കുടക്: കർണാടകയിലെ കുടകിൽ കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ
ഭാര്യ മരിച്ചു. അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ(51) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മാനേജർക്കും ഡ്രൈവർക്കുമൊപ്പം സ്വന്തം ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം കാണാനെത്തിയതായിരുന്നു സന്ധ്യ.
ഇതിനിടെ കാട്ടാന ആക്രമണം ഉണ്ടാവുകയായിരുന്നു. കാട്ടാന ഇവരുടെ നേരേ പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടെങ്കിലും സന്ധ്യ ആനയുടെ മുന്നിൽപ്പെട്ടു. ആനയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഗോണിക്കുപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടക് സ്വദേശിയായ സുനിൽ നാഗാലാൻഡ് കേഡർ 1991-ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും കുടക് എസ്.പി. ബിന്ദു മണി അറിയിച്ചു.
Tags : IPS officers wife killed wild elephant attack