മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച വഴിയിൽ എല്ലാം പോലീസുകാരെ സുരക്ഷാ ജോലിക്ക് നിയോഗിച്ച് റൂറൽ എസ്പി.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനാൽ മുഖ്യമന്ത്രിയെ തടയാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷയ്ക്കായി വൻ പോലീസ് ക്രമീകരണം ഒരുക്കിയത്.
എന്നാൽ, യാത്രയ്ക്കു മുൻപു തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. തുടർന്ന് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. വൻ സുരക്ഷ ഉടൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പോലീസ് മേധാവിക്കു നിർദേശം നൽകി.
തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ വിവിധ സബ്ഡിവിഷനിൽ നിന്നുള്ള 92 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ഇതോടെ ഡിവൈഎസ്പി, സിഐ, എസ്ഐ തസ്തികയിലുള്ള രണ്ടു ഡസനോളം ഉദ്യോഗസ്ഥരെയും വിവിധ പോയിന്റുകളിൽ വിന്യസിച്ച അൻപതോളം പോലീസുകാരേയും പിൻവലിച്ചു.
നെടുമങ്ങാട് സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു ചടങ്ങിലെ സുരക്ഷയ്ക്കുണ്ടായിരുന്നത്.
Tags : Shantigiri Yatra Police intervenes VD Satheesan