പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,00,920 രൂപയാണ് വിപണി വില. ഗ്രാമിന് 12,615 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്.
വില ലക്ഷം കടന്നതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർ വലിയ ആശങ്കയിലാണ്. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. രാജ്യാന്തര ട്രെൻഡിന്റെ ചുവടുപിടിച്ച് കേരളത്തിൽ ദിവസങ്ങളായി സ്വർണവില താഴേക്കായിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പവന് 5520 രൂപയോളമാണ് കുറഞ്ഞത്.
ചൊവ്വാഴ്ച രണ്ടു തവണയായി സ്വർണം പവന് 1,400 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞപ്പോൾ വൈകുന്നേരം ഒറ്റയടിക്ക് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറയുകയാണുണ്ടായത്. പിന്നാലെ ബുധനാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞപ്പോൾ വ്യാഴാഴ്ച ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയും കുറഞ്ഞു.
Tags : GoldRate GoldPrice KeralaGoldPrice GoldPriceHike GoldMarket