ഖാർത്തൂം: സൈനികവിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അതിരൂക്ഷമാകുന്നതായി റിപ്പോർട്ട്.
ഈ വർഷം കഴിഞ്ഞ മാസം വരെ കുറഞ്ഞത് 330 കുട്ടികൾ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി യൂണിസെഫിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദാർഫുർ, കോർദോഫാൻ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ യുദ്ധത്തിനിരയായത്.
തുടർച്ചയായ ഡ്രോൺ-ഷെല്ലാക്രമണങ്ങൾ ജനവാസമേഖലകളെയും തകർത്തിരിക്കുകയാണ്. വീടുകൾ, വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള സംവിധാനങ്ങൾ, മാർക്കറ്റുകൾ എന്നിവ പൂർണമായോ ഭാഗികമായോ നശിച്ചു. ഗതാഗത-വിതരണ ശൃംഖലകൾ തകർന്നതോടെ അത്യാവശ്യ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാകാത്ത അവസ്ഥയാണ്.
അൽ ഒബെയ്ദിലും നോർത്ത് കോർദോഫാനിലുമായി ഏകദേശം അഞ്ചു ലക്ഷത്തോളം സാധാരണക്കാരുടെ ജീവൻ അപകടത്തിലാണ്. സാഹചര്യം ഇനിയും വഷളായാൽ കൂടുതൽ കുട്ടികൾ മരണത്തിലേക്കും പലായനത്തിലേക്കും തള്ളപ്പെടും.
സ്വാതന്ത്ര്യം ലഭിച്ചതുമുതൽ രാജ്യം ആഭ്യന്തര സംഘർഷത്തിലാണെങ്കിലും 2023 ഏപ്രിലിൽ സുഡാൻ സായുധ സൈന്യത്തിന്റെയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റെയും (ആർഎസ്എഫ്) മേധാവികൾ തമ്മിലുണ്ടായ ചേരിപ്പോരാണു രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലേക്കു നയിച്ചത്.