ശനിയാഴ്ച ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്ന ജിയാക്കോമോ ഫിലിബെക്ക്
ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന 'ഭാരത് ഉച്ചകോടി'യിൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് പ്രതിപക്ഷത്തിന്റെ 'വോട്ട് ചോർ, ഗദ്ദി ഛോഡ്' (വോട്ട് കള്ളൻ, അധികാരം ഒഴിയൂ) എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിനെച്ചൊല്ലി രാജ്യത്ത് വൻ രാഷ്ട്രീയ വിവാദം. പാർട്ടി ഓഫ് യൂറോപ്യൻ സോഷ്യലിസ്റ്റ്സ് ജനറൽ സെക്രട്ടറി ജിയാക്കോമോ ഫിലിബെക്കാണ് ഉച്ചകോടിയിൽ ഈ മുദ്രാവാക്യം മുഴക്കുകയും അതിന്റെ ഇംഗ്ലീഷ് പരിഭാഷ പറയുകയും ചെയ്തത്.
ഇത് കേട്ട് വേദിയിലുണ്ടായിരുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചിരിക്കുന്നതും കൈയ്യടിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബിജെപി രൂക്ഷമായ ആക്രമണവുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശ പ്രതിനിധികളെ ഇടപെടുവിക്കാൻ രാഹുൽ ഗാന്ധി കൂട്ടുനിൽക്കുന്നു എന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. കോൺഗ്രസിന്റെ സഹോദര പാർട്ടികളുടെയും പുരോഗമന ചിന്തകരുടെയും സമ്മേളനമായാണ് തെലങ്കാന സർക്കാർ ഭാരത് ഉച്ചകോടി സംഘടിപ്പിച്ചത്.
ആഞ്ഞടിച്ച് അമിത് ഷായും കിരൺ റിജിജുവും
വിഷയത്തിൽ കേന്ദ്രമന്ത്രിമാർ ഒന്നടങ്കം രാഹുൽ ഗാന്ധിക്കെതിരെ രംഗത്തുവന്നു. "ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ ആരെങ്കിലും ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്നത് ആരാണെന്ന് ഞാൻ ചോദിക്കുന്നില്ല" എന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു 'എക്സി'ൽ കുറിച്ചു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉച്ചകോടിയെ രൂക്ഷമായി വിമർശിച്ചു. തുടർച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ നിരാശയാണ് കോൺഗ്രസ് തീർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. "രാജ്യത്തിനകത്തും പുറത്തുമുള്ള ഇടതുപക്ഷ ആശയപ്രചാരകരെ കോൺഗ്രസ് ക്ഷണിച്ചുവരുത്തി, കോൺഗ്രസിന്റെ 'രാജകുമാരനും' അവിടെ പോയി. 'ഭാരത് ഉച്ചകോടി' എന്ന് പേരിട്ടെങ്കിലും, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യാ വിരുദ്ധ നിലപാടുകൾ പ്രകടിപ്പിച്ച് രാജ്യത്തെ ലോകത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്," അമിത് ഷാ ആരോപിച്ചു.
ഇറ്റാലിയൻ ബന്ധം ആയുധമാക്കി ബിജെപി
സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ പശ്ചാത്തലം മുൻനിർത്തി കോൺഗ്രസിനെ ആക്രമിക്കുന്ന പതിവ് ശൈലി ബിജെപി നേതാക്കൾ വീണ്ടും പുറത്തെടുത്തു. ഹൈദരാബാദ് സമ്മേളനം ഒരു "ആന്റി-ഭാരത് സമ്മിറ്റ്" ആണെന്ന് തെലങ്കാനയിൽ നിന്നുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ ആരോപിച്ചു. "ഒരിക്കൽ ഒരു ഇറ്റാലിയൻ പൗരനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് ശ്രമിച്ചു. ഇപ്പോൾ അവരുടെ ഇന്ത്യാ വിരുദ്ധ ഉച്ചകോടിയിൽ ഒരു ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു! രേവന്ത് റെഡ്ഡി സർക്കാർ വിദേശികൾക്ക് വേദിയൊരുക്കിക്കൊടുക്കുകയും രാഹുൽ ഗാന്ധി നാണമില്ലാതെ ചിരിക്കുകയും ചെയ്യുന്നു," അദ്ദേഹം വിമർശിച്ചു.
വിദേശ നേതാക്കളെക്കൊണ്ട് നമ്മുടെ ജനാധിപത്യത്തെ കളിയാക്കുകയും അതിന് അഭിമാനത്തോടെ കൈയ്യടിക്കുകയും ചെയ്യുന്നത് 'രാജ്യദ്രോഹം'അല്ലേ എന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദർ റാവു ചോദിച്ചു. 2018-ൽ ഫിലിപ്പീൻസിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെട്ടതിന് അവിടുത്തെ വിമാനത്താവളത്തിൽ നിന്ന് നാടുകടത്തപ്പെട്ടയാളാണ് ഫിലിബെക്കെന്നും, അങ്ങനെയൊരാളെയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രചാരണം നടത്താൻ കോൺഗ്രസ് ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്നും ബിജെപി വക്താവ് ആർ.പി. സിംഗ് ചൂണ്ടിക്കാട്ടി.
(2017-ൽ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയുടെ ലഹരിവിരുദ്ധ വേട്ടയിലെ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് 2018-ൽ ഫിലിബെക്കിന് പ്രവേശനം നിഷേധിക്കപ്പെട്ടത്).
'അബ് കി ബാർ ട്രംപ് സർക്കാർ' ഓർമിപ്പിച്ച് പ്രതിപക്ഷം
വിവാദത്തിൽ കോൺഗ്രസും സഖ്യകക്ഷികളും ശക്തമായ പ്രതിരോധവുമായി രംഗത്തെത്തി. മോദി സർക്കാരിനെതിരെ ഒരു വിദേശി പോലും ഇത്തരമൊരു മുദ്രാവാക്യം ഉയർത്തുന്നുണ്ടെങ്കിൽ ബിജെപി ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്ന് കോൺഗ്രസ് എം.പി പ്രമോദ് തിവാരി ഡൽഹിയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ അമേരിക്കൻ സന്ദർശനം ഓർമിപ്പിച്ചായിരുന്നു കോൺഗ്രസ് വക്താവ് ഗിരിജ ഷെട്കറുടെ മറുപടി. "2019-ൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി' പരിപാടിയിൽ 'അബ് കി ബാർ ട്രംപ് സർക്കാർ' (ഇത്തവണ ട്രംപ് സർക്കാർ) എന്ന് മുദ്രാവാക്യം വിളിച്ചത് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായിരുന്നില്ലേ?" എന്ന് അവർ 'എക്സി'ൽ ചോദിച്ചു.
ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹാസരൂപേണയാണ് പ്രതികരിച്ചത്: "പ്രധാനമന്ത്രി മോദിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് 'മെലഡി' ചോക്ലേറ്റ് സമ്മാനമായി നൽകാമെങ്കിൽ, ഒരു ഇറ്റാലിയൻ രാഷ്ട്രീയ നേതാവിന് ഇവിടെ വന്ന് ഈ രാജ്യത്തെക്കുറിച്ച് സംസാരിക്കാനും സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉച്ചകോടിയിൽ സംഭവിച്ചതെന്ത്?
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ ഫിലിബെക്ക് തന്റെ പ്രസംഗത്തിൽ പ്രശംസിച്ചിരുന്നു. "വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ നീക്കം ചെയ്തതിനെതിരെയും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി യുവാക്കളും വിദ്യാർത്ഥികളും പ്രതിപക്ഷ പാർട്ടികളും തെരുവിലിറങ്ങിയിരിക്കുകയാണ്. ആ പോരാട്ടത്തിന്റെ ഹൃദയഭാഗത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ്," എന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം 'വോട്ട് ചോരി' മുദ്രാവാക്യം വിളിച്ചത്.
നേരത്തെ, ഉച്ചകോടിയിൽ പങ്കെടുക്കാൻ വിസ ലഭിച്ചിട്ടും നിരവധി വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതായി ആരോപിച്ച രാഹുൽ ഗാന്ധി, അവരോട് വേദിയിൽ വെച്ച് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
Tags : VoteChori Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash