പ്രതീകാത്മക ചിത്രം
ആലങ്ങാട്: പ്രമേഹരോഗികൾക്കു സഹായകമാകുന്ന നിർമിതബുദ്ധി(എഐ) ആപ്പുമായി യുവസംരംഭകർ.
ഗ്ലൂക്കോ എഐ എന്നപേരിൽ ആൻഡ്രോയ്ഡ് മൊബൈൽ ആപ്പ് നിർമിച്ചിരിക്കുന്നത് ആലങ്ങാട് കൊടുവഴങ്ങ സ്വദേശി ബിബിൻ മോഹനും ചെറായി സ്വദേശി എം.ടി. സന്ദീപും ചേർന്നാണ്. ലോക പ്രമേഹ ദിനത്തിൽ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കഴിക്കുന്ന ഭക്ഷണപാനീയങ്ങളുടെ ചിത്രം ആപ്പിൽ എടുത്താൽ അതിലെ കാർബോഹൈഡ്രേറ്റ്, പഞ്ചസാര, മറ്റു പോഷകങ്ങൾ എന്നിവയുടെ അളവും ഗ്ലൈസിമിക് ഇൻഡക്സും കണക്കാക്കി നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഗ്ലൂക്കോ എഐ ആപ്പിന്റെ പ്രത്യേകത. ഇതിനനുസരിച്ച് രോഗികൾക്കു ഭക്ഷണം ക്രമീകരിക്കാം.
മരുന്ന് കഴിക്കാൻ സമയമാകുമ്പോൾ ആപ്പിൽ അറിയിപ്പും വരും. ദിവസേനയുള്ള ഷുഗർ ലെവൽ, കഴിച്ച ഭക്ഷണം, മരുന്നിന്റെ അളവുകൾ തുടങ്ങിയവ ഇതിൽ സൂക്ഷിക്കാനും കഴിയും. ആപ്പിൽ ഒന്നും ടൈപ്പ് ചെയ്തു നൽകേണ്ടതില്ല. അനായാസം കൈകാര്യം ചെയ്യാം.
കേരളത്തിൽ ഉയർന്നുവരുന്ന പ്രമേഹരോഗികളുടെ എണ്ണം കണക്കിലെടുത്ത് സാധാരണക്കാർക്കു വരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ സഹായിയാകാനാണു ഗ്ലൂക്കോ എഐ ശ്രമിക്കുന്നതെന്നും ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്നും ബിബിൻ മോഹനും സന്ദീപും പറഞ്ഞു.
Tags : AI app Diabetes Young Entrepreneurs World Diabetes Day Business