആഭ്യന്തര തലത്തിൽ കുരുമുളകിന്റെ ലഭ്യതക്കുറവ് വിപണിയുടെ കുതിച്ചുചാട്ടത്തിന് വേഗം പകർന്നു. കനത്ത തോതിൽ ചരക്ക് ആവശ്യമുള്ള വ്യവസായികൾ ലഭ്യമാകുന്ന എല്ലാ മാർഗങ്ങളും ആരായുന്നുണ്ട്. അവരുടെ സജീവ സാന്നിധ്യത്തിൽ ഇന്ത്യൻ കുരുമുളക് വില കിലോയ്ക്ക് 75,200 രൂപയെന്ന റിക്കാർഡ് നിലവാരത്തിലെത്തി. ഗാർബിൾഡ് മുളകിന്റെ വില 77,200 രൂപയാണ്.
ഇതിനിടെ, വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 94.23ലേക്ക് ദുർബലമായത് രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളറിലേക്ക് നീങ്ങാൻ ഇടയാക്കി. കൊച്ചിയിൽ 183 ടണ്‍ മുളക് വിൽപനയ്ക്കെത്തി. തൊട്ടു മുൻവാരത്തേക്കാൾ പത്ത് ടണ്‍ കൂടുതലാണിത്. നാടൻ മുളക് കാർഷിക മേഖലകളിൽനിന്ന് കാര്യമായി ഇറങ്ങുന്നില്ല. ഒരു പരിധിവരെ ഉയർന്ന വിലയ്ക്കിടയിൽ പലരും വിറ്റുമാറി.
അന്താരാഷ്്ട്ര വിപണിയിൽ വിയറ്റ്നാമിന്റെയും ബ്രസീലിന്റെയും കയറ്റുമതി നീക്കങ്ങൾ ശ്രദ്ധേയമാണ്. നടപ്പുവർഷം ആദ്യ പത്ത് മാസം വിയറ്റ്നാം 2.37 ലക്ഷം ടണ്‍ കുരുമുളക് കയറ്റുമതി നടത്തി. 2025നെ അപേക്ഷിച്ച് കയറ്റുമതിയിൽ 15 ശതമാനം വർധന. ഈ വർഷത്തെ അവരുടെ കുരുമുളക് കയറ്റുമതി വരുമാനം 153 കോടി ഡോളറിലെത്തി.
ഇന്ത്യൻ കുരുമുളക് റിക്കാർഡിൽ
ബ്രസീലിൽ ലഭ്യമായ അനുകൂല കാലാവസ്ഥ കൃഷിവികസനത്തിന് പ്രയോജനപ്പെടുത്തിയതോടെ കുരുമുളക് ഉത്പാദനം ഉയർന്നതായി അവർ വ്യക്തമാക്കുന്നു. നടപ്പുവർഷം മികച്ച വിളവെടുപ്പാണ് അവിടെ പ്രതീക്ഷിക്കുന്നത്. ബ്രസീലിന്റെ കുരുമുളക് കയറ്റുമതി ജനുവരി–ഒക്ടോബർ കാലയളവിൽ 72,364 ടണ്ണിലെത്തിയതായാണ് വിവരം. ബ്രസീലിൽനിന്ന് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ ഇറങ്ങുന്നത് രാജ്യാന്തര വിപണിയിൽ വിയറ്റ്നാമിന് കടുത്ത വെല്ലുവിളിയായി.
രാജ്യാന്തര വിപണിയിലെ ഈ മത്സരങ്ങൾക്കിടയിലും ഇന്ത്യൻ കുരുമുളക് സർവകാല റിക്കാർഡിലേക്ക് ചുവടുവച്ചത് ഏറെ ശ്രദ്ധേയം. ആഭ്യന്തര ഡിമാൻഡ് ശക്തമാണെങ്കിലും ബ്രസീലിന്റെ നീക്കം ആഗോളതലത്തിൽ ഉൽപന്നവിലയിൽ സാങ്കേതിക തിരുത്തലുകൾക്ക് ഇടയാക്കാം. ക്രിസ്മസ് ബയിംഗ് ഏതാണ്ട് അവസാനഘട്ടത്തിലാണ്. യുഎസ, യൂറോപ്യൻ ബയർമാർ ബയിംഗ് പൂർത്തിയാക്കി ഈ വാരമോ, അടുത്ത വാരത്തോടെയോടെ താത്കാലികമായി രംഗം വിടും. അവരുടെ പിന്മാറ്റം ആഗോള വിപണിയിൽ ചെറിയ മ്ലാനത പരത്താം.
വിളവെടുപ്പ് പുരോഗമിക്കുന്ന ബ്രസീൽ 5550 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ഇന്തോനേഷ്യ 6750 ഡോളറിനും ശ്രീലങ്ക 7300 ഡോളറിനും മലേഷ്യ 9100 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.
വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചു
ക്രിസ്മസ്–പുതുവത്സര ഓർഡറുകൾ രാജ്യാന്തര വെളിച്ചെണ്ണവിപണിയിൽ ചൂടുപിടിക്കാൻ അവസരമൊരുക്കി. ഉത്സവാഘോഷങ്ങൾ മുന്നിൽക്കണ്ട് യൂറോപ്യൻ വാങ്ങലുകാര്‍ വെളിച്ചെണ്ണയിൽ പിടിമുറുക്കിയതോടെ നിരക്ക് ടണ്ണിന് 2125 ഡോളർ വരെ ഉയർന്നു. ഇതിന്റെ പ്രതിഫലനം രാജ്യാന്തര തലത്തിൽ കൊപ്രയ്ക്കും പുതുജീവൻ സമ്മാനിക്കാം. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ കൊപ്രലഭ്യത വരും ആഴ്ചകളിൽ ആഗോള വിപണിയുടെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കും.
നമ്മുടെ വെളിച്ചെണ്ണ വില ടണ്ണിന് 2723 ഡോളറാണ്. ദക്ഷിണേന്ത്യയിൽ നാളികേരം സംസ്കരിച്ച് കൊപ്രയാട്ടുന്നതിൽ അനുവർത്തിക്കുന്ന കർശന നിയന്ത്രണങ്ങൾ തന്നെയാണ് നമ്മുടെ വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉയർത്തുന്നത്. നമ്മുടെ എണ്ണയുമായി താരതമ്യം ചെയ്യുന്പോൾ ഫിലിപ്പീൻസ് എണ്ണ ഏറെ പിന്നിലാണ്. തമിഴ്നാട്ടിൽ കൊപ്ര ക്വിന്റലിന് 14,900 രൂപയിലും കൊച്ചിയിൽ 15,600 രൂപയിലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ വില 25,000 രൂപയാണ്. ദീപാവലി വേളയിൽ പ്രകാശം പരാത്താനാവാഞ്ഞ നമ്മുടെ വിപണിക്ക് അന്താരാഷ്്ട്ര വിപണിയിലെ പുതിയ ചലനങ്ങൾ പുതുജീവൻ പകരുമോ?
തേയിലയ്ക്കു കടുപ്പം കൂടും
വരൾച്ചാ ദിവസങ്ങൾ അവസാനിച്ചതോടെ ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി. പ്രതികൂല കാലാവസ്ഥയിൽ സെപ്റ്റംബറിൽ ദക്ഷിണേന്ത്യൻ മേഖലയിലെ തേയില ഉത്പാദനം 15 ശതമാനം കുറഞ്ഞു. ഉയർന്ന പകൽച്ചൂടും മണ്‍സൂണ്‍ ദുർബലമായതും തമിഴ്നാട്ടിലെ കൂനൂർ അടക്കമുള്ള മേഖലകളിൽ കൊളുന്തുനുള്ളലിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ, നവംബറിൽ തണുപ്പിന് കട്ടി കൂടിയതോടെ തോട്ടങ്ങളിൽ തൊഴിലാളികൾ പരമാവധി കൊളുന്ത് നുള്ളാൻ ഉത്സാഹിക്കുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായാൽ വീണ്ടും തിരിച്ചടിക്കു സാധ്യതയുമുണ്ട്. രാത്രി കൊടുംതണുപ്പും പകൽ ഉയർന്ന താപനിലയും തുടർന്നാൽ കൊളുന്ത് കരിയാൻ ഇടയാകും.
ദക്ഷിണേന്ത്യൻ ലേലകേന്ദ്രങ്ങളിൽ തേയിലവിലയിൽ വാർഷിക മുന്നേറ്റമുണ്ടായി. കൊച്ചിയിൽ ശരാശരി വില കിലോയ്ക്ക് 160 രൂപയും കോയന്പത്തൂരിൽ 139 രൂപയും കൂനൂരിൽ 124 രൂപയുമാണ്. ക്രിസ്മസ് ഡിമാൻഡിനൊപ്പം ശൈത്യകാല ആവശ്യവും ഉയരുന്നത് ലേലത്തിൽ തേയിലയുടെ കടുപ്പം വർധിപ്പിക്കാം. ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷം മൂലം ഏതാനും മാസങ്ങളായി ഗൾഫ് മേഖലയിലേക്കുള്ള തേയില കയറ്റുമതിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്.
റബറിന് ചാഞ്ചാട്ടം
ഏഷ്യൻ റബർ അവധിവ്യാപാര കേന്ദ്രങ്ങളിൽ പിന്നിട്ട വാരത്തിലും ചാഞ്ചാട്ടം. കഴിഞ്ഞ നാലാഴ്ചത്തെ ഇടിവിനുശേഷം ജപ്പാൻ ഒസാക്കയിൽ റബർ വില ഉയർന്നു. റബർ ഏപ്രിൽ കരാർ കിലോയ്ക്ക് 441 യെന്നിലാണ് വെള്ളിയാഴ്ച. പിന്നിട്ട വാരത്തിൽ വില നാല് ശതമാനം മുന്നേറി. യെന്നിന്റെ വിനിമയമൂല്യം ദുർബലമായത് ജപ്പാൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിച്ചു.
ഉത്പാദന മേഖലകളിൽ കാലാവസ്ഥ മെച്ചപ്പെട്ടതും തായ്ലൻഡിൽ ടാപ്പിംഗ് രംഗം സജീവമാകുമെന്നതും വിപണിക്ക് വെല്ലുവിളിയാണ്. ചൈനീസ് ടയർ മേഖലയിൽനിന്നുള്ള ഡിമാൻഡ് മങ്ങിയത് സമ്മർദം ഉളവാക്കാം. ഒസാക്ക വിപണിയിൽ 445 യെന്നിലെ പ്രതിരോധം നിർണായകമാവും.
ടയർ നിർമാതാക്കൾ ഇന്ത്യൻ വിപണിയെ പിടിച്ചുകെട്ടി. നാലാം ഗ്രേഡിനെ മാസാരംഭത്തിൽ 300 രൂപയിലേക്ക് ഉയർത്തിയ അവർ കഴിഞ്ഞ വാരം റബർ വില 283 രൂപയിലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 280 രൂപയിലും ലാറ്റക്സ് 175 രൂപയിലുമാണ്.
Business
ആഗോള സാന്പത്തിക മേഖലയിൽ തല ഉർത്തുന്ന പുതിയ അനിശ്ചിതത്വങ്ങൾക്ക് അൽപം പോലും പ്രാധാന്യം നൽകാതെ ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും മുന്നേറി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തിരിച്ചുവരവിനിടയിൽ പൊതുമേഖലാ ബാങ്കിംഗ് ഓഹരികളിൽ ദൃശ്യമായ വാങ്ങൽ താത്പര്യവും വിപണിക്ക് നേട്ടമായി.
തുടർച്ചയായ മൂന്നാം വാരവും സൂചികകൾ മുന്നേറ്റം തുടർന്നെങ്കിലും വാരാന്ത്യത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചു. നിഫ്റ്റി സൂചിക 114 പോയിന്റും സെൻസെക്സ് 564 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. വർഷാന്ത്യത്തിൽ വിപണിയിൽ ദൃശ്യമായ ഈ വാങ്ങൽ താത്പര്യം നിലനിർത്താനായാൽ നിഫ്റ്റിക്ക് പുതുവർഷത്തിൽ 26,000ന് മുകളിലേക്ക് അതിവേഗം സഞ്ചരിക്കാനാകും.
വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ കാണിക്കുന്ന താത്പര്യം പ്രാദേശിക നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് പിന്നിട്ട വാരം ഒരു ദിവസം വിപണിക്ക് അവധിയായിരുന്നു. ശേഷിച്ച നാല് ദിവസങ്ങളിലും വിദേശ നിക്ഷേപകർ അറ്റവാങ്ങലുകാരായിരുന്നു.
അതേസമയം, മാസങ്ങളായി ഇന്ത്യൻ വിപണിയുടെ ചുക്കാൻ പിടിച്ചിരുന്ന ആഭ്യന്തര ഫണ്ടുകൾ ചുവടുമാറ്റി എല്ലാ ദിവസങ്ങളിലും വിൽപ്പനക്കാരായി. വിദേശ മൂലധനപ്രവാഹം വിപണിക്ക് അനുകൂലമാണെങ്കിലും എഐ സൃഷ്ടിച്ച ആഘാതങ്ങളും ആഗോള സാന്പത്തികരംഗത്തെ പുതിയ ചലനങ്ങളും വിദേശ ഇടപാടുകാരെ വിപണിയിൽ കൂടുതൽ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കും.
നിഫ്റ്റി സൂചിക ദീപാവലി മുഹൂർത്ത വ്യാപാരത്തിലെ 24,986ൽനിന്നും വാരത്തിന്റെ തുടക്കത്തിൽ 24,838ലേക്ക് താഴ്ന്ന ഘട്ടത്തിൽ വിദേശ വാങ്ങലുകാർ സംഘടിതമായി രംഗത്തെത്തി. ഇതോടെ സൂചിക 25,000ലെ കടന്പ ഭേദിച്ച് 25,424 പോയിന്റ് വരെ മുന്നേറി. താഴ്ന്ന നിലവാരത്തിൽനിന്നും ഏകദേശം 586 പോയിന്റ് ഉയർന്നത് അവസരമാക്കി വാരാന്ത്യത്തിൽ അവർ ലാഭമെടുപ്പിന് മുതിർന്നു. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 25,144ലാണ്.
നിഫ്റ്റി മുന്നേറും
ഈ വാരം വിപണി 24,846ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 25,432ലേക്കും തുടർന്ന് 25,721ലേക്കും മുന്നേറാം. അതേസമയം, വാരാന്ത്യത്തിൽ ദൃശ്യമായ ലാഭമെടുപ്പ് ഈ വാരത്തിന്റെ തുടക്കത്തിലും വിൽപനസമ്മർദത്തിന് വഴിയൊരുക്കിയാൽ നിഫ്റ്റി 24,549ൽ പിടിച്ചുനിൽക്കാൻ ശ്രമിക്കാം.
നിഫ്റ്റി അതിന്റെ 20, 50, 100, 200 ദിവസ മൂവിംഗ് ആവറേജുകൾക്കു മുകളിൽ നീങ്ങുന്നത് സൂചികയുടെ അടിസ്ഥാന മുന്നേറ്റത്തിന് ശക്തി പകരും. സാങ്കേതികമായി വിലയിരുത്തിയാൽ ഹ്രസ്വകാലയളവിൽ വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്താം. അതേസമയം, ആർഎസ്ഐ ഓവർബോട്ട് മേഖലയിലേക്ക് നീങ്ങുന്നത് വാരമധ്യത്തിൽ തിരുത്തലിന് ഇടയാക്കിയേക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ വിപണി ബുള്ളിഷ് മനോഭാവം കാണിച്ചു. നവംബർ ഫ്യൂച്ചേഴ്സിൽ ഷോർട്ട് കവറിങ്ങും ഡിസംബർ ഫ്യൂച്ചേഴ്സിൽ പുതിയ ലോംഗ് പൊസിഷനുകളും രൂപപ്പെട്ടത് വിപണിയുടെ അടിയൊഴുക്കിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനയായി വിലയിരുത്താം. നവംബർ ഫ്യൂച്ചേഴ്സ് 25,032ൽ നിന്നും 25,171ലേക്ക് ഉയർന്നു. അതേസമയം, ഓപ്പണ്‍ ഇന്ററസ്റ്റ് 120.9 ലക്ഷം കരാറുകളിൽ നിന്ന് 117.9 ലക്ഷമായി കുറഞ്ഞു.
സെൻസെക്സ് ആശങ്ക!
സെൻസെക്സ് 81,028 പോയിന്റിൽനിന്ന് വ്യാപാരത്തിന്റെ ആദ്യദിനത്തിൽ തന്നെ 80,519ലേക്ക് തളർന്നെങ്കിലും വാരമധ്യത്തിൽ ബ്ലൂചിപ്പ് ഓഹരികളിൽ ഫണ്ടുകൾ കാണിച്ച താത്പര്യം സൂചികയെ ഉയർന്ന നിലവാരമായ 82,520ലേക്ക് എത്തിച്ചു. എന്നാൽ ഈ നിലവാരത്തിൽനിന്നു പിന്നീട് കൂടുതൽ മുന്നേറാനാകാതെ വാരാവസാനം 81,592ലാണ് ക്ലോസ് ചെയ്തത്. നിലവിൽ 80,567ലെ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 79,542ലേക്ക് പരീക്ഷണങ്ങൾക്ക് മുതിർന്നേക്കാം. അതേസമയം, വാങ്ങൽ താത്പര്യം ഉടലെടുത്താൽ സെൻസെക്സ് 82,568–83,544ലേക്ക് ചുവടുവയ്ക്കും.
വിദേശ ഫണ്ടുകൾ ഇന്ത്യയിൽ തുടർച്ചയായി പത്ത് ദിവസങ്ങളിൽ അറ്റനിക്ഷേപകരായി. ഈ ചുരുങ്ങിയ കാലയളവിൽ അവർ ഏകദേശം 89,515 കോടി രൂപയുടെ ഓഹരികൾ വാങ്ങി. പിന്നിട്ട വാരം മാത്രം 33,342.70 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേസമയം, ഈ വർഷം ആദ്യ പത്ത് മാസങ്ങളിൽ അവർ 2.95 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അതുകൊണ്ടുതന്നെ നിലവിലെ വാങ്ങൽ പ്രവണത എത്രനാൾ തുടരുമെന്നതിനെ അടിസ്ഥാനമാക്കിയാകും വിപണിയുടെ കുതിപ്പും കിതപ്പും. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞ വാരം മൊത്തം 24,191.81 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ചാഞ്ചാടിയാടി... രൂപ
രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. വിദേശ നിക്ഷേപകരുടെ പിന്തുണ തുടക്കത്തിൽ രൂപയ്ക്ക് കരുത്തു പകർന്നെങ്കിലും ഇതിനിടെ ക്രൂഡ് ഓയിൽ വില വർധിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന ആശങ്ക വിപണിയിൽ പരന്നതും രൂപയിൽ സമ്മർദമുളവാക്കി. രൂപയുടെ മൂല്യം 93.93ൽ നിന്നും ഒരുഘട്ടത്തിൽ 93.70ലേക്ക് ശക്തിപ്രാപിച്ചെങ്കിലും വാരാന്ത്യം 94.23ലാണ്.
അന്താരാഷ്്ട്ര ക്രൂഡ് ഓയിൽ വില തുടർച്ചയായ രണ്ടാം വാരത്തിലും നഷ്ടത്തിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 95.84 ഡോളർ. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 4069 ഡോളറിൽനിന്നും 4150 ഡോളറിലേക്ക് ഉയർന്നു.ഈ അവസരത്തിൽ അലയടിച്ച വിൽപനസമ്മർദം മഞ്ഞലോഹത്തെ 3854 ഡോളറിലേക്ക് ഇടിച്ചശേഷം ക്ലോസിംഗിൽ 3883 ഡോളറിലെത്തിച്ചു.
Business
ആലപ്പുഴ: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ആലപ്പുഴയിലെ പൈതൃക മാതൃകയിലുള്ള പുതിയ ഷോറൂം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.
എംഎല്‍എമാരായ ജി. സുധാകരന്, എ.ഡി. തോമസ്, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ മോളി ജേക്കബ്, പി.പി. ചിത്തരഞ്ജന്, ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എം.ജി. സതീദേവി, ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്, മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.എം. നസീര്‍, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച ഡിജിറ്റല്‍ ലക്കി ഡ്രോയുടെ നറുക്കെടുപ്പും നടത്തി.
ഓക്സിജന്റെ 49-ാമത്തെ ഷോറൂമാണ് ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ലാപ്ടോപ്പുകള്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍ ആന്ഡ്് ബാറ്ററികള്‍ തുടങ്ങിയവയുടെ വിപുലമായ കളക്്ഷനാണ് ഇരുനിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം ഗൃഹോപകരണങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഷോറൂമില്‍ അവസരമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിലുണ്ട്. എഐ സാങ്കേതികവിദ്യയിലുള്ള നൂനത ഉത്പന്നങ്ങളാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ക്ക് പ്രത്യേക ഓഫറുകളുമുണ്ട്. മൊബൈല്‍ ബ്രാന്‍ഡുകള്‍ നല്കുന്ന വാറന്റിക്ക് പുറമെ ഓക്സിജന്‍ നല്കുന്ന അധികവാറന്റി സ്കീമുകളും പ്രൊട്ടക്്ഷന്‍ പ്ലാനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള വായ്പാസൗകര്യവും ലഭ്യമാണ്. ഇതിലൂടെ ആകര്‍ഷകമായ തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഉത്പന്നങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.
ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിനുശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്കായി വാലറ്റ് പാര്‍ക്കിംഗടക്കം പ്രത്യേക വാഹനപാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Business
കൊച്ചി: ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ഇന്‍ഫോസിസ് പ്രൈസ്-2026ന് ആറു യുവ ഗവേഷകര്‍ അര്‍ഹരായി. സാമ്പത്തികശാസ്ത്രം, എന്‍ജിനിയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ ആറു വിഭാഗങ്ങളിലാണ് പുരസ്കാരം.
കാര്‍ത്തിക് ശാസ്ത്രി, സ്വരുണ്‍ കുമാര്‍, ഗൗതം ഭാട്ടിയ, ഇഷാ ജെയിന്, ഋദ്ധിപ്രതിം ബസു, മനോജ് കുമാര്‍ ജോഷി എന്നിവരാണു ജേതാക്കള്‍.
40 വയസില്‍ താഴെയുള്ള ഗവേഷകര്‍ക്കു നല്കുന്ന പുരസ്കാരത്തില്‍ സ്വര്‍ണമെഡല്‍, പ്രശസ്തിപത്രം, ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) എന്നിവ ഉള്‍പ്പെടുന്നു. ഗവേഷണരംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
Business
കൊച്ചി: കുട്ടികളുടെ ഭാവി ആസൂത്രണവും വിരമിക്കല്‍ കാലത്തെ സാമ്പത്തികസുരക്ഷയും ലക്ഷ്യമിട്ടു ജനറാലി സെന്‍ട്രല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് ബഡാ സോച്ചോ ഫോര്‍ യുവര്‍ ബിന്ദാസ് ഡ്രീംസ് എന്ന തത്വത്തിലൂന്നിയ ദേശീയ ബ്രാന്‍ഡ് കാമ്പയിനായ ഹിയര്‍ നൗവിന്റെ പുതിയ ഘട്ടം ആരംഭിച്ചു.
തെരഞ്ഞെടുത്ത ഇന്‍ഷ്വറന്‍സ് പ്ലാനുകള്‍ക്കൊപ്പം പ്രീമിയം വെയ്വര്‍ റൈഡറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും ലക്ഷ്യമിട്ടുള്ള ജനറാലി സെന്‍ട്രല്‍ അഷ്വേര്‍ഡ് എഡ്യുക്കേഷന്‍ പ്ലാന്‍, ലോംഗ് ടേം ഇന്‍കം പ്ലാന്‍, മണി ബാക്ക് സൂപ്പര്‍ പ്ലാന്‍ എന്നിവയും വിരമിക്കല്‍ ആസൂത്രണത്തിനുള്ള സുനേഹ്റ പെന്ഷന് പ്ലാന്‍, ലൈഫ് ടൈം പാര്‍ട്ണര്‍ പ്ലാന്‍ തുടങ്ങിയവയും കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലുണ്ട്.
Business
തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡ്ല് ഗ്ലോബലില്‍ ശ്രദ്ധയാകര്‍ഷിച്ച് പ്രവാസികള്‍ക്കുള്ള എഐ വെല്‍ത്ത് മാനേജിംഗ് ആപ്പായ ഓവര്‍സീ. പ്രവാസികളുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും പലപ്പോഴും ഒന്നിലധികം രാജ്യങ്ങളിലായിരിക്കുമെന്ന സങ്കീര്‍ണത കണക്കിലെടുത്തുള്ള സമഗ്ര സേവനങ്ങളും ലഭ്യമാക്കുന്നുവെന്നതിനാല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ആപ്പിനു ലഭിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ചെടുത്ത കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഓവര്‍സീ വെല്‍ത്തിന്റെ പ്രൊമോട്ടര്‍മാരായ സഖില്‍ സുരേഷ്, സജല്‍ സര്‍വര്‍, അഖില്‍ ജെയിംസ്, ആസിഫ് കട്ടകത്ത്, വിഷ്ണു കാര്ത്തികേയന് എന്നിവര്‍ പറഞ്ഞു.
2017 മുതല്‍ ഫിന്‍ടെക് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രൊമോട്ടര്‍മാരുടെ അനുഭവസമ്പത്തും എഐ സാങ്കേതികവിദ്യയും ഒരുമിച്ചതിലൂടെയാണ് പ്രവാസികളുടെ സാമ്പത്തിക മാനേജ്മെന്റിനെ ലളിതമാക്കുന്ന പുതിയ പ്ലാറ്റ്ഫോമിന്റെ ഉദയം.
വിവിധ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളുമുള്ള പ്രവാസികള്‍ക്ക് അവരുടെ ആസ്തികളും ബാധ്യതകളും കൃത്യമായി വിലയിരുത്തുക ശ്രമകരമാണ്. ഇതിനായി പലരും സ്പ്രെഡ്ഷീറ്റുകളെയും ട്രാക്കിംഗ് ആപ്പുകളെയുമാണ് ആശ്രയിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി വിവിധ ബാങ്കിംഗ് , ഇന്‍വെസ്റ്റ്മെന്റ് , ബ്രോക്കറേജ് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കുകയും ഒപ്പം അതെല്ലാം ഇന്റലിജന്റായി മാനേജ് ചെയ്യുകയുമാണ് ഓവര്‍സീ വെല്‍ത്ത്.
വ്യക്തിഗത ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ക്ക് പുറമെ, നിക്ഷേപ കാലാവധികള്‍, പ്രധാനപ്പെട്ട തീയതികള്‍, പുതുക്കലുകള്‍, ഉപയോഗിക്കാതെ കിടക്കുന്ന പണം എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ആപ്പ് നല്‍കും. ഇതോടെ ഓരോ പ്രവാസിക്കും തന്റെ സമ്പാദ്യം കൂടുതല്‍ വ്യക്തതയോടെയും കാര്യക്ഷമതയോടെയും കൈകാര്യം ചെയ്യാനാകും.
ആപ്പിലെ എഐ അസിസ്റ്റന്റ് ചാറ്റ് സംവിധാനത്തിലൂടെ തന്നെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതാണ് മറ്റൊരു സവിശേഷത. ലൈസന്‍സുള്ള പങ്കാളികള്‍ മുഖേന നിക്ഷേപങ്ങള്‍ നടത്തുക, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക, ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുക, ഇന്‍ഹെറിറ്റന്‍സ് പ്ലാനിങ് നടത്തുക തുടങ്ങിയ സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാകും. ആവശ്യമെങ്കില്‍ സാമ്പത്തിക വിദഗ്ധരുടെ സേവനവും ലഭ്യമാണ്. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട പ്രവാസികള്‍ക്ക് ഇതൊരു പേര്‍സണല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും.
2026 ഡിസംബറില്‍ ബീറ്റാ ലോഞ്ച് നടത്താനാണ് കൊച്ചി പനമ്പിള്ളി നഗര്‍ ആസ്ഥാനമായുള്ള ഓവര്‍സീ വെല്‍ത്ത് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പ്രധാനമായും ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് സേവനം നല്‍കാനാണ് പദ്ധതി. 2027 അവസാനത്തോടെ ഉപഭോക്താക്കളുടെ എണ്ണം 10,000 ആക്കാനും ഒപ്പം 1,000 കോടി രൂപയുടെ അസറ്റ്സ് അണ്ടര്‍ മാനേജ്മെന്റും 15 കോടി രൂപയുടെ വാര്‍ഷിക വരുമാനവും കമ്പനി ലക്ഷ്യമിടുന്നു.
Business
തിരുവനന്തപുരം: പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 5.0-ൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും പങ്കാളികളാകുന്നു. 30 വരെ രാജ്യത്തുടനീളമുള്ള 2000 ജില്ലകളിലും സബ് ജില്ലകളിലുമായാണ് ഈ കാമ്പയിൻ നടപ്പിലാക്കുന്നത്.
വിദൂര പ്രദേശങ്ങളിൽ കഴിയുന്നവർ ഉൾപ്പടെയുള്ള എല്ലാ പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ ഫേസ് ഓതന്റിക്കേഷൻ, ഫിംഗർപ്രിന്റ് ബയോമെട്രിക് ഓതന്റിക്കേഷൻ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും, മുതിർന്ന പൗരന്മാർക്ക് അവരുടെ വീടുകളിലോ അടുത്തുള്ള പോസ്റ്റ് ഓഫിസുകളിലോനിന്ന് തന്നെ സേവനം ലഭ്യമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ പെൻഷൻകാർക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഡിഎൽസി കാന്പയിൻ 5.0 സഹായിക്കും. ഇതിനായി ഇന്ത്യയിലെ ലക്ഷക്കണക്കിനു പോസ്റ്റ്മാന്‍മാരുടെയും ഗ്രാമീൺ ഡാക് സേവകരുടെയും സേവനം തപാൽ വകുപ്പും ഐപിപിബിയും പ്രയോജനപ്പെടുത്തുന്നുണ്ട്. പോസ്റ്റ് ഓഫീസുകൾ വഴിയോ, പെൻഷൻകാരുടെ വീട്ടുപടിക്കൽ എത്തിച്ചോ, അല്ലെങ്കിൽ പ്രത്യേക ഡിഎൽസി ക്യാമ്പുകൾ വഴിയോ ഈ സേവനം ലഭ്യമാക്കും.
പെൻഷൻകാർക്ക് പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് വഴിയോ അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫിസ് സന്ദർശിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. jeevanpramaan.gov.in/v1.0/ എന്ന വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് ഓൺലൈനായി കാണാൻ സാധിക്കും.
Business
കൊച്ചി: ഇറാം ഹോള്‍ഡിംഗ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സിദ്ദിഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്കര്‍ പുരസ്കാരം. കൊച്ചി താജ് ഗേറ്റ് വേയിൽ നടന്ന ബ്രാന്‍ഡ് കേരളം ബിസിനസ് സമ്മിറ്റ് 2026ല്‍ മുഖ്യമന്ത്രി വി .ഡി. സതീശനാണ് പുരസ്കാരം സമ്മാനിച്ചത്.
വ്യവസായ വാണിജ്യ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കുന്ന സംരംഭകരേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതിന് സംഘടിപ്പിക്കുന്ന പ്രമുഖ പുരസ്കാരമാണ് പ്രോഫിറ്റ് ടസ്കര്‍ ഇന്ത്യ അവാര്‍ഡ്സ്. സംരംഭക മേഖലയ്ക്കും കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയ്ക്കും ഇറാം ഹോള്‍ഡിംഗ്സ് നല്കിയ മികച്ച സംഭാവനകള്‍, ദീര്‍ഘവീക്ഷണം, നേതൃത്വമികവ് എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
ഇന്‍ഡോ കോണ്ടിനെന്റല് ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രമോഷന് കൗണ്‍സിലും എഫ്വൈബിബിയും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. എണ്ണ- വാതകം, ഊര്‍ജം, നിര്‍മാണം, ഉത്പാദനം, യാത്ര, ആരോഗ്യപരിചരണം, ഐടി, മാധ്യമം, ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, പരിശീലനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സംരംഭക കൂട്ടായ്മയാണ് ഇറാം ഹോള്‍ഡിംഗ്സ്. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് ഡോ. സിദ്ദിഖ് അഹമ്മദ്.
വിവിധ വ്യവസായ മേഖലകളിലെ മികവ് പരിഗണിച്ച് 21 പേര്‍ക്കാണ് ചടങ്ങില്‍ പ്രോഫിറ്റ് ടസ്കര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി വി .ഡി .സതീശന് വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മികച്ച സംരംഭകരുടെ പങ്ക് വലുതാണെന്ന് അഭിപ്രായപ്പെട്ടു. ഐസിടിഇപി കൗണ്‍സില്‍ ചെയര്മാന് ഡോ. ടി വിനയ് കുമാര്‍, സെക്രട്ടറി ജനറല്‍ യു എസ് കുട്ടി, ഡയറക്ടര്‍ കെ രവീന്ദ്രന്, പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍മാരായ കിരണ്‍ ജെയിംസ്, അലന് ജോണ്‍, രാജശ്രീ വര്‍മ്മ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Business
ടയർ ലോബി പാലം വലിച്ചതോടെ റബറിന്റെ കാലിടറിയെങ്കിലും ഷീറ്റ് ക്ഷാമം വ്യവസായികളുടെ ഉറക്കം കെടുത്തും. അവധി വ്യാപാരത്തിൽ നാലാം വാരവും റബറിനു തളർച്ച. ഉത്തരേന്ത്യൻ ഡിമാൻഡ് മങ്ങിയത് കുരുമുളകിൽ സാങ്കേതിക തിരുത്തലിനു വഴിയൊരുക്കി. ജാതിക്കയും ഗ്രാമ്പുവും ശക്തമായ നിലയിൽ. ദീപാവലി വേളയിലും കൊപ്രയാട്ട് വ്യവസായം ഇരുട്ടിൽ തപ്പുന്നു.
കാർഷിക മേഖലയുടെ മനസിലിരിപ്പ് അറിഞ്ഞ് മുന്നൂറിന്റെ പാലം കടക്കുവോളം നാരായണ ജപിച്ച ടയർ ലോബി പാലം കടന്നതോടെ കുരായണയെന്നായി. പഴഞ്ചൊല്ലിൽ പതിരില്ലെന്ന് വ്യവസായികൾ ഒരിക്കൽക്കൂടി തെളിയിച്ചു. അതേ, രൂക്ഷമായ റബർ ക്ഷാമത്തിൽ വിപണി വിലയിലും ഉയർത്തി ചരക്ക് സംഭരിച്ച് ഉത്പാദകർക്ക് അമിത പ്രതീക്ഷ പകർന്നവർ ഒടുവിൽ മൗനത്തിലേക്ക്. വാരാരംഭത്തിൽ ക്വിന്റലിന് 30,000 രൂപയ്ക്ക് റബർ സംഭരിക്കാൻ വലുതും ചെറുതുമായ വ്യവസായികൾ ഉത്സാഹിച്ചു.
എന്നാൽ, വാരമധ്യം പിന്നിട്ടതോടെ അവർ മനസുമാറ്റി. അതൊരു ഒറ്റപ്പെട്ട തീരുമാനമല്ല, ടയർ ലോബി സംഘടിതമായി കൈക്കൊണ്ട നിലപാടാണ്. വില ഇടിക്കുക. നാലാം ഗ്രേഡിനെ 300 രൂപയിൽ നിന്ന് 292 വരെ ചവിട്ടിത്താഴ്ത്തി. ഇതിനിടയിൽ വ്യാപാരി വിലയും താഴ്ത്തി ഉത്പാദന മേഖലകളെ മുൾമുനയിലാക്കി. നേരത്തെ കമ്പനി സപ്ലയർമാർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തിയ വ്യവസായികളുടെ കൊടിയുടെ നിറവും മാറി.
ബാങ്കോക്കിലെ തെക്കൻ പ്രദേശങ്ങളിൽ മഴയാണെങ്കിലും കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദനം ഉയരുമെന്നത് വിലയെ ബാധിക്കാം. വാരാന്ത്യം റബർ 261 രൂപയിലാണ്. ഒടോബർ മധ്യം 282 രൂപയായിരുന്നു.
ജപ്പാൻ ഒസാക്കയിൽ നാലാം വാരവും റബറിന് തളർച്ച. ചൈനയിലും സിംഗപ്പുരിലും വില കുറഞ്ഞു. വില്പനക്കാർ പിടിമുറുക്കിയതിനാൽ കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചതു പോലെ തന്നെ ജാപ്പനീസ് വിപണി അല്പം കിതപ്പോടെയാണ് നവംബറിലേക്ക് പ്രവേശിച്ചത്. ജപ്പാനിൽ ഓപ്പണിംഗിൽ 444 യെന്നിൽനിന്നും പോയവാരം സൂചിപ്പിച്ച 436 യെന്നിലേക്ക് കാലിടറി. വെള്ളിയാഴ്ച വില 421 യെന്നിലേക്കും ഇടിഞ്ഞു.
അതേസമയം കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച 420 യെന്നിലെ താങ്ങ് നിലനിർത്തിയത് ഉത്പാദക രാജ്യങ്ങൾക്ക് ആശ്വാസമായി.എന്നാൽ, വിപണി ഇപ്പോഴും ഊഹക്കച്ചവടക്കാരുടെ പിടിയിൽ തന്നെ. അതായത് നവംബർ ആദ്യം സൂചിപ്പിച്ച 404 യെന്നിലേക്കുള്ള ദൂരം അകലെയല്ല. വിപണിയിൽ അവർ ഒരു പിടിപിടിച്ചാൽ റബർ 386 യെന്നിലേക്കും മുഖംതിരിക്കും. മാർച്ചിലെ 358 യെന്നിൽനിന്ന് റബറിനെ 444 യെന്നിലേക്കും തുടർന്ന് 467 യെന്നിലേക്കും കൈപിടിച്ചുയർത്തിയ അവരുടെ മടിശീലയ്ക്ക് കനം കൂടി. ആ മണിപവർ ഉപയോഗിച്ച് അവർ വിപണിയെ തളർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതിന്റെ ഏറ്റവും വ്യക്തമായ ചിത്രം തെളിഞ്ഞു. തീരുവയില്ലാതെ റബർ ഇറക്കുമതി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചു. ഇനി കണക്കുകളുടെ കളികളാകും പുറത്തുവരിക. ആഭ്യന്തര റബർ ഉത്പാദനവും ഉപഭോഗവും തമ്മിൽ 5.22 ലക്ഷം ടണ്ണിന്റെ വിടവ്. കഴിഞ്ഞ നവംബറിലെ 186 രൂപയിൽനിന്ന് വില 300 രൂപയിലേക്ക് കയറിയപ്പോൾ വർധന 62 ശതമാനം. ടയർ കയറ്റുമതി പ്രോത്സാഹിപ്പിക്കാനും വിദേശനാണ്യം നേടാനും വ്യവസായികളുടെ താത്പര്യം സംരക്ഷിക്കാതിരിക്കാൻ വാണിജ്യ മന്ത്രാലയത്തിനാവുമോ ? ഒരിക്കലുമില്ല.
തകർച്ചയിൽ വീഴാതെ കുരുമുളക്
പ്രതീക്ഷിച്ചതു പോലെ തന്നെ ഉത്തരേന്ത്യൻ വാങ്ങൽ അവസാനിച്ചതോടെ കുരുമുളക് വിപണി ഒന്ന് ആടി. എന്നാൽ, ഉലയാൻ അവസരം നൽകാതെ കാർഷിക മേഖല ചരക്കിൽ പിടിമുറുക്കി. അതേ, ഉത്സവ ഡിമാൻഡിൽ ഉയർന്ന മുളകിനെ പിടിച്ചുകെട്ടാൻ ഉത്തരേന്ത്യൻ ഇടപാടുകാർ നടത്തിയ ചരടുവലികൾ വിജയിച്ചില്ല.
വൻതോതിൽ മുളക് പലർക്കും വരും മാസങ്ങളിലേക്ക് ആവശ്യമാണ്. എന്നാൽ, താഴ്ന്ന വിലയ്ക്ക് ലഭിക്കുകയും വേണം. വിളവെടുപ്പ് ജനുവരിയിലേക്ക് നീളാം. വിപണി നിയന്ത്രണം കാർഷിക മേഖലയുടെ കൈകളിലും. കിലോ 740 രൂപ വരെ കയറിയ കുരുമുളക് 737 രൂപയിലേക്ക് താഴ്ത്തിയെങ്കിലും ശനിയാഴ്ച 739 രൂപയിലാണ്. പ്രമുഖ എക്സ്ചേഞ്ചിൽ നവംബർ അവധി 775 രൂപയ്ക്കും ഡിസംബർ 784 രൂപയ്ക്കും വാങ്ങാൻ ആളുണ്ട്. അവധി നിയന്ത്രിക്കുന്ന വൻശക്തികൾ ഉത്പന്നത്തെ ആ തലത്തിൽ കാണുമ്പോൾ കർഷകരും ഇടനിലക്കാരും ചരക്ക് പിടിച്ചാൽ തെറ്റുപറയാനാകുമോ?
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8500 ഡോളറാണ്. വിളവെടുപ്പ് പുരോഗമിക്കുന്ന ബ്രസീൽ 6000 ഡോളറും വിയറ്റ്നാം 6200 ഡോളറും ഇന്തോനേഷ്യ 6850 ഡോളറും ശ്രീലങ്ക 7200 ഡോളറും മലേഷ്യ 9100 ഡോളറും മുളകിന് ആവശ്യപ്പെടുന്നു.
ഏലക്ക വിപണി സജീവം
ഹൈറേഞ്ച് മേഖലയിലെ അനുകൂല കാലാവസ്ഥ ഏലം ഉത്പാദനം ഉയർത്തുന്നു. തോട്ടം മേഖലയിൽ താപനില 17 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇതിനിടെ, പുതിയ ചരക്ക് വില്പനയ്ക്ക് ചെറുകിട വ്യാപാരികൾ ഉത്സാഹത്തോടെ പച്ച ഏലം സംഭരിക്കുന്നവരും സജീവമായി. ലേലത്തിൽ ശരാശരി ഇനങ്ങൾ 3000 രൂപയ്ക്ക് മുകളിൽ സ്ഥിരത നിലനിർത്തുന്നു. വാരാന്ത്യം ശരാശരി ഇനം കിലോ 3197 രൂപയിലും മികച്ചയിനങ്ങൾ 4003 രൂപയിലുമാണ്. അറബ് രാജ്യങ്ങളുമായി ഉറപ്പിച്ച കരാറുകൾ മുൻനിർത്തി കയറ്റുമതിക്കാർ വലിപ്പം കൂടിയ ഇനങ്ങൾ സംഭരിച്ചു.
ഉത്സവ ഡിമാൻഡിൽ ജാതിക്ക, ജാതിപത്രി
ഉത്സവ ഡിമാൻഡ് ജാതിക്ക, ജാതിപത്രി വിലകൾ ഉയർത്തി. പ്രതികൂല കാലാവസ്ഥയിൽ ജാതിക്ക ഉത്പാദനം കുറവാണ്. പല തോട്ടങ്ങളിലും മൂപ്പെത്തും മുമ്പേ ജാതിക്കായകൾ അടർന്നുവീണത് തിരിച്ചടിയായി. വ്യവസായികൾ ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചതോടെ ജാതിക്ക തൊണ്ടൻ കിലോ 340 രൂപയായും ജാതിപ്പരിപ്പ് 650 രൂപ വരെയും കയറി.
നാളികേര മേഖല മരവിപ്പിൽ
ദീപങ്ങളുടെ ഉത്സവവേളയിലും കൊപ്രയാട്ട് വ്യവസായികൾ ഇരുട്ടിൽ തപ്പുന്നു. അല്പം വെളിച്ചം വെളിച്ചെണ്ണ പകർന്നിരുന്നെങ്കിൽ എന്നവർ ആശിച്ചുപോകുന്നു. വിദേശ ഭക്ഷ്യയെണ്ണയുടെ പ്രവാഹത്തിൽ നാളികേര മേഖല മരവിപ്പിലാണ്. ദീപാവലിയെന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വില്പന നടക്കുന്ന സമയമാണ്. എന്നിട്ടും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ല. കൊച്ചിയിൽ എണ്ണ ക്വിന്റലിന് 25,000 രൂപയിലും കൊപ്ര 15,600 രൂപയിലുമാണ്. കാങ്കയത്ത് എണ്ണവില 21,350 രൂപ വരെ താഴ്ത്തിയിട്ടും ആവശ്യക്കാരില്ല.
Business
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ടെക്സാസിലെ നോര്‍ത്ത് ഡാളസിലുള്ള ഫ്രിസ്കോയില്‍ എസ്ബിഐസി ബാങ്കിന്റെ പുതിയ ശാഖ ആരംഭിച്ചു. എസ്ബിഐ ചെയര്മാന് ചല്ല ശ്രീനിവാസുലു സെട്ടി പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്ബിഐയുടെ ഉടമസ്ഥതയിലുള്ള യുഎസ് ഉപസ്ഥാപനമായ എസ്ബിഐസി ബാങ്കിന്റെ കലിഫോര്‍ണിയയ്ക്കു പുറത്തുള്ള ആദ്യത്തെ ശാഖയാണിത്. ഇതോടെ അമേരിക്കയിലെ എസ്ബിഐസി ബാങ്ക് ശാഖകളുടെ എണ്ണം എട്ടായി.
Business
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓഡിയോ വിഷ്വല്‍ സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലൊന്നായ പ്രോ എഫ്എക്സ് ടെക് ലിമിറ്റഡിന്റെ കേരളത്തിലെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂമായ പ്രോ എഫ്എക്സ് എക്സ്പീരിയ കൊച്ചി പ്രവര്‍ത്തനം ആരംഭിച്ചു.
പ്രീമിയം ശബ്ദസംവിധാനങ്ങള്‍, ദൃശ്യവിനോദ സാങ്കേതികവിദ്യകള്‍, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഒരേ കുടക്കീഴില് പരിചയപ്പെടുത്തുന്ന ഈ അനുഭവകേന്ദ്രം ഉപയോക്താക്കള്‍ക്ക് നൂതന സാങ്കേതികവിദ്യകള്‍ നേരിട്ട് കണ്ടറിയാനും അനുഭവിക്കാനും അവസരമൊരുക്കും.
ഷേണായീസിനു സമീപം ചിറ്റൂര്‍ റോഡില്‍ പേള്‍ പാലസ് ഹോട്ടലിന് എതിര്‍വശം കോറല്‍ പ്ലാസയിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഭീമ ജ്വല്ലേഴ്സ് ചെയര്മാന് ബി. ബിന്ദുമാധവ് നിര്‍വഹിച്ചു.
പ്രോ എഫ്എക്സ് ടെക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മന്മോഹന് ഗണേഷ്, ഭീമ ജ്വല്ലേഴ്സ് കോഴിക്കോട് മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രന് കിരണ്‍, ബി. അനുപമ, കെഇഎഫ് കണ്ട്രി ഹെഡ് രാജീവ് ഏബ്രഹാം, പ്രോ എഫ്എക്സ് ടെക് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോ കുമാര്‍, പ്രോ എഫ്എക്സ് ടെക് ലിമിറ്റഡ് കണ്ട്രി ഹെഡ് റീട്ടയില്‍ സജിത നായര്‍ എന്നിവര്‍ പങ്കെടുത്തു.
കമ്പനിയുടെ മൂന്നാമത്തെ എക്സ്പീരിയ കേന്ദ്രമാണ് കൊച്ചിയില്‍ ആരംഭിച്ചത്. വരും മാസങ്ങളില്‍ ചെന്നൈയിലും മുംബൈയിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
Business
സാങ്കേതിക അതിർവരമ്പുകളെല്ലാം തച്ചുടച്ച് ഇന്ത്യൻ ഓഹരി സൂചികകൾ പറന്നുയർന്നു. നിക്ഷേപകർ സ്വപ്നതുല്യമായ കുതിച്ചുചാട്ടത്തിനാണു പിന്നിട്ട ദിനങ്ങളിൽ സാക്ഷ്യം വഹിച്ചത്. കരടികൾക്കു മാളത്തിൽപ്പോലും ഒളിക്കാൻ അവസരം നൽകാത്തവിധം കാളക്കൂട്ടം നടത്തിയ അഭൂതപൂർവമായ റാലി വീണ്ടും കാണണമെങ്കിൽ വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടിവന്നേക്കാം. ബോംബെ സൂചിക 6568 പോയിന്റും നിഫ്റ്റി 1977 പോയിന്റും ഉയർന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര മുന്നേറ്റം. അതേസമയം, ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും അല്പം തളർന്നു.
വിദേശ ഫണ്ടുകളുടെ തിരിച്ചുവരവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നേരിട്ട തകർച്ചയും കാര്യങ്ങൾ അനുകൂലമാക്കി. ഏഷ്യയിലെ ഇതര വിപണികളും യുഎസ് -യൂറോപ്യൻ വിപണികളും കനത്ത തകർച്ചയിലാണു വാരാന്ത്യം.
അതേസമയം, വർഷാന്ത്യം അടുക്കുന്നതോടെ വിദേശ ഓപ്പറേറ്റർമാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുമെന്ന നേരത്തെയുള്ള സൂചനകൾ ശരിവയ്ക്കപ്പെട്ടു. എടുത്തുപറയേണ്ട മറ്റൊരു കാര്യം ആഭ്യന്തര ഫണ്ടുകളുടെ നിലപാടാണ്. മാസങ്ങളായുള്ള തുടർച്ചയായ വാങ്ങൽ അവരിൽ മരവിപ്പുണ്ടാക്കുന്നതിന്റെ ലക്ഷണമാണോയെന്ന മുൻ ലക്കത്തിലെ ചോദ്യത്തിനു വ്യക്തമായ ഉത്തരമെന്നോണം എല്ലാ വ്യാപാരദിനങ്ങളിലും അവർ വില്പനക്കാരുടെ മേലങ്കിയണിഞ്ഞു.
ഇനി എങ്ങോട്ട്? അതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അതിശക്തമായ ഒരു ബുൾ റാലി പിറന്ന സാഹചര്യത്തിൽ പെട്ടെന്നൊരു തളർച്ചയ്ക്ക് സാധ്യത കുറവ്. എന്നാൽ, ഒമ്പത് ശതമാനത്തോളം മുന്നേറ്റമുണ്ടായ സാഹചര്യത്തിൽ നിക്ഷേപകർ കൈയുംകെട്ടി നോക്കിയിരിക്കില്ല. ചുരുങ്ങിയതു രണ്ടോ മൂന്നോ ദിവസമെങ്കിലും ലാഭമെടുപ്പിനായി മാറ്റിവയ്ക്കാനുള്ള സാധ്യത വലിയ ചാഞ്ചാട്ടത്തിനു വഴിയൊരുക്കാം.
അസ്ഥിരതയും ലാഭമെടുപ്പും
ഇന്ത്യ വോളറ്റിലിറ്റി ഇൻഡക്സ് 15.14-ൽനിന്നു 18.43-ലെത്തി. വിപണിയുടെ അടിയൊഴുക്കുകൾ വിലയിരുത്തിയാൽ അസ്ഥിരതയും ലാഭമെടുപ്പും പ്രതീക്ഷിക്കാം. വോളറ്റിലിറ്റി സൂചിക 20-25 റേഞ്ചിലേക്ക് നീങ്ങി അപായസൂചന നൽകാനുള്ള സാധ്യതയും മുന്നിൽ കാണണം. ആറു ദിവസത്തെ ബുൾ റാലിയിൽ വിപണിക്കുണ്ടായ ക്ഷീണത്തിന്റെ ലക്ഷണമാണു മുഹൂർത്ത വ്യാപാരത്തിലെ തിരക്കിട്ട ലാഭമെടുപ്പ് വ്യക്തമാക്കുന്നത്.
നിഫ്റ്റിയുടെ മുന്നേറ്റം
നിഫ്റ്റി 23,053ൽനിന്നുള്ള പ്രയാണത്തിൽ 24,000ലെയും 25,000ലെയും കടമ്പകൾ തകർത്തു. വാരാന്ത്യത്തിൽ 25,030ലായിരുന്നു സൂചിക. ഇന്നലെ നടന്ന പ്രത്യേക വ്യാപാരമായ ദീപാവലി മുഹൂർത്ത കച്ചവടത്തിൽ ഒരു ചുവടുകൂടി മുന്നേറി 25,070ലെത്തിയ ശേഷം 24,986ലേക്ക് താഴ്ന്നു.
നിഫ്റ്റി നവംബർ ഫ്യൂച്ചേഴ്സ് 23,099ൽനിന്ന് എട്ടര ശതമാനത്തോളം ഉയർന്ന് 25,032-ലെത്തി. കരാർ വിലയിൽ അതിശക്തമായ കുതിപ്പ് ദൃശ്യമായതിനിടെ ഓപ്പൺ ഇന്ററസ്റ്റ് 156.6 ലക്ഷം കരാറുകളിൽനിന്ന് 120.9 ലക്ഷത്തിലേക്ക് ഇടിഞ്ഞു. വിലക്കയറ്റത്തിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് കുറഞ്ഞതു പുതിയ ലോംഗ് പൊസിഷനുകളേക്കാൾ ഷോർട്ട് കവറിംഗിനാണു കൂടുതൽ സാധ്യതയെന്ന സൂചന നൽകുന്നു.
സെൻസെക്സിന്റെ മുന്നേറ്റത്തിൽ ആകാംക്ഷ
സെൻസെക്സിന്റെ 74,459ൽനിന്നുള്ള മുന്നേറ്റത്തെ നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കി. ഒരു ദശകത്തിലൊരിക്കലെന്നപോലെയുള്ള കുതിച്ചുചാട്ടം വാരാന്ത്യ വ്യാപാരത്തിൽ വിപണിയെ ഇളക്കിമറിച്ചു. ഒരുവശത്ത് ഊഹക്കച്ചവടക്കാർ നഷ്ടപ്പെട്ട നിലകൾ തിരിച്ചുപിടിക്കാൻ പരക്കംപാഞ്ഞു. വ്യാപാരാന്ത്യത്തിൽ സെൻസെക്സ് 81,028 പോയിന്റിലാണ്.
വിദേശ ഓപ്പറേറ്റർമാർ അഞ്ച് വ്യാപാരദിനങ്ങളിലായി നിക്ഷേപിച്ചത് 45,960.02 കോടി രൂപ. നമ്മുടെ വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവാര വിദേശ നിക്ഷേപമാണിത്. അതേസമയം, തൊമ്മൻ മുറുകിയപ്പോൾ ചാണ്ടി അയഞ്ഞതുപോലെ, മാസങ്ങളായി വാങ്ങലുകാരായി നിലകൊണ്ട ആഭ്യന്തര ഫണ്ടുകൾ 24,196.52 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
രൂപയ്ക്കു നേട്ടം
ദീപാവലി വേളയിലെ ഡോളർ പ്രവാഹം രൂപയ്ക്ക് മധുരം പകർന്നു. 94.67ൽനിന്ന് 95.07ലേക്ക് ദുർബലമായ രൂപ തിരിച്ചുകയറിയത് 93.91ലേക്ക്. ഒറ്റ ആഴ്ചയിൽ മൂല്യം ഒരു ശതമാനം വർധിച്ചു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും രൂപയ്ക്ക് അനുഗ്രഹമായി. രൂപയ്ക്ക് 94.50 - 95.00ൽ പ്രതിരോധമുണ്ട്. കൂടുതൽ ശക്തിപ്രാപിക്കാൻ ശ്രമിച്ചാൽ 93.70-93.50 റേഞ്ചിലേക്ക് നീങ്ങാം. വിദേശ ഫണ്ടുകൾ വില്പനയിലേക്ക് തിരിയുകയോ ക്രൂഡ് വില ഉയരുകയോ ചെയ്താൽ രൂപ പതറാം.
രാജ്യാന്തര ക്രൂഡ് ഓയിൽ വില 12 ശതമാനം ഇടിഞ്ഞു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ സമാനമായ തകർച്ച സംഭവിച്ചിരുന്നു. അതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വിലയിടിവാണിത്. ബ്രെന്റ് ക്രൂഡ് ബാരലിന് 97.97 ഡോളറായി താഴ്ന്നു.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3875 ഡോളറിൽ വ്യാപാരം നടത്തിയ സ്വർണം, അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് 4000 ഡോളറിലെ നിർണായക പ്രതിരോധം തകർത്ത് 4145 വരെ ഉയർന്നു. വാരാന്ത്യത്തിൽ വില 4069 ഡോളറിലാണ്. 4197 - 4202 ഡോളറിലെ പ്രതിരോധം മറികടന്നാൽ മാത്രമേ ബുൾ റാലിക്ക് അവസരമൊരുങ്ങൂ.
Business
മുംബൈ: കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മുന്നേറ്റത്തിന് ശേഷം, ഇന്നലെ നടന്ന പ്രത്യേക ദീപാവലി വ്യാപാര സെഷനിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. തുടക്കത്തിൽ ലഭിച്ച നേട്ടങ്ങൾ നിലനിർത്താൻ സൂചികകൾക്കായില്ല. കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ ആദ്യമായാണ് ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത ട്രേഡിംഗിൽ പ്രധാന ഓഹരിസൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
ഇന്നലെ നടന്ന ഒരു മണിക്കൂർ നീണ്ട പ്രത്യേക വ്യാപാര സെഷന്റെ തുടക്കത്തിൽ പ്രധാന സൂചികകൾ ലാഭത്തിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ നഷ്ടത്തിലേക്കു വീഴുകയായിരുന്നു.
സെൻസെക്സ് 29 പോയിന്റ് ഇടിഞ്ഞ് 80,999.40ലും നിഫ്റ്റി 44 പോയിന്റ് നഷ്ടത്തിൽ 25,000 എന്ന നിലവാരത്തിന് താഴെ, 24,986ലും വ്യാപാരം പൂർത്തിയാക്കി. പ്രധാന സൂചികകളിൽ ഇടിവുണ്ടായെങ്കിലും, വിപണിയുടെ മൊത്തത്തിലുള്ള സ്ഥിതി അനുകൂലമായിരുന്നു.
പ്രധാന സൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല വിപണിയിൽ നേട്ടമുണ്ടായി. നിഫ്റ്റി മിഡ്കാപ് 100 നിഫ്റ്റി സ്മോൾകാപ് 100 സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ, നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു. എന്നാൽ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, പിഎസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നിവ നഷ്ടത്തിലേക്കു വീണു.
ഏഴു ദിവസത്തിനുശേഷം ഇടിവ്
ഇന്നലത്തെ വ്യാപാരത്തോടെ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ ഏഴു ദിവസത്തെ നേട്ടത്തിനു വിരമാമിട്ടു. കഴിഞ്ഞയാഴ്ചയിൽ മാത്രം സെൻസെക്സ് 6569 പോയിന്റിന്റെ വൻകുതിച്ചുചാട്ടം നടത്തിയപ്പോൾ നിഫ്റ്റി ഒന്‍പത് ശതമാനം വരെ ഉയർന്നിരുന്നു. വിപണിയിലുണ്ടായ ശക്തമായ കുതിപ്പിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും വിപണി മൂല്യത്തിലേക്ക് ഏകദേശം 29 ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. കന്പനികളുടെ മൊത്തം മൂല്യം ആദ്യമായി 500 ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു.
2017നുശേഷം
2017ലെ മുഹൂർത്ത ട്രേഡിംഗ് സെഷനിലാണ് സൂചികകൾ അവസാനമായി നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയത്. അന്ന് സെൻസെക്സ് 0.6 ശതമാനം ഇടിഞ്ഞിരുന്നു. ഇതിനുമുന്‍പ് 2016ൽ സെൻസെക്സും നിഫ്റ്റിയും ചെറിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 മുഹൂർത്ത ട്രേഡിംഗ് സെഷനുകളിൽ രണ്ടു തവണമാത്രമാണ് പ്രധാന സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
എച്ച്ഡിഎഫ്സി സ്കൈയിൽ നല്കുന്ന വിവരങ്ങൾ അനുസരിച്ച്, 2006 മുതൽ 2025 വരെയുള്ള കാലയളവിൽ 5 അവസരങ്ങളിൽ മാത്രമാണ് നിഫ്റ്റി 50 സൂചിക മുൻപത്തെ ക്ലോസിംഗിനേക്കാൾ താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചത്: 2007, 2009, 2012, 2016, 2017 എന്നിവയായിരുന്നു ആ വർഷങ്ങൾ. 2018 മുതൽ 50 ഓഹരികൾ ഉൾപ്പെടുന്ന ഈ സൂചിക ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.
30 ഓഹരികൾ ഉൾപ്പെടുന്ന സെൻസെക്സ് നാല് അവസരങ്ങളിൽ മാത്രമാണ് താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചത്: 2007, 2012, 2016, 2017 എന്നിവയിൽ. അതിനാൽ, കഴിഞ്ഞ പത്ത് വർഷത്തിൽ, നിഫ്റ്റി 50-യും സെൻസെക്സും തുടർച്ചയായ അവസാന 8 സെഷനുകളിലും ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, കഴിഞ്ഞ 10 വർഷത്തെ മുഹൂർത്ത ട്രേഡിംഗ് സെഷനുകളിൽ 8 തവണയും പ്രധാന സൂചികകൾ ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
Business
കൊച്ചി: സംസ്ഥാനത്ത് വൻ കുതിപ്പ് തുടർന്ന് സ്വർണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,385 രൂപയിലും പവന് 1,07,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 235 രൂപ വർധിച്ച് 10,955 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,570 രൂപയിലും ഒമ്പത് കാരറ്റ് സ്വർണം ഗ്രാമിന് 5,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് തുടർച്ചയായ നാലാംദിനമാണ് സ്വർണവില വർധിക്കുന്നത്. ബുധനാഴ്ച രണ്ടുതവണയാണ് സ്വർണം കുതിച്ചുകയറിയത്. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയും വർധിച്ചു.
പവന് ഒരു ലക്ഷം രൂപയുടെ താഴേക്ക് ഇടിയുമെന്ന സൂചന നൽകി സ്വർണവില ഒക്ടോബർ 31ന് കേരളത്തിൽ 1,01,840 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മുതൽ സ്വർണവില തിരിച്ചുകയറുകയാണ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. പിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. നാലുദിവസം കൊണ്ട് പവന് കുതിച്ചത് 5,600 രൂപയാണ്.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ച ഔൺസിന് 4,061 ഡോളറായിരുന്ന സ്വർണവില ഇന്ന് 4,160 ഡോളർ വരെ ഉയർന്നിരുന്നു. നിലവിൽ ഔൺസിന് 4,136 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി കിട്ടിയതോടെ രാജ്യാന്തര സ്വർണവില വലിയ കുതിപ്പിലാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്.
അതേസമയം, വെള്ളി വിലയും ഇന്നും കുതിപ്പിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ ഉയർന്ന് 210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ ഒറ്റ ദിവസംകൊണ്ട് 6.3 ബില്യൺ ഡോളറിന്റെ (ഏകദേശം 59,850 കോടി രൂപ) വൻ വർധന.
രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ വിപണി പ്രവചനങ്ങളെ മറികടന്നതോടെ റിലയൻസ് ഓഹരികൾ കുതിച്ചുയർന്നതാണ് അംബാനിയെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ശതകോടീശ്വരനാക്കി മാറ്റിയത്. ഫോർബ്സിന്റെ റിയൽ-ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ഈ മുന്നേറ്റം രേഖപ്പെടുത്തിയത്.
ഒറ്റ ദിവസം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 7.85 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇതോടെ ആകെ ആസ്തി 88.8 ബില്യൺ ഡോളറിലെത്തി (ഏകദേശം 8.43 ലക്ഷം കോടി രൂപ) ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ 23-ാം സ്ഥാനത്തേക്ക് അംബാനി മുന്നേറി.
79.12 ബില്യൺ ഡോളറുമായി (ഏകദേശം 7.51 ലക്ഷം കോടി രൂപ) 26-ാം സ്ഥാനത്തുള്ള ഗൗതം അദാനിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയും അദ്ദേഹം വീണ്ടെടുത്തു.
Business
ഇന്ത്യൻ കുരുമുളക് കൂടുതൽ മികവ് പ്രദർശിപ്പിച്ചു. ഉത്സവകാല റാലി അവസാന റൗണ്ടിൽ. അന്താരാഷ്ട്ര മാർക്കറ്റിൽ കുരുമുളകിൽ ന്യൂ ഇയർ ബയിംഗ് ആരംഭിച്ചു. ദീപാവലി പ്രതീക്ഷകൾക്ക് മങ്ങലേറ്റതോടെ വൻകിട മില്ലുകാർ വെളിച്ചെണ്ണ വിറ്റുമാറാൻ നടത്തിയ തിടുക്കം കൊപ്രയെയും ബാധിച്ചു. വിദേശത്തുനിന്ന് ഏലത്തിന് കൂടുതൽ അന്വേഷണങ്ങൾ. ശരാശരി ഇനങ്ങളിൽ നേരിയ ചാഞ്ചാട്ടം. ജപ്പാനിലെ ഒസാക്കയിൽ നിക്ഷേപകർ റബറിൽ ലാഭമെടുപ്പിന് ഉത്സാഹിക്കുന്നു. സംസ്ഥാനത്ത് 300 രൂപ വരെ ഉയർന്ന് ഷീറ്റിന്റെ ഇടപാടുകൾ നടന്നു.
കുരുമുളക് ദീപാവലി ഡിമാൻഡിൽ മുന്നേറി. ഉത്സവകാല സംഭരണം പുരോഗമിക്കുകയാണ്. അതേസമയം, ഉത്സവ ഡിമാൻഡ് വാരമധ്യത്തോടെ മങ്ങിത്തുടങ്ങാം. സംഭരിച്ച ചരക്ക് പരമാവധി വേഗത്തിൽ ഉത്തരേന്ത്യയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് പലരും. ക്വിന്റലിന് 1000 രൂപ വർധിച്ച് 74,000 രൂപയിലും ഗാർബിൾഡ് 76,000 രൂപയിലുമാണ്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് ടണ്ണിന് 8000 ഡോളറിലാണ്. ബ്രസീൽ 6000 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ഇന്ത്യോനേഷ്യ 6850 ഡോളറിനും ശ്രീലങ്ക 7200 ഡോളറിലും മലേഷ്യ 9100 ഡോളറിനും ക്വട്ടേഷൻ ഇറക്കി. യൂറോപ്യൻ രാജ്യങ്ങൾ ന്യൂ ഇയർ ബയിംഗ് ആരംഭിച്ചു. വിയറ്റ്നാം കേന്ദ്രീകരിച്ചാണ് അവർ ഇടപാടുകൾക്ക് ശ്രമിക്കുന്നതെങ്കിലും നിരക്ക് താഴ്ത്തി വിദേശ വ്യാപാരങ്ങൾക്ക് കയറ്റുമതിക്കാർ ഉത്സാഹിച്ചില്ല. അവിടെയും ചരക്ക് രൂക്ഷമാണ്. ഫെബ്രുവരി ഷിപ്മെന്റിന് സെല്ലർമാരുണ്ടെങ്കിലും നവംബർ മധ്യത്തിന് മുന്‍പുള്ള ഷിപ്പ്മെന്റിന് കയറ്റുമതിക്കാർ ജാഗ്രത പാലിക്കുന്നു.
ഇതിനിടയിൽ വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേക്കുള്ള കുരുമുളക് ഇറക്കുമതി ആദ്യ ഒന്‍പത് മാസങ്ങളിൽ 23 ശതമാനം കുറഞ്ഞു. ഈ കാലയളവിൽ വരവ് 8414 ടണ്ണിൽ ഒതുങ്ങി. അവിടുത്തെ ചരക്കുക്ഷാമം ഒരുപരിധിവരെ വരവ് ചുരുങ്ങാൻ ഇടയാക്കുന്നു. എത്തിയ ചരക്കിൽ ഏറിയ പങ്കും ഒലിയോറെസിൻ വ്യവസായികൾക്കാണ്.
ജനുവരി മുതൽ ഒക്ടോബർ 15 വരെ അമേരിക്ക വിയറ്റ്നാമിൽനിന്ന് 59,677 ടണ്‍ കുരുമുളക് ഇറക്കുമതി നടത്തി. ചൈനയാകട്ടെ ആദ്യ ഒന്‍പത് മാസങ്ങളിൽ ശേഖരിച്ചത് 24,900 ടണ്ണാണ്. തൊട്ടു മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇറക്കുമതി 62 ശതമാനം ഉയർന്നു. ഇതോടെ വിയറ്റ്നാമീസ് കുരുമുളകിന്റെ രണ്ടാമത്തെ വലിയ വിപണിയായി ചൈന മാറി.
തായ്ലാൻഡിലേക്കുള്ള വിയറ്റ്നാം കയറ്റുമതി ഇതേ കാലയളവിൽ 60 ശതമാനം വർധിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഏകദേശം 45,000 ടണ്‍ ചരക്ക് വിയറ്റ്നാം ഷിപ്മെന്റ് നടത്തി. ആഫ്രിക്കൻ രാജ്യങ്ങളും അറബ് രാജ്യങ്ങളും വിയറ്റ്നാം കുരുമുളകിൽ താത്പര്യം കാണിച്ചു. കർഷകർ വൻ കയറ്റുമതികൾ ആഘോഷമാക്കിയതിനിടയിൽ അവരുടെ പത്തായങ്ങൾ ഏതാണ്ട് ശൂന്യമായി.
2000ത്തിനുശേഷം ആഗോള വിപണിയിൽ മലബാർ മുളകിന് ഇതുവരെ തിളങ്ങാനായില്ല. അമേരിക്കയും യുഎസ്എസ്ആറും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ കുരുമുളക് വരവിനായി തുറമുഖങ്ങളിൽ കണ്ണുംനട്ട് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയ തലമുറയിലെ കയറ്റുമതിക്കാർക്ക് അന്ന് എന്നും കൊയ്ത്തുകാലമായിരുന്നു. അതിവിശാലമായ ആഭ്യന്തര വിപണിയാണ് ഇന്ന് ഇന്ത്യയുടെ കരുത്ത്. കാർഷിക മേഖല കൃഷി വികസിപ്പിച്ചാൽ കുരുമുളകിൽനിന്ന് നമുക്ക് വീണ്ടും പൊന്ന് വാരാനാകും.
നാളികേരത്തിനു കാലിടറി
ദക്ഷിണേന്ത്യൻ വിപണികളിൽ നാളികേരോത്പന്നങ്ങൾക്ക് കാലിടറി. ദീപാവലിക്ക് വെളിച്ചെണ്ണയ്ക്ക് വൻ ഓർഡറുകളെത്തുമെന്ന നിഗമനത്തിലായിരുന്നു വൻകിട മില്ലുകാർ. എന്നാൽ ഉത്സവദിനം പടിവാതിൽക്കൽ എത്തിയിട്ടും ഉത്തരേന്ത്യൻ അന്വേഷണങ്ങൾ മങ്ങിയത് സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തരാക്കി. അവശേഷിക്കുന്ന വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള നീക്കം വിലയെ ബാധിച്ചു. കേരളത്തിലും തമിഴ്നാട്ടിലും എണ്ണ, കൊപ്ര വിലകൾ കുറഞ്ഞു. സാധാരണ ദീപാവലി വേളയിലാണ് വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുക. വാരാന്ത്യത്തിൽ എണ്ണ 25,200 രൂപയിലും കൊപ്ര 15,800 രൂപയിലുമാണ്.
ഏലക്ക വരവ് ഉയർന്നു
ഏലക്ക ലേലത്തിൽ പുതിയ ചരക്കുവരവ് ഉയർന്നു. ഉത്സവ സീസണായതിനാൽ ആഭ്യന്തര വിപണിയിൽനിന്നും ഇറക്കുമതി രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങളുണ്ട്. അനുകൂല കാലാവസ്ഥ വിളവ് ഉയർത്തി. ഇതിനിടയിൽ നവരാത്രി വേളയിൽ രംഗംവിട്ട അയൽസംസ്ഥാനങ്ങളിലെ തൊഴിലാളികൾ തിരിച്ചെത്തിയത് വിളവെടുപ്പിന് ആവേശമായി. ശരാശരി ഇനങ്ങൾ കിലോ 3002 രൂപയിലും മികച്ച ഇനങ്ങൾ 3612 രൂപയിലുമാണ്.
കൊക്കോയിൽ ചാഞ്ചാട്ടം
രാജ്യാന്തര വിപണിയിൽ കൊക്കോ വിലയിൽ ചാഞ്ചാട്ടം. ബ്രസീലിയൻ നാണയമായ റിയാലിന്റെ മൂല്യം ഇടിഞ്ഞത് അവിടെനിന്നുള്ള കൊക്കോ കയറ്റുമതി ഉയർത്തുമെന്ന ആശങ്കയാണ് ഇതര ഉത്പാദന രാജ്യങ്ങൾ. ഈ വാരം ബ്രസീലിയൻ റിയാലിന്റെ മൂല്യം 8.6 ശതമാനം ഇടിഞ്ഞു. 1999ന് ശേഷമുള്ള ഏറ്റവും കനത്ത മൂല്യ തകർച്ചയെയാണ് കഴിഞ്ഞ വാരം അഭിമുഖീകരിച്ചത്.
അതേസമയം, പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളെയും ഇക്വഡോറിനെയും അപേക്ഷിച്ച് കൊക്കോ ഉത്പാദനത്തിൽ ബ്രസീൽ ഏറെ പിന്നിലാണ്. ന്യൂയോർക്കിൽ പിന്നിട്ട വാരം കൊക്കോ ടണ്ണിന് 139 ഡോളർ ഇടിഞ്ഞ് 5454 ആയി. സംസ്ഥാനത്തെ വിപണികളിൽ പച്ചക്കൊക്കോ കിലോയ്ക്ക് 150 മുതൽ 185 രൂപ വരെ നിരക്കിൽ ഇടപാടുകൾ നടന്നു. സെമിഡ്രൈഡ് ചരക്ക് 450 രൂപയ്ക്ക് വരെ വിൽപന നടത്താനായെന്ന് ഉത്പാദനമേഖലയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റബർ മുന്നോട്ട്
സംസ്ഥാനത്തെ റബർ കർഷകർ ഷീറ്റ് വില 300 രൂപയിലേക്ക് ഉയരുന്ന ശുഭമുഹൂർത്തം ഉറ്റുനോക്കുന്നുവെന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ചത് ശരിവച്ച് ഉത്പന്നം വില കയറി. എന്നാൽ, മാസമധ്യം ഇതേ കോളത്തിൽ സൂചിപ്പിച്ച 325 രൂപ കൈപ്പിടിയിലൊതുക്കാൻ ടയർ ലോബി സൃഷ്ടിച്ച കാണാച്ചരടുകൾ മുറിച്ചുമാറ്റേണ്ടതായി വരും. എന്തായാലും സ്വപ്നതുല്യമായ തലത്തിലേക്ക് റബർ ചുവടുവച്ചത് ക്രിസ്മസ് ആഘോഷങ്ങൾക്ക് തിളക്കം പകരാം. വാരാന്ത്യത്തിൽ നാലാം ഗ്രേഡ് കിലോ 297-299 രൂപയിലാണ്.
ബാങ്കോക്കിലേക്ക് തിരിഞ്ഞാൽ റബർ കിലോ 268 രൂപയിലാണ്. ജൂണിൽ 306 രൂപ വരെ ഉയർന്നെങ്കിലും വ്യാവസായിക ഡിമാൻഡ് മങ്ങിയത് തളർച്ചയ്ക്ക് ഇടയാക്കി. ജനുവരി-ഓഗസ്റ്റിൽ തായ്ലാൻഡിൽനിന്ന് ചൈനയിലേക്കുള്ള സ്വാഭാവിക റബർ കയറ്റുമതി 26 ശതമാനം കുറഞ്ഞത് വിലയിലും പ്രതിഫലിച്ചു. തായ്ലൻഡിൽ നവംബർ-ജനുവരി ഉത്പാദനം ഉയരുമെന്ന വിലയിരുത്തലും ഇതേ കാലയളവിൽ ചൈനയിലും ടാപ്പിംഗിന് അനുകൂല കാലാവസ്ഥയെന്നതും വരും ദിനങ്ങളിൽ വിപണിയെ ബാധിക്കാം.
ഒസാക്കയിൽ ഓപ്പറേറ്റർമാരെ സംബന്ധിച്ച് ഒക്ടോബർ വൻ നേട്ടം സമ്മാനിച്ചു. മാസാരംഭത്തിലെ 450 യെന്നിൽനിന്ന് കിലോ 468 യെന്നിലെ നിർണായക പ്രതിരോധ മേഖലയിലേക്ക് കയറിയെങ്കിലും അന്ന് സൂചിപ്പിച്ച 470 യെന്നിലെ തടസം തകർക്കാനാവാഞ്ഞത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇതുമൂലം മാസത്തിന്റെ രണ്ടാം പകുതിയിൽ അവർ ലാഭമെടുപ്പിന് മുൻതൂക്കം നൽകി ബാധ്യതകൾ കുറച്ചതോടെ വെള്ളിയാഴ്ച 439 വരെ താഴ്ന്നശേഷം 441 യെന്നിലാണ്.
അതുകൊണ്ടുതന്നെ തിളക്കമാർന്ന പ്രകടനങ്ങൾക്കുശേഷം അൽപം കിതപ്പോടെയാകും നവംബറിലേക്ക് പ്രവേശിക്കുക. 436 യെന്നിലെ താങ്ങിൽ കാലിടറിയാൽ 420 യെന്നിലേക്ക് പരീക്ഷണങ്ങൾ നടത്താം. ഈ അവസരത്തിൽ ഊഹക്കച്ചവടക്കാർ പിടിമുറുക്കിയാൽ 404ലേയ്ക്കും വിപണി മുഖം തിരിക്കാം. മുന്നേറാൻ ശ്രമിച്ചാൽ 455-460 യെന്നിൽ പ്രതിരോധമുണ്ട്.
Business
നിക്ഷേപകർക്ക് പ്രതീക്ഷ പകർന്ന് ഓഹരി സൂചികകളിൽ ശക്തമായ തിരിച്ചുവരവ്. മുൻനിര ഇൻഡെക്സുകൾ രണ്ട് ശതമാനത്തോളം ഉയർന്നു. തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം ഇന്ത്യൻ വിപണി പ്രതീക്ഷകളോടെ നവംബറിനെ ഉറ്റുനോക്കുന്നു.
സെൻസെക്സ് 1335.70 പോയിന്റും നിഫ്റ്റി 453.10 പോയിന്റും നേട്ടത്തിലാണ്. ടെക്നോളജി, ഫാർമ ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവച്ചപ്പോൾ ബാങ്കിംഗ് മേഖലയിലെ ഓഹരികളിൽ ചാഞ്ചാട്ടം ദൃശ്യമായി. രണ്ടാഴ്ചയായി തളർച്ചയിൽ അമർന്ന വിപണിക്ക് പുതുജീവൻ പകർന്നത് ഫാർമ ഓഹരികളാണ്. ഫാർമ മേഖല പകർന്നുനൽകിയ ഉന്മേഷത്തിൽ നിഫ്റ്റി ഫാർമ സൂചിക ഏഴ് ശതമാനം നേട്ടത്തിലാണ്.
നിഫ്റ്റി
നിഫ്റ്റി സൂചികയിൽ 730 പോയിന്റ് ചാഞ്ചാട്ടം. പിന്നിട്ട വാരത്തിലെ 22,600ൽനിന്ന് നേരിയ തളർച്ചയോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ആദ്യദിനത്തിൽ തന്നെ 22,535ലേക്ക് താഴ്ന്നെങ്കിലും വാരമധ്യത്തോടെ കരുത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ 22,800നു മുകളിലെത്തി. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് വാങ്ങൽ താത്പര്യം ഉയരാഞ്ഞതിനാൽ പെട്ടെന്ന് 22,500 റേഞ്ചിലേക്ക് തളർന്നു. തുടർന്നുണ്ടായ തിരിച്ചുവരവിൽ 23,118ലേക്ക് ഉയർന്നെങ്കിലും മുൻലക്കം സൂചിപ്പിച്ച 23,059 ലെ പ്രതിരോധം ക്ലോസിംഗിൽ മറികടക്കാനാവാതെ 23,053 പോയിന്റിലാണ്.
ഈ വാരം 22,587ലെ ആദ്യസപ്പോർട്ട് നിലനിർത്താനായാൽ 23,318ലേക്കും തുടർന്ന് 23,583-ലേക്കും മുന്നേറാം. വിൽപന സമ്മർദമുണ്ടായാൽ 22,121ലേക്ക് പരീക്ഷണം നടത്താം. നിലവിൽ സൂചിക 20 ഡിഎംഎ ആയ 22,707ന് മുകളിലെത്തിയത് പ്രതീക്ഷ പകരുന്നു. അതേസമയം, 50 ഡി എംഎ ആയ 23,254ലേക്ക് വാരത്തിന്റെ ആദ്യപകുതിയിൽ ഉയരാനായാൽ ദീപാവലി വേളയിൽ 23,688നെ നിഫ്റ്റി ഉറ്റുനോക്കാം.
നിഫ്റ്റി വാരാന്ത്യത്തിൽ 200 ആഴ്ചയിലെ മൂവിംഗ് ആവറേജായ 22,700 പോയിന്റിന് മുകളിലെത്തി. എന്നാൽ ദീർഘകാല സാങ്കേതിക ചലനങ്ങളിൽ ദൗർബല്യം പ്രകടമാണ്. ആ നിലയ്ക്ക് വീക്ഷിച്ചാൽ 23,300 -23,450 മറികടന്നാൽ മാത്രമേ ബുൾ റാലിക്ക് വിശ്വാസ്യത ലഭിക്കൂ. എംഎസി ഡി സിഗ്നൽ ലൈനിന് താഴേക്ക് നീങ്ങുന്നത് ദുർബലാവസ്ഥയുടെ സൂചനയാണ്.
നിഫ്റ്റി നവംബർ ഫ്യൂച്ചേഴ്സ് 22,661ൽനിന്ന് 23,099ലെത്തി. കരാർ വില ഉയർന്നതിനൊപ്പം വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 85.5 ലക്ഷം കരാറിൽനിന്ന് 156.6 ലക്ഷമായി. വിലക്കയറ്റത്തിനൊപ്പം ഓപ്പണ്‍ ഇൻട്രസ്റ്റും ഉയർന്നെങ്കിലും ഇത് പുതിയ ലോംഗ് പൊസിഷനുകളുടെ സൂചനയായി കണക്കാക്കാനാവില്ല. ഒക്ടോബർ സീരീസിൽനിന്ന് നവംബറിലേക്കുള്ള റോൾ ഓവറും ഈ വർധനയ്ക്ക് കാരണമാവാമെന്നതിനാൽ ഒരു ബുൾ റാലിയുടെ സൂചനയായി വിലയിരുത്താനാവില്ല.
സെൻസെക്സ്
സെൻസെക്സ് 73,123ൽനിന്ന് ഓപ്പണിംഗ് വേളയിലെ വിൽപന സമ്മർദത്തിൽ 72,514ലേക്ക് ഇടിഞ്ഞു. വിദേശ ഫണ്ടുകൾ ഈ ഘട്ടത്തിൽ ഏകദേശം 1450 കോടി രൂപയുടെ വിൽപന നടത്തി. സൂചികയുടെ തകർച്ചയ്ക്കിടയിലും തെരഞ്ഞെടുത്ത ഓഹരികളിൽ നിക്ഷേപം നടത്താൻ അവർ തയാറായി. വാരമധ്യത്തിൽ ഏകദേശം 5000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ അവർ വെള്ളിയാഴ്ചയും 3600 കോടി രൂപ നിക്ഷേപിച്ചു. നവംബറിലേക്ക് പ്രവേശിക്കുന്പോൾ വിദേശ ഓപ്പറേറ്റർമാരുടെ ഈ മനംമാറ്റം ശ്രദ്ധേയമാണ്.
എന്നാൽ മാസങ്ങളായുള്ള കനത്ത വാങ്ങൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ മരവിപ്പ് ഉളവാക്കുന്നു. ഇതിന്റെ ലക്ഷണമാണോ രണ്ട് ദിവസങ്ങളിൽ അവർ നടത്തിയ വിൽപന. വാരാന്ത്യത്തിൽ സൂചിക 74,738 വരെ ഉയർന്നശേഷം 74,459 പോയിന്റിലാണ്. ഈ വാരം 75,293-76,127 മേഖലയിൽ പ്രതിരോധമുണ്ട്. വിപണി തളർന്നാൽ 73,069-71,679ൽ സപ്പോർട്ടുണ്ട്.
വിദേശ ഫണ്ടുകൾ 8710.76 കോടി രൂപയുടെ നിക്ഷേപവും 2406.09 കോടി രൂപയുടെ വിൽപനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 5177.33 കോടി രൂപയുടെ വാങ്ങലിനൊപ്പം 2067.54 കോടി രൂപയുടെ ബാധ്യത ഒഴിവാക്കി. ഒക്ടോബറിൽ ആഭ്യന്തര ഫണ്ടുകളുടെ നിക്ഷേപം 62,220 കോടി രൂപയാണ്. അതേസമയം, വിദേശ ഫണ്ടുകളുടെ വിൽപന 45,161 കോടി രൂപയും. ആഗോള സാന്പത്തിക സാഹചര്യങ്ങളും ആഭ്യന്തര കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തനഫലങ്ങളും വിലയിരുത്തിയാകും അടുത്ത ഘട്ടത്തിൽ സൂചികകളുടെ ചുവടുവയ്പ്.
രൂപയിൽ അൽപം
ഡോളറിനെതിരേ കടുത്ത സമ്മർദം നേരിട്ടശേഷം രൂപയിൽ അൽപം ആശ്വാസം. മാസാരംഭത്തിൽ 96.80 വരെ ദുർബലമായ രൂപയെ പിടിച്ചുനിർത്താൻ കേന്ദ്രബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. കഴിഞ്ഞവാരം 94.30ലേക്ക് ശക്തിപ്രാപിച്ചശേഷം രൂപ 94.94 നിലവാരത്തിലാണ്. നിലവിൽ 95.67ൽ പ്രതിരോധമുണ്ട്. കൂടുതൽ കരുത്താർജിച്ചാൽ 94.08 വരെ നീങ്ങാം. ക്രൂഡ് ഓയിൽ വില താഴ്ന്നാൽ രൂപ 93.10ലേക്ക് ചുവടുവെക്കാം.
സ്വർണം സമ്മർദത്തിൽ
മഞ്ഞലോഹത്തിൽ ഫണ്ടുകൾ ഷോർട്ട് പൊസിഷനുകൾ ഉയർത്തിയതോടെ സ്വർണം സമ്മർദത്തിലായി. ന്യൂയോർക്കിൽ ട്രോയ് ഔണ്‍സിന് 3995 ഡോളറിൽനിന്ന് 4075 ഡോളർ വരെ ഉയർന്നശേഷം 3875 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം.
Business
ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ വരുമ്പോള്‍ വിളിക്കുന്ന ആളുടെ യഥാര്‍ഥ പേര് സ്ക്രീനില്‍ തെളിയുന്ന ‘കോളിംഗ് നെയിം പ്രസന്റേഷന്' (സിനാപ്) സംവിധാനം നിലവില്‍ വന്നു. കേന്ദ്രനിര്‍ദേശ പ്രകാരമാണ് സിനാപ് രാജ്യമാകെ നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ 4ജി, 5ജി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകളിലാണ് ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നത്. സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നല്കുന്ന തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും ലഭ്യമാകുക. ട്രൂ കോളര്‍ പോലുള്ള തേഡ്പാര്‍ട്ടി ആപ്പുകള്‍ ഇല്ലാതെ ഈ സൗകര്യം ലഭ്യമാകും. കോളര്‍ ഐഡി സംവിധാനം ലഭ്യമാകാന്‍ ഉപയോക്താവ് പ്രത്യേക ആപ്പുകളോ സെറ്റിംഗ്സോ മാറ്റേണ്ടതില്ല.
സേവ് ചെയ്ത നമ്പറുകളില്‍നിന്നാണു കോളെങ്കില്‍ ആ പേരായിരിക്കും കാണിക്കുക. ബിസിനസ് കണക്ഷനുകള്‍ക്ക് നിലവിലെ പേരിനു പകരം സ്വന്തം ട്രേഡ്മാര്‍ക്ക് പേര് (പ്രിഫേഡ് നെയിം) ഉള്‍പ്പെടുത്താന്‍ അവസരം നല്‍കും. പുതിയ ബിസിനസ് കണക്ഷനുകള്‍ക്ക് അതെടുക്കുന്ന സമയത്തു തന്നെ ‘പ്രിഫേഡ് നെയിം' നല്‍കാം. അതേസമയം, വിദേശത്തു നിന്നുള്ള കോളുകള്‍ ‘ഇന്റര്‍നാഷണല്‍ കോള്‍' എന്ന രീതിയില്‍ ദൃശ്യമാകും. ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ 60 ദിവസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.
Business
കൊച്ചി: വിദേശ മലയാളികള്‍ക്ക് നാട്ടിലെ ആരോഗ്യ വിദഗ്ധരുടെ സേവനം ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ മെഡ്ലോര്ഡ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ചികിത്സാ മേഖലകളിലെ വിദഗ്ധരുടെ സേവനം ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ്ലോര്ഡിന്റെ ലക്ഷ്യം.
എംബിബിഎസ് ഡോക്ടര്‍മാര്‍ക്കു പുറമേ ആയുര്‍വേദ ഡോക്ടര്‍മാര്‍, ദന്തഡോക്ടമാര്‍, മൃഗഡോക്ടര്‍മാര്‍, ഡയറ്റീഷ്യന്മാര്, പോഷകാഹാര വിദഗ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മനഃശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനങ്ങളും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ ഓസ്ട്രേലിയ, യുകെ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ മലയാളികള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്.
രോഗികള്‍ക്ക് അതത് രാജ്യങ്ങളിലെ ലാബുകളില്‍ പരിശോധന നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശവും പരിശോധനാഫലങ്ങള്‍ അടിസ്ഥാനമാക്കി തുടര്‍ചികിത്സയ്ക്കുള്ള സൗകര്യവും പ്ലാറ്റ്ഫോമിലുണ്ട്. ആവശ്യമായ മരുന്നുകള്‍ അയച്ചു നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ ചികിത്സാ സൗകര്യങ്ങള്‍ ഏകോപിപ്പിച്ചുനല്കാനും മെഡ്ലോര്ഡിലൂടെ സാധിക്കും.
വിദേശത്ത് കഴിയുന്നവര്‍ക്ക് അസുഖം ബാധിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ദൂരവും ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പും സൃഷ്ടിക്കുന്ന ആശങ്കകള്‍ കുറയ്ക്കുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മെഡ്ലോര്ഡ് സ്ഥാപകന്‍ സായൂജ് സതീശന് പറഞ്ഞു. സോഫ്റ്റ്വേര്‍ എന്‍ജിനീയറായ അഖില്‍ കെ. പരമേശ്വരനുമായി ചേര്‍ന്നാണ് അദ്ദേഹം സംരംഭത്തിന് തുടക്കമിട്ടത്.
Education
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട് II (റഗുലർ/സപ്ലിമെന്ററി) പരീക്ഷ ജനുവരി 13 മുതൽ നടത്തും.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ നവംബർ 12 നകം ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം.
കോളജുകളിൽ നിന്നുള്ള അപേക്ഷകൾ നവംബർ 20നകം ചെയർമാൻ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം - 11 വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്: www.dme.kerala.gov.in
Business
ഇന്ത്യൻ റബർ കർഷകരെ ആവേശം കൊള്ളിച്ച് ഷീറ്റ് വില മുന്നൂറിലേക്ക് അടുക്കുന്നു. രാജ്യാന്തര അവധി വ്യാപാരത്തിൽ ചൈനീസ് ഊഹക്കച്ചവടക്കാർ ചുവടു മാറ്റിച്ചവിട്ടി.
ബ്രസീലിയൻ ഭീഷണിക്ക് തത്ക്കാലം കുരുമുളകിനെ തളർത്താനാവില്ല. ഇന്ത്യയിലും വിയറ്റ്നാമിലുംമുളക് ക്ഷാമം രൂക്ഷം. അനുകൂല കാലാവസ്ഥ ഏലത്തോട്ടങ്ങളെ സജീവമാക്കി.
റബർ
സംസ്ഥാനത്തെ റബർ കർഷകർ ഷീറ്റ് വില 300 രൂപയിലേക്ക് ഉയരുന്ന ശുഭമുഹൂർത്തം ഉറ്റുനോക്കുന്നു. ടയർ ലോബി ഇറക്കിയ കുതന്ത്രങ്ങൾക്കെതിരേ പയറ്റാവുന്ന എല്ലാ അടവുകളും കർഷകർ പയറ്റി. പിന്നിട്ട വാരം ഷീറ്റ് വിലയെ 292 രൂപയെന്ന ചരിത്രനേട്ടത്തിലേക്ക് എത്തിച്ചു. ഒത്തുപിടിച്ചാൽ ആ സ്വപ്നവില കൈപ്പിടിയിലൊതുക്കാനാകുമെന്ന വിശ്വാസത്തിലാണ് ഉത്പാദനമേഖല.
കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വരവ് കുറവാണ്. കാലാവസ്ഥ അനുകൂലമായതോടെ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ ചെറുകിട കർഷകർ പുലർച്ചെ തന്നെ ടാപ്പിംഗിന് ഇറങ്ങി. ഇതിനിടയിൽ രാത്രി മഴ പല ഭാഗങ്ങളിലും കർഷകരെ തോട്ടങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരാക്കി.
ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ വില കിലോ 282 രൂപയിൽനിന്ന് 288 രൂപയിലേക്ക് ഉയർത്തി. ഒട്ടുപാൽ 205 രൂപയിലും ലാറ്റക്സ് 192 രൂപയിലും വ്യാപാരം നടന്നു.
ഒക്ടോബർ മുതൽ ജനുവരി വരെ തായ്ലാൻഡിൽ റബർ ഉത്പാദനം ഉയർന്നുനിൽക്കുന്ന കാലഘട്ടമാണ്. മഴ കുറഞ്ഞതിനാൽ വൈകാതെ ടാപ്പിംഗ് ഉയർന്ന തലത്തിലേക്ക് നീങ്ങാൻ സാധ്യത. ഇത് വിപണികളിൽ അസംസ്കൃത റബറിന്റെ ലഭ്യത ഉയർത്താമെന്നത് മുന്നിൽക്കണ്ട് സ്റ്റോക്ക് വിറ്റഴിക്കാൻ വൻകിടക്കാർ രംഗത്തിറങ്ങിയത് ചെറിയ വിൽപന സമ്മർദത്തിന് കാരണമായി.
ഡോളർ അടിസ്ഥാനത്തിൽ വീക്ഷിച്ചാൽ അവിടെ റബർ വില 284 ഡോളറാണ്. ഇതിനിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം മാസാരംഭത്തിലെ 96.80ൽനിന്ന് 94.36ലേക്ക് ശക്തിപ്രാപിച്ചത് തായ് ബാത്തുമായുള്ള വിനിമയത്തിലും പ്രതിഫലിച്ചു. ബാങ്കോക്കിൽ ഷീറ്റ് വില 273 രൂപയിൽനിന്ന് 269 രൂപയായി. അതേസമയം, പ്രതികൂല കാലാവസ്ഥ ടാപ്പിംഗിന് തടസമായാൽ നിരക്ക് മെച്ചപ്പെടാം.
ചൈനീസ് ടയർ വ്യവസായികൾ റബർ വിലക്കയറ്റം പിടിച്ചുനിർത്താൻ വാങ്ങൽതോത് കുറച്ചത് ബാങ്കോക്ക് വിലയെ സ്വാധീനിച്ചു. ടയർ വിൽപനയിലെ മാന്ദ്യം ഷീറ്റ് സ്റ്റോക്ക് കുറയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ചൈനയിലെ രണ്ട് പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിലായി ഏകദേശം 4.80 ലക്ഷം ടൺ റബറിന്റെ അവധി കരാറുകൾ ഫണ്ടുകളും ഊഹക്കച്ചവടക്കാരും ചേർന്ന് ഒഴിവാക്കിയത് വിപണിയുടെ അടിത്തറയിൽ നേരിയ വിള്ളലുണ്ടാക്കി. ഇതോടെ ജപ്പാനിൽ നിക്ഷേപകർ ലാഭമെടുപ്പിന് തിടുക്കം കാണിച്ചു.
റബർ കിലോ 452 യെന്നിൽനിന്ന് 444ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 447 യെന്നിലാണ്. ഈവാരം 440-436 യെന്നിലെ താങ്ങ് കാത്ത് സൂക്ഷിച്ചാൽ 455-462 യെന്നിലേക്ക് തിരിച്ചുവരവ് സാധ്യമാണ്. 462 യെന്നിലെ പ്രതിരോധം തകർത്താലും 468 യെന്നിൽ വീണ്ടും തടസം നേരിടാം.
കുരുമുളക്
ദീപാവലി ഡിമാൻഡിന്റെ മികവിൽ കുരുമുളക് വില കുതിച്ചുയരുകയാണ്. ഉത്പാദനം കുറഞ്ഞതിനാൽ നിരക്ക് ഉയരുമെന്ന് വിളവെടുപ്പ് തുടങ്ങിയ ജനുവരിയിൽ തന്നെ കർഷകർക്ക് ഈ കോളത്തിലൂടെ ദീപിക നൽകിയ മുന്നറിയിപ്പ് കർഷക കുടുംബങ്ങൾക്ക് വിലക്കയറ്റത്തിന്റെ മാധുര്യം നുകരാൻ വഴിയൊരുക്കി.
കഴിഞ്ഞ മാർച്ച് മുതൽ വിപണിയെ തളർത്താൻ ഉത്തരേന്ത്യൻ ലോബിയും അവരുടെ അനുയായികളും ആസൂത്രിത നീക്കങ്ങൾ നടത്തി. എന്നാൽ കർഷകരുടെയും സ്റ്റോക്കിസ്റ്റുകളുടെയും ചെറുത്തുനിൽപ്പിനു മുന്നിൽ അവർ പരാജയപ്പെട്ടതിന്റെ ഏറ്റവും വ്യക്തമായ ചിത്രമാണ് കുരുമുളകിനെ 730 രൂപയിലെത്തിച്ചത്.
അന്തർസംസ്ഥാന വ്യാപാരികൾക്ക് ആവശ്യാനുസരണം കുരുമുളക് ഇനിയും കണ്ടെത്താനായിട്ടില്ല. ഇടുക്കിയിലും വയനാട്ടിലും ഉയർന്ന വില വാഗ്ദാനം ചെയ്തിട്ടും കർഷകർ പിടിമുറുക്കിയത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. വിപണിയിലെ ചില വൻശക്തികൾ വിളവെടുപ്പുവേളയിൽ കുറഞ്ഞ വിലയ്ക്ക് സംഭരിച്ച ചരക്ക് ഉത്തരേന്ത്യൻ വ്യവസായികൾക്ക് വൻലാഭത്തിൽ വിറ്റു.
ബ്രസീലിൽ വിളവെടുപ്പ് ആരംഭിച്ചതിനാൽ ഇറക്കുമതി ചരക്ക് എത്തുമെന്ന പ്രചാരണം നടത്തി വിലക്കയറ്റം തടയാൻ അണിയറ നീക്കങ്ങൾ വേറെയും നടക്കുന്നുണ്ട്. വിളവെടുപ്പ് പുരോഗമിച്ചെങ്കിലും അവിടെനിന്നുള്ള ചരക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ എത്താൻ കുറഞ്ഞത് 45 മുതൽ 60 ദിവസം വരെ വേണ്ടിവരും.
ബ്രസീലിയൻ കയറ്റുമതിക്കാർ തത്ക്കാലം ഇന്ത്യൻ, ശ്രീലങ്കൻ ഇടപാടുകളിൽ താത്പര്യം കാണിച്ചില്ലെന്നാണ് ലഭ്യമാവുന്ന സൂചന. അവർ അമേരിക്കൻ കച്ചവടങ്ങൾക്ക് മുൻതൂക്കം നൽകി. ബ്രസീലിയൻ ചരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ന്യൂയോർക്കിലോ ഹൂസ്റ്റൺ തുറമുഖത്തോ എത്തിക്കാനാകും.
ഇതര ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷനുകളാണ് ബ്രസീലിൽനിന്ന് പുറത്തുവരുന്നതെങ്കിലും പുതിയ കച്ചവടങ്ങൾ നടന്നതായി സൂചനയില്ല. ബ്രസീലിയൻ ചരക്ക് പലപ്പോഴും ഗുണമേന്മയിൽ ഏറെ പിന്നിലാണ്. മുളക് സംസ്കരണത്തിലെ അപാകതയാണ് ഇതിന് പ്രധാന കാരണം. ഇറക്കുമതി നടത്തിയാൽ വീണ്ടും സംസ്കരിക്കേണ്ടിവരുന്നത് ഭാരിച്ച ചെലവ് മാത്രമല്ല, ഇതിനു വേണ്ടിവരുന്ന സമയവും കണക്കിലെടുത്താൽ നഷ്ടക്കച്ചവടമാകും. ബ്രസീൽ 6000 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ഇന്തോനേഷ്യ 6850 ഡോളറിനും ഇന്ത്യ 8025 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഏലം
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങിയ അയൽസംസ്ഥാനങ്ങളിലെ തൊഴിലാളികൾ തിരിച്ചെത്തിയ സാഹചര്യത്തിൽ ഈവാരം മുതൽ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് സജീവമാകും. പകൽ താപനില പെട്ടെന്ന് കുറഞ്ഞത് ഏലം ഉത്പാദനം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഒരുവിഭാഗം കർഷകർ. ലേലകേന്ദ്രങ്ങളിൽ കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും വിൽപനയ്ക്കെത്തുന്ന ഏലക്കയിൽ വലിയ പങ്കും ശേഖരിക്കുന്നുണ്ട്. ശരാശരി ഇനം കിലോയ്ക്ക് 3100 രൂപയിലും മികച്ചയിനങ്ങൾ 3537 രൂപയിലുമാണ്.
നാളികേരം
ഉത്സവദിനങ്ങളിൽ പ്രാദേശിക വിപണികളിൽനിന്ന് വെളിച്ചെണ്ണയ്ക്ക് പ്രതീക്ഷിച്ച ഡിമാൻഡ് അനുഭവപ്പെട്ടില്ല. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചതിനിടെ, സ്റ്റോക്കിലുള്ള വെളിച്ചെണ്ണ വിറ്റുമാറാനും തിടുക്കം കാണിക്കുന്നുണ്ട്. കാങ്കയത്ത് വാരാന്ത്യത്തിൽ എണ്ണവില 21,350 രൂപയായും കൊപ്രവില 15,500 രൂപയിലേയ്ക്കും താഴ്ന്നു. കൊച്ചിയിൽ കൊപ്ര 15,900 രൂപയിലും വെളിച്ചെണ്ണ 25,400 രൂപയിലും സ്റ്റെഡിയാണ്.
Business
അതെ, കടമ്പകൾ പലതുണ്ട്. അവ മറികടക്കാനാകുമോയെന്ന സംശയം മുൻവാരം ഉയർത്തിയതിനെ ശരിവച്ച് ഇന്ത്യൻ ഓഹരി സൂചികകൾ തളർന്നു. ആഗോള ക്രൂഡ് ഓയിൽ വിലക്കയറ്റവും കോർപറേറ്റ് മേഖലയിൽനിന്നുള്ള രണ്ടാംപാദ പ്രവർത്തനഫലങ്ങൾക്ക് പ്രതീക്ഷിച്ച തിളക്കം ലഭിക്കാത്തതും സൂചികകളുടെ പ്രകടനത്തിന് മങ്ങലേൽപ്പിച്ചു. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വ്യാപാരം നാല് ദിവസങ്ങളിലായി ചുരുങ്ങിയിട്ടും രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ടു. സെൻസെക്സ് 1605 പോയിന്റും നിഫ്റ്റി 546 പോയിന്റും ഇടിഞ്ഞു.
ഫോറെക്സ് വിപണിയിൽ രൂപയ്ക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ നീക്കങ്ങൾ അനുകൂല ഫലം നൽകിയെങ്കിലും ബാങ്കിംഗ് മേഖല കടുത്ത സമ്മർദത്തിലാണ്. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ ഓഹരികൾ വിൽപന സമ്മർദത്തിലായി. ത്രൈമാസ പ്രവർത്തനഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും വായ്പാ മാർജിനുകളിലെ സമ്മർദവും നിക്ഷേപകരെ അലട്ടി.
ക്രൂഡ് ഓയിൽ
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 116 ഡോളറിലേക്ക് ഉയർന്നു. എണ്ണവിലക്കയറ്റം ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും വെല്ലുവിളി ഉയർത്തും.
ക്രൂഡ് ഓയിൽ വില 117 ഡോളറിലെ ട്രെൻഡ്ലൈൻ പ്രതിരോധ മേഖലയ്ക്ക് സമീപമാണ്. ഈ പ്രതിരോധം തകർക്കാനായില്ലെങ്കിൽ സാങ്കേതിക തിരുത്തലിന്റെ ഭാഗമായി വില 112 ഡോളറിലേക്ക് താഴാം. എന്നാൽ താഴ്ന്ന നിലവാരത്തിൽ ഫണ്ട് വാങ്ങൽ ഉയരാനുള്ള സാധ്യതയുണ്ട്.
സൗദി അറേബ്യക്ക് നേരേയുള്ള ആക്രമണങ്ങൾ വിലക്കയറ്റം ശക്തമാക്കാം. നവംബറിൽ 120-130 ഡോളറിലേക്ക് കുതിച്ചുയരാൻ സാധ്യത. മാസാരംഭത്തിൽ ബാരലിന് 102 ഡോളറിൽ വ്യാപാരം നടന്ന ഘട്ടത്തിൽത്തന്നെ ക്രൂഡ് ഓയിൽ 110-115 ഡോളറിലേക്ക് ഉറ്റുനോക്കുന്ന വിവരം ചൂണ്ടിക്കാട്ടിയിരുന്നു.
ഡോളറിനെതിരേ രൂപ 94.95ൽനിന്ന് 94.32 വരെ മെച്ചപ്പെട്ടശേഷം 94.97ലേക്ക് ദുർബലമായി. എന്നാൽ വ്യാപാരാന്ത്യം 94.94 നിലവാരത്തിലാണ്. ആഗോള അനിശ്ചിതത്വങ്ങൾ വിദേശ ഫണ്ടുകളുടെ പിന്മാറ്റത്തെ സ്വാധീനിക്കുന്നത് രൂപയെയും ബാധിക്കാം.
വിദേശ ഫണ്ടുകൾ തുടർച്ചയായ പത്താംവാരവും വിൽപനയ്ക്ക് തിടുക്കം കാട്ടി. പോയവാരം അവർ 4,607.34 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതിനിടെ 1909.97 കോടി രൂപയുടെ ഓഹരികൾ വാങ്ങി. തൊട്ടുമുൻ ആഴ്ചയിലെ 8940 കോടി രൂപയുടെ അറ്റവിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ സമ്മർദം കുറഞ്ഞത് ആശ്വാസമായി.
ആഭ്യന്തര ഫണ്ടുകൾ 10,942.19 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും സൂചികയിലെ ഇടിവ് തടയാനായില്ല. ഒക്ടോബറിൽ ഇതിനകം 59,110 കോടി രൂപയുടെ നിക്ഷേപം നടത്തി.
നിഫ്റ്റി
നിഫ്റ്റി സൂചിക 23,146 പോയിന്റിൽനിന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വാരത്തിന്റെ രണ്ടാം പകുതിയിൽ സൂചികയ്ക്ക് കാലിടറിയതോടെ 22,573ലെ പിന്തുണ തകർത്ത് 22,372ലേക്ക് ഇടിഞ്ഞു. വാരാന്ത്യം 22,600 പോയിന്റിലാണ്. ഈ വാരം 22,256 പോയിന്റിലെ ആദ്യ പിന്തുണ നിലനിർത്താനായാൽ പ്രതിരോധ മേഖലയായ 23,059ലേക്ക് മുന്നേറാം. അതേസമയം, ആദ്യ പിന്തുണ നഷ്ടമായാൽ നിഫ്റ്റി 21,912ലേക്ക് തളരും.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കണക്കുകൾ വിപണി ദുർബലമാകുമെന്ന ഓപ്പറേറ്റർമാരുടെ മനോഭാവത്തിലേക്കാണ് വിരൽചൂണ്ടുന്നത്. വിപണിയിലെ ഇടിവിനിടെ ഓപ്പൺ ഇന്ററസ്റ്റ് വർധിച്ചു. വ്യാപാരികൾ പുതിയ ഷോർട്ട് പൊസിഷനുകൾ രൂപപ്പെടുത്തിയതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം. നിഫ്റ്റി നവംബർ 23,119ൽനിന്ന് 2.4 ശതമാനം ഇടിഞ്ഞ് 22,661ലെത്തി. ഓപ്പൺ ഇന്ററസ്റ്റ് 28.4 ലക്ഷത്തിൽനിന്ന് മൂന്നിരട്ടിയോളം വർധിച്ച് 85.5 ലക്ഷമായി.
സെൻസെക്സ്
സെൻസെക്സ് 74,729 പോയിന്റിൽനിന്ന് 72,677ലെ ആദ്യ പിന്തുണ തകർത്ത് 72,452 വരെ ഇടിഞ്ഞു. വാരാന്ത്യത്തിൽ 73,123 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഈ വാരം 72,101-70,799 താങ്ങുണ്ട്. തിരിച്ചുവരവ് നടത്തിയാൽ 74,497-75,871 പോയിന്റിൽ പ്രതിരോധം നേരിടാം.
സ്വർണത്തിൽ ഫണ്ടുകൾ ഷോർട്ട് പൊസിഷനുകൾ വർധിപ്പിച്ചതോടെ മഞ്ഞലോഹത്തിന് നിർണായക പിന്തുണ നഷ്ടമായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4165 ഡോളറിൽനിന്ന് 4000 ഡോളറിലെ പിന്തുണ തകർത്ത് 3977 ഡോളറിലേക്ക് ഇടിഞ്ഞശേഷം 3995 ഡോളറിലാണ്.
അന്താരാഷ്ട്ര വിപണി തിരുത്തൽ പാതയിലായതിനാൽ ഔൺസിന് 3770 ഡോളറിലും 3685 ഡോളറിലും സാങ്കേതിക പിന്തുണ പ്രതീക്ഷിക്കാം. കരുത്ത് തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ 4075 - 4150 ഡോളറിലേക്ക് സഞ്ചരിക്കാം.
Business
തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി ഭീം പേയ്മെന്റ്സ് ആപ്പ് ‘മീഠി ദീപാവലി 2026’ കാന്പയിനിന്റെ ഭാഗമായി ഗൂഞ്ചുമായി സഹകരിക്കുന്നു.
ഒക്ടോബർ 19 മുതൽ നവംബർ എട്ടു വരെ ഉപയോക്താക്കൾ നടത്തുന്ന ഓരോ ഏഴാമത്തെ ഇടപാടിനും അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ സ്കൂൾ കിറ്റുകൾ ലഭ്യമാക്കുന്നതിനായി ഭീം ആപ്പ് സംഭാവന നൽകും.
Business
തിരുവനന്തപുരം: ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വില്പനയുടെ ഭാഗമായി മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. എഡ്ജ് 70 ഫ്യൂഷന്‍, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, മോട്ടോ ജി മാക്സ്, മോട്ടോ ജി77 പവര്‍, മോട്ടോ ജി37 പവര്‍ തുടങ്ങിയ മോഡലുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 29,749 രൂപ മുതലാണ് വില.
Business
കൊച്ചി: എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും തൊഴില്‍ ചെയ്യാന്‍ മികച്ച ഇടത്തിനുള്ള സര്ട്ടിഫിക്കേഷന് സ്വന്തമാക്കി.
തൊഴില്‍ സംസ്കാരത്തിന്റെയും ജീവനക്കാരുടെ അനുഭവങ്ങളുടെയും ആഗോള അഥോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കാണ് സര്ട്ടിഫിക്കേഷന് നല്‍കുന്നത്. ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വേയിലൂടെയാണ് സര്ട്ടിഫിക്കേഷന് നിശ്ചയിച്ചത്.
Business
കൊച്ചി: ബെനലി ഇന്ത്യയുടെ പുതിയ ടിആര്‍കെ 552, 552എക്സ് ബൈക്കുകള്‍ അവതരിപ്പിച്ചു. യഥാക്രമം 7.22 ലക്ഷം, 7.74 ലക്ഷം രൂപയാണ് ഇവയുടെ എക്സ്ഷോറൂം വില. 552എക്സ് ലിമിറ്റഡ് എഡിഷന് 7.90 ലക്ഷം രൂപയാണു വില.
554 സിസി എന്‍ജിനും 52 ബിഎച്ച്പി കരുത്തുമുള്ള മോഡലുകളില്‍ ടിഎഫ്ടി ഡിസ്പ്ലേ, നാവിഗേഷന്‍, ബ്ലൂടൂത്ത് സൗകര്യങ്ങളുണ്ട്. ടിആര്‍കെ 552 റോഡ് യാത്രകള്‍ക്കും 552എക്സ് ഓഫ്റോഡ് യാത്രകള്‍ക്കും അനുയോജ്യമാണ്.
Business
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala .gov.in) സന്ദർശിക്കുക.
Business
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് ഫോർച്യൂൺ ഗാരന്റി സുപ്രീം പദ്ധതി അവതരിപ്പിച്ചു.
ആദ്യദിനം മുതൽത്തന്നെ അടയ്ക്കുന്ന വാർഷിക പ്രീമിയത്തിന്റെ 30 ഇരട്ടി ലൈഫ് കവറും ഒപ്പം ഉറപ്പായ ദീർഘകാല സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
ഹൈ ലൈഫ് കവർ എൻഡോവ്മെന്റ് ഓപ്ഷൻ ഉൾപ്പെടുത്തിയാണ് പരിരക്ഷയും നിക്ഷേപനേട്ടവും ഉറപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Business
തിരുവനന്തപുരം: സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്ന പരിശീലന പരിപാടിക്ക് തുടക്കമിടുന്നു.
കേരള സർക്കാരിന്റെ ഐടി നൈപുണ്യ വികസന ഏജൻസിയായ ഐസിടി അക്കാദമി ഓഫ് കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എസ്ടിപിഐ കേന്ദ്രത്തിലാണ് കോഴ്സിന്റെ ഓഫ്ലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.
സൈബർ സുരക്ഷയുടെയും നെറ്റ്വർക്കിംഗിന്റെയും അടിസ്ഥാനതത്ത്വങ്ങൾ മുതൽ പ്രായോഗിക സുരക്ഷാ പരിശോധനകൾ വരെ ഉൾക്കൊള്ളുന്നതാണ് കോഴ്സ്.
എൻജിനിയറിംഗ്, അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എൻജിനിയറിംഗ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +91 94 000 63499 എന്ന ഫോണ്‍ നന്പറിലോ ictaksupport4 @ictkerala.org, [email protected] എന്നീ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാം.
Business
കൊച്ചി: മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിന് കൊച്ചി വിമാനത്താവളത്തില്‍ ദവ ഇന്ത്യയുടെ സ്റ്റോര്‍ തുറന്നു. സോട്ട ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് സിഇഒ ഡോ. സുജിത് പോള്‍ ഉദ്ഘാടനം നിർവഹിച്ചു.
ജനറിക് മരുന്നുകള്‍ക്കു പുറമേ ഒടിസി ഉത്പന്നങ്ങള്‍, പ്രഥമശുശ്രൂഷാ സാധനങ്ങള്‍, വ്യക്തിഗത വെല്‍നസ് ഉത്പന്നങ്ങള്‍ എന്നിവയും സ്റ്റോറിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: ഇൻഡസ് ഇൻഡ് ജനറൽ ഇൻഷ്വറൻസിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ശരദ് മാഥൂറിനെ നിയമിച്ചു. ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി.
ഇൻഷ്വറൻസ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ മൂന്നു പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുള്ള ഇദ്ദേഹം യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷ്വറൻസിന്റെ എംഡിയും സിഇഒയുമായി പ്രവർത്തിച്ചിട്ടുണ്ട്.
Business
തിരുവനന്തപുരം: മില്‍മയുടെ പേരില്‍ 50,000 രൂപ സമ്മാനം എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശവും ലിങ്കും വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാല്‍ വഞ്ചിതരകാതിരിക്കാന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വ്യാജ സന്ദേശത്തിനെതിരേ മില്‍മ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ ‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’, ‘മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം’ തുടങ്ങിയ പേരുകളില്‍ വ്യാജ ലിങ്കുകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. പിന്നീട് മില്‍മ സ്വീകരിച്ച നിയമപരമായ നടപടികളെ തുടര്‍ന്ന് അത് നീക്കം ചെയ്തു. ഉത്സവാഘോഷ വേളകളില്‍ സമ്മാന, വാഗ്ദാന പദ്ധതികള്‍ പുറത്തിറക്കുന്ന രീതി മില്മയ്ക്കില്ലെന്നും ഭാവിയിലും ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്നും അധികൃതര്‍ അറിയിച്ചു.
Business
ഈരാറ്റുപേട്ട: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഈരാറ്റുപേട്ടയിലെ പുതിയ ഷോറൂം എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ.തോമസ്, അജ്മി ഗ്രൂപ്പ് ചെയര്മാന് കെ.കെ. അബ്ദുള്‍ഖാദര്‍, ഈരാറ്റുപേട്ട നഗരസഭ ചെയര്മാന് വി.പി. നാസര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, കോട്ടയം ജില്ലാ പഞ്ചായത്തംഗം ആര്. ശ്രീകല, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ, ഈരാറ്റുപേട്ട നഗരസഭാംഗം ഷിയാസ് മുഹമ്മദ് സിസിഎം, വ്യാപാരി വ്യവസായി ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓക്സിജന്റെ 48-ാമത്തെ ഷോറൂമാണ് ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തനമാരംഭിച്ചത്. ഉപയോക്താക്കള്‍ക്കായി ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് ഇരുനിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഷോറൂമില്‍ അവസരമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിലുണ്ട്.
ഓക്സിജനിലെ മൊബൈല്‍ കാര്‍ണിവെല്ലിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് പ്രത്യേക ഓഫറുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കാര്‍, സ്കൂട്ടര്‍, സ്വര്‍ണമോതിരം, സൈക്കിള്‍, ഇലക്ട്രിക് തയ്യല്‍ മെഷീന്, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മിക്സര്‍ ഗ്രൈന്‍ഡര്‍, പെഡസ്റ്റല്‍ ഫാന്‍, എയര്‍കൂളര്‍ ഉള്‍പ്പടെ നിരവധി സമ്മാനങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
മൊബൈല്‍ ബ്രാന്‍ഡുകള്‍ നല്കുന്ന വാറന്റിക്ക് പുറമെ ഓക്സിജന്‍ നല്കുന്ന അധികവാറന്റി സ്കീമുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും മൊബൈല്‍ കാര്‍ണിവെല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിവസവും 30 രൂപ മാറ്റിവച്ചാല്‍ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഓക്സിജനില്‍ നിന്നും സ്വന്തമാക്കാം. ഏത് കണ്ടീഷനിലുള്ള മൊബൈല്‍ ഫോണുകള്‍ക്ക് കുറഞ്ഞത് 1000 രൂപ എക്സ്ചേഞ്ച് ബോണസും ഓക്സിജന്‍ നല്‍കുന്നുണ്ട്.
ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിന് ശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നല്കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പസൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9020100100.
Business
ദീപാവലി ഡിമാന്‍ഡിന്റെ ശക്തമായ പിന്തുണയില്‍ കുരുമുളകിന് കൂടുതല്‍ കരുത്ത്! അന്തര്‍സംസ്ഥാന വ്യാപാരികള്‍ കുരുമുളകിനായി പരക്കംപാഞ്ഞങ്കിലും ഇടുക്കി, വയനാട് മേഖലകളില്‍നിന്ന് ആവശ്യകതയ്ക്കനുസരിച്ച് സംഭരിക്കാന്‍ അവര്‍ക്കായില്ല. ഉത്തരേന്ത്യയിലെ കറിമസാല വ്യവസായികള്‍ കൊച്ചി വിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് വാഗ്ദാനം ചെയ്തും ഉത്പാദന മേഖലകളില്‍ ഇറങ്ങി. ചരക്ക് ക്ഷാമം എത്രമാത്രം രൂക്ഷമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഒരു വിഭാഗം വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ കുരുമുളകിന്റെ സര്‍വകാല റിക്കാര്‍ഡ് വിലയെ കാത്തിരിക്കുകയാണ്. ഇതിനിടയില്‍ മെച്ചപ്പെട്ട വില കണ്ട് ഇടനിലക്കാര്‍ സ്റ്റോക്ക് കുറയ്ക്കാന്‍ താത്പര്യം കാണിച്ചു. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റലിന് 70,400 രൂപയില്‍നിന്ന് 71,400 രൂപയായി ഉയര്‍ന്നു.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്റെ വില ടണ്ണിന് 7,825 ഡോളറാണ്. വിയറ്റ്നാം 6100 ഡോളറും ഇന്തോനേഷ്യ 6500 ഡോളറും ബ്രസീല്‍ 5900 ഡോളറും മലേഷ്യ 9,200 ഡോളറും ശ്രീലങ്ക 6650 ഡോളറും രേഖപ്പെടുത്തി. നടപ്പുവര്‍ഷം വിയറ്റ്നാമിന്റെ കുരുമുളക് കയറ്റുമതി 2.25 ലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നതോടെ ഉത്പാദന മേഖലകളില്‍ ചരക്കിന് കടുത്ത ക്ഷാമം നിലനില്ക്കുന്നു. കംബോഡിയന്‍ മുളക് ശേഖരിച്ച് മറിച്ചുവില്‍ക്കുകയാണ് വിയറ്റ്നാമിലെ ഒട്ടുമിക്ക കയറ്റുമതി സ്ഥാപനങ്ങളും.
മുന്‍നിര കയറ്റുമതി രാജ്യങ്ങള്‍ വിലയില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കിലും വിയറ്റ്നാമിലെ ആഭ്യന്തര വിലവര്‍ധന വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ചരക്ക് സംഭരിക്കാന്‍ കയറ്റുമതിക്കാര്‍ ക്ലേശിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. നിലവില്‍ കയറ്റുമതി വില സ്ഥിരമായി നിലനിര്‍ത്തുകയാണെങ്കിലും വന്‍കിട കരാറുകള്‍ക്ക് അവര്‍ തയാറല്ല. ലഭ്യമായ മുളക് പരമാവധി ശേഖരിച്ചശേഷം രാജ്യാന്തര വില ഉയര്‍ത്തി വിപണി പിടിക്കാനുള്ള നീക്കമായും വിയറ്റ്നാമിലെ ഈ ചലനങ്ങളെ വിലയിരുത്താം.
ഏലം
ചിങ്ങത്തിലെ മഴക്കുറവ് ഏലത്തോട്ടങ്ങളില്‍ കായ്പിടിത്തത്തെയും ശരങ്ങളുടെ വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചെങ്കിലും കന്നിയില്‍ കാലാവസ്ഥയിലുണ്ടായ മാറ്റം മെച്ചപ്പെട്ട വിളവിന് അവസരം സൃഷ്ടിച്ചു. തുലാമഴ കൂടി സജീവമായാല്‍ ജനുവരി വരെയുള്ള ഏലം ഉത്പാദനം ഉയര്‍ന്ന നിലയില്‍ തുടരാം. ആഭ്യന്തര, വിദേശ ഡിമാന്‍ഡ് ശക്തമായത് ഉത്പാദകര്‍ക്ക് നേട്ടമാകും.
ഇതിനിടെ മഴമേഘങ്ങളുടെ സാന്നിധ്യം മുന്‍നിര്‍ത്തി കര്‍ഷകര്‍ കൂടുതല്‍ ചരക്ക് വില്പനയ്ക്ക് ഇറക്കുന്നു. വാരമധ്യത്തില്‍ ഒറ്റദിവസം നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 2.75 ലക്ഷം കിലോഗ്രാം ഏലം വില്പനയ്ക്കെത്തി. ഈ വര്‍ഷം ഇത്രയും ശക്തമായ വരവ് ആദ്യമാണ്. ശരാശരി ഇനം ഏലക്കയുടെ വില കിലോഗ്രാമിന് 3,200 രൂപയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ഗ്വാട്ടിമാലയും സജീവമാണ്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഏകദേശം 17,000 ടണ്‍ ഏലം കയറ്റുമതി നടത്തി. രാജ്യാന്തര വിപണിയില്‍ ഗ്വാട്ടിമാലയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
കാപ്പി
ദക്ഷിണേന്ത്യന്‍ കാപ്പി കര്‍ഷകര്‍ ആശങ്കയിലാണ്. എല്‍ നിനോ പ്രതിഭാസം മൂലം കാപ്പി ഉത്പാദനം കുറയുമെന്നാണ് തോട്ടം മേഖലയില്‍നിന്നുള്ള വിവരം. കര്‍ണാടകത്തിലെ കൂര്‍ഗ്, ഹാസന്, ചിക്കമംഗളൂരു മേഖലകളില്‍ നിലനിന്ന ഉയര്‍ന്ന പകല്‍ താപനിലയും ക്രമരഹിതമായ മഴയും കാപ്പിച്ചെടികള്‍ പൂക്കുന്നതിനെ ബാധിച്ചിരുന്നു. ഇതിനിടെ കനത്ത മഴയും വിളയെ ബാധിച്ചു. നടപ്പുസീസണില്‍ ഉത്പാദനം 20 ശതമാനം കുറയുമെന്ന് കര്‍ണാടക പ്ലാന്റേഴ്സ് അസോസിയേഷന് വിലയിരുത്തുന്നു.
കേരളത്തിലെ കാപ്പിക്ക് എന്ത് സംഭവിച്ചാലും എന്താണ്? സംസ്ഥാന കൃഷിവകുപ്പിന്റെ ചിറ്റമ്മനയം മൂലം ഉത്പാദനത്തെക്കുറിച്ച് ഒരു പഠനത്തിനോ വിലയിരുത്തലിനോ സര്‍ക്കാര്‍ തയാറായില്ല. പ്രതികൂല കാലാവസ്ഥ വയനാട്ടിലെ കാപ്പിത്തോട്ടങ്ങളില്‍ വന്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലെ തോട്ടങ്ങളും വരള്‍ച്ചയുടെ പിടയിലാണ്. വയനാട്ടില്‍ കാലവര്‍ഷക്കാലത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 53 ശതമാനം കുറവാണ് ലഭിച്ചത്. ഈ കുറവ് മാത്രം കണക്കിലെടുത്താല്‍ അടുത്ത വര്‍ഷവും വരള്‍ച്ച കാപ്പിത്തോട്ടങ്ങളെ എത്രമാത്രം ബാധിക്കുമെന്നത് മനസിലാക്കാം.
വയനാട്ടില്‍ കാപ്പിപ്പരിപ്പ് ക്വിന്റലിന് 37,500 രൂപയിലും ഉണ്ടക്കാപ്പി 54 കിലോഗ്രാമിന് 11,500 രൂപയിലുമാണ്. കട്ടപ്പനയില്‍ റോബസ്റ്റ കാപ്പി കിലോഗ്രാമിന് 210 രൂപയിലും പരിപ്പ് 390 രൂപയിലുമാണ്.
റബര്‍
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചില്‍ റബറില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചു. കിലോഗ്രാമിന് 462 യെന്നില്‍ വ്യാപാരം തുടങ്ങിയ റബര്‍ 470 യെന്നിലേക്ക് നീങ്ങുന്നതിനിടെയാണ് ഫണ്ടുകള്‍ സംഘടിതമായി ലാഭമെടുപ്പിന് മത്സരിച്ചത്. ഇത്തരമൊരു നീക്കമുണ്ടാകുമെന്ന് മുന്‍വാരം സൂചിപ്പിച്ചത് ശരിവയ്ക്കുന്നതായിരുന്നു തുടര്‍ന്നുണ്ടായ വിലയിടിവ്. ഉയര്‍ന്ന നിരക്കില്‍നിന്ന് വില 445 യെന്‍ വരെ താഴ്ന്നു.
കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച 440 യെന്നിലെ സപ്പോര്‍ട്ടിലേക്ക് അടുക്കുംമുമ്പേ റബറിന് തിരിച്ചുകയറാനായി. താഴ്ന്ന നിലവാരങ്ങളില്‍ ശക്തമായ വാങ്ങല്‍ താത്പര്യം നിലനില്ക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം. വാരാന്ത്യത്തില്‍ വില 452 യെന്നിലാണ്.
440 യെന്നിലെ സപ്പോര്‍ട്ട് നിലനിര്‍ത്താനായാല്‍ 468-478 യെന്നിലേക്ക് ഉയരാന്‍ ശ്രമിച്ചേക്കാം. ഈ നീക്കം വിജയിച്ചാല്‍ 485 യെന്നിലേക്ക് വിപണി ഉറ്റുനോക്കാം. ബാങ്കോക്കില്‍ റബര്‍ വില കിലോഗ്രാമിന് 273 രൂപയിലേക്ക് ഇടിഞ്ഞു.
സംസ്ഥാനത്ത് റബര്‍ ടാപ്പിംഗില്‍ ഉണര്‍വുണ്ടായെങ്കിലും ലാറ്റക്സ് വില കിലോഗ്രാമിന് 189 രൂപയിലേക്ക് വ്യവസായികള്‍ താഴ്ത്തി. കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റ് വരവ് കുറവാണ്. ഉത്തരേന്ത്യന്‍ വ്യവസായികള്‍ അഞ്ചാം ഗ്രേഡ് റബര്‍ കിലോഗ്രാമിന് 282 രൂപയ്ക്കും ടയര്‍ കമ്പനികള്‍ നാലാം ഗ്രേഡ് കിലോഗ്രാമിന് 286 രൂപയ്ക്കും വാങ്ങി.
വെളിച്ചെണ്ണയും കൊപ്രയും
വിജയദശമി വേളയില്‍ വെളിച്ചെണ്ണയ്ക്ക് കാര്യമായ ഡിമാന്‍ഡ് അനുഭവപ്പെട്ടില്ല. കാങ്കയത്തെ വന്‍കിട കൊപ്രയാട്ട് വ്യവസായികള്‍ വില ഉയര്‍ത്തി കൊപ്ര സംഭരിച്ചെങ്കിലും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞത് തിരിച്ചടിയായി.
തമിഴ്നാട്ടിലെ നീക്കം കണ്ട് കേരളത്തിലെ മില്ലുകാര്‍ കൊപ്രവില 400 രൂപ വരെ ഉയര്‍ത്തി വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വാരാന്ത്യത്തില്‍ കൊപ്ര 15,900 രൂപയിലും വെളിച്ചെണ്ണ 25,400 രൂപയിലുമാണ്.
Business
ദീപാവലിക്ക് മുന്നോടിയായി ഓഹരി സൂചികയിലെ വെടിക്കെട്ട് ഇന്ത്യന്‍ നിക്ഷേപകര്‍ ആഘോഷമാക്കി. ഏഷ്യന്‍ വിപണികളില്‍ പലതും വില്പന സമ്മര്‍ദത്തില്‍ ആടിയുലഞ്ഞു. ഇതിനിടയില്‍ സെന്‍സെക്സും നിഫ്റ്റിയും വാരാന്ത്യത്തില്‍ ശക്തമായ കുതിച്ചുചാട്ടമാണ് കാഴ്ചവച്ചത്. വിപണി വന്‍ തകര്‍ച്ചയില്‍ അകപ്പെട്ട സെപ്റ്റംബര്‍ അവസാനം തന്നെ ഹ്രസ്വകാല ബുള്‍ റാലിയുടെ സൂചനകള്‍ മുന്‍കൂട്ടി കണ്ടുള്ള വാങ്ങലിനെക്കുറിച്ച് രണ്ടാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വാരം സെന്‍സെക്സ് 2256 പോയിന്റും നിഫ്റ്റി 625 പോയിന്റും ഉയര്‍ന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ റാലിയാണിത്. അതായത്, സൂചികകള്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ മുന്നേറി. ദീപാവലി വേളയില്‍ ഏതൊരു ഇന്ത്യന്‍ നിക്ഷേപകന്റെയും സ്വപ്നമായ മുന്നേറ്റമാണ് വാരാന്ത്യത്തില്‍ യാഥാര്‍ഥ്യമായത്.
ഇനി മുന്നോട്ടുനോക്കാം.
കടമ്പകള്‍ പലതുണ്ട്. അവ മറികടക്കാനാകുമോയെന്നാണ് അറിയേണ്ടത്. കോര്‍പറേറ്റ് മേഖലയില്‍നിന്നുള്ള രണ്ടാം പാദ പ്രവര്ത്തനഫലങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇതിനിടെ, ആര്‍ബിഐ കഴിഞ്ഞ വാരം നടത്തിയ നിര്‍ണായക നീക്കം രൂപയുടെ ശ്രദ്ധേയമായ തിരിച്ചുവരവിന് അവസരമൊരുക്കി. എണ്ണക്കമ്പനികള്‍ക്ക് ആവശ്യമായ വിദേശനാണ്യം ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയത് രൂപയ്ക്ക് തിളക്കം പകര്‍ന്നു.
അതേസമയം, ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളിലാണ്. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിന് തടസമില്ലെന്ന യുഎസ് പ്രസ്താവന ഓഹരി വിപണിക്ക് അനുകൂലമാണ്. സൂചികകള്‍ക്ക് കുതിച്ചുകയറാന്‍ ഇത് അവസരമൊരുക്കാം. എന്നാല്‍, വാക്കുകളില്‍ സ്ഥിരതയില്ലാത്ത ഒരാളുടെ പ്രസ്താവനയായി വേണം യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ കാണാന്‍. അതുകൊണ്ടുതന്നെ റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ അമിതപ്രതീക്ഷ വേണ്ട.
നിഫ്റ്റി
നിഫ്റ്റി സൂചിക മുന്‍ലക്കത്തില്‍ സൂചിപ്പിച്ച രണ്ട് പ്രതിരോധങ്ങളും മറികടന്നത് ശുഭസൂചനയാണ്. നിഫ്റ്റി 22,520 പോയിന്റില്‍നിന്ന് വാരമധ്യത്തില്‍ 22,288ലേക്ക് ഇടിഞ്ഞ അവസരത്തിലാണ് പുള്‍ബാക്ക് റാലിക്കുള്ള അണിയറയൊരുക്കങ്ങള്‍ നടന്നത്. ഇതോടെ, കഴിഞ്ഞ വാരം സൂചിപ്പിച്ച നിഫ്റ്റിയുടെ 20 ദിവസത്തെ ശരാശരിയായ 22,972 മറികടന്നത് ഹ്രസ്വകാല ഉണര്വിന് വിശ്വാസ്യത പകരുന്നു. വാരാന്ത്യത്തില്‍ സൂചിക 23,146 പോയിന്റിലാണ്.
വിപണിക്ക് മുന്നില്‍ നിര്‍ണായകമായ രണ്ട് പ്രതിരോധങ്ങളുണ്ട്. 50 ദിവസത്തെ മൂവിംഗ് ആവറേജായ 23,611 പോയിന്റും 100 ദിവസത്തെ മൂവിംഗ് ആവറേജായ 23,768 പോയിന്റും. ഈ നിലവാരങ്ങള്‍ക്കു മുകളില്‍ ഇടംപിടിച്ചാല്‍ മാത്രമേ ശക്തമായ ബുള്‍ റാലിക്ക് വിപണി തയാറാകൂ. അതായത്, 622 പോയിന്റ് കൂടി കൈപ്പിടിയിലൊതുക്കണമെന്നര്ഥം.
ഈ വാരം 23,434 പോയിന്റിലെ ആദ്യ പ്രതിരോധം മറികടക്കാനായാല്‍ നിഫ്റ്റിക്ക് 23,722ലേക്ക് മുന്നേറാം. 22,573-22,000 പോയിന്റുകളിലാണ് പിന്തുണ.
നിഫ്റ്റി ഒക്ടോബര്‍ ഫ്യൂച്ചേഴ്സ് 2.2 ശതമാനം ഉയര്‍ന്ന് 22,625ല്‍നിന്ന് 23,119 നിലവാരത്തിലെത്തി. എന്നാല്‍, ഓപ്പണ്‍ ഇന്ററസ്റ്റ് 11 ശതമാനം കുറഞ്ഞ് 189.43 ലക്ഷം കരാറുകളില്‍നിന്ന് 170 ലക്ഷമായി. വില ഉയര്‍ന്നതിനിടെ ഓപ്പണ്‍ ഇന്ററസ്റ്റ് കുറഞ്ഞത് ഷോര്‍ട്ട് കവറിംഗിന്റെ സൂചനയാണ്. നിലവില്‍ ഒക്ടോബര്‍ ഫ്യൂച്ചേഴ്സിന് 23,600ലേക്ക് മുന്നേറാന്‍ ശ്രമിക്കാം. എന്നാല്‍, 23,000ലെ പിന്തുണ നിലനിര്‍ത്താനായില്ലെങ്കില്‍ 22,850ലേക്ക് തിരിയാം.
സെന്‍സെക്സ്
മുംബൈ സെന്‍സെക്സ് 72,472 പോയിന്റില്‍നിന്ന് തളര്‍ച്ചയോടെയാണ് വ്യാപാരത്തിന് തുടക്കമിട്ടത്. ശക്തമായ വില്പന സമ്മര്‍ദത്തില്‍ 71,676ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യത്തില്‍ കാഴ്ചവച്ച ബുള്‍ റാലിയില്‍ സൂചിക 74,778ലേക്ക് തിരിച്ചുകയറി. തുടര്‍ന്ന് 74,729 പോയിന്റില്‍ ക്ലോസിംഗ് നടന്നു. ഈ വാരം സെന്‍സെക്സിന് 75,779 -76,829ല്‍ പ്രതിരോധമുണ്ട്. വീണ്ടും തിരുത്തലിന് നീക്കമുണ്ടായാല്‍ 72,677-70,625 മേഖലയില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
രൂപ
ഡോളറിനെതിരേ രൂപ റിക്കാര്‍ഡ് താഴ്ചയില്‍നിന്ന് ശക്തിയാര്‍ജിച്ചത് സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകര്‍ന്നു. ഡോളറിനെതിരേ 96.78ല്‍നിന്ന് 94.70ലേക്ക് മെച്ചപ്പെട്ട വിനിമയനിരക്ക് പിന്നീട് 94.95ലെത്തി.
ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ വാരം 16,217 കോടി രൂപയുടെ നിക്ഷേപം നടത്തി. തൊട്ടുമുന്‍വാരം അവരുടെ നിക്ഷേപം 30,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ച അവര്‍ ലാഭമെടുപ്പിന് രംഗത്തിറങ്ങി. മാസങ്ങളായി തുടരുന്ന ആഭ്യന്തര ഫണ്ടുകളുടെ വാങ്ങല്ശൈലിയില് മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച 3661.28 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റു. വിദേശ ഫണ്ടുകള്‍ 10,156.35 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. 1665.9 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു.
ക്രൂഡ് ഓയില്‍
ആഗോള ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 104.94 ഡോളറിലാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി വിഷയത്തില്‍ വാഷിംഗ്ടണ്‍ ഇളവ് പ്രഖ്യാപിച്ചു. എന്നാല്‍, ഏത് അവസരത്തിലും തീരുവകള്‍ പുനഃസ്ഥാപിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച് ഭാവിയില്‍ യുഎസ് സ്വീകരിക്കാനിടയുള്ള നടപടികളെക്കുറിച്ച് അനിശ്ചിതത്വം നിലനില്ക്കും.
ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ ഇളവുകള്‍ നേടിയെടുക്കാന്‍ അവര്‍ വീണ്ടും തീരുവ ഭീഷണി ഉയര്‍ത്താം. ഇതിനിടെ, റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പങ്ക് ജൂലൈയിലെ 51 ശതമാനത്തില്‍നിന്ന് ഓഗസ്റ്റില്‍ 44 ശതമാനമായി കുറഞ്ഞു. ഒരു പരിധിവരെ അമേരിക്കന്‍ സമ്മര്‍ദമാണ് എണ്ണക്കമ്പനികളെ മറ്റ് രാജ്യങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.
സ്വര്‍ണം
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ തളര്‍ച്ച. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4194 ഡോളറില്‍നിന്ന് 4074 ഡോളറിലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യത്തില്‍ 4165 ഡോളറിലാണ്.
Business
കൊച്ചി: സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം മുൻവര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി 5,175 കോടി രൂപയായി. മുൻവർഷം ഇതേ കാലയളഴിൽ 4,774 കോടിയായിരുന്നു അറ്റാദായം. ആകെ വരുമാനം 38,598 കോടി രൂപയില്‍നിന്ന് 40,931 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 35,159 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ അറ്റ പലിശ വരുമാനം 20 ശതമാനം വര്‍ധിച്ച് 11,005 കോടി രൂപയിലെത്തി.
ബാങ്കിന്റെ പ്രവര്‍ത്തനലാഭം 8,588 കോടി രൂപയില്‍നിന്ന് 8,758 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്ക്രിയ ആസ്തി 1.33 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.3 ശതമാനമായും കുറഞ്ഞു. വായ്പാവളര്‍ച്ച 19 ശതമാനവും നിക്ഷേപവളര്‍ച്ച 13 ശതമാനവുമായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തെ 2.52 ശതമാനത്തില്‍നിന്ന് 2.53 ശതമാനമായി ഉയര്‍ന്നു.
അതേസമയം, മാര്‍ക്ക് ടു മാര്‍ക്കറ്റ് നഷ്ടത്തെത്തുടര്‍ന്ന് ട്രഷറി വരുമാനം കഴിഞ്ഞ വര്‍ഷത്തെ 1,583 കോടി രൂപയില്‍നിന്ന് 499 കോടി രൂപയായി കുറഞ്ഞതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ ബ്രജേഷ്കുമാര്‍ സിംഗ് പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അറ്റ പലിശ മാര്‍ജിന്‍ 2.5 മുതല്‍ 2.6 ശതമാനം വരെയായിരിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.
Business
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ ഈരാറ്റുപേട്ട ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10നു എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ നിര്‍വഹിക്കും. ഓക്സിജന്റെ 48-ാമത്തെ ഷോറൂമാണ് ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രാത്രി 12 വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് ഇരുനിലകളിലുള്ള ഷോറൂമിലുള്ളത്. ഉദ്ഘോടനത്തോടനുബന്ധിച്ച് ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ക്കും വന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വിവിധ ഫിനാന്‍ഷ്യല്‍ സ്ഥാപനവുമായി ചേര്‍ന്നുള്ള വായ്പസൗകര്യവും ലഭ്യമാണ്. ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും പ്രത്യേക എക്സ്ചേഞ്ച് സൗകര്യവും ഓഫറുകളും ഉണ്ടായിരിക്കും. 9020100100.
Business
തിരുവനന്തപുരം: ഉപയോക്താക്കളുമായി ബന്ധപ്പെടുന്ന റീടെയില്‍ ബിസനസിനെ കൊട്ടക് നിയോ എന്ന് റീബ്രാന്‍ഡ് ചെയ്ത് കൊട്ടക് സെക്യൂരിറ്റീസ്.
പുതുതലമുറ നിക്ഷേപകരുടെ വർധിച്ചുവരുന്ന വ്യത്യസ്ത ആവശ്യങ്ങള്‍ കണക്കിലെടുത്തു സാങ്കേതികവിദ്യ, ഉത്പന്നനിര, ഉപഭോക്തൃ അനുഭവം, ഗവേഷണം എന്നീ തലങ്ങളില്‍ നൂതനത്വം പ്രതിഫലിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റമെന്ന് കൊട്ടക് നിയോ എംഡിയും സിഇഒയുമായ ശ്രീപാല് ഷാ പറഞ്ഞു.
നിക്ഷേപം, ട്രേഡിംഗ്, വെല്‍ത്ത് സൊലൂഷന് ബിസിനസുകളെ ഏകജാലകമാക്കുന്നതും ഡിജിറ്റല്‍ മികവുകളും ഗവേഷണ വൈദഗ്ധ്യവും ഒരുമിപ്പിക്കുന്നതും ബന്ധാധിഷ്ഠിത സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതുമാകും റീബ്രാന്ഡിംഗെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടക് ഗ്രൂപ്പിന്റെ ബാങ്കിംഗ്, നിക്ഷേപ, സമ്പത്ത് മാനേജ്മെന്റ് സേവനങ്ങളും സംയോജിത സംവിധാനത്തിലൂടെ ലഭ്യമാക്കും.
Business
കൊച്ചി: യൂക്കോ ബാങ്കിന്റെ അറ്റാദായം നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍ 26.77 ശതമാനം വര്‍ധിച്ച് 786 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേപാദത്തില്‍ അറ്റാദായം 620 കോടിയായിരുന്നു. പ്രവര്‍ത്തനലാഭം 16.04 ശതമാനം ഉയര്‍ന്ന് 1,872 കോടിയിലെത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് 18.81 ശതമാനം വര്‍ധിച്ച് 6.37 ലക്ഷം കോടിയായി. വായ്പകള്‍ 24.70 ശതമാനം ഉയര്‍ന്ന് 2.87 ലക്ഷം കോടിയിലെത്തിയപ്പോള്‍ നിക്ഷേപം 14.36 ശതമാനം വര്‍ധിച്ച് 3.49 ലക്ഷം കോടിയായി. അറ്റപലിശ വരുമാനം 13.96 ശതമാനം വര്‍ധിച്ച് 2,886 കോടി രൂപയായി. ആഗോള അറ്റപലിശ മാര്‍ജിന്‍ മൂന്നു ശതമാനവും ആഭ്യന്തര അറ്റപലിശ മാര്‍ജിന്‍ 3.19 ശതമാനവുമാണ്.
റീട്ടെയില്‍, കാര്‍ഷിക, ചെറുകിട വ്യവസായ മേഖലകളിലെ വായ്പകള്‍ 26.92 ശതമാനം വര്‍ധിച്ച് 1.68 ലക്ഷം കോടിയായി. റീട്ടെയില്‍ വായ്പകള്‍ 30.23 ശതമാനവും കാര്‍ഷിക വായ്പകള്‍ 29.59 ശതമാനവും ചെറുകിട വ്യവസായ മേഖലയിലെ വായ്പകള്‍ 20.32 ശതമാനവും വര്‍ധിച്ചു.മൊത്തം കിട്ടാക്കടം 1.96 ശതമാനമായും അറ്റ കിട്ടാക്കടം 0.18 ശതമാനമായും കുറഞ്ഞു.
കിട്ടാക്കടം നേരിടാന്‍ നീക്കിവച്ച തുകയും കിട്ടാക്കടവും തമ്മിലുള്ള അനുപാതം 98.36 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 18.85 ശതമാനമാണ്. നിക്ഷേപവും വായ്പയും തമ്മിലുള്ള അനുപാതം 82.29 ശതമാനമായി ഉയര്‍ന്നു.
Business
തൃശൂർ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം എംജി റോഡ് ശങ്കരയ്യർ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. രാജൻ ജെ. പല്ലന് എംഎൽഎ, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൗൺസിലർ സുനിത വിനോദ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മാനേജിംഗ് ഡയറക്ടർ-ഇന്ത്യ ഓപ്പറേഷൻസ് ഒ. ആഷർ, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ അബ്ദുൾ മജീദ്, വീരൻ കുട്ടി, വി.എസ്. ഷറീജ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് ഹെഡ് വി.എസ്. ഷഫീഖ്, കോർപറേറ്റ് റീട്ടെയിൽ ഹെഡ് (കേരള) ആർ. അബ്ദുൾ ജലീൽ, റീജണൽ ഹെഡ് (കേരള) എം.പി. സുബൈർ, സോണൽ ഹെഡുമാരായ ടി. ജാസിർ, എം.പി. ജാഫർ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അർഹരായ കുട്ടികൾക്കുള്ള സിഎസ്ആർ സ്കോളർഷിപ്പ് ചെക്ക് വിതരണവും ഷോറൂമിലെ ആദ്യവിൽപനയും നടന്നു.
വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പുറമെ ഡെയ്ലി വെയർ ഉപയോഗത്തിനും അനുയോജ്യമായ ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
Business
കൊച്ചി: സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷത്തെ 574 കോടി രൂപയില്‍നിന്ന് 37.28 ശതമാനം ഉയര്‍ന്ന് 788 കോടിയായി. അറ്റപലിശ വരുമാനം 18.72 ശതമാനം വര്‍ധിച്ച് 1,497 കോടി രൂപയിലെത്തി. പ്രൊവിഷനിംഗിനു മുമ്പുള്ള പ്രവര്‍ത്തനലാഭം 14.26 ശതമാനം ഉയര്‍ന്ന് 1,162 കോടി രൂപയായി. ആകെ ബിസിനസ് 17.96 ശതമാനം വാര്‍ഷികവളര്‍ച്ചയോടെ 2,39,712 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 1,28,123 കോടി രൂപയായും വായ്പകള്‍ 1,11,589 കോടി രൂപയായും വര്‍ധിച്ചു.
ആദ്യപകുതിയില്‍ അറ്റാദായം 40.91 ശതമാനം വര്‍ധിച്ച് 1,543 കോടി രൂപയായി. അറ്റപലിശ മാര്‍ജിന്‍ 4.34 ശതമാനമായി ഉയര്‍ന്നപ്പോള്‍ കമ്മിഷന്, ഫീസ് വരുമാനം എന്നിവ 11 ശതമാനം വര്‍ധിച്ച് 561 കോടിയിലെത്തി.
വരുമാനവും ചെലവും തമ്മിലുള്ള അനുപാതം 40.53 ശതമാനമായി കുറഞ്ഞു. മൂലധന പര്യാപ്തതാ അനുപാതം 17.97 ശതമാനമായി ഉയര്‍ന്നു.
വളര്‍ച്ച, ലാഭക്ഷമത, ആസ്തിയുടെ ഗുണനിലവാരം എന്നിവയില്‍ മികച്ച പ്രകടനം നിലനിര്‍ത്താന്‍ ബാങ്കിന് കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി. രമേശ് ബാബു പറഞ്ഞു.
Business
കോട്ടയം: പ്രമുഖ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് എ പ്ലസായി ഉയര്‍ത്തി പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച്. കമ്പനിയുടെ വളര്ച്ചാമുന്നേറ്റത്തിനും സാമ്പത്തികശേഷിക്കും കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് ഈ റേറ്റിംഗ് വര്‍ധന.
ആയിരത്തിലധികം ശാഖകളിലൂടെ പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സ്, സ്വര്‍ണപ്പണയ വായ്പാരംഗത്തു ശക്തമായ സാന്നിധ്യമുള്ള സ്ഥാപനമാണ്.
ക്രെഡിറ്റ് റേറ്റിംഗ് എന്നത് ഒരു സ്ഥാപനത്തിന്റെയോ അതിന്റെ വായ്പാബാധ്യതകളുടെയോ സാമ്പത്തികബാധ്യതകള്‍ കൃത്യസമയത്തു തിരിച്ചടയ്ക്കാനുള്ള ശേഷിയെ വിലയിരുത്തുന്ന ഏജന്‍സിയുടെ അഭിപ്രായമാണ്.
എ പ്ലസ് എന്നതിലെ പ്ലസ് ചിഹ്നം ആ വിഭാഗത്തിനുള്ളിലെ താരതമ്യേന ഉയര്‍ന്ന സ്ഥാനത്തെയാണു സൂചിപ്പിക്കുന്നതെന്ന് കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് മാനേജിഗ് ഡയറക്ടര്‍ മാത്യു കെ. ചെറിയാന് പറഞ്ഞു.
സ്വര്ണവായ്പാരംഗത്തെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിസിനസ് 12,000 കോടി രൂപയിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ശാഖാശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുക, സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുക എന്നിവയ്ക്ക് മുന്‍ഗണന നല്കിവരുന്നു.
സ്വര്ണവായ്പാമേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കം, ഉത്തരവാദിത്വപരമായ വായ്പാപ്രവര്‍ത്തനം, ഉപഭോക്തൃവിശ്വാസം എന്നിവയ്ക്കു പ്രാധാന്യം നല്‍കിയാണ് കൊശമറ്റം ഫിനാന്‍സ് മുന്നോട്ടുപോകുന്നത്. റേറ്റിംഗ് വര്‍ധന സ്ഥാപനത്തിന്റെ തുടര്‍ വളര്‍ച്ചാപദ്ധതികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണെന്നും മാത്യു കെ. ചെറിയാന് പറഞ്ഞു.
Business
മുംബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ദീർഘകാല മൂലധനനേട്ട നികുതി (എൽടിസിജി), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകളും ഐടി ഓഹരികളിലെ മുന്നേറ്റവും മറ്റു ഘടകങ്ങളും നിക്ഷേപകരിൽ പ്രതീക്ഷ ഉയർത്തിയതിനെത്തുടർന്ന്, ഇന്നലെ ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റി50യും ശക്തമായ തിരിച്ചുവരവ് നടത്തി. ഇരു സൂചികകളും 1.5 ശതമാനത്തിലധികം ഉയർന്നു. ഉച്ചകഴിഞ്ഞുള്ള സെഷനിലാണ് വിപണിയിൽ കുതിപ്പുണ്ടായത്.
സെൻസെക്സ് 1100 പോയിന്റിലധികം ഉയർന്ന് 73,034ലും നിഫ്റ്റി 350ലധികം പോയിന്റ് കയറി 22,722ലും ക്ലോസ് ചെയ്തു. ഈ വലിയ കുതിച്ചുചാട്ടം എല്ലാ കന്പനികളുടെയും ആകെ വിപണി മൂല്യത്തിലേക്ക് ഏകദേശം അഞ്ചു ലക്ഷം കോടി രൂപ കൂട്ടിച്ചേർത്തു. ഇതോടെ ആകെ മൂല്യം 470 ലക്ഷം കോടി രൂപയായി ഉയർത്തി.
വിശാല വിപണികൾ തുടക്കത്തിലുണ്ടായ നഷ്ടങ്ങൾ നികത്തി തിരിച്ചുകയറി. നിഫ്റ്റി മിഡ്കാപ് 100 സൂചിക ഒരു ശതമാനത്തിലധികം കുതിച്ചുയർന്നപ്പോൾ നിഫ്റ്റി സ്മോൾകാപ് 100 സൂചിക ചെറിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ഐടി കന്പനികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. രണ്ടാംപാദ ഫലങ്ങൾ പുറത്തുവന്നതിനുശേഷം എച്ച്സിഎൽ ടെക് ഓഹരികൾ എട്ടു ശതമാനത്തിലധികം കുതിച്ചുയർന്നു. അതേസമയം ഈ മേഖലയിലെ പ്രമുഖരായ ടിസിഎസ് ഓഹരികൾ ഏഴു ശതമാനത്തോളം മുന്നേറി. ടെക് മഹീന്ദ്രയുടെയും ഇൻഫോസിസിന്റെയും ഓഹരികൾ അഞ്ചു ശതമാനം വരെ ഉയർന്നു.
മേഖലയിൽ അഞ്ചു ശതമാനത്തിലധികം ഉയർന്ന നിഫ്റ്റി ഐടി സൂചിക മുന്നേറ്റത്തിനു നേതൃത്വം നല്കി. നിഫ്റ്റി റിയൽറ്റി രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പിഎസ് യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി. നിഫ്റ്റി ഫാർമ നഷ്ടത്തിലേക്കു വീണു. വിപണി പൊതുവെ പോസിറ്റീവായിരുന്നു. എൻഎസ്ഇയിൽ 1418 ഓഹരികൾ ഇടിവ് നേരിട്ടപ്പോൾ 2128 ഓഹരികൾ നേട്ടമുണ്ടാക്കി. 98 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.