കയ്റോ: 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹമാസ് കമാൻഡർമാരിൽ ഒരാളായ സമീർ അബു യൂനിസിനെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചു.
ഹമാസിലെ റാഫ ബ്രിഗേഡിന്റെ കമാൻഡറായി അടുത്തകാലത്ത് ചുമതലയേറ്റ ഈ ഭീകരനെ തെക്കൻ ഗാസയിലെ അൽ മവാസിയിൽ വ്യോമാക്രമണം നടത്തിയാണ് വധിച്ചതെന്ന് ഇസ്രേലി സേന പറഞ്ഞു.
നൂറുകണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന അൽ മവാസി അഭയാർഥി ക്യാന്പിലെ ഒരു ടെന്റിൽ നാലു മിസൈലുകൾ പതിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഒരു മൃതദേഹത്തിനൊപ്പം പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ എത്തിച്ചതായി മേഖലയിൽ പ്രവർത്തിക്കുന്ന നാസർ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഹമാസിന്റെ ശക്തി വീണ്ടെടുക്കാനുള്ള നീക്കത്തിലായിരുന്നു സമീർ എന്ന് ഇസ്രേലി സേന പറഞ്ഞു. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്ത ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സമീറെന്ന് ഹമാസിലെ അൽ ഖ്വാസം ബ്രിഗേഡ് ടെലഗ്രാമിൽ കുറിച്ചു.
Tags : Hamas commander Deepika DeepikaNewspaper BreakingNews Hamas commander killed