ആഗോള സാന്പത്തിക മേഖലയിൽ തല ഉർത്തുന്ന പുതിയ അനിശ്ചിതത്വങ്ങൾക്ക് അൽപം പോലും പ്രാധാന്യം നൽകാതെ ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും മുന്നേറി. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തിരിച്ചുവരവിനിടയിൽ പൊതുമേഖലാ ബാങ്കിംഗ് ഓഹരികളിൽ ദൃശ്യമായ വാങ്ങൽ താത്പര്യവും വിപണിക്ക് നേട്ടമായി.
തുടർച്ചയായ മൂന്നാം വാരവും സൂചികകൾ മുന്നേറ്റം തുടർന്നെങ്കിലും വാരാന്ത്യത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചു. നിഫ്റ്റി സൂചിക 114 പോയിന്റും സെൻസെക്സ് 564 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. വർഷാന്ത്യത്തിൽ വിപണിയിൽ ദൃശ്യമായ ഈ വാങ്ങൽ താത്പര്യം നിലനിർത്താനായാൽ നിഫ്റ്റിക്ക് പുതുവർഷത്തിൽ 26,000ന് മുകളിലേക്ക് അതിവേഗം സഞ്ചരിക്കാനാകും.
വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ കാണിക്കുന്ന താത്പര്യം പ്രാദേശിക നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് പിന്നിട്ട വാരം ഒരു ദിവസം വിപണിക്ക് അവധിയായിരുന്നു. ശേഷിച്ച നാല് ദിവസങ്ങളിലും വിദേശ നിക്ഷേപകർ അറ്റവാങ്ങലുകാരായിരുന്നു.
അതേസമയം, മാസങ്ങളായി ഇന്ത്യൻ വിപണിയുടെ ചുക്കാൻ പിടിച്ചിരുന്ന ആഭ്യന്തര ഫണ്ടുകൾ ചുവടുമാറ്റി എല്ലാ ദിവസങ്ങളിലും വിൽപ്പനക്കാരായി. വിദേശ മൂലധനപ്രവാഹം വിപണിക്ക് അനുകൂലമാണെങ്കിലും എഐ സൃഷ്ടിച്ച ആഘാതങ്ങളും ആഗോള സാന്പത്തികരംഗത്തെ പുതിയ ചലനങ്ങളും വിദേശ ഇടപാടുകാരെ വിപണിയിൽ കൂടുതൽ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കും.
നിഫ്റ്റി സൂചിക ദീപാവലി മുഹൂർത്ത വ്യാപാരത്തിലെ 24,986ൽനിന്നും വാരത്തിന്റെ തുടക്കത്തിൽ 24,838ലേക്ക് താഴ്ന്ന ഘട്ടത്തിൽ വിദേശ വാങ്ങലുകാർ സംഘടിതമായി രംഗത്തെത്തി. ഇതോടെ സൂചിക 25,000ലെ കടന്പ ഭേദിച്ച് 25,424 പോയിന്റ് വരെ മുന്നേറി. താഴ്ന്ന നിലവാരത്തിൽനിന്നും ഏകദേശം 586 പോയിന്റ് ഉയർന്നത് അവസരമാക്കി വാരാന്ത്യത്തിൽ അവർ ലാഭമെടുപ്പിന് മുതിർന്നു. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 25,144ലാണ്.
നിഫ്റ്റി മുന്നേറും
ഈ വാരം വിപണി 24,846ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 25,432ലേക്കും തുടർന്ന് 25,721ലേക്കും മുന്നേറാം. അതേസമയം, വാരാന്ത്യത്തിൽ ദൃശ്യമായ ലാഭമെടുപ്പ് ഈ വാരത്തിന്റെ തുടക്കത്തിലും വിൽപനസമ്മർദത്തിന് വഴിയൊരുക്കിയാൽ നിഫ്റ്റി 24,549ൽ പിടിച്ചുനിൽക്കാൻ ശ്രമിക്കാം.
നിഫ്റ്റി അതിന്റെ 20, 50, 100, 200 ദിവസ മൂവിംഗ് ആവറേജുകൾക്കു മുകളിൽ നീങ്ങുന്നത് സൂചികയുടെ അടിസ്ഥാന മുന്നേറ്റത്തിന് ശക്തി പകരും. സാങ്കേതികമായി വിലയിരുത്തിയാൽ ഹ്രസ്വകാലയളവിൽ വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്താം. അതേസമയം, ആർഎസ്ഐ ഓവർബോട്ട് മേഖലയിലേക്ക് നീങ്ങുന്നത് വാരമധ്യത്തിൽ തിരുത്തലിന് ഇടയാക്കിയേക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ വിപണി ബുള്ളിഷ് മനോഭാവം കാണിച്ചു. നവംബർ ഫ്യൂച്ചേഴ്സിൽ ഷോർട്ട് കവറിങ്ങും ഡിസംബർ ഫ്യൂച്ചേഴ്സിൽ പുതിയ ലോംഗ് പൊസിഷനുകളും രൂപപ്പെട്ടത് വിപണിയുടെ അടിയൊഴുക്കിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനയായി വിലയിരുത്താം. നവംബർ ഫ്യൂച്ചേഴ്സ് 25,032ൽ നിന്നും 25,171ലേക്ക് ഉയർന്നു. അതേസമയം, ഓപ്പണ് ഇന്ററസ്റ്റ് 120.9 ലക്ഷം കരാറുകളിൽ നിന്ന് 117.9 ലക്ഷമായി കുറഞ്ഞു.
സെൻസെക്സ് ആശങ്ക!
സെൻസെക്സ് 81,028 പോയിന്റിൽനിന്ന് വ്യാപാരത്തിന്റെ ആദ്യദിനത്തിൽ തന്നെ 80,519ലേക്ക് തളർന്നെങ്കിലും വാരമധ്യത്തിൽ ബ്ലൂചിപ്പ് ഓഹരികളിൽ ഫണ്ടുകൾ കാണിച്ച താത്പര്യം സൂചികയെ ഉയർന്ന നിലവാരമായ 82,520ലേക്ക് എത്തിച്ചു. എന്നാൽ ഈ നിലവാരത്തിൽനിന്നു പിന്നീട് കൂടുതൽ മുന്നേറാനാകാതെ വാരാവസാനം 81,592ലാണ് ക്ലോസ് ചെയ്തത്. നിലവിൽ 80,567ലെ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 79,542ലേക്ക് പരീക്ഷണങ്ങൾക്ക് മുതിർന്നേക്കാം. അതേസമയം, വാങ്ങൽ താത്പര്യം ഉടലെടുത്താൽ സെൻസെക്സ് 82,568–83,544ലേക്ക് ചുവടുവയ്ക്കും.
വിദേശ ഫണ്ടുകൾ ഇന്ത്യയിൽ തുടർച്ചയായി പത്ത് ദിവസങ്ങളിൽ അറ്റനിക്ഷേപകരായി. ഈ ചുരുങ്ങിയ കാലയളവിൽ അവർ ഏകദേശം 89,515 കോടി രൂപയുടെ ഓഹരികൾ വാങ്ങി. പിന്നിട്ട വാരം മാത്രം 33,342.70 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേസമയം, ഈ വർഷം ആദ്യ പത്ത് മാസങ്ങളിൽ അവർ 2.95 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അതുകൊണ്ടുതന്നെ നിലവിലെ വാങ്ങൽ പ്രവണത എത്രനാൾ തുടരുമെന്നതിനെ അടിസ്ഥാനമാക്കിയാകും വിപണിയുടെ കുതിപ്പും കിതപ്പും. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞ വാരം മൊത്തം 24,191.81 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ചാഞ്ചാടിയാടി... രൂപ
രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം. വിദേശ നിക്ഷേപകരുടെ പിന്തുണ തുടക്കത്തിൽ രൂപയ്ക്ക് കരുത്തു പകർന്നെങ്കിലും ഇതിനിടെ ക്രൂഡ് ഓയിൽ വില വർധിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന ആശങ്ക വിപണിയിൽ പരന്നതും രൂപയിൽ സമ്മർദമുളവാക്കി. രൂപയുടെ മൂല്യം 93.93ൽ നിന്നും ഒരുഘട്ടത്തിൽ 93.70ലേക്ക് ശക്തിപ്രാപിച്ചെങ്കിലും വാരാന്ത്യം 94.23ലാണ്.
അന്താരാഷ്്ട്ര ക്രൂഡ് ഓയിൽ വില തുടർച്ചയായ രണ്ടാം വാരത്തിലും നഷ്ടത്തിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 95.84 ഡോളർ. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്സിന് 4069 ഡോളറിൽനിന്നും 4150 ഡോളറിലേക്ക് ഉയർന്നു.ഈ അവസരത്തിൽ അലയടിച്ച വിൽപനസമ്മർദം മഞ്ഞലോഹത്തെ 3854 ഡോളറിലേക്ക് ഇടിച്ചശേഷം ക്ലോസിംഗിൽ 3883 ഡോളറിലെത്തിച്ചു.
Tags : stock indices Business Entrepreneur Startup Market Money favor an upward trend