സുൽത്താൻബത്തേരി: ഗൂഡല്ലൂരിനടുത്ത് വനത്തില്‍ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഉള്വനത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകല്‍ കുടുബകലഹത്തെത്തുടര്ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തില്‍ വീട്ടുകാര്‍ മതിയായ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് ബന്ധുവീട്ടില്‍ എവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
പരിഭ്രാന്തരായ ബന്ധുക്കള്‍ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി ബുധനാഴ്ച പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചര്‍ മഞ്ജുഹാസിനിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിന് സമീപത്തെ തേയിലത്തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.
തുടര്‍ന്നുള്ള തെരച്ചിലിനായി ആന്റി നക്സല്‍ സ്ക്വാഡിനെയാണ് ചുമതലപ്പെടുത്തിയത്. ഈ സംഘം നടത്തിയ പരിശോധനയിലാണ് ഉള്‍വനത്തില്‍ കര്‍പ്പാകം റിസര്‍വ് വനഭാഗത്ത് പാര്‍വതിയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.
പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പാര്‍വതി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതൊണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വീട്ടമ്മ വീടുവിട്ടിറങ്ങാനുണ്ടായ സാഹചര്യങ്ങള്‍ അന്വേഷിച്ചേക്കും. കൊല്ലപ്പെട്ട പാര്‍വതിയുടെ ബന്ധുക്കള്‍ പരാതി നല്കിയാല് സ്ത്രീ വീടുവിട്ടിറങ്ങാന്‍ കാരണക്കാരായവരെ അടക്കം പോലീസ് ചോദ്യംചെയ്യും.
Tags : house wife killed tiger gudallur forest