മഹേഷിന്റെ കാൽനട യാത്ര പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിട്ടി: ജീവിതമാണ് ലഹരിയെന്ന സന്ദേശം രാജ്യമാകെ പ്രചരിപ്പിക്കാൻ കാൽനട യാത്രയുമായി ആറളത്തെ ആദിവാസി യുവാവ്. രാജ്യത്താകെ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ആറളം ഫാം പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ എൻ.പി. മഹേഷ് (25) ആണ് ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കാനിറങ്ങിയിരിക്കുന്നത്.
ആറളം പഞ്ചായത്തും പോലീസും ചേർന്ന് നടത്തിയ യാത്രയയപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ കാൽനട യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബാഗിൽ വസ്ത്രങ്ങളും സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള വസ്തുക്കളുമായാണു യാത്ര. കൂട്ടുപുഴ അതിർത്തി വഴി കർണാടകയിൽ പ്രവേശിച്ച് ബംഗളൂരുവിൽ എത്തി അവിടെനിന്ന് അടുത്ത സംസ്ഥാനത്തിലേക്കാണു യാത്ര.
ഇന്ത്യ മുഴുവൻ നടന്ന് ലഹരിവിരുദ്ധ സന്ദേശം നല്കാനുള്ള മഹേഷിന്റെ ഉദ്യമം ആദ്യം അറിയിച്ചത് ആറളം പോലീസിനെയായിരുന്നു. തുടർന്ന് പോലീസും പഞ്ചായത്തും ചേർന്ന് യുവാവിന് യാത്രയയപ്പ് നല്കുകയായിരുന്നു. മാസങ്ങളോളം നീളുന്ന യാത്രയിൽ മഹേഷിനു പിന്തുണയായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
ആദിവാസി മേഖലയിൽനിന്ന് ഒരാൾ ഇത്തരത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി ഇന്ത്യ മുഴുവൻ നടക്കുന്നത് ഇത് ആദ്യമായാണ്. മുന്പ് ചെറുയാത്രകൾ നടത്തിയിട്ടുള്ള മഹേഷ് ഇത്രയും ദീർഘമായ യാത്ര ആദ്യമായാണു നടത്തുന്നത്. ലഹരിക്കെതിരേ സംസ്ഥാനത്ത് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് മഹേഷിന്റെ യാത്ര.
കേന്ദ്രസർക്കാർ രാജ്യം മുഴുവൻ ലഹരി വേട്ടയ്ക്കെതിരേ ഒരുങ്ങുന്പോൾ മഹേഷിന്റെ ലഹരിക്കെതിരേയുള്ള ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമാകുകയാണ്.
ആറളം പഞ്ചായത്ത് ഓഫീസിൽ നടന്ന യാത്രയയപ്പിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്തംഗങ്ങളായ ജോർജ് ആലാംപള്ളി, എ.കെ. സുജാത, ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ സംജിത്ത് ഖാൻ, എസ്ഐ സുഹൈൽ, സിവിൽ പോലീസ് ഓഫീസർമാരായ ഗണേഷ് ചാത്തോത്ത്, അനിൽ എന്നിവരും പങ്കെടുത്തു.
Tags : tribal youth Aralam streets anti drugs message country NP Mahesh