Kerala
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവത്തില് മുസ്ലിം ലീഗ് നേതൃത്വം ഇടപെടുന്നു.
വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ ഫൈസൽ ബാബു പറഞ്ഞു.
മുനീർ സാഹിബിന്റെ സങ്കടം നമ്മളുടേതുകൂടെയാണ്, ആ സങ്കടം അവശേഷിക്കാൻ അനുവദിക്കില്ല. "ക്രസന്റ് ഹൗസ്’ എന്നത് ഡോ എം.കെ. മുനീർ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്.
പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ലക്ഷോപലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല, വീട് നഷ്ടപ്പെടും എന്ന ചർച്ചയ്ക്കുപോലും ഇനി പ്രസക്തിയില്ല”എന്നും ഫൈസൽ ബാബു പറഞ്ഞു. വിഷയത്തില് ഇടപെടാന് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കാലിക്കട്ട് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശികയെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ മുനീറിന്റെ "ക്രസന്റ് ഹൗസി’ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്.
ഈ മാസം 31നകം തുക അടച്ചുതീർക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്ക് നോട്ടീസ്.
National
മാഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ ഇടപെടല് പുതുച്ചേരിയില് എന്ആര് കോണ്ഗ്രസ്-ബിജെപി സഖ്യത്തെ തകര്ച്ചയില് നിന്ന് രക്ഷപെടുത്തി.
അതേസമയം പുതുച്ചേരിക്കു സംസ്ഥാനപദവി ഉള്പ്പെടെ എന്ആര് കോണ്ഗ്രസിന്റെ ആവശ്യങ്ങളില് ബിജെപി മറുപടി പറഞ്ഞിട്ടില്ല.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിനന്റെ മകന് ചാള്സ് നേതൃത്വം നല്കുന്ന എല്ജെകെയെ മുന്നണിയില്നിന്ന് ഒഴിവാക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം.
തീര്ഥാടനത്തിനു പുറപ്പെടുന്നതിനു മുമ്പ് മുഖ്യമന്ത്രി എന്. രംഗസ്വാമിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുവെന്നാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര് വെളിപ്പെടുത്തുന്നത്.
National
ന്യൂഡല്ഹി: ഛത്തീസ്ഗഡില് ആദിവാസി ക്രൈസ്തവരുടെ മൃതദേഹം കുഴിതോണ്ടി ബലമായി പുറത്തെടുക്കുന്ന നടപടിക്കെതിരേ സുപ്രീംകോടതി.
മൃതദേഹം ബലമായി പുറത്തെടുക്കുന്നതിനെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി വിഷയത്തില് നാലാഴ്ചയ്ക്കുള്ളില് മറുപടി നൽകാന് ഛത്തീസ്ഗഢ് സര്ക്കാരിനോട് നിര്ദേശിച്ചു. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്.വി. അഞ്ജരിയാ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ക്രൈസ്തവമതം സ്വീകരിച്ചവരുടെ മൃതദേഹം പൊതുശ്മശാനത്തില് അടക്കം ചെയ്യുന്നത് എതിര്ക്കുന്നതും മൃതദേഹങ്ങളില് ചിലത് ബലം പ്രയോഗിച്ച് കുഴിച്ചെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റുന്നതും ചോദ്യംചെയ്താണ് ചില സംഘടനകള് സുപ്രീംകോടതിയെ സമീപിച്ചത്.
ഛ ത്തീസ്ഗഡിലെ നിരവധി ആദിവാസിഗ്രാമങ്ങളില് ക്രൈസ്തവ മതത്തില്പ്പെട്ടവര് മരിച്ചാല് അവരുടെ മൃതദേഹം പൊതുശ്മശാനങ്ങളില് അടക്കംചെയ്യുന്നതു തടയുകയാണെന്ന് ഹര്ജിക്കാര്ക്കു വേണ്ടി മുതിര്ന്ന അഭിഭാഷകന് കോളിന് ഗോണ്സാല്വസ് ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി എല്ലാ ഗ്രാമവാസികളും ഉപയോഗിക്കുന്ന പൊതുശ്മശാനം അനൗപചാരികമായി പ്രത്യേക മതവിഭാഗങ്ങള്ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും ക്രൈസ്തവ കുടുംബങ്ങളെ ഒഴിവാക്കിയതായും ഹര്ജിയില് ആരോപണമുണ്ട്.
പൊതുശ്മശാനത്തില് സംസ്കാര ചടങ്ങുകള് ക്രൈസ്തവ മതാചാരത്തിനു പകരം ഭൂരിപക്ഷ മതാചാര പ്രകാരം നടത്താന് കുടുംബങ്ങള് നിര്ബന്ധിതരാകുന്നുവെന്നും ആരോപണമുണ്ട്. ഛത്തീസ്ഗഢിലെ ബസ്തറില് 20 വര്ഷം മുമ്പ് സംസ്കരിച്ച ക്രൈസ്തവ വിശ്വാസിയുടെ മൃതദേശം കുഴിച്ചെടുത്തപ്പോള് ലഭിച്ച അസ്ഥികള് കത്തിച്ച് ചാരം വിതറിയ സംഭവവും ഹര്ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതസ്വാതന്ത്ര്യം, അന്തസോടെ ജീവിക്കാനുള്ള അവകാശം എന്നിവയുള്പ്പെടെ ഇന്ത്യന് ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇത്തരം ആചാരങ്ങളെന്നും ഹര്ജിയില് വാദിക്കുന്നുണ്ട്.
Kerala
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം. മുത്രത്തിക്കര സ്വദേശിയായ 85കാരനിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് മാനേജരുടെ ഇടപെടലിൽ പരാജയപ്പെടുകയായിരുന്നു.
മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വയാധികൻ പറപ്പൂക്കര സിഎസ്ബി ബാങ്കിലെത്തിയത്.
പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ ആൻ മരിയാ ജോസ് കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇയാൾക്ക് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാൻ അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് വയോധികൻ ബാങ്കിലെത്തിയത്.
സംഭവം തൃശൂർ റൂറൽ സൈബർ പോലീസിൽ അറിയിച്ചിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.