പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: പ്രമുഖ ചിപ്പ് നിർമാണ കന്പനിയായ എൻവിഡിയ കോർപറേഷന്റെ ഓഹരി വിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ 18 മാസത്തിനിടയിലെ ഏറ്റവും മോശം ആഴ്ചയാണ് കന്പനി ഓഹരികൾക്കു നേരിടേണ്ടിവന്നത്. ജെൻസണ് ഹുവാംഗിനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെത്തുടർന്ന് ഈ ഇടിവു തുടരുകയാണ്.
വെള്ളിയാഴ്ച ഓഹരിവില രണ്ടു ശതമാനത്തോളം ഇടിഞ്ഞ് 162.85 ഡോളറിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇതോടെ കഴിഞ്ഞ അഞ്ചു വ്യാപാരദിനങ്ങളിലെ മൊത്തം നഷ്ടം 13 ശതമാനമായി ഉയർന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപകമായി തീരുവകൾ പ്രഖ്യാപിച്ച , ആഗോള ഓഹരിവിപണികളെ പിടിച്ചുലച്ച 2025 ഏപ്രിൽ മാസത്തിനുശേഷമുള്ള ഏറ്റവും മോശം പ്രതിവാര ഇടിവാണിത്. എൻവിഡിയ ഓഹരികൾ നഷ്ടം നേരിടുന്ന തുടർച്ചയായ ആറാമത്തെ ആഴ്ചയാണ്. 2012നുശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ നഷ്ടപരന്പരയാണിത്.
നഷ്ടം 1.7 ട്രില്യൺ ഡോളർ
ഈ വർഷത്തിന്റെ ഭൂരിഭാഗം സമയവും ലോകത്തെ ഏറ്റവും മൂല്യമേറിയ കന്പനിയായി തുടർന്ന എൻവിഡിയയ്ക്ക് തുടർച്ചയായ ഇടിവിനെത്തുടർന്ന് മൂല്യത്തിൽ 30 ശതമാനത്തിനു മുകളിൽ നഷ്ടമായി. വിപണി മൂല്യത്തിൽ ഏകദേശം 1.7 ട്രില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഇതോടെ വിപണി മൂല്യത്തിൽ ആപ്പിളിനു പിന്നിൽ രണ്ടാമതായി.
ഈ ആഴ്ചത്തെ ഇടിവിൽ എൻവിഡിയ ഓഹരികളുടെ വിപണി മൂല്യത്തിൽ 570 ബില്യണ് ഡോളറിലധികം നഷ്ടമുണ്ടായി. ഇത് എസ് ആൻഡ്പി 500 സൂചികയിലുള്ള 96 ശതമാനം ഓഹരികളുടെയും ആകെ വിപണി മൂല്യത്തേക്കാൾ കൂടുതലാണ്.
റിക്കാർഡ് ഉയരത്തിൽനിന്നുള്ള വീഴ്ച
ഒക്ടോബർ ആദ്യം സർവകാല റിക്കാർഡിലെത്തിയശേഷം ലോകത്തെ ഏറ്റവും മൂല്യമേറിയ ചിപ്പ് നിർമാതാക്കളുടെ ഓഹരി സമ്മർദത്തിലാണ്. ഹുവാംഗിന്റെ പുറത്താക്കലിനു കാരണമായ വിവാദങ്ങളെക്കുറിച്ച് നിക്ഷേപകർ അറിയുന്നതിനു മുന്പ് തന്നെ നിർമിത ബുദ്ധി (എഐ) വികസനത്തിനായുള്ള ചെലവുകളുടെ സ്ഥിരതയുടെ കാര്യത്തിൽ അവർ ആശങ്കയിലായിരുന്നു. ഡാറ്റ സെന്ററുകളുടെ അതിവേഗത്തിലുള്ള വ്യാപനത്തെ എതിർക്കുമെന്നു പ്രതിജ്ഞയെടുത്ത നിരവധി നേതാക്കളെ വോട്ടർമാർ തെരഞ്ഞെടുത്ത യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഈ ആശങ്കകൾ കൂടുതൽ ശക്തമായി.
ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായി തനിക്കു ബന്ധമുണ്ടായിരുന്നെന്ന് ഹുവാംഗ് സമ്മതിക്കുകയും കൂടാതെ കന്പനിയുടെ ഒരു ജീവനക്കാരുമായി മറ്റൊരു ബന്ധം കൂടിയുണ്ടെന്ന റിപ്പോർട്ട് പുറത്തുവരികയും ചെയ്തതോടെ ഓഹരി വില്പന സമ്മർദം കൂടി.
വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനുസരിച്ച് എൻവിഡിയ ഓഹരികൾ ഇനിയും ഇടിയാനുള്ള സാധ്യതകളുണ്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വാൾസ്ട്രീറ്റ് അനലിസ്റ്റുകൾ പ്രധാനമായും കാത്തിരുന്നു കാണാം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Tags : Worst week Share price Jensen Huang Trading session Chip manufacturing company Business