പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പതിനൊന്നു പേർ പീഡിപ്പിച്ചെന്ന് ഒന്പതാം ക്ലാസ് വിദ്യാർഥിനി നൽകിയ വ്യാജ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. കോന്നി ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണച്ചുമതല.
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനോട് നിർദേശിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയെ ത്തുടർന്ന് ആറു പേരെയാണ് കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളിൽ ഒരാൾക്ക് ക്രൂരമർദനമേറ്റതായ ആരോപണത്തിലും അന്വേഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പെൺകുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പോലീസിനോടു പറയാനുണ്ടായ കാരണങ്ങൾ, പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ ഇവർ തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടൽ എസ്ഐ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, എസ്ഐയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കും. മർദനത്തിനിരയായ യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഈ പരിചയമാകാം തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ് സംശയിക്കുന്നു.
കുടുംബാംഗങ്ങൾ നിയമനടപടിക്ക്
കൂടലിലെ പെൺകുട്ടിയുടെ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത 20 കാരനു നേരേയുണ്ടായ മർദനവും പോലീസ് മുറയും സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചെന്നു കാട്ടി കൂടൽ എസ്ഐക്കും പോലീസിനുമെതിരേ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിക്കെതിരേ യുവാവ് ഇന്നു പരാതി നൽകും.
ഇതിനിടെ, വ്യാജ പീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങൾ രംഗത്തെത്തി. പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നല് ആൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം കൂടൽ പോലീസ് സ്റ്റേഷനിൽ നിർത്തുകയും മാനസികമായി തളർത്തുകയും ചെയ്തെന്നാണ് ആക്ഷേപം. പ്രാഥമികമായ ഒരു പരിശോധനയും ഇല്ലാതെ കുട്ടികളെ പോലീസ് സംഘം മാനസികമായി പീഡിപ്പിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിന് പോലീസ് സമ്മതിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും.
സഹപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാനുണ്ടായ കാരണമെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 11 പേർക്കെതിരേ പെൺകുട്ടി പീഡനപരാതി നൽകാനുണ്ടായ സാഹചര്യമാണ് പോലീസ് സംഘം അന്വേഷിക്കുന്നത്.
Tags : investigation false rape complaint Koodaal