Kerala
തിരുവനന്തപുരം: കേരളം-തമിഴ്നാട് അതിര്‍ത്തിയായ നിദ്രവിളയില്‍ ടെമ്പോ ഇടിച്ച് 13 വയസുകാരൻ മരിച്ചു. നിദ്രവിള സ്വദേശി ജെയിൻ ജൂഡ്സ് ആണ് മരിച്ചത്.
സഹോദരിയോടൊപ്പം സ്കൂളിലേക്ക് കാൽനടയായി പോകുമ്പോയായിരുന്നു അപകടം. ഇടുങ്ങിയ റോഡിലൂടെ വന്ന ടെംപോ ഇടിച്ചുകയറുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചു. മൃതദേഹം കുഴിത്തുറ ആശുപത്രിയിൽ. ടെംപോ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
National
ദേവരിയ: ഹോർമുസ് കടലിടുക്കിൽ ബുധനാഴ്ച ചരക്കുകപ്പലിനു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാകൻ യുപി സ്വദേശി സൂരജ് യാദവ് (23). ഒമാന്റെ കിഴക്കൻ തീരത്തായിരുന്നു ആക്രമണം. ഓഗസ്റ്റ് 19നാണ് സൂരജ് ഒമാനിലേക്കു പോയത്.
എംവി കേപ് ഡാവോ എന്ന കപ്പലിനു നേർക്കായിരുന്നു ആക്രമണം. കപ്പലിലെ ഇന്ത്യക്കാരായ 19 ജീവനക്കാരെ റോയൽ ഒമാൻ നേവി സുരക്ഷിതമായി ഒഴിപ്പിച്ചു.
ദേവരിയ ജില്ലയിലെ കർമാൻഡിപുർ അഹിർവതി തോല ഗ്രാമക്കാരനാണ് വൈപ്പറായി ജോലി ചെയ്തിരുന്ന സൂരജ്. ഇദ്ദേഹത്തിന്റെ പിതാവ് ഓംപ്രകാശ് യാദവ് കുവൈറ്റിൽ ജോലി ചെയ്യുകയാണ്.
International
ടെഹ്റാൻ: ഹോർമുസിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി മസ്കറ്റിലെ ഇന്ത്യൻ എംബസി. ഉത്തർ പ്രദേശ് സ്വദേശി സൂരജ് യാദവ് ആണ് മരിച്ചത്. കപ്പലിൽ 20 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇവരുൾപ്പെടെ 28 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ആക്രമണത്തെ തുടർന്ന് തീപിടിച്ച കപ്പലിൽനിന്ന് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ഇന്ത്യക്കാരന്റെ മരണത്തിൽ മസ്കറ്റിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. കരീബിയൻ രാഷ്ട്രമായ ആന്റിഗ്വ ആൻഡ് ബാർബുഡ പതാകയേന്തിയ ‘കേപ്പ് ദാവോ' എന്ന ബൾക്ക് കാരിയറാണ് ഈ കപ്പലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അഥോറിറ്റി പട്ടികപ്പെടുത്തിയ കപ്പലുകളുടെ കൂട്ടത്തിൽ ഈ കപ്പൽ ഉൾപ്പെട്ടിരുന്നില്ല.
Kerala
കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി കെ. ഇന്ദുവിനെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്നുവെന്ന കേസിലെ വിചാരണ ആരംഭിച്ചു.
ഇന്ദുവിന്റെ പിതാവ് കൃഷ്ണന് നായര്‍, അമ്മ ഓമന കുഞ്ഞമ്മ, മാതൃ സഹോദരി ബേബിക്കുട്ടിയമ്മ, ഭര്‍ത്താവ് ഗോപിനാഥന് നായര്‍ എന്നിവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എ. ജോസ് മണവാളന് ഹാജരായി.
ട്രെയിനില്‍ വച്ച് 2011 ഏപ്രില്‍ 25ന് പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ഇന്ദുവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത കോഴിക്കോട് എന്‍ഐടി അസി.പ്രഫസര്‍ കെ.സുഭാഷിനെ ക്രൈംബ്രാഞ്ച് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കു മംഗലാപുരം എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഇന്ദുവിനെ കാണാതായത്. ആലുവ പുഴയില്‍നിന്ന് ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ മരണം വിശദ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്.
ഇന്ദുവിന്റെ വിവാഹം അഭിഷേക് എന്നയാളുമായി ഉറപ്പിച്ചതിലുള്ള വിരോധമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പൊലിസ് കണ്ടെത്തല്‍.
തിരുവനന്തപുരത്തുനിന്ന് ഇന്ദുവുമായി ട്രെയിനില്‍ കയറിയ സുഭാഷ് കോഴിക്കോട്ടെത്തി ഉടന്‍ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് സിക്കിമിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, ഇന്ദു ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിനു കാരണമായത്. സുഭാഷ് ഇന്ദുവിനെ ട്രെയിനില്‍നിന്ന് ആലുവ പാലത്തിനു മുകളില്‍വച്ച് പുഴയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നു കുറ്റപത്രത്തില്‍ പറയുന്നു.
International
ടോക്കിയോ: ജപ്പാനിൽ വീശിയടിച്ച ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് ആറ് പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്.
പ്രതികൂല കാലവസ്ഥ മൂലം മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി.
ജപ്പാന്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ജപ്പാനിൽ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.
ജപ്പാനിൽ സിൽവർ വീക്ക് എന്ന പേരിൽ അറിയപ്പെടുന്ന അവധിക്കാലത്താണ് ഈ പ്രകൃതിദുരന്തം ഉണ്ടായത്. ഓഗസ്റ്റിലും സെപ്റ്റംബർ തുടക്കത്തിലും കനത്ത മഴ നേരിട്ട ചിബ പ്രവിശ്യയെയാണ് ഈ കൊടുങ്കാറ്റും ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
ചിബയിൽ മാത്രം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമ്പത്തൊന്നുകാരൻ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവർ 70നും 80നും ഇടയിൽ പ്രായമുള്ളവരാണ്.
ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലെ യോക്കോസുക, മിയുര എന്നിവിടങ്ങളിൽ തുടർച്ചയായ മണ്ണടിച്ചിലുകൾ ഉണ്ടായി. കാണാതായവർക്കായി നാലുപേർക്കായി പൊലിസ് തെരച്ചിൽ തുടരുകയും ചെയ്യുകയാണ്.
Kerala
പാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയുമായി വാക്കുത്തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
National
വാരാണസി: തലയ്ക്ക് 30 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ യുപിയിലെ വാരാണസിയിൽ എടിഎസ് ഏറ്റുമുട്ടലിൽ വധിച്ചു.
തൃതീയ പ്രസ്തുതി കമ്മിറ്റി എന്ന മാവോയിസ്റ്റ് സംഘടനയിലെ അംഗമായ ബ്രിജേഷ് ഗൻജു ആണ് കൊല്ലപ്പെട്ടത്. അന്‍പതിലേറെ കേസുകളിൽ ഇയാൾ പ്രതിയാണ്.
മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മാവോയിസ്റ്റുകളെ എടിഎസ് സംഘം തടയുകായിരുന്നു. തുടർന്ന് മാവോയിസ്റ്റുകൾ എടിഎസ് സംഘത്തിനു നേർക്ക് വെടിയുതിർത്തു.
എടിഎസ് നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റ് ബ്രിജേഷ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടു. പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് വിപിൻകുമാർ റായി, ഹെഡ് കോൺസ്റ്റബിൾ ജിതേന്ദ്ര കൃഷ്ണ എന്നിവർക്ക് ഏറ്റുമുട്ടലിനിടെ നിസാര പരിക്കേറ്റു.
National
ജമ്മു: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ പാക്കിസ്ഥാനികളായ രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതോടെ ബ്രട്ടൽ സോഹൻ, ഖുബ്ബൻ വനമേഖലയിൽ കനത്ത മഴയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരുടെ സാന്നിധ്യമറിഞ്ഞ് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. വൈറ്റ് നൈറ്റ് കോറിലെ സൈനികരും പൊലിസും സിആർപിഎഫും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
സദ്ദാം, മുസ്തഫ എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്.
ദുർഘട പർവതമേഖലയും മോശം കാലാവസ്ഥയും അതിജീവിച്ചായിരുന്നു സുരക്ഷാസേന ഭീകരരെ വകവരുത്തിയത്. ഏറ്റുമുട്ടൽ ഇന്നലെ രാവിലെവരെ നീണ്ടു. യുഎസ് നിർമിത എം4 കാർബൈൻ, ഒരു എകെ അസോൾട്ട് റൈഫിൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
ഭീകരരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന പ്രദേശവാസിയെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ഉധംപുരിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നലെയുണ്ടായത്. ഫെബ്രുവരിയിൽ ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ അബു മാവിയ ഉൾപ്പെടെ രണ്ടു പാക് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
ദുർഘട പർവത മേഖലയായ കഠുവ-ഉധംപുർ, ദോഡ ബെൽറ്റ് അതിർത്തിക്കപ്പുറത്തുനിന്നു നുഴഞ്ഞുകയറുന്ന ജെഇഎം ഭീകരർ ഒളിസങ്കേതമാക്കാറുണ്ട്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ കാൽനടയാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ തോട്ടിൻകര വീട്ടിൽ അനിലാണ് മരണപ്പെട്ടത്.
പുലർച്ചെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോൾ കൊല്ലം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ലുധിയാന: പഞ്ചാബിൽ രണ്ടു കൊടുംകുറ്റവാളികൾ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഡോനി ബാൽ ഗാംഗിലെ കരൺ ജോത് സിംഗ്, സന്ദീപ് സിംഗ് എന്നിവരാണ് അതംനഗർ പൊലിസ് പോസ്റ്റിനു സമീപം കൊല്ലപ്പെട്ടത്.
ഇരുവരും അമൃത്സറിലെ സുൽത്താൻവിന്ദ് റോഡ് നിവാസികളാണ്. ലുധിയാന പൊലിസും ആന്റി ഗംഗ്സ്റ്റർ ടാസ്ക് ഫോഴ്സും സംയുക്തമായാണ് കൊടും കുറ്റവാളികളെ നേരിട്ടത്.
രക്തദാന ക്യാന്പ് സംഘടിപ്പിച്ചവരെ കൊലപ്പെടുത്താൻ പോകവേയാണ് കരൺജോതിനെയും സന്ദീപിനെയും പൊലിസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
International
ദുബായ്: ദുബായ് റാഷിദ് തുറമുഖത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ജിബ്രാൾട്ടർ പതാക ഘടിപ്പിച്ച 'ഹെർക്കുലീസ് സ്റ്റാർ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ കാണാതായ മറ്റൊരു ജീവനക്കാരനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കടലിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ട വിവരം അതീവ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നതായി കപ്പലിന്റെ ചാർട്ടറേഴ്സ് ആയ 'പെനിൻസുല' പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
കപ്പലിലെ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിൽ പ്രാദേശിക അധികൃതരുടെ സഹകരണത്തോടെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കമ്പനി വ്യക്തമാക്കി.
National
ജഗദൽപുർ: ഛത്തീസ്ഗഡിലെ ഝിരാം വാലിയിൽ ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിൽ പത്തു പ്രതികളും കുറ്റക്കാരെന്ന് എൻഐഎ പ്രത്യേക കോടതി. പ്രതികൾക്കുള്ള ശിക്ഷ 16നു പ്രഖ്യാപിക്കും.
കോൺഗ്രസ് പാർട്ടിയുടെ പരിവർത്തൻ റാലിക്കു നേർക്ക് 2013 മേയ് 25നാണ് ആക്രമണമുണ്ടായത്.ജഗദൽപുരിലെ എൻഐഎ കോടതി ജഡ്ജി അഭയ് രജ്പുത് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതികളിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു.
ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഇല്ലാതാക്കിയ ആക്രമണമാണ് ഝിരാം വാലിയിൽ നടന്നത്. മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല, അന്നത്തെ പിസിസി അധ്യക്ഷൻ നന്ദ്കുമാർ പട്ടേൽ, മകൻ ദിനേഷ്, മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ, മുൻ എംഎൽഎ ഉദയ് മുദ്ലിയാർ തുടങ്ങിയവർ അന്നു കൊല്ലപ്പെട്ടു.
സാധാരണ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുഡ്ഗാം ജില്ലയിലെ അഷ്ദർ ഗലിയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും ചേർന്ന് വ്യാഴാഴ്ച മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു.
കൊല്ലപ്പെട്ട ഭീകരനിൽനിന്ന് എകെ 47 തോക്ക് ഉൾപെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പുൽവാമയിലെ പഖേർപോറയിൽനിന്ന് ബുഡ്ഗാമിലെ യൂസ്മാർഗ് ലക്ഷ്യമാക്കി സംശയാസ്പദമായ രീതിയിൽ ഭീകരസംഘം നീങ്ങുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
തുടർന്ന് 'ഓപ്പറേഷൻ അഷ്ദർ' എന്ന പേരിൽ പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടോയെന്ന് അറിയാൻ തെരച്ചിൽ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.
International
ഒഡേസ: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തെലുങ്കാന സ്വദേശിയായ തൊഴിലാളി. തെലുങ്കാനയിൽനിന്നുള്ള മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹുസ്നാബാദിൽനിന്നുള്ള വാവിലാല സുദർശൻ ഗൗഡ (42)ആണ് കൊല്ലപ്പെട്ടത്.
നാലുമാസം മുന്‍പാണ് ഒരു ബന്ധുവിനോടൊപ്പം തൊഴിൽ തേടി സുദർശൻ യുക്രൈയിനിലെത്തിയത്. നിർമാണമേഖലയിൽ ജോലി നേടുകയും ചെയ്തു.
ആകാശമാർഗം ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് താമസസ്ഥലത്തേക്കു മടങ്ങുന്പോഴാണ് സുദർശൻ കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു. 35 കാരനായ ഗണേഷ് കല്ലേടയാണ് ആക്രമണത്തിൽ പരിക്കേറ്റ തെലുങ്കാന സ്വദേശി.
International
റിയാദ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയായ "ബഹ്റി'യുടെ ഉടമസ്ഥതയിലുള്ള "സിദ്ർ' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം.
സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാൻ അതിർത്തിയിലെ ഖസബ് തുറമുഖത്തുനിന്നും ഏകദേശം 16.6 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി തിങ്കളാഴ്ച രാത്രിയോടെയാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്.
അപരിചിതമായ പ്രൊജക്ടൈലുകൾ ഉപയോഗിച്ചാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്ന് ഷിപ്പിംഗ് ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയിലെ ഈ അപ്രതീക്ഷിത ആക്രമണം മിഡിൽ ഈസ്റ്റിലെ വ്യാപാര കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.
Kerala
തൃശൂർ: കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആസാം സ്വദേശിയായ തൊഴിലാളി ഹക്കീം (50) ആണ് മരിച്ചത്. സംഭവത്തിൽ പിലിമോൻ എന്ന 19-കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ഹക്കീമും പ്രതിയായ പിലിമോനും കൊരട്ടിയിലുള്ള ഒരു പോളിടെക്നിക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു. ഈ പോളിടെക്നിക്കിന് തൊട്ടടുത്തുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. സംഭവദിവസം പണിസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പണികഴിഞ്ഞ് താമസസ്ഥലത്തെത്തിയതിനുശേഷം ഈ തർക്കം വീണ്ടും തുടരുകയും അത് സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു. തുടർന്നുണ്ടായ ക്രൂരമായ ആക്രമണം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിനു പിന്നാലെ ഇതേ താമസസ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ചേർന്നാണ് പിലിമോനെ പിടികൂടിയത്. തുടർന്ന് ഇയാളെ അവിടെ കെട്ടിയിട്ടശേഷം തൊഴിലാളികൾ വിവരമറിയിച്ചതോടെ കൊരട്ടി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല ഇരവിപേരൂരിലാണ് സംഭവം.
ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖിനെയും ജോജോയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജോജോയുടെ വീട്ടിൽ വച്ചുള്ള മദ്യപാനത്തിനിടെ വാക്കേറ്റവും കൈയേറ്റവുമുണ്ടായതായാണ് വിവരം. എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.
യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർ ഫോഴ്സ് എത്തിയത്. ഈ സമയത്ത് ഒരാൾ കിണറിൽ നിന്ന് കയറി വരുന്ന നിലയിലും രണ്ടാമൻ കിണറ്റിൽ വീണുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. വൈശാഖും ജോജോയും നൽകുന്ന മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
National
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ട്-കാംസൺ, സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ട്-ജെൻചുയി എന്നീ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജംഗൈലിംഗ് ഗോൺമെയ് (37) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരെ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റൊരു വ്യക്തിയെ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
2023 മേയ് മുതൽ മെയ്തികളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ വംശീയ കലാപത്തെത്തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും 58,800-ലധികം ആളുകൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
Kerala
വിലങ്ങാട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ ആണ് മരിച്ചത്.
ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ്. കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിച്ചുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണവം വനമേഖലയിൽനിന്നാണ് ഈ ഭാഗങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത്.
International
കേപ്ടൗണ്‍: രണ്ടു തവണ ലോക ബോക്സിംഗ് ചാമ്പ്യനായ സൊലാനി ടെറ്റെ (38) കൊല്ലപ്പെട്ടു. സ്വവസതിക്കു പുറത്തുവച്ച് വെടിയേറ്റാണ് ടെറ്റെയുടെ അന്ത്യം.
വീടിന്റെ ഗെയ്റ്റ് തുറക്കാനായി കാറിനുള്ളില്‍ കാത്തുനില്ക്കുമ്പോള് രണ്ട് അക്രമികളെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
ഡബ്ല്യുബിഒ ചാമ്പ്യന്‍ഷിപ്പില്‍ 2017, 2019 വര്‍ഷങ്ങളിലെ ചാമ്പ്യനായിരുന്നു ടെറ്റെ.
NRI
മിഷിഗൺ : വെള്ളിയാഴ്ച മിഷിഗണിലെ മിസോകി കൗണ്ടിയിലുണ്ടായ വെടിവയ്പ്പിൽ പ്രതിയടക്കം ആറുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഡ് ഹിക്ക്മാൻ (39) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ മറ്റൊരു വീട്ടിൽ നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അടുത്തുള്ള കാട്ടിൽ നിന്ന് പ്രതിയുടെയും മറ്റൊരു ഇരയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മിഷിഗൺ സ്റ്റേറ്റ് പോലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
District News
ചാലക്കുടി: വെള്ളാഞ്ചിറ റെയിൽവേ ഗേറ്റിനു സമീപം ട്രെയിനിടിച്ച് യുവാവ് മരിച്ചു മോതിരക്കണ്ണി സ്വദേശി മനയ്ക്കലാൻ ജോയ് മകൻ ജിതിൻ (28) മരിച്ചത്. ഇന്നലെ നാലിനാണ് അപകടം ഉണ്ടായത്. പോലീസെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി ഗവ. താലുക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശിൽപ. മകൻ: എണസ്റ്റോ.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകന്റെ വീടിനുനേരെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവർത്തകന്റെ പിതാവ് മരിച്ചു. സിജെപി പ്രവർത്തകനായ അബ്ദുൾ ഹാഫിസിന്റെ പിതാവാണ് ഞായറാഴ്ച മരണപ്പെട്ടത്.
സിജെപിയുടെ "സ്കൂൾ ടീക് കരോ' ക്യാമ്പയിന്റെ ഭാഗമായി അബ്ദുൾ ഹാഫിസ് താൻ പഠിച്ച വിദ്യാലയത്തിലെ ശോചനീയാവസ്ഥ കാമറയിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരുസംഘം ആളുകൾ വ്യാഴാഴ്ച രാത്രി ഹാഫിസിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഹാഫിസിനെയും പ്രായമായ പിതാവിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.
മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമികൾ ഹാഫിസിന് പരിക്കേൽപ്പിക്കുകയും ഫോണിലെ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതായി കുടുംബം വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബൻകുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പിതാവ് മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് സിജെപി നേതാക്കളായ അഭിജീത് ദീപ്കെയും അശുതോഷ് റാങ്കയും ശക്തമായി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി വക്താവ് കേയ ഘോഷ് പൂർണ്ണമായും തള്ളി.
ബിജെപിയെ അപകീർത്തിപ്പെടുത്താൻ തൃണമൂൽ കോൺഗ്രസും ഇടതുകക്ഷികളും ചേർന്ന് നടത്തുന്ന ആസൂത്രിതമായ നീക്കമാണിതെന്നും അക്രമത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
International
സനാ: യെമനിലെ തുറമുഖ നഗരമായ മോഖയിൽ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യെമൻ ഭരണകൂടം അറിയിച്ചു.
ആറ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് നഗരത്തിലെ ജനവാസ മേഖലയെയും തുറമുഖത്തെയും ഹൂത്തി വിമതർ ആക്രമിച്ചതെന്ന് യെമൻ സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സൗദി സഖ്യസേനയുടെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള മോഖ തുറമുഖം ഹൂത്തികൾ ആക്രമിക്കുന്നത്.
International
കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ ഉണ്ടായ പാറയിടിച്ചിലിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അപകടം നടന്ന ഭാഗത്തെ ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.
ഈജിപ്തിലെ ഈസ്റ്റേൺ ഡെസേർട്ട് മേഖലയിലുള്ള സുഖാരി സ്വർണഖനിയുടെ ഭൂഗർഭ തുരങ്കത്തിനുള്ളിലാണ് അപകടമുണ്ടായതെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ തൊഴിലാളികളെ ചെങ്കടൽ തീരദേശ നഗരമായ മർസ ആലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് പ്രാഥമിക വൈദ്യപരിശോധന സൂചിപ്പിക്കുന്നത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാനും കൃത്യമായ കാരണം കണ്ടെത്താനും ഖനിയിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനും പെട്രോളിയം മന്ത്രി കരീം ബദവി പ്രത്യേക അന്വേഷണ സമിതിക്ക് ഉത്തരവിട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ശിപാർശകളും
സമിതി സമർപ്പിക്കും.
മർസ ആലമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സുഖാരി ഖനി, ഈജിപ്ഷ്യൻ സർക്കാരും പ്രമുഖ ഖനന കമ്പനിയായ ആംഗ്ലോഗോൾഡ് അശാന്തിയും ചേർന്നുള്ള സംയുക്ത സംരംഭമായ സുഖാരി ഗോൾഡ് മൈൻസ് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്.
National
ചെന്നൈ: ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയിൽ വീട്ടിലേക്ക് വെള്ളം എടുക്കാൻ പോയ ശേഷം ബാലകൃഷ്ണൻ മടങ്ങി വന്നില്ല. രാവിലെ തെരിച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്.
National
മുംബൈ: പാട്ട് ഉച്ചത്തിൽവച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം രണ്ടു പേരുടെ മരണത്തിൽ കലാശിച്ചു. രണ്ടു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വിക്രോളിയിലെ പാർക്ക്സൈറ്റിലുള്ള രാഹുൽ നഗറിലായിരുന്നു സംഭവം. ഒരു വീട്ടിൽ കഴിഞ്ഞുവന്ന നാലു സഹോദരങ്ങൾ തമ്മിലാണു കലഹമുണ്ടായത്. അതിരാവിലെ സുനിൽ വിശ്വകർമ (40) ഉയർന്ന ശബ്ദത്തിൽ പാട്ടുവച്ചതിനെ ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര വിശ്വകർമയും സൂരജ് വിശ്വകർമയും എതിർത്തു.
തർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ സുരേന്ദ്രയും സൂരജും സുനിലിനെയും കുടുംബത്തെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.
സുനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ 14 വയസുള്ള മകൻ ശ്ലോക് വിശ്വകർമ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സുനിലിന്റെ ഭാര്യക്കും ഇളയ മകനും ഗുരുതരമായി പരിക്കേറ്റു.
Kerala
മഞ്ചേരി: വീടിനകത്ത് കയറിയ കാട്ടുപന്നിയില്‍ നിന്ന് പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം.
വീട്ടിലുള്ളവര്‍ അടുക്കളഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു. അലവിയുടെ മകന് ഫവാസിന്റെ രണ്ടരവയസുകാരിയായ മകള്‍ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ
ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.
ഉടന്‍ ഫവാസിന്റെ അമ്മാവനായ അബ്ദുള്‍ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതില്‍ പുറത്തു നിന്ന് അടക്കുകയുമായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും വാര്‍ഡ് കൗണ്‍സിലര്‍
പി. ഷംസിയ മഞ്ചേരി നഗരസഭാധികൃതരെ വിവരമറിയിക്കുകയും ചെയ്തു. നഗരസഭാ അധികൃതരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ സാലിം മഞ്ചേരി ഷൂട്ടര്‍മാരെ വിവരമറിയിച്ചു.
ഷൂട്ടര്‍മാരായ കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവര്‍ സ്ഥലത്തെത്തി ജനല്‍പാളി തുറന്ന് മുറിക്കകത്തുള്ള പന്നിയെ വെടിവച്ചു കൊന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി
International
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ സമാധാന റാലിക്കിടെ പോലീസ് സ്റ്റേഷനു നേർക്കുണ്ടായ ചാവേർ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ സുരക്ഷാസൈനികരാണ്. 15 പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സ്ഫോടനം.
സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിലെ പോലീസ് സ്റ്റേഷനു മുന്നിലൂടെ സ്വാത് പീസ് റാലി കടന്നുപോകുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
International
പെഷവാർ: പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒന്‍പതു പോലീസുകാർ കൊല്ലപ്പെടുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഖസീന ബന്ദാ ചെക്പോസ്റ്റിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസിന്റെ തിരിച്ചടിയിൽ 15 ഭീകരരും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പാക് താലിബാൻ എന്നറിയിപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണെന്നു പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോണുകൾ ചെക്ക് പോസ്റ്റിലേക്ക് അയച്ചുകൊണ്ടാണ് ആക്രമണം ആരംഭിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ഭീകരർ ആക്രമിച്ചു. തുടർന്ന് വലിയ വെടിവയ്പ് ഉണ്ടായി എന്നാണു റിപ്പോർട്ട്. കൊല്ലപ്പെട്ട പോലീസുകാരിൽ ഒരു ഡെപ്യൂട്ടി സൂപ്രണ്ടും ഉൾപ്പെടുന്നു.
Kerala
തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ചാണിത്. നായ്ക്കളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.
നേരത്തേ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ഒന്‍പതു ലക്ഷത്തോളം തെരുവുനായകളാണുള്ളത്. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ മേയ് 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ കൃത്യമായ നടപടി കൈക്കൊള്ളാനാവുമെന്നാണ് തദ്ദേശവകുപ്പ് കരുതുന്നത്.
പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ യേ കൊല്ലാൻ സാധിക്കൂ. മരുന്നു കുത്തിവച്ച് അനുകന്പാപൂർവം കൊല്ലണമെന്നാണ് പ്രാഥമിക നയം. വന്ധീകരണപദ്ധതികൾ സമാന്തരമായി നടപ്പാക്കണം. ആക്രമണം പതിവായ സ്ഥലങ്ങളിലാണ് നായ്ക്കളെ കൊല്ലാവുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737 പേർക്കാണ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്. 122 പേർ പേവിഷബാധയേറ്റ് മരിച്ചു. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. 2021ൽ 2,21,379 പേർക്കാണു കടിയേറ്റത്. 2025ൽ അത് 3,69,272 ആയി.
2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയി. തിരുവനന്തപുരത്താണ് കൂടുതൽ പേർക്ക് കടിയേറ്റത് 58,108. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 43 പേർക്കു മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. പരമാവധി ഒന്നരലക്ഷം രൂപയാണ് നഷ്ടപരിഹാരം.
International
ദുബായ്: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷം. യുഎസ്-സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ കിഴക്കൻ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു.
ഷിയാ സായുധ സംഘമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ (പിഎംഎഫ്) അംഗങ്ങളാണു കൊല്ലപ്പെട്ടത്. 32 പേർക്കു പരിക്കേറ്റു. തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ടതായി പിഎംഎഫ് സ്ഥീകരിച്ചു. സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ആക്രമണത്തിൽ ആറ് ഇറേനിയൻ ഉപദേശകരും കൊല്ലപ്പെട്ടതായി ഇറാക്കി സായുധ സംഘം അറിയിച്ചു.
ഇറാക്കിലെ ആക്രമണത്തിനു പിന്നാലെ ജോർദാനിലേക്കു മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. കിഴക്കൻ ജോർദാനിലെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണുണ്ടായത്. റവലൂഷണറി ഗാർഡിന്റെ ഏറോസ്പേസ് ഫോഴ്സ് ആണ് മിസൈൽ വർഷം നടത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് യാത്ര തുടർന്ന മൂന്ന് എണ്ണടാങ്കറുകൾ ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ചൊവ്വാഴ്ച ഇറാൻപക്ഷ സായുധ സംഘം സൗദി അറേബ്യയിലേക്കു ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ യുഎസ് സേനയ്ക്കും സൗദിക്കും നേർക്ക് മുപ്പതിലേറെ ഡ്രോണുകളാണ് റവലൂഷണറി ഗാർഡ് തൊടുത്തത്. ഇതിനു തിരിച്ചടിയായാണ് ഇറാക്കിൽ സൗദി ആക്രമണം നടത്തിയത്.
തിങ്കളാഴ്ച സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ ഇറാൻപക്ഷ ഹൂതികൾ ആക്രമിച്ചിരുന്നു. കിഴക്കൻ സൗദിയിലെ ആരാംകോയുടെ അബ്ഖ്വായിഖ് എണ്ണശുദ്ധീകരണശാലയിൽ നാശനഷ്ടമുണ്ടായി. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറിയാണിത്.
ഹോർമുസ് കടലിടുക്കിൽ സംയുക്ത നിയന്ത്രണം ആകാമെന്ന ഒമാന്റെ നിർദേശം ഇറാന്റെ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബബാഗി തള്ളി. യുഎസ്- സൗദി ആക്രമണത്തെ ഇറാക്കി പ്രസിഡന്റ് നിസാർ അമിദി അപലപിച്ചു.
ഇറാക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അമിദി കുറ്റപ്പെടുത്തി. ഇറാക്കി പ്രധാനമന്ത്രി അലി അൽ-സെയ്ദിയുടെ സൗദി സന്ദർശനം അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.
National
ഇംഫാൽ: മണിപ്പുരിലെ മലയോര ജില്ലയായ നോനിയിൽ വെടിവയ്പിൽ ഗ്രാമത്തിന്റെ കാവലിനു നിയോഗിച്ചിരുന്നയാൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമണിയോടെയുണ്ടായ സംഭവത്തിൽ മറ്റൊരു കാവൽക്കാരനും രണ്ടു സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.
നോനിയിലെ നാഗ ഭൂരിപക്ഷമേഖലയായ ബിറ്റിയാംഗിൽ പരിശോധനയ്ക്കിടെ സിആർപിഎഫ് സംഘത്തിനു നേരേ ഗോത്രവിഭാഗങ്ങൾ വെടിയുതിർത്തതാണ് സംഘർഷത്തിന്റെ തുടക്കം. തുടർന്നുള്ള വെടിവയ്പിലാണ് വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് സിആർപിഎഫിന്റെ പരിശോധനയെ ഗ്രാമവാസികൾ എതിർത്തിരുന്നു. സുരക്ഷാസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോത്രസംഘടനകളുടെ കൂട്ടായ്മ പ്രതിഷേധത്തിലാണ്. ദേശീയപാതയും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാർ പൂർണമായും അടച്ചു.
2023 ൽ വംശീയസംഘർഷം ഉടലെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും വിവിധ ഗോത്രവിഭാഗക്കാർ സുരക്ഷയ്ക്കായി വില്ലേജ് ഗാർഡുകളെ നിയോഗിച്ചിരുന്നു.
International
കാഠ്മണ്ഡു: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ സൻസരായി ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ദേവ്ഗുഞ്ച് മുനിസിപ്പാലിറ്റിയിലെ കപ്താംഗഞ്ചിൽ ഞായറാഴ്ച രാത്രിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഉച്ചഭാഷണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സുരക്ഷാ സൈന നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
International
വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ പ്രശസ്തമായ സ്പേസ് നീഡിലിന് സമീപമുള്ള ഫുഡ് ഫെസ്റ്റിവലിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേയ്ക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് വെടിവയ്പ്പുണ്ടായത്. നൂറുകണക്കിന് പ്രാദേശിക കച്ചവടക്കാരും തത്സമയ സംഗീത പരിപാടികളും ഉൾക്കൊള്ളുന്ന വാർഷിക പരിപാടിയായ "ബൈറ്റ് ഓഫ് സിയാറ്റിൽ' എന്ന ഫെസ്റ്റിവലിനിടെയാണ് ആക്രമണം ഉണ്ടായത്.
"പോലീസ് ഒരു വെടിവയ്പ്പ് കേസ് അന്വേഷിച്ചുവരികയാണ്. നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്.സിയാറ്റിൽ സെന്ററിൽ വെടിവയ്പ്പ് നടന്നു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുന്നതാണ്. ദയവായി ഈ പ്രദേശം ഒഴിവാക്കുക," സീയാറ്റിൽ പോലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്റെ മകൻ മരിച്ചു. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മകനായ യശ്വേന്ദ്ര (20) ആണ് മരിച്ചത്.
നങ്കൽ ദേവത് പ്രദേശത്തിന് സമീപം വെള്ളിയാഴ്ച രാവിലെ ആണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിയുകയായിരുന്നു. യശ്വേന്ദ്രയോടൊപ്പം കാറിലുണ്ടായിരുന്ന പെൺസുഹൃത്തിന് പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന കാർ പെൺകുട്ടിയുടേതായിരുന്നു എന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിലെ സംഘം ഡ്രെയിനേജിനുള്ളിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. യശ്വേന്ദ്രയും വസന്ത് കുഞ്ച് സ്വദേശിയായ സുഹൃത്തും കൂടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നങ്കൽ ദേവത് ട്രാഫിക് സിഗ്നലിന് സമീപമുള്ള വളവിൽ റോഡിലെ വഴുക്കൽ കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡിൽ നിന്ന് ഡ്രെയിനേജിലേക്ക് മറിയുകയുമായിരുന്നു എന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ യശ്വേന്ദ്ര ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
യശ്വേന്ദ്രയുടം സുഹൃത്തും അമേരിക്കയിലെ ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ്. അവിടെ വച്ചാണ് ഇവർ സൗഹൃദത്തിലായത്.
National
സിംല: ഹിമാചൽപ്രദേശിൽ ഓടുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറകൾ പതിച്ച് 13 പേർ മരിച്ചു. ആറു മാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ലഹൗൽ-സ്പിത്തി ജില്ലയിൽ ഉദയ്പുർ-പാംഗി റോഡിലായിരുന്നു അപകടം. രണ്ടു പേർ വാഹനത്തിൽനിന്നു ചാടി രക്ഷപ്പെട്ടു.
കുള്ളുവിൽനിന്നു കില്ലറിലേക്കു പോയ എസ്യുവിയിൽ 15 പേരാണുണ്ടായിരുന്നത്. കാഡുവിലെത്തിയപ്പോൾ കൂറ്റൻ പാറകൾ പതിച്ച് വാഹനം പൂർണമായും തകരുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ പിൻഭാഗത്തു തീപിടിച്ചു. സമീപവാസികളും കരസേനാംഗങ്ങളും ചേർന്നു തീയണച്ചു.
കത്തിയമർന്ന വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ 13 പേർ മരിച്ചതായി ലഹൗൽ-സ്പിത്തി ഡെപ്യൂട്ടി കമ്മീഷണർ കിരൺ ബദാന സ്ഥിരീകരിച്ചു.
മണ്ഡി ജില്ലയിലെ ഗുമ്മ മേഖലയിൽ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു.
International
റമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പിൽ നാല് പലസ്തീനികളും ഒരു ഇസ്രേലിയും കൊല്ലപ്പെട്ടു. പലസ്തീൻ നഗരമായ നാബ്ലുസിനു സമീപമുണ്ടായ സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരു വിഭാഗവും നല്‍കിയത്.
ഹവാത് ഗിലാദ് എന്ന സ്ഥലത്ത് മലകയറ്റ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഇസ്രേലികൾ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അവിടെ എത്തിയെന്നും ഇതിനിടെ ഒരു പലസ്തീൻകാരൻ സുരക്ഷാ ഭടനിൽനിന്നു തോക്ക് തട്ടിയെടുത്ത് വെടിവച്ചുവെന്നുമാണ് ഇസ്രേലി സേന അറിയിച്ചത്.
എന്നാൽ, താൽ എന്ന സ്ഥലത്ത് ഇസ്രേലികൾ നടത്തിയ ആക്രമണമാണു സംഭവത്തിൽ കലാശിച്ചതെന്ന് പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. 25-30 ഇസ്രേലികൾ ആക്രമണം നടത്തുകയും രണ്ടു പലസ്തീൻ ഭവനങ്ങൾ കൈയേറാൻ ശ്രമിക്കുകയുമുണ്ടായി. വീട്ടുകാർ ഇവരെ നേരിട്ടു. ഇതോടെ ഇസ്രേലികൾ വെടിയുതിർത്തു.
അരമണിക്കൂറിനുശേഷം മടങ്ങിയെത്തിയ ഇസ്രേലികൾ പ്രായപൂർത്തിയാകാത്ത ഒരാളെ ആക്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ കൈവിട്ടുപോവുകയും സ്ഥലത്തെത്തിയ ഇസ്രേലി സേനയും ഇസ്രേലികളും പലസ്തീനികളെ വെടിവയ്ക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പലസ്തീനികൾ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്.
District News
നെടുങ്കണ്ടം: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം വീട്ടുമുറ്റത്ത് പൂട്ടിയിട്ടിരുന്ന വളർത്തു നായയെ അജ്ഞാത ജീവി കൊന്ന് പകുതി ഭക്ഷിച്ചു.
പ്ലാത്തോട്ടത്തിൽ രജനിയുടെ നായയെയാണ് അജ്ഞാ തജീവി കൊന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പഗ് മാർക്കുകളോ മറ്റ് സാധൂകരിക്കുന്ന തെളിവുകളോ ലഭിച്ചിട്ടില്ലെങ്കിലും പുലിയുടെ ആക്രമണമാവാം എന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട് വനാതിർത്തിയിൽനിന്ന് അൻപത് മീറ്ററോളം മാത്രം അകലെ റോഡിരികിലാണ് രജനിയുടെ വീട്. തമിഴ്നാട് വനാതിർത്തിയോട് ചേർന്നുള്ള മറ്റു സ്ഥലങ്ങളിലും മുൻപ് പുലിയെ കണ്ടതായി അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് വളർത്തുമൃഗത്തിനു നേരേ ജീവിയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു.
National
ന്യൂഡൽഹി: ഡൽഹി കാൽക്കാജിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 19-കാരനായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാൽക്കാജിയിലെ എംസിഡി പ്രൈമറി കോ-എഡ് സ്കൂളിലെ വിദ്യാർഥിയായ സയ്യദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാൽക്കാജി ബി ബ്ലോക്ക് ഡിഡിഎ ഫ്ലാറ്റിന് സമീപമുള്ള പാർക്കിൽ വെച്ച് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായതായി കാണിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായി കുത്തേറ്റ നിലയിലാണ് സയ്യദിനെ കണ്ടെത്തിയത്.
ഉടൻ തന്നെ ആംബുലൻസ് ജീവനക്കാർ പ്രഥമശൂശ്രൂഷ (സി.പി.ആർ) നൽകി വിദ്യാർത്ഥിയെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സയ്യദ് മരിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
International
ഒഡേസ: യുക്രെയ്നിലെ ഒഡേസ തുറമുഖത്തിനു സമീപം ധാന്യം കയറ്റിയ കപ്പലിനു നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പത്തു പേര് കൊല്ലപ്പെട്ടു.
ഇവരിൽ മലയാളി ഉള്‍പ്പെടെ നാലു പേർ ഇന്ത്യക്കാരാണ്. ഗിനിയ-ബിസു പതാകയേന്തിയ എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ഞായറാഴ്ച കരിങ്കടലില്‍ ആക്രമിക്കപ്പെട്ടത്.
ഇന്ത്യയില്‍നിന്നും സിറിയയില്‍നിന്നുമുള്ള ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. മൂന്നു ക്രൂസ് മിസൈലുകളാണു കപ്പലിനു നേര്‍ക്ക് റഷ്യന്‍ സൈന്യം തൊടുത്തത്.
വെള്ളരിക്കുണ്ട് വാളിപ്ലാക്കൽ അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി. ഇന്നലെ ഉച്ചയോടെയാണ് അഖിൽ മരിച്ച വിവരം വീട്ടുകാർക്ക് ഇ-മെയിൽ സന്ദേശമായി ലഭിച്ചത്.
19-ാം വയസിലാണ് അഖില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. വെള്ളരിക്കുണ്ടിലെ ജോയന്-സാലി ദമ്പതികളുടെ ഏകമകനാണ്. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ അഖില്‍ വിവാഹം ഉറപ്പിച്ചാണു തിരിച്ചുപോയത്. വടംവലി താരമായ ജോയന് ഫിംഗര്‍ പുള്ളിംഗില്‍ റിക്കാര്‍ഡ് ഹോള്‍ഡറാണ്.
കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് കപ്പല്‍ ജീവനക്കാരും ഒരാള്‍ മാരിടൈം പൈലറ്റുമാണ്. കപ്പലിലുണ്ടായിരുന്ന എട്ടു പേരെ യുക്രെയ്ന് നാവികസേന രക്ഷപ്പെടുത്തി. ഇവരില്‍ പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്.
ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മുംബൈ കേന്ദ്രമായ ഓഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോള്‍ഡന്‍ ലിയോ.
യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരു റഷ്യന്‍ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഈ മാസം മാത്രം റഷ്യന്‍ ആക്രമണത്തില്‍ ഒഡേസയില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.
കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
International
ബൊളോഞ്ഞ: വടക്കൻ ഇറ്റാലിയൻ നഗരമായ ബൊളോഞ്ഞയിൽ പോലീസ് നടപടിക്കിടെ 43കാരനായ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു.
നഗരത്തിലെ പിലാസ്ട്രോ മേഖലയിലെ വിയാ ഇറ്റാലോ സ്വെവോയിൽ ഞായറാഴ്ചയുണ്ടായ അക്രമസംഭവത്തിൽ അബ്ദുറഹീം ഫക്കീർ എന്നയാളാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളെ കാണാനെത്തിയ ഫക്കീർ അക്രമാസക്തമായി പെരുമാറുന്നുവെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഇയാൾക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നിലത്ത് മുഖം അമർത്തിക്കിടത്തി കൈകൾ പിന്നിലേക്കു കെട്ടി ബലമായി കീഴടക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസ് വാൻ കേടുവരുത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ അധികൃതർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
International
കീവ്: യുക്രെയ്നിലെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഗിനിയ-ബിസൗ പതാക വഹിച്ചെത്തിയ "ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ പൂർണ്ണമായി തകർന്നു.
കൊല്ലപ്പെട്ടവരിൽ ഒൻപത് വിദേശ നാവികരും യുക്രെയ്ൻ സീപോർട്ട് അതോറിറ്റിയിലെ ഒരു പൈലറ്റും ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചത്. തുടർന്ന് രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ എട്ട് പേരെ രക്ഷപ്പെടുത്തിയത്.
ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 17 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ ഇന്ത്യൻ, യുക്രെയ്നിയൻ പൗരന്മാരാണ് ഭൂരിഭാഗവും.
സമീപ ആഴ്ചകളിൽ ഒഡേസ തുറമുഖ മേഖല കേന്ദ്രീകരിച്ച് റഷ്യൻ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ജൂലൈയിൽ മാത്രം ഇവിടെ റഷ്യ നടത്തിയ വിവിധ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെഹ് കിപ്പർ അറിയിച്ചു.
Kerala
ബംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനി ലാവണ്യ (21) ആണ് ആണ് മരിച്ചത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ പ്രതി ചേതന്‍ വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിസി റോഡിലുള്ള പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകിട്ട് ആറോടെ ലാവണ്യ ബസ് കാത്തുനിൽക്കുന്ന സമയത്താണ് പ്രതി അരികിലെത്തിയത്. ചേതൻ ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തത് കണ്ട് ഭയന്നോടിയ ലാവണ്യയെ ഇയാൾ പിന്തുടർന്ന് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ആയുധം അവിടെത്തന്നെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപെട്ടത്.
ചോരയിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ നാട്ടുകാർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
International
ലണ്ടൻ: ബ്രിട്ടനിലുണ്ടായ കത്തിയാക്രമണത്തിൽ സിക്ക് വംശജ കൊല്ലപ്പെട്ടു. 24 വയസുള്ള കിരൺദീപ് കൗറിനെ ഞായറാഴ്ച പടിഞ്ഞാറൻ ലണ്ടനിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
20നു മുകളിൽ പ്രായമുള്ള ഒരാൾക്കു കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമല്ല. സംഭവത്തിൽ 44 വയസുള്ള ഡാനിയേൽ ഷോൺ ജയിംസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വംശീയവിരുദ്ധതയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയമുണ്ട്.
Kerala
കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആസാം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് ഫിലിപ്പും രമേശനും അടക്കമുള്ളവർ കണ്ണൂരിൽ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ കുടുബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശൻ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു
കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തോഴിലാളികൾ ആണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയ പോലീസ് രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ ഇന്നലെ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈയാഴ്ച സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
ഇന്നലെ കൊല്ലപ്പെട്ട രണ്ടുപേരും അതിരാവിലെയുണ്ടായ ആക്രമണങ്ങളിലാണു കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വനംവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 330ലധികം ആളുകളാണ് ആന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിന്റെ അയൽസംസ്ഥാനമായ ജാർഖണ്ഡിൽ ഒറ്റക്കൊമ്പുള്ള ഒരു കാട്ടാന ഈ വർഷം ജനുവരിയിൽ ഒന്‍പത് ദിവസത്തിനിടെ വിവിധ ഗ്രാമങ്ങളിലുള്ള 20 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വെസ്റ്റ് സിംഗ്ഫും ജില്ലയിലെ ഗ്രാമവാസികളെയാണ് ജനുവരി ഒന്നിനും ഒന്‍പതിനുമിടയിൽ ഈ കാട്ടാന കൊലപ്പെടുത്തിയത്.
Kerala
കോട്ടയം: പാലായില്‍ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പാലാ വെട്ടുകല്ലേല്‍ ഷിജോ(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. ഷിജോയുടെ കൂട്ടാളിക്കായുളള അന്വേഷണം ആരംഭിച്ചു.
എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഷിജോയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ പെരുമ്പാമ്പിന്റെ മാംസം കണ്ടെടുത്തത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.
International
ഖാർത്തൂം: സൈനികവിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അതിരൂക്ഷമാകുന്നതായി റിപ്പോർട്ട്.
ഈ വർഷം കഴിഞ്ഞ മാസം വരെ കുറഞ്ഞത് 330 കുട്ടികൾ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി യൂണിസെഫിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദാർഫുർ, കോർദോഫാൻ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ യുദ്ധത്തിനിരയായത്.
തുടർച്ചയായ ഡ്രോൺ-ഷെല്ലാക്രമണങ്ങൾ ജനവാസമേഖലകളെയും തകർത്തിരിക്കുകയാണ്. വീടുകൾ, വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള സംവിധാനങ്ങൾ, മാർക്കറ്റുകൾ എന്നിവ പൂർണമായോ ഭാഗികമായോ നശിച്ചു. ഗതാഗത-വിതരണ ശൃംഖലകൾ തകർന്നതോടെ അത്യാവശ്യ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാകാത്ത അവസ്ഥയാണ്.
അൽ ഒബെയ്ദിലും നോർത്ത് കോർദോഫാനിലുമായി ഏകദേശം അഞ്ചു ലക്ഷത്തോളം സാധാരണക്കാരുടെ ജീവൻ അപകടത്തിലാണ്. സാഹചര്യം ഇനിയും വഷളായാൽ കൂടുതൽ കുട്ടികൾ മരണത്തിലേക്കും പലായനത്തിലേക്കും തള്ളപ്പെടും.
സ്വാതന്ത്ര്യം ലഭിച്ചതുമുതൽ രാജ്യം ആഭ്യന്തര സംഘർഷത്തിലാണെങ്കിലും 2023 ഏപ്രിലിൽ സുഡാൻ സായുധ സൈന്യത്തിന്റെയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റെയും (ആർഎസ്എഫ്) മേധാവികൾ തമ്മിലുണ്ടായ ചേരിപ്പോരാണു രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലേക്കു നയിച്ചത്.
Kerala
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ നായയെ കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനം വകുപ്പ്. പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നതായി കണ്ടെത്തി. ഇതോടെയാണ് നായയെ കൊലപ്പെടുത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്റെ ആസ്ഥാനത്ത് സ്ഫോടക വസ്തുക്കളുമായി ആക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇതിനു പിന്നാലെ വെടിവയ്പ്പുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.
ആയുധധാരികളായ സംഘം ശനിയാഴ്ച വൈകിട്ടാണ് റേഞ്ചേഴ്സ് ആസ്ഥാനം ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ പറഞ്ഞു. ആയുധധാരികളായ അഞ്ചുപേരടങ്ങുന്ന സംഘമാണ് കറാച്ചിയുടെ കിഴക്കൻ ജില്ലയിലുള്ള റേഞ്ചേഴ്സിനെ ലക്ഷ്യമിട്ട് എത്തിയത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറ്റിയെന്നും പിന്നാലെ വലിയ സ്ഫോടനം ഉണ്ടായെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഭവത്തെ തുടർന്ന് മൊസാമിയത്ത് ചൗറംഗി പ്രദേശത്തിന് ചുറ്റുമുള്ള റോഡുകൾ സുരക്ഷാ സേന അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുരാദ് അലി ഷാ വിശദമായ റിപ്പോർട്ട് തേടി. സ്ഫോടനശബ്ദവും വെടിവയ്പ്പും സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉടൻ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Kerala
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു.
സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.
National
ജെഹാനാബാദ്: ബിഹാറിൽ വിവാഹാഘോഷത്തിനിടെ നടന്ന വെടിവയ്പിൽ പത്തുവയസുകാരൻ കൊല്ലപ്പെട്ടു. ജെഹാനാബാദിലെ സുജാത്പുരിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
നൃത്തപരിപാടിക്കിടെ വരന്റെ സഹോദരൻ തോക്ക് കീഴ്പ്പോട്ട് പിടിച്ച് വെടിയുണ്ട ലോഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വെടിയുണ്ട വേദിക്കു താഴെ നിന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
International
ലണ്ടൻ: യുകെയിൽ കത്തിയാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഗുർഭേജ് സിംഗ്(26) ആണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലെ ഡോർമേഴ്സ് വെൽസ് ലെയ്ൻ ജംഗ്ഷനു സമീപമുള്ള നോർത്ത് റോഡിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 20 നും 30 വയസിനും ഇടയിൽ പ്രായമുള്ള ഏഴ് പേരെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം, ആറ് പേരെ വിട്ടയച്ചു, അതേസമയം ഒരാൾക്ക് ജാമ്യം ലഭിച്ചു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സഹാസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിലെ ആളുകൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂൺ എഎസ്പി പങ്കജ് ഗൈരോല പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളാണ് മരിച്ചത്.
കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം മൂർച്ഛിച്ചു. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്പി അറിയിച്ചു.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
International
മോസ്കോ: റഷ്യയിൽ കാർ പൊട്ടിത്തെറിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവൻ കേണൽ ദമീർ ദവിദോവി(57)യാണ് കൊല്ലപ്പെട്ടത്.
മോസ്കോയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സ്ഫോടനമുണ്ടായത്. ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ പൂർണമായും സ്ഫോടനത്തിൽ തകർന്നു.
Kerala
ഇടുക്കി: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും അവയെ കൊല്ലുന്നതിൽ തെറ്റില്ലെന്നും സിപിഎം നേതാവ് എം.എം.മണി. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു.
വന്യജീവി ആക്രമണത്തിന് "ഒറ്റമൂലി' ഇല്ലെന്ന മന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക വേണമെന്നും ഒരു വഴിയുമില്ലെങ്കിൽ അവയെ കൊന്നുകളയുന്നതിൽ തെറ്റില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്.
അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു.
അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.